
ഇന്നെല്ലാരും വരും....
വിളിക്കാതെ തന്നെ എല്ലാരും എത്തും
ആരെങ്കിലും അറിഞ്ഞില്ലേൽ സുഹൃത്തുക്കൾ വിളിച്ചു പറയും...
എല്ലാരും വരുന്നതല്ലേ., ഒരു ബിരിയാണി ഉണ്ടാക്കിയാലോ?
എല്ലാർക്കും തലശ്ശേരി ബിരിയാണി ഇഷ്ടമാ..
അപ്പൊ അത് തന്നെ ആയല്ലോ..
സാധനങ്ങൾ ഒക്കെ ഫ്രിഡ്ജിൽ ഉണ്ടോ ആവോ?
പതിവിൽ കൂടുതൽ ആളുകൾ കാണുമായിരിക്കും!
അരി തികയില്ല.. കൈമ അരി തന്നെ പോയി വാങ്ങണം...
ഇത്രേം അധികം ഇതു വരെ ഉണ്ടാക്കിയിട്ടില്ല...
നന്നാകുമോ എന്തോ?
കണ്ണുകൾ തുറന്നിട്ട് കിട്ടുന്നില്ലല്ലോ..
എഴുന്നേറ്റു പോയി വീടൊക്കെ വൃത്തിയാക്കണം..
എല്ലാരും വരുന്നതല്ലേ...
ബിരിയാണിയുടെ കൂടെ ഒരു മധുരം കൂടെ ആയാലോ...
എല്ലാത്തിനും കൂടെ സമയം തികയുമോ എന്തോ...
ശ്വാസം എടുക്കാൻ പറ്റുന്നില്ലല്ലോ..
എന്തിനാണാവോ മൂക്കിൽ പഞ്ഞി വച്ചിരിക്കുന്നത്?
എടുത്തു മാറ്റണം എന്നുണ്ട്...
പക്ഷെ കൈ അനങ്ങുന്നില്ലല്ലോ..
ആരെയെങ്കിലും വിളിക്കണം എന്നുണ്ട്..
പക്ഷെ വായ തുറക്കാൻ പറ്റുന്നില്ലല്ലോ...
എഴുന്നേറ്റ് നടക്കാൻ പോകണം എന്നുണ്ട്..
പക്ഷെ കാലൊക്കെ ആരോകൂട്ടി കെട്ടി വച്ചിരിക്കുന്നല്ലോ..
എനിക്ക് എല്ലാരേം കാണാൻ പറ്റുന്നുണ്ടല്ലോ..
ഞാൻ ചിരിച്ചിട്ടും എന്തേ എല്ലാവരും മൗനം പാലിച്ചിരിക്കുന്നത്?
ആരൊക്കെയോ കണ്ണ് തുടക്കുന്നു..
പുറത്തു ആരൊക്കെയോ വട്ടം കൂടി സംസാരിക്കുന്നു.
ദഹിപ്പിക്കാലോ ല്ലെ ആരുടെയോ ചോദ്യം?
അയ്യോ ദേഹം മൊത്തം പൊള്ളില്ലേ..
ആരോടാ ഇപ്പോ പറയ്യാ?
കുഴിയിൽ നേരെ വെക്കില്ലായിരിക്കും ല്ലെ?
എനിക്ക് പേടി ആണെന്ന് എങ്ങനെയാ പറയ്യാ ?
ഞാൻ പറയുന്നതൊന്നും ആരും കേൾക്കുന്നില്ലല്ലോ...
ഇനിയൊട്ടു കേൾക്കും എന്നും തോന്നുന്നില്ല...
ആരോ പറഞ്ഞു വൈകിക്കല്ലേ ന്ന്...
സുഹൃത്തുക്കളെല്ലാം പോയോ ആവോ..
എല്ലാരോടും ബിരിയാണി കഴിച്ചിട്ട് പോയാ മതിയെന്ന് പറയണം...
ഒന്ന് യാത്ര പറഞ്ഞു പോകണം എന്നുണ്ട്..
പറ്റുവോ ആവോ?
~ബിനി മൃദുൽ