Image

പിതാക്കന്‍മാര്‍ മലങ്കര സഭ എന്ന സത്യത്തിന് വേണ്ടി നിലകൊണ്ടു : പരിശുദ്ധ കാതോലിക്കാ ബാവാ

Published on 25 November, 2026
 പിതാക്കന്‍മാര്‍ മലങ്കര സഭ എന്ന സത്യത്തിന് വേണ്ടി നിലകൊണ്ടു : പരിശുദ്ധ കാതോലിക്കാ ബാവാ

 

കോട്ടയം : പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് മലങ്കര സഭയുടെ സത്യത്തിന് വേണ്ടി നിലകൊണ്ടവരാണ് സഭയെ നയിച്ച പൂര്‍വ്വ പിതാക്കന്‍മാരെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലീത്താ, ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ എന്നിവരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ സംസാരിക്കുകയായിരുന്നു സഭാധ്യക്ഷന്‍.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ മലങ്കരസഭയുടെ കോതമംഗലം, മണര്‍കാട്, റാക്കാട്  പള്ളികളില്‍ പ്രവേശിച്ചത് നിയമ ലംഘനമാണ്. അവകാശമില്ലാത്ത സ്ഥലത്ത് അനധികൃതമായി കയറുന്നത് കവര്‍ച്ചക്കാരാണ്. ഇന്ത്യയുടെ നിയമം ലംഘിക്കുന്നവര്‍ രാജ്യ ദ്രാഹികളാണെന്നും,
പരിശുദ്ധ പാത്രിയര്‍ക്കീസും മറുവിഭാഗത്തിലെ മെത്രാന്‍മാരും അങ്ങനെയാവാന്‍ പാടില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

സഭയ്ക്ക് അര്‍ഹമായ നീതി നടപ്പാകാന്‍ ഏതറ്റം വരെയും പോകും. അതിന് വിരുദ്ധമായി ഏത് സര്‍ക്കാര്‍ ഒത്താശ ചെയ്താലും ശക്തമായി പ്രതികരിക്കും. ആട്ടിന്‍കുന്ന് പള്ളിയില്‍ നിയമലംഘനത്തിന് മന്ത്രി ഒത്താശ ചെയ്‌തെന്നും ബാവാ പ്രതികരിച്ചു.

ആട്ടിന്‍കുന്ന് പള്ളിയിലെ റബര്‍മരങ്ങള്‍
വെട്ടി നശിപ്പിച്ചവര്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ബാവാ ചോദിച്ചു.
രണ്ട് പേര്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ കോടതിയില്‍ പോകുന്നതാണ് ജനാധിപത്യ രീതി. സഭാ തര്‍ക്കത്തിലും രാജ്യത്തിന്റെ നിയമത്തിന് വിധേയമായാണ് സഭ നിലകൊള്ളുന്നതെന്നും സഭാധ്യക്ഷന്‍ വ്യക്തമാക്കി.

വിശുദ്ധ കുര്‍ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. മാത്യൂസ് തിമോത്തിയോസ് , ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരായി. വിവിധ ഭദ്രാസനങ്ങളില്‍ നിന്നുള്ള വൈദികരും, വിശ്വാസികളും സംബന്ധിച്ചു.

പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ 93-ാം ഓര്‍മ്മപെരുന്നാള്‍ 2027 ഫെബ്രുവരി 21 മുതല്‍ 27 വരെ ആചരിക്കുവാന്‍ ആലോചനാ യോഗത്തില്‍ തീരുമാനമായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക