
നവംബർ 3 തിരഞ്ഞെടുപ്പോടെ ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിൽ ഏറ്റവുമധികം ഏഷ്യൻ അമേരിക്കൻ അംഗങ്ങളായി. മുൻ വർഷങ്ങളേക്കാൾ കൂടുതലായി ഇക്കുറി ഇന്ത്യൻ അമേരിക്കൻ, ഏഷ്യൻ അമേരിക്കൻ അംഗങ്ങൾ സഭയിലേക്കു ജയിച്ചു.
ജനുവരി 1നു സത്യപ്രതിജ്ഞ എടുക്കുന്നവരിൽ അഞ്ചു ഏഷ്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർമാർ ഉണ്ടാവുമെന്നു ദീർഘകാല അംഗമായ ജോൺ ലിയു ചൂണ്ടിക്കാട്ടി. അതിൽ രണ്ടു പേർ ഇന്ത്യക്കാരാണ്.
ക്വീൻസിലെ ഡിസ്‌ട്രിക്‌ട് 16ൽ നിന്നുള്ള ലിയുവിനു പുറമേ സ്റ്റേറ്റ് സെനറ്റർമാരായി ഏഷ്യൻ അമേരിക്കക്കാർ ഗ്രെയ്‌സ് ലീ (മൻഹാട്ടനിലെ ഡിസ്‌ട്രിക്‌ട് 27), ജെറെമി കൂണി (റോചെസ്റ്റർ, ഡിസ്‌ട്രിക്‌ട് 56), ലിസ കൗൾ (പൂകീപ്സി, ഡിസ്‌ട്രിക്‌ട് 39), ലാറി ഹീ (ബ്രൂക്ലിൻ, ഡിസ്‌ട്രിക്‌ട് 17) എന്നിവരും എത്തുന്നു.
ലിയു പത്രക്കുറിപ്പിൽ പറഞ്ഞു: "ന്യൂ യോർക്ക് സംസ്ഥാനത്തു ഏറ്റവും വേഗത്തിൽ വളരുന്ന ജനസമൂഹം ഏഷ്യൻ അമേരിക്കക്കാർ തന്നെയാണ്. അത് സർക്കാർ സംവിധാനങ്ങളിലും പ്രതിഫലിക്കുന്നു. ഏഷ്യൻ അമേരിക്കൻ ജനസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങൾക്കു വേണ്ടി തുടർന്നും പൊരുതുമെന്നു ഞങ്ങൾ ഉറപ്പു നൽകുന്നു.
"വിദ്യാഭ്യാസത്തിന് പണം നൽകുക, അന്യായമായ നാടുകടത്തൽ തടയുക എന്നിവ അതിൽ ഉൾപ്പെടുന്നു."
Asian American presence swells in New York State Senate