Image

ഷാര്‍ലറ്റില്‍ കേരളപ്പിറവി ആഘോഷം; മലയാളത്തനിമ നിറഞ്ഞ കലാവിരുന്ന്

തോമസ് സ്റ്റീഫന്‍ Published on 25 November, 2026
ഷാര്‍ലറ്റില്‍ കേരളപ്പിറവി ആഘോഷം; മലയാളത്തനിമ നിറഞ്ഞ കലാവിരുന്ന്

ഷാര്‍ലറ്റ് (നോര്‍ത്ത് കാരലൈന): കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും മലയാളത്തിന്റെ തനിമയും വിളിച്ചോതി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) ഷാര്‍ലറ്റ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നവംബര്‍ 21ന് കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. സംഗീതവും നൃത്തവും നാടകവും ചെണ്ടമേളവും സമന്വയിച്ച ആഘോഷം പ്രവാസി മലയാളികളുടെ സാംസ്‌കാരിക സംഗമമായി മാറി.

സാജു തുരുത്തേല്‍, എല്‍ദോ പോള്‍, ഷാജി പീറ്റര്‍, ജോണ്‍ പീറ്റേഴ്‌സ്, സിബി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. എല്‍ദോ പോള്‍ സ്വാഗതം ആശംസിച്ചു.

സ്മിത ഭാസി സഞ്ജീവിന് ആദരം

49-ാമത് മിസിസ് യൂണിവേഴ്‌സ് 2026 മത്സരത്തില്‍ അവസാന 25 മത്സരാര്‍ഥികളില്‍ ഇടം നേടുകയും 'മിസിസ് യൂണിവേഴ്‌സ് പേഴ്‌സണാലിറ്റി' പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത സ്മിത ഭാസി സഞ്ജീവിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ആദരിച്ചു. സാജു തുരുത്തേല്‍, ഷാജി പീറ്റര്‍, എല്‍ദോ പോള്‍, ജോണ്‍ പീറ്റേഴ്‌സ് എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കിയ ജോണ്‍ പീറ്റേഴ്‌സ്, ജോര്‍ജ് ജോസഫ്, ഷാജി പീറ്റര്‍, എല്‍ദോ പോള്‍ എന്നിവരുള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.

പീറ്റര്‍ കോരത്തിന്റെയും സംഘത്തിന്റെയും സംഘഗാനം, ആനു ജോസിന്റെയും സംഘത്തിന്റെയും നൃത്തം, രുഗ്മിണി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച 'കറുകറെ കാര്‍മുകില്‍' മോഹിനിയാട്ടം എന്നിവ ആഘോഷത്തിന് മാറ്റേകി.

സമൂഹമാധ്യമങ്ങളുടെ സ്വാധീനം പ്രമേയമാക്കി ഷാജി പീറ്ററും സംഘവും അവതരിപ്പിച്ച 'കൊടുത്താല്‍ കൊല്ലത്തും കിട്ടും' എന്ന ഹാസ്യനാടകവും വീണ ശബരീഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച 'ഏകലവ്യന്‍' നൃത്തനാടകവും ശ്രദ്ധേയമായി.

ട്രയാഡ് പ്രൊവിന്‍സില്‍ നിന്നുള്ള ലിജി ശ്രീജേഷ്, അഞ്ജനി ശ്രീനിവാസന്‍ ഭരദ്വാജ് എന്നിവരുടെ നൃത്താവതരണങ്ങള്‍, യുഗ്മഗാനങ്ങള്‍, സംഘനൃത്തങ്ങള്‍, കുട്ടികളും മുതിര്‍ന്നവരും കേരളീയ വേഷവിധാനങ്ങളോടെ അണിനിരന്ന ഫാഷന്‍ ഷോ എന്നിവ ആഘോഷത്തിന് മിഴിവേകി.

ജിനക്‌സും രേണുക രാഹുലും അവതാരകരായി. ഷിബി നന്ദി രേഖപ്പെടുത്തി. ഷാര്‍ലറ്റ് പഞ്ചാരിമേളം കൂട്ടായ്മയുടെ ചെണ്ടമേളത്തോടെയും തനത് കേരളീയ വിഭവങ്ങളൊരുക്കിയ വിരുന്നോടെയും ആഘോഷങ്ങള്‍ക്ക് സമാപനമായി.

പ്രവാസലോകത്ത് മലയാളഭാഷയും സംസ്‌കാരവും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനും മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി കേരളപ്പിറവി ആഘോഷം മാറി.


1995-ല്‍ രൂപീകൃതമായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ആഗോള സംഘടനയാണെന്നും മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തോടൊപ്പം സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടന നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒസിഐ ഫോറം ഗ്ലോബല്‍ ചെയര്‍മാന്‍ സാജു തുരുത്തേല്‍ പറഞ്ഞു.
 

ഷാര്‍ലറ്റില്‍ കേരളപ്പിറവി ആഘോഷം; മലയാളത്തനിമ നിറഞ്ഞ കലാവിരുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക