Image

നന്ദി, നന്ദി ദൈവമേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 26 November, 2026
നന്ദി, നന്ദി ദൈവമേ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

ശുദ്ധിയുള്ളുറവയില്‍ നിന്നുമുതിര്‍ക്കുന്നു 
ശുദ്ധജലമെന്ന സത്യമറിക നാം, 
ഉണ്‍മയുള്ളൊരു ചിത്തത്തില്‍ കാണ്‍മത്
നന്മയാണെന്നതെത്ര പരമാര്‍ത്ഥം! 
ഉന്നതങ്ങളിലേക്കേറുന്നോര്‍ക്കെപ്പോഴും 
പതാളഗര്‍ത്തമോര്‍മ്മയിലുണ്‍ടാവണം 
ഉച്ചത്തിലേറ്റിയൊരേണിപ്പടികളെ 
പുച്ഛമായ് നോക്കുന്നോരാകാതിരിക്കുക! 
ദാഹത്തിനു കുടിനീരു നല്‍കും കൂപ 
വ്യൂഹങ്ങളെ മറക്കുവതാരു പാരില്‍? 
ജീവിക്കുവാനുതകുവോരീശന്റെ നാമം 
പൂവിട്ടു കൂപ്പണ മതാണു ജ്ഞാന പാത !

നന്ദി ഞാനാരോടു ചൊല്ലേണ്‍ടതീ ദിനം? 
ഈ മനോഹര തീരമേകിയൊരീശ്വരാ, 
നന്ദി! ജന്മം നല്‍കിയ മാതാപിതാക്കളേ നന്ദി ! 
എന്നെ ഞാനാക്കിയ ഗുരുഭൂതരേ നന്ദി ! 
ഉണ്ണാ,നുടുക്കുവാന്‍ ജീവിതം കാട്ടിയ 
നന്മ നിറഞ്ഞോരേ നന്ദി കരേറ്റുന്നേ, 
ഈ കനാന്‍ നാട്ടിലെ ജീവിത ഭാഗ്യത്തില്‍ 
കൈത്താങ്ങല്‍ കാട്ടിയോരുറ്റവരേ നന്ദി, 
ജീവിത വീഥിയില്‍ വ്യാധിയിലെത്ര പേര്‍ 
ആവിലചിത്തരായ് നീങ്ങവേ സൗഖ്യമായ്

ജീവിതം നീക്കുവാന്‍ കാരുണ്യമേകിയെന്‍ 
കാരുണ്യദീപമേ നന്ദി സഹസ്രമായ്! 
സ്വപ്നങ്ങള്‍ താലോലിച്ചോടിക്കിതയ്ക്കുവേ 
സത്വരം ദുര്‍വിധി വന്നു പതിക്കവേ 
എന്തു ചെയ്യേണ്‍ടെന്നറിയാതെ കേഴവേ 
സാന്ത്വനമേകുവാന്‍ സര്‍വ്വേശാ കനിയണേ 
വര്‍ഷം ഒന്നുകുടി തന്നൊരെന്‍ ദൈവമേ, 
ഹര്‍ഷചിത്താഭയാല്‍ നന്ദികരേറ്റുന്നേന്‍ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക