Image

നന്ദിയുടെ കൊടുക്കൽ വാങ്ങലുകൾ (ജോസ് ചെരിപ്പുറം)

Published on 25 November, 2026
നന്ദിയുടെ കൊടുക്കൽ വാങ്ങലുകൾ (ജോസ് ചെരിപ്പുറം)

എല്ലാവർക്കും സ്നേഹത്തോടെ നന്ദി! ഈ നന്ദിദിനത്തിലെ കൊടുക്കൽ വാങ്ങലുകൾ പൊടിപൊടിക്കട്ടെ. നന്മ ചെയ്യുന്നവന് നന്ദി പറയുമ്പോൾ അവനും നമുക്ക് നന്ദി പറയുന്നു. അങ്ങനെ നന്ദി നഷ്ടമില്ലാതെ പോകുന്ന ഒരു കച്ചവടമാണ്.

അമേരിക്കയിൽ വന്നപ്പോഴാണ് ഞാൻ നന്ദി പറയാൻ ഒരു ദിവസം ഉണ്ടെന്നറിയുന്നത്. നാട്ടിൽ വച്ച് കലാപരിപാടികൾ കാണാൻ പോകുമ്പോൾ അവസാന ഇനമായി നന്ദി പ്രകടനമുണ്ട്. പലപ്പോഴും അത് കേൾക്കാൻ കാത്തു  നിൽക്കാതെ ജനം പിരിഞ്ഞപോകുകയാണ്. പതിവ്. ജനഗണ മന പാടികഴിയുന്നതുവരെ എഴുനേറ്റ് നിൽക്കണമെന്ന നിബന്ധന നന്ദിക്കില്ല. വാസ്തവത്തിൽ നന്ദി ഒരു ഔപചാരിക ചടങ്ങുപോലെയാണ് ജനം നിർവഹിച്ചിരുന്നത്.  എന്നാൽ അമേരിക്കയിലെ നന്ദിപ്രകടനത്തിൽ നന്ദി പറയുന്നത് ദൈവത്തോടാണ്. അതുകൊണ്ട് ജനം അതിനെ ഗൗരവമായി കാണുന്നു. കൂടാതെ കൂട്ടുകാരും ബന്ധുക്കളും ഒത്തുചേരുന്ന ഒരു സമ്മേളനം കൂടിയാണ്. നല്ല ഭക്ഷണവും ഇത്തിരി വെള്ളവും അതിനെ ആകർഷകമാക്കുന്നു. വെള്ളവും നന്ദിപോലെയാണ്. വലിയ വിലയില്ല. എന്നാൽ അത് വിലമതിക്കാൻ ആകാത്തതാണ്. ജീവജലം പോലെ നന്ദിയും ആവശ്യമാണ്.പക്ഷെ നന്ദിദിനത്തിൽ കിട്ടുന്ന വെള്ളത്തിന് ലഹരിയുണ്ട്. അത് നുണഞ്ഞു നന്ദിയിൽ നമ്മൾ ലയിച്ചുപോകുന്നു.
ഇവിടെ വന്ന പൂർവികർ വിശന്നു വലഞ്ഞപ്പോൾ അവരുടെ മുന്നിൽ ഒരു ടർക്കി കോഴി പ്രത്യക്ഷപ്പെട്ട് അവർക്ക് ആഹാരമായി. അതിനവർ ദൈവത്തിന് നന്ദി പറഞ്ഞു തലമുറകളായി അത് തുടരുന്നു.

ഞാൻ ഇവിടെ വന്ന കാലത്ത് നന്ദിക്കായി നീക്കി വച്ചിരുന്ന ഈ ദിവസം ശരിക്കും  ആഘോഷിച്ചിരുന്നു.അതിനു കാരണം ഈ ആഘോഷത്തിൽ മാത്രം ഭക്ഷണത്തിനു വളരെ പ്രാധാന്യം നൽകുന്നുണ്ട് എന്നുള്ളതാണ്. അമേരിക്കയിൽ താങ്ക്സ്ഗിവിങ്ങു് വിഭവങ്ങൾ വായിലൂടെ കപ്പലോട്ടു ന്നതാണ്. സ്റ്റഫിംഗ് അഥവാ ഡ്രെസ്സിംഗ്, ഉടച്ച ഉരുളക്കിഴങ്ങ്, ഗ്രേവി, ക്രാൻബെറി സോസ്, ഗ്രീൻ ബീൻ കാസറോൾ, മധുരക്കിഴങ്ങ് അഥവാ കാച്ചിൽ, പിന്നെ റോളുകൾ.പിന്നെ പംപ്കിൻ പൈ, ആപ്പിൾ പൈ, പീകാൻ പൈ, മധുരക്കിഴങ്ങ് പൈ.

ഭക്ഷണത്തോട് ഇത്രമാത്രം ആഗ്രഹം ജനങ്ങൾ പുലർത്തുന്നത് ഒരു പക്ഷെ ആദ്യ വിളവെടുപ്പ് ആഘോഷങ്ങൾ, വിജയകരമായ കൃഷിക്കാലത്തെയും ജനങ്ങളുടെ അതിജീവനത്തിന് സഹായിച്ച വിളകളെയും ആദരിക്കുന്നത്കൊണ്ടാകാം. കർഷകൻ വിത്തിറക്കി വിളവെടുത്തില്ലെങ്കിൽ വിശപ്പിന്റെ വിളിയാകും ഉയരുക. ഇപ്പോൾ സമൃദ്ധമായ കായ്കനികളും പ്രത്യേകം തയ്യാറാക്കിയ പലഹാരങ്ങളും ഉണ്ടാക്കി ദൈവത്തിന്  നന്ദി പറയുക എന്ന കർമ്മത്തിലൂടെ തിന്നു സുഖിക്കുക തന്നെ.  എനിക്കാണെങ്കിൽ അന്ന് ചെറുപ്പകാലം. പോരാത്തതിന് ഞാൻ പാലാക്കാരൻ. കള്ള്, കപ്പ, കത്തി ഇങ്ങനെ മൂന്നു "ക" കൾക്ക് പ്രസിദ്ധിയാർജ്ജിച്ച കേരളത്തിലെ ഒരേ ഒരു ജില്ലയിൽ നിന്നുള്ള യുവാവ്. ഞങ്ങളുടെ തുടക്കം ലാർജിൽ നിന്നാണ്. സ്മാൾ ഒക്കെ ഞങ്ങൾക്ക് വെറും മൂക്കിൽപ്പൊടി.  ഈ നന്ദിയാഘോഷം നടക്കുമ്പോൾ ഭക്ഷണത്തിനൊപ്പം ഇത്തിരി വീഞ്ഞും മറ്റു ലഹരികളും ഉണ്ടാകുന്നതായിരുന്നു എന്റെ സന്തോഷം. അങ്ങനെ നാടൻ ഭാഷയിൽ വെള്ളമടിച്ച് ബോധം നഷ്ടപ്പെട്ടിരിക്കുമ്പോൾ എന്റെ മുന്നിലൂടെ പണ്ടത്തെ റെഡ് ഇന്ത്യൻസ് വട്ടത്തിൽ നൃത്തം ചെയ്യുന്നത് കാണാറുണ്ട്.

ഒപ്പം ഞാൻ ഒമർഖയ്യാമിനെയും ഓർക്കും. ഒരു കുടം വീഞ്ഞും, ഒരു അപ്പവും—നീയും   എന്റെ അരികിൽ ,,,
എല്ലാവരും അങ്ങനെ ദേവലോകത്തെത്തി നിൽക്കയാണ്.ദൈവത്തിനോട് നദി പറയാൻ അവന്റെ ഗൃഹത്തിൽ തന്നെ പോയി പറയണം. പാട്ട് പഠിക്കാൻ സിംഹത്തിന്റെ മടയിൽ ചെല്ലണമെന്ന മോഹൻ ലാലിന്റെ ഡയലോഗ് കേട്ട് പോയി സിംഹത്തിനു ഇരയായ പാവം പാട്ടുകാരെപോലെ ആടിയാടി നാവു കുഴഞ്ഞിട്ട് നന്ദി പറയാൻ കഴിയാതെ കഷ്ടപ്പെടുന്ന ഞങ്ങളെ ദൈവം ഒരു പുഞ്ചിരിയോടെ അനുഗ്രഹിച്ചു.നന്ദി ദൈവമേ എന്ന് ഞാൻ എന്റെ അബോധാവസ്ഥയിൽ പറഞ്ഞതാണ് അപ്പോൾ ചുറ്റുമുള്ളവർ ആമേൻ എന്ന് പിൻ താങ്ങി. ഞാനും അപ്പോൾ കണ്ണടച്ച് ദൈവത്തിനും അമേരിക്കക്കും പ്രത്യേകിച്ച് അമേരിക്കൻ മലയാളി എഴുത്തുകാർക്കും നന്ദി പറഞ്ഞു. അന്ന് പക്ഷെ ഇന്ന് കാണുന്ന പോലെ എഴുത്തുകാരുടെ ജനപ്പെരുപ്പം ഇല്ലായിരുന്നു. എന്നാലും ചിലരൊക്കെ കവിതകൾ പാടി. എല്ലാ വർഷവും താങ്സ്ഗിവിങ് വരണമേ എന്ന് പ്രാർത്ഥിച്ചു.

ഇപ്പോൾ സന്തോഷത്തോടെ നന്ദി ദിനം ആഘോഷിക്കാൻ പറ്റിയ  അവസരമല്ല. ജനം ജനത്തോടും രാഷ്ട്രം  രാഷ്ട്രത്തോടും യുദ്ധം ചെയ്യുകയാണ്. എവിടെ ശാന്തി എവിടെ സമാധാനം. മതങ്ങൾ പറയുന്നപോലെയെങ്കിൽ ദൈവമാണ് അതിനുത്തരവാദി. എങ്കിൽ നമ്മൾ ആർക്ക് നന്ദി പറയും. അതെ സമയം യശയ്യ 55:8-9, റോമർ 11:33 തുടങ്ങിയ ഭാഗങ്ങൾ, ദൈവത്തിന്റെ ചിന്തകളെയും ന്യായവിധികളെയും മനുഷ്യചിന്തയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ഉന്നതമായവയായും, അഗാധമായവയായും, ഗ്രഹിക്കാൻ കഴിയാത്തവയായും വിവരിക്കുന്നു. വളരെ ആശങ്കാകരമായ  ഒരു സമയത്തിലൂടെ  നമ്മൾ കടന്നുപോകുന്നു. എല്ലാവരും സ്നേഹാർദരാകുക, സൗഹൃദം പുലർത്തുക. തന്നെപോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുക. ഈ ഭൂമിയിൽ അധ്വാനിച്ച് ഇതിനെ സ്വർഗ്ഗമാക്കുക.

ഇ-മലയാളിയുടെ വായനക്കാർക്കും സുഹൃത്തുക്കൾക്കും അനുഗ്രഹപ്രദമായ താങ്സ്ഗിവിങ് നേരുന്നു.
സ്നേഹത്തോടെ 
നിങ്ങളുടെ ജോസ് ചെരിപ്പുറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക