Image

രാജ്യമൊട്ടാകെ വധശിക്ഷ കൂടുതൽ വ്യാപകമാക്കണമെന്നു പ്രസിഡന്റ് ട്രംപ് (പിപിഎം)

Published on 24 November, 2026
രാജ്യമൊട്ടാകെ വധശിക്ഷ കൂടുതൽ വ്യാപകമാക്കണമെന്നു പ്രസിഡന്റ് ട്രംപ് (പിപിഎം)

രാജ്യത്തെവിടെയും കൂടുതൽ കുറ്റങ്ങൾക്കു വധശിക്ഷ നടപ്പാക്കണമെന്നു പ്രസിഡന്റ് ട്രംപ് നിർദേശിച്ചു. കാലിഫോർണിയയിൽ 548 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച ഗവർണർ ഗവിൻ ന്യൂസമിനെ ട്രംപ് വിമർശിച്ചു. 

കൂടുതൽ പേർക്കു വധശിക്ഷ നൽകാൻ നിയമം ഉണ്ടാക്കണമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ കൊലക്കേസ് ഇരകളുടെ കുടുംബങ്ങളോടു സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞു.

മൈനർ കുട്ടികളെ വധിച്ചവർക്കും ലൈംഗിക അതിക്രമങ്ങൾ ചെയ്യുന്നവർക്കും  നിയമം അനുവദിക്കുമ്പോൾ ഉചിതമായ വിധം വധശിക്ഷ ആവശ്യപ്പെടണമെന്നു അറ്റോണി ജനറലിനു എഴുതിയ മെമ്മോയിൽ ട്രംപ് ആവശ്യപ്പെടുന്നു. തട്ടിക്കൊണ്ടു പോകൽ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കും അത് ബാധകമാക്കണം. ബലാത്സംഗം, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങൾക്കും.

വധശിക്ഷ വിധിച്ചു കഴിഞ്ഞാൽ എത്രയും വേഗം നടപ്പാക്കണം എന്നു ട്രംപ് ആവശ്യപ്പെട്ടു. തന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ റെപ്. ബ്രാണ്ടൻ ഗിൽ (ടെക്സസ്) കൊണ്ടുവന്ന Just Punishment for Murder Act എത്രയും വേഗം നിയമമാക്കണമെന്നു ട്രംപ് നിർദേശിച്ചു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കു ശിക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും ആ ബില്ലിൽ ഉണ്ട്.

ട്രംപ് വീണ്ടും പ്രസിഡന്റ് ആയ ശേഷം ജസ്റ്റിസ് ഡിപ്പാർട്മെന്റ് 49 കേസിൽ വധശിക്ഷ ആവശ്യപ്പെട്ടെന്നു അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.

ന്യൂസം പ്രഖ്യാപിച്ച മാപ്പു രാജ്യം കണ്ട ഏറ്റവും ഞെട്ടിക്കുന്ന അന്യായമാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി.  

ആരെയെങ്കിലും നീതിയെന്ന പേരു പറഞ്ഞു കൊല്ലുന്നതു കൊണ്ട് നമ്മുടെ സമൂഹം കൂടുതൽ സുരക്ഷിതമാവുമെന്നു താൻ കരുതുന്നില്ല എന്നാണ് ന്യൂസം പറഞ്ഞത്. ശിക്ഷ ഇളവ് ലഭിച്ചവർ ജയിലിൽ തന്നെ തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അവർ കുറ്റം ചെയ്തിട്ടില്ല എന്നു സ്ഥാപിക്കുന്നില്ല.

കാലിഫോർണിയയിൽ 2006ലാണ് അവസാനം വധശിക്ഷ നടപ്പാക്കിയത്. 2019ൽ ന്യൂസം വധശിക്ഷ മരവിപ്പിക്കയും ചെയ്തു.

Trump directs wider use of federal death penalty

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക