
ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. പാർലമെൻ്റ് സീറ്റുകളിൽ 50 ശതമാനം വർധനവ് നിർദേശിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡൽഹിയിലെ 'സേവാ തീർഥിൽ' ചേർന്ന നിർണായക മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് പച്ചക്കൊടി വീശിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ സുപ്രധാന നീക്കം. സമ്മേളന ദിവസങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും മുഴുവൻ അംഗങ്ങളും നിർബന്ധമായും ഹാജരാകണമെന്ന് നിർദേശിച്ചുകൊണ്ട് ബിജെപി ഉടൻ തന്നെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.
പതിനെട്ടാം ലോക്‌സഭയുടെ എട്ടാം സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം നവംബർ 30-ന് ആരംഭിച്ച് ഡിസംബർ 3 വരെ തുടരുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യാഴാഴ്‌ച പ്രഖ്യാപിച്ചിരുന്നു. അടിയന്തര സർക്കാർ കാര്യങ്ങൾ പരിഗണിക്കുന്നതിനായി നവംബർ 30-ന് ലോക്‌സഭയും ഡിസംബർ 2-ന് രാജ്യസഭയും വീണ്ടും സമ്മേളിക്കാൻ സർക്കാർ അഭ്യർഥിച്ചതായി പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ഓഗസ്റ്റ് 13-ന് വർഷകാല സമ്മേളനം പിരിഞ്ഞതിന് ശേഷമാണ് ഇരുസഭകളും വീണ്ടും സമ്മേളിക്കുന്നത്.
വരാനിരിക്കുന്ന സമ്മേളനത്തിൻ്റെ ഔദ്യോഗിക അജണ്ട ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ലോക്‌സഭയിലെ അംഗബലം 850 സീറ്റുകളായി ഉയർത്താൻ ലക്ഷ്യമിടുന്ന മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും സഭയിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്.
ഇതേസമയം പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യത്യസ്‌ത നിലപാടുകളുമായി രംഗത്തെത്തി.
രാജ്യത്തിനും ജനാധിപത്യത്തിനും ഏറെ പ്രധാനപ്പെട്ട ബില്ലാണിതെന്നും ഇത് പാസാക്കപ്പെടണമെന്നും എൻസിപി നേതാവ് ഉമേഷ് പാട്ടീൽ പറഞ്ഞു.
ഡിഎംകെ ബില്ലിനെ പിന്തുണച്ചാൽ അത് കോൺഗ്രസിൻ്റെ പരാജയമായി കാണാനാകില്ലെന്ന് കോൺഗ്രസ് വക്താവ് നാസിർ ഹുസൈൻ പ്രതികരിച്ചു. ഡിഎംകെ ഒരു പ്രത്യേക പാർട്ടിയാണ്. അവരുടെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യാ മുന്നണി യോഗത്തിൽ വിഷയം ചർച്ച ചെയ്‌ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചാൽ അത് ആ പാർട്ടിക്ക് വലിയ തിരിച്ചടിയാകും. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ജനസംഖ്യ കുറവാണ് ജനസംഖ്യാടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണ്ണയം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ജനങ്ങൾക്കെതിരെ വലിയൊരു കെണിയൊരുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ആരോപിച്ചു. ഇതാണ് ഈ നീക്കത്തിന് പിന്നിലെ അജണ്ട. തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ഇന്ത്യാ മുന്നണിയും പ്രതിപക്ഷ പാർട്ടികളും നാളെ രാവിലെ 11.30 ന് യോഗം ചേരും
ഇന്ത്യ സഖ്യത്തിന് വൻ തിരിച്ചടി; മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാൻ എൻസിപി
ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ എന്‍സിപി നീക്കം. പാര്‍ലമെന്റില്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ എന്‍സിപി പിന്തുണച്ചേക്കുമെന്നുളള സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്. ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നത് ഡ്രാഫ്റ്റ് ബില്‍ പരിശോധിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്നായിരുന്നു.
എന്നാല്‍ എന്‍സിപി ബില്ലിനെ പിന്തുണയ്ക്കുമെന്നുളള സൂചനയാണ് പാര്‍ട്ടി എംഎല്‍എയായ ജിതേന്ദ്ര ഔഹാദ് പങ്കുവെയ്ക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജിതേന്ദ്ര ഈ സൂചന നല്‍കുന്നത്. മണ്ഡലപുനര്‍നിര്‍ണയം അനിവാര്യമാണെന്ന് ശരദ് പവാര്‍ സ്വകാര്യ കൂടിക്കാഴ്ചയില്‍ പറഞ്ഞതായും ജിതേന്ദ്ര ഔഹാദ് വ്യക്തമാക്കുന്നു.
മണ്ഡല പുനര്‍നിര്‍ണയ ബില്‍ ജനങ്ങളുടെ രാഷ്ട്രീയ അധികാരം കവരാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയക്കുന്ന ബി.ജെ.പി, വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ എം.പിമാര്‍ക്ക് 150 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് കൂറുമാറ്റത്തിന് ശ്രമം നടക്കുന്നതായും ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ഈ ബില്ലിനെ പിന്തുണയ്ക്കുന്ന ഏതൊരു പാര്‍ട്ടിയെയും എം.പിയെയും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാല്‍ താക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലോ ശരദ് പവാര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെങ്കിലോ ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.