
ഹൈദരാബാദ്: ഗോഹട്ടി അതിരൂപതാ ആര്‍ച്ച്ബിഷപ്പ് എമരിറ്റസ് മാര്‍ തോമസ് മേനാംപറമ്പില്‍ എസ്ഡിബി (90) കാലംചെയ്തു. പുലര്‍ച്ചെ 5:40ന് ഹൈദരാബാദിലെ എഐജി ആശുപത്രിയിലായിരുന്നു അന്ത്യം.
1936 ഒക്ടോബര്‍ 22ന് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് വാകക്കാടാണ് അദ്ദേഹം ജനിച്ചത്. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡാര്‍ജിലിംഗിലും ഷില്ലോംഗിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കി.
പിന്നീട് സലേഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1965 മേയ് രണ്ടിന് വൈദികപട്ടം സ്വീകരിച്ചു. 1981ല്‍ ദിബ്രുഗഡ് രൂപതയുടെ മെത്രാനായി നിയമിതനായി. 1992ല്‍ പുതുതായി രൂപീകരിക്കപ്പെട്ട ഗോഹട്ടി രൂപതയുടെ പ്രഥമ മെത്രാനായും, 1995ല്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ പ്രഥമ ആര്‍ച്ച്ബിഷപ്പായും അദ്ദേഹം ചുമതലയേറ്റു.
2012 ജനുവരി 18ന് ആര്‍ച്ച്ബിഷപ്പ് പദവിയില്‍ നിന്ന് വിരമിച്ച അദ്ദേഹം, തുടര്‍ന്ന് 2014 മുതല്‍ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു.
ആസാം, മണിപ്പൂര്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലുണ്ടായ രൂക്ഷമായ വംശീയ കലാപങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സമാധാന ചര്‍ച്ചകള്‍ക്കായി 'ജോയിന്റ് എക്യുമെനിക്കല്‍ പീസ് ടീം' രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി.
മദര്‍ തെരേസയ്ക്കും ബാബാ ആംതെയ്ക്കും ലഭിച്ചിട്ടുള്ള പ്രശസ്തമായ മാഷിയോ അവാര്‍ഡ് (1998), ഡോ. എ.പി.ജെ. അബ്ദുള്‍ കലാം വേള്‍ഡ് പീസ് അവാര്‍ഡ് (2023), 2026-ലെ പീസ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സംസ്‌കാരം, വിദ്യാഭ്യാസം, സമാധാനം, പ്രാര്‍ഥന എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ല്‍ റോമിലെ കൊളോസിയത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നയിച്ച ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ തയാറാക്കിയതും അദ്ദേഹമായിരുന്നു.