
ആഘോഷങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്.സന്തോഷങ്ങൾ പങ്കുവെക്കാനും ഒത്തുചേരലുകൾക്ക് നിറം പകരാനും ആഘോഷങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ഓരോ നാടിനും അതിന്റേതായ ആഘോഷങ്ങളുണ്ട്. മതപരമായ ചടങ്ങുകളായാലും സാമൂഹിക പരിപാടികളായാലും വിജയാഹ്ലാദങ്ങളായാലും സന്തോഷം പ്രകടിപ്പിക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ് പടക്കങ്ങൾ.എന്നാൽ ആഘോഷങ്ങളുടെ പേരിൽ മറ്റുള്ളവരുടെ സമാധാനവും ആരോഗ്യവും നഷ്ടപ്പെടുന്ന സാഹചര്യം ഒരിക്കലും ന്യായീകരിക്കാനാവില്ല. പ്രത്യേകിച്ച് രാത്രി വൈകിയും പുലർച്ചെ സമയങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ പടക്കങ്ങൾ പൊട്ടിക്കുന്നത് ഗൗരവത്തോടെ കാണേണ്ട സാമൂഹിക വിഷയമായി മാറുകയാണ്.ഒരു പടക്കത്തിന്റെ ശബ്ദം ചിലർക്ക് ആഘോഷത്തിന്റെ ആവേശമായിരിക്കാം. എന്നാൽ അതേ ശബ്ദം മറ്റൊരാളുടെ ഹൃദയത്തിൽ ഭയമായും വേദനയായും മാറുന്നുണ്ടെന്ന കാര്യം പലപ്പോഴും നാം മറന്നുപോകുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ, വീട്ടിൽ വിശ്രമിക്കുന്ന പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ശബ്ദത്തോട് അതീവ സംവേദനക്ഷമതയുള്ളവർ തുടങ്ങി നിരവധി പേർക്ക് ഇത്തരം ശബ്ദങ്ങൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മറ്റുള്ളവരുടെ അവസ്ഥകൾ മനസ്സിലാക്കാതെ സ്വന്തം ആഘോഷത്തിന്റെ ആവേശത്തിൽ മുഴുകുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹികമായ കരുതലാണ്.
രോഗികൾക്ക് വിശ്രമം ചികിത്സയുടെ ഭാഗമാണ്. ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന ഒരാൾക്ക് നല്ല ഉറക്കവും ശാന്തമായ അന്തരീക്ഷവും അത്യാവശ്യമാണ്. രാത്രിയിൽ ഉറങ്ങാൻ ശ്രമിക്കുന്ന രോഗിയുടെ സമീപത്ത് തുടർച്ചയായി പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദം ചെറുതല്ല. ആശുപത്രികൾക്കും വീടുകളിലും ചികിത്സയിൽ കഴിയുന്നവർക്കും ഒരുപോലെ ഈ പ്രശ്നം അനുഭവിക്കേണ്ടിവരുന്നു. രോഗിയുടെ വേദന മനസ്സിലാക്കാൻ ആശുപത്രിയുടെ അകത്ത് നിൽക്കേണ്ടതില്ല ഒരു നിമിഷം മറ്റൊരാളുടെ അവസ്ഥയിലേക്ക് സ്വയം മാറ്റിവെച്ചാൽ മതി.
പ്രായമായവരുടെ കാര്യവും വ്യത്യസ്തമല്ല. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവർക്ക് രാത്രിയിലെ അപ്രതീക്ഷിത ശബ്ദങ്ങൾ വലിയ അസ്വസ്ഥതയുണ്ടാക്കുന്നു. ചെറിയ കുഞ്ഞുങ്ങളുടെ ഉറക്കവും ഇതുമൂലം തടസ്സപ്പെടുന്നു. പുലർച്ചെ പഠിക്കാനിരിക്കുന്ന വിദ്യാർഥികൾക്കും രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തി വിശ്രമിക്കുന്ന തൊഴിലാളികൾക്കും ഈ ശബ്ദങ്ങൾ ബുദ്ധിമുട്ടാകുന്നു. ആഘോഷങ്ങളുടെ ആവേശം മറ്റുള്ളവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നിടത്ത് അതിന് നിയന്ത്രണം അനിവാര്യമാണ്.
ഇത് മനുഷ്യരുടെ മാത്രം പ്രശ്നമല്ല. പക്ഷികളും വളർത്തുമൃഗങ്ങളും തെരുവുനായ്ക്കളും പടക്കങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം കാരണം ഭയപ്പെടുകയും അസ്വസ്ഥത അനുഭവിക്കുകയും ചെയ്യുന്നു. പലപ്പോഴും അവയുടെ സ്വാഭാവിക പെരുമാറ്റത്തിൽ പോലും മാറ്റമുണ്ടാകുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായി ഓടുന്ന മൃഗങ്ങൾ അപകടങ്ങളിൽപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. മനുഷ്യന്റെ ആഘോഷം പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾക്ക് ഭീതിയുടെ നിമിഷങ്ങളായി മാറരുത്.
ആഘോഷങ്ങൾ ഒഴിവാക്കണമെന്നല്ല, അവയ്ക്ക് വ്യക്തമായ അതിരുകൾ വേണമെന്നതാണ്. ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ ആ സ്വാതന്ത്ര്യം മറ്റൊരാളുടെ സമാധാനത്തിലേക്ക് കടന്നുകയറാനുള്ള അനുമതിയല്ല. സ്വന്തം സന്തോഷം മറ്റുള്ളവരുടെ ഉറക്കം കെടുത്തിയാണോ പ്രകടിപ്പിക്കേണ്ടത് എന്ന ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കേണ്ടതുണ്ട്.
പലപ്പോഴും രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കലും പുലർച്ചെയുള്ള അനാവശ്യ ശബ്ദങ്ങളും പതിവായി മാറുന്നു. ചിലയിടങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായി മണിക്കൂറുകളോളം തുടർച്ചയായി പടക്കങ്ങൾ പൊട്ടിക്കുന്ന സാഹചര്യവുമുണ്ട്. ഇതിനെതിരെ പരാതികൾ ഉയരുമ്പോൾ ആഘോഷങ്ങളുടെ ഭാഗമാണെന്ന ന്യായം പറഞ്ഞ് അവഗണിക്കുന്നതും ശരിയായ സമീപനമല്ല. ആഘോഷങ്ങളുടെ പേരിൽ മറ്റുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിസ്സാരമായി കാണരുത്.
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളും നിർദേശങ്ങളും നിലവിലുണ്ട്. എന്നാൽ നിയമങ്ങൾ കടലാസിൽ മാത്രം ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കപ്പെടണം. അനുവദനീയമായ സമയപരിധി സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ബോധവത്കരണം നൽകുകയും നിയമലംഘനങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുകയും വേണം. പ്രത്യേകിച്ച് ആശുപത്രികൾ, വിദ്യാലയങ്ങൾ, വയോജനങ്ങൾ താമസിക്കുന്ന കേന്ദ്രങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളും പൊലീസും ബന്ധപ്പെട്ട അധികാരികളും ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തോടെ ഇടപെടേണ്ടതുണ്ട്.
അതോടൊപ്പം ഓരോ ആഘോഷകമ്മിറ്റികളും സംഘാടകരും സ്വന്തം നിലയിൽ ചില നിയന്ത്രണങ്ങൾ സ്വീകരിക്കണം. രാത്രി വൈകിയും പുലർച്ചെയും പടക്കങ്ങൾ പൊട്ടിക്കുന്നത് ഒഴിവാക്കണം. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും പരിഗണിക്കണം. ഒരു പരിപാടി സംഘടിപ്പിക്കുന്നവർ അതിന്റെ സന്തോഷം മാത്രമല്ല, അതുമൂലം മറ്റുള്ളവർക്കുണ്ടാകുന്ന പ്രയാസങ്ങളും മനസ്സിലാക്കണം. ആഘോഷത്തിന്റെ വിജയമെന്നത് ശബ്ദത്തിന്റെ ഉയരത്തിലല്ല, അത് എത്രത്തോളം സന്തോഷം പങ്കുവെക്കുന്നു എന്നതിലാണ്.
സാമൂഹിക ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം പരസ്പരം പരിഗണിക്കാനുള്ള മനസ്സാണ്. നമ്മുടെ വീട്ടിൽ രോഗിയുണ്ടാകുമ്പോഴോ ഉറങ്ങാൻ കഴിയാത്ത കുഞ്ഞുണ്ടാകുമ്പോഴോ മാത്രമല്ല മറ്റുള്ളവരുടെ പ്രയാസങ്ങൾ തിരിച്ചറിയേണ്ടത്. ഓരോ വീടിന്റെയും സാഹചര്യം വ്യത്യസ്തമാണ്. പുറമേ നിന്ന് കാണാത്ത പല വേദനകളും ഓരോ വീടിനുള്ളിലുമുണ്ടാകാം. അതുകൊണ്ടുതന്നെ നമ്മുടെ ചെറിയൊരു നിയന്ത്രണം മറ്റൊരാൾക്ക് വലിയൊരു ആശ്വാസമായി മാറിയേക്കാം.
ആഘോഷങ്ങൾ ഇല്ലാതാക്കേണ്ടതില്ല. പക്ഷേ ആഘോഷങ്ങളുടെ പേരിൽ മനുഷ്യരുടെ സമാധാനം ഇല്ലാതാക്കുകയും അരുത്. പടക്കങ്ങൾ പൊട്ടിക്കാനുള്ള സമയത്തിന് കൃത്യമായ നിയന്ത്രണം വേണം. നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. അതിനേക്കാളുപരി ഓരോ വ്യക്തിയിലും.