Image

പലരോടും പറയാൻ വിട്ട് പോയ നന്ദിയോടെ.....: ജെയിംസ് കുരീക്കാട്ടിൽ

Published on 26 November, 2026
പലരോടും  പറയാൻ വിട്ട് പോയ നന്ദിയോടെ.....: ജെയിംസ് കുരീക്കാട്ടിൽ

 

അമേരിക്കയിലെത്തിയ ഒരു മലയാളി ആദ്യമായി ഒരു  താങ്ക്സ്ഗിവിങ് വിരുന്നിൽ പങ്കെടുക്കുമ്പോൾ, തീൻമേശയുടെ നടുവിലിരിക്കുന്ന ടർക്കിയെ നോക്കി മനസ്സിൽ ചോദിച്ചേക്കാം. ഇത്രയും വലിയൊരു കോഴിയെ കിട്ടിയിട്ട് ഇതിൽ കുറച്ച് മുളകുപൊടി തേക്കാൻ ആർക്കും തോന്നിയില്ലേയെന്ന്.

പക്ഷേ, ഭക്ഷണം വിളമ്പുന്നതിനു മുമ്പ് വീട്ടുകാർ ഓരോരുത്തരോടും,  ഈ വർഷം നിങ്ങൾക്ക്  എന്തിനാണ് നന്ദിയുള്ളത്  എന്ന് ചോദിക്കുമ്പോൾ, ആ മലയാളിയുടെ മനസ്സ് പെട്ടെന്ന് നാട്ടിലെത്തും.  യാത്ര പറഞ്ഞ ദിവസം വിമാനത്താവളത്തിൽ കണ്ട മുഖങ്ങൾ, അമേരിക്കയിൽ വന്ന ആദ്യകാലത്ത് സ്വന്തം വീട്ടിലേക്കു വിളിച്ച് ചോറും കറിയും തന്ന സുഹൃത്ത്. ആദ്യത്തെ കാർ വാങ്ങാനും കടയിൽ പോകാനും സഹായിച്ചവർ, അങ്ങനെ പലരും.  അപ്പോൾ ടർക്കിയിൽ ഉപ്പ് കുറവാണോ എന്നതിനെക്കാൾ, ജീവിതത്തിൽ ആരൊക്കെയാണ് സ്നേഹം പാകത്തിനു ചേർത്തതെന്ന് ഓർമ വരും.

താങ്ക്സ്ഗിവിങ്ങിന്റെ  കഥ 1621 ലെ പ്ലിമത്തിലെ ഒരു വിളവെടുപ്പ് വിരുന്നിൽ നിന്നാണ് തുടങ്ങുന്നത്. കഠിനമായൊരു ശൈത്യകാലത്തെ അതിജീവിച്ച ഇംഗ്ലീഷ് കുടിയേറ്റക്കാർക്ക് ചോളം കൃഷി ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വാംപനോഗ് തദ്ദേശീയ ജനതയുടെ സഹായം ലഭിച്ചു. ആ വർഷത്തെ വിളവെടുപ്പിനുശേഷം അവർ ഒരുമിച്ച് വിരുന്നിൽ പങ്കെടുത്തു. ആ കൂടിച്ചേരലിനെ പിൽക്കാലത്ത് ആദ്യ താങ്ക്സ്ഗിവിങ് എന്നു വിളിച്ചു. ആ കഥയ്‌ക്കൊപ്പം, തുടർന്നുള്ള കുടിയേറ്റവ്യാപനവും ഭൂമി നഷ്ടപ്പെടലും സംഘർഷങ്ങളും വാംപനോഗ് ജനതയ്ക്കുണ്ടാക്കിയ ദുരിതങ്ങളും ഓർക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചില തദ്ദേശീയ അമേരിക്കക്കാർക്ക് ഈ ദിവസം ദുഃഖസ്മരണയുടേതുമാണ്.

ഒരേ ദിവസം രാജ്യമെങ്ങും താങ്ക്സ്ഗിവിങ് ആചരിക്കണമെന്ന ആശയത്തിനായി സാറാ ജോസഫ ഹേൽ  എന്ന എഴുത്തുകാരിയും  പത്രാധിപയും (മേരികൊണ്ടൊരു കുഞ്ഞാട് എഴുതിയ ആൾ) വർഷങ്ങളോളം വാദിച്ചു. ആഭ്യന്തരയുദ്ധം അമേരിക്കയെ പിളർത്തിയ കാലത്ത്, രാജ്യത്ത് ഐക്യബോധം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, 1863-ൽ എബ്രഹാം ലിങ്കൺ നവംബറിലെ അവസാന വ്യാഴാഴ്ച താങ്ക്സ്ഗിവിങ് ദിനമായി പ്രഖ്യാപിച്ചു. 1941-ൽ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച എന്നത് നിയമമായി ഉറപ്പിച്ചു. ഇന്ന് ദൂരെയിരിക്കുന്ന മക്കൾ വീട്ടിലെത്താനും, ഒറ്റയ്ക്കുള്ള ഒരു സുഹൃത്തിന് തീൻമേശയിൽ ഒരിടം കൊടുക്കാനും, തിരക്കിനിടയിൽ പറയാതെ പോയ ഒരു  നന്ദി പറയാനും പലർക്കും ഈ ദിവസം അവസരമാകുന്നു.

പരമ്പരാഗത താങ്ക്സ്ഗിവിങ് മേശയിലെ മുഖ്യാതിഥി റോസ്റ്റ് ടർക്കിയാണ്. അതിനൊപ്പം ബ്രെഡും ഉള്ളിയും സുഗന്ധച്ചെടികളും ചേർത്തുണ്ടാക്കുന്ന സ്റ്റഫിങ്, വെണ്ണ ചേർത്തുടച്ച ഉരുളക്കിഴങ്ങായ മാഷ്ഡ് പൊട്ടേറ്റോസ്, അതിനു മുകളിൽ ഒഴിക്കാൻ ഗ്രേവി. ടർക്കിക്കൊപ്പം പുളിമധുരമുള്ള ക്രാൻബെറി സോസ്, ക്രീമിൽ ചുട്ടെടുത്ത പച്ചപ്പയറും മൊരിഞ്ഞ ഉള്ളിയും ചേർന്ന ഗ്രീൻ ബീൻ കാസറോൾ, ചില വീടുകളിൽ മുകളിൽ മാർഷ്മെലോ ഇട്ട സ്വീറ്റ് പൊട്ടേറ്റോ കാസറോൾ. മധുരത്തിന് കറുവപ്പട്ടയുടെ മണമുള്ള പംപ്കിൻ പൈ.

ആദ്യത്തെ വിരുന്നിൽ ക്രാൻബെറി സോസ് രുചിച്ചിട്ട്  സാധനം കൊള്ളാം, പക്ഷേ അച്ചാറാവാൻ ഇനിയും കുറച്ചു ദൂരമുണ്ട് എന്ന്  തോന്നാം. മാർഷ്മെലോ ഇട്ട മധുരക്കിഴങ്ങ് കഴിക്കുമ്പോൾ ഇത് കറിയാണോ പലഹാരമാണോ, എന്നൊരു സംശയവും വരാം. കുറെ വർഷം കഴിഞ്ഞ് അതേ മലയാളി വീട്ടിൽ ടർക്കി ചുടുമ്പോൾ അതിൽ ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും തേക്കും. അടുത്ത് ഒരു പാത്രം ബിരിയാണിയും വയ്ക്കും. വിരുന്നിന്റെ അവസാനം പംപ്കിൻ പൈയുടെ റെസിപ്പി ചോദിക്കാൻ അമേരിക്കൻ സുഹൃത്തിന്റെ അടുത്തേക്കു ചെല്ലുമ്പോൾ, ആ സുഹൃത്ത് ഇങ്ങോട്ടു ചോദിക്കും. ഈ മാങ്ങാ അച്ചാർ എവിടെ കിട്ടും.

കുടിയേറ്റജീവിതത്തിൽ അങ്ങനെയൊരു രസമുണ്ട്. ആദ്യം അപരിചിതമായിരുന്ന ചില രുചികൾ പതുക്കെ നമ്മുടെ വീട്ടിലെയും ഓർമകളിലെയും ഭാഗമാകും. ചിലപ്പോൾ നാട്ടിലെ രുചി തേടി തുറന്ന അച്ചാർക്കുപ്പി തന്നെയാകും പുതിയൊരു സൗഹൃദത്തിന്റെ തുടക്കം.

നമ്മുടെ നാട്ടിലെ ചില പരിപാടികളിൽ  ഇനി നന്ദിപ്രമേയത്തിനായി… എന്ന് മൈക്കിലൂടെ കേൾക്കേണ്ട താമസം, മുന്നിലെ മൂന്ന് നിരയും എഴുന്നേൽക്കും. ഒരാൾക്ക് വണ്ടി പുറത്തെടുക്കണം. മറ്റൊരാൾക്ക് വീട്ടിൽ അത്യാവശ്യമുണ്ട്. മൂന്നാമത്തെയാൾക്ക് അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ആദ്യത്തെ രണ്ടുപേർ എഴുന്നേറ്റപ്പോൾ കൂടെ എഴുന്നേറ്റതാണ്.  ഒടുവിൽ “ക്ഷമയോടെ കേട്ടിരുന്ന സദസ്സിനും നന്ദി” എന്നു പറയുമ്പോൾ ആ നന്ദി നേരിട്ടു സ്വീകരിക്കാൻ ബാക്കിയുള്ളത് മൈക്ക് ഓഫ് ചെയ്യാൻ കാത്തിരിക്കുന്ന സൗണ്ട് ഓപ്പറേറ്റർ മാത്രമായിരിക്കും.

താങ്ക്സ്ഗിവിങ്ങിന് ചില വീടുകളിൽ നന്ദി പറയുന്നത് ഭക്ഷണത്തിനു മുമ്പാണ്. എല്ലാവരുടെയും പ്ലേറ്റ് മുന്നിലിരിക്കുമ്പോൾ ആർക്കും എഴുന്നേറ്റുപോകാൻ തോന്നില്ലല്ലോ. തമാശ മാറ്റിവെച്ചാൽ, നമ്മുടെ ജീവിതത്തിൽ ഒരാൾ ചെയ്ത നന്മ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അയാളോടുതന്നെ പറയുന്നതിന് ഒരു ഭംഗിയുണ്ട്. ഒരുപക്ഷേ, ആ മനുഷ്യൻ അത് ആദ്യമായി കേൾക്കുന്നതും അന്നായിരിക്കും. നന്ദി മനസ്സിൽ സൂക്ഷിച്ചാൽ അതൊരു ഓർമയാണ്. അത് അർഹിക്കുന്ന ഒരാളോടു പറഞ്ഞാൽ, അയാളുടെ ജീവിതത്തിലും അതൊരു ഓർമയാകും.

ഒരു സ്വതന്ത്രചിന്തകനെന്ന നിലയിൽ, എനിക്ക് നന്ദിയുള്ളത് ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യത്തിനും, തെറ്റിയെന്ന് ബോധ്യപ്പെടുമ്പോൾ അഭിപ്രായം തിരുത്താനുള്ള അവസരത്തിനും, വിയോജിപ്പുകൾ ഉണ്ടായിട്ടും ഇന്നും കൂടെയുള്ള  സുഹൃത്തുക്കൾക്കുമാണ്. അന്ധവിശ്വാസങ്ങളെയും മനുഷ്യരെ വേദനിപ്പിക്കുന്ന അനാചാരങ്ങളെയും ചോദ്യം ചെയ്യാനും, സ്വതന്ത്രചിന്തയുടെയും വിശ്വമാനവികതയുടെയും സന്ദേശം പങ്കുവയ്ക്കാനും കഴിയുന്നതിലും എനിക്ക് നന്ദിയുണ്ട്.

തീൻമേശയിലെ ഭക്ഷണം കാണുമ്പോൾ അത് കൃഷി ചെയ്തവരെയും പാകം ചെയ്തവരെയും ഓർക്കാം. സ്വന്തം ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, നാം വീണുപോയേക്കുമായിരുന്ന സമയത്ത് കൈപിടിച്ചവരെയും. ചിലർ ഇപ്പോഴും ഒരു ഫോൺവിളിയുടെ അകലെയുണ്ട്. ചിലരുടെ ശബ്ദം ഓർമയിൽ മാത്രമേ കേൾക്കാനാവൂ. വിളിക്കാൻ കഴിയുന്ന ഒരാളെ ഇന്ന് വിളിച്ച്, അന്ന് നിങ്ങൾ എനിക്കുവേണ്ടി ചെയ്തത് ഞാൻ ഇന്നും ഓർക്കുന്നു എന്നു പറയുന്നതും താങ്ക്സ്ഗിവിങ്ങാണ്.

നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീൻമേശയിൽ ഇന്ന് ചിരിയും സ്നേഹവും നിറയട്ടെ. ടർക്കിക്ക് എരിവ് അല്പം കുറഞ്ഞാലും സാരമില്ല. അച്ചാർ കൈയെത്തും ദൂരത്തുണ്ടല്ലോ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ താങ്ക്സ്ഗിവിങ് ആശംസകൾ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക