
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ 43-മത് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 5ന് വൈകീട്ട് 5.00 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.
ഹൃദങ്ങളില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം നിറച്ചുകൊണ്ട് ക്രിസ്തുദേവന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമാകും.
ചിക്കാഗോ രൂപതയുടെ വന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ചടങ്ങില്‍ പ്രധാന ക്രിസ്മസ് സന്ദേശം നല്‍കും.
ആചാരങ്ങളില്‍ വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും ക്രിസ്തുദേവനാണ് രക്ഷയുടെ ഉറവിടം എന്ന വിശ്വാസമാണ് കൂട്ടായ്മകളുടെ ഐക്യം നിലനിര്‍ത്തുന്നത്. പതിനേഴ്(17) പള്ളികള്‍ അംഗങ്ങളായുള്ള ഈ കൗണ്‍സിലിന്റെ രക്ഷാധികാരികള്‍ മാര്‍ ജോയ് ആലപ്പാട്ട്്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരാണ്.
പ്രാര്‍ത്ഥനാ പ്രദക്ഷിണത്തോടെ(പ്രൊസെഷന്‍) ആരംഭിക്കുന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ശേഷം, വിവിധ ഇടവകകള്‍ അവതരിപ്പിക്കുന്ന നയന ശ്രുതി മനോഹരമായ ക്രിസ്മസ് കലാപരിപാടികള്‍ വേദികള്‍ അരങ്ങേറും.

കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ബിജു യോഹന്നാന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൗണ്‍സില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് അറിയിച്ചു.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ.ഫാ.ഹാം ജോസഫ്(ചെയര്‍മാന്‍), ആന്റോ കവലക്കല്‍(ജനറല്‍ കണ്‍വീനര്‍), ഏലിയാമ്മ പുന്നൂസ്(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീ.സുനില്‍ വര്‍ക്കിയുടെ പരിശീലനത്തില്‍ എക്യൂമെനിക്കല്‍ കോയര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായ ഈ ആഘോഷത്തിലേക്ക്, ഈ വര്‍ഷവും ഏവരുടെയും സ്‌നേഹപൂര്‍ണ്ണമായ സാന്നിധ്യം അഭ്യര്‍ത്ഥിക്കുന്നു.