
ബ്രാംപ്ടൺ∙ കാനഡയുടെ മണ്ണിൽ സഭാവിശ്വാസത്തിന്റെ വിത്ത് വിതച്ചവരെ സാക്ഷിനിർത്തി യാക്കോബായ സഭാ കാനഡ റീജന്റെ പ്രഥമ യുവജന-കുടുംബ കോൺഫറൻസിന് തുടക്കം. ഭദ്രാസനപദവിയിലേക്ക് ഉയരാൻ ഒരുങ്ങിയിരിക്കുന്ന കാനഡയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രനിമിഷമായിരുന്നു. രണ്ട് ഇടവകയിൽനിന്ന് മുപ്പത്തിമൂന്ന് ഇടവകകളിലേക്കുള്ള വളർച്ചയ്ക്ക് ആത്മീയനേതൃത്വം നൽകിയ സിറിയക് ഓർത്തഡോക്സ് ചർച്ച് മലങ്കര അതിഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസിന്റെ സാന്നിധ്യത്തിലായിരുന്നു വരുംതലമുറയെയും വിശ്വാസപാതയിൽ കൈപിടിച്ചുമുന്നേറാനൊരുങ്ങുന്ന റീജന്റെ പ്രഥമ വാർഷികകൂട്ടായ്മ
ഈസ്റ്റേൺ യുഎസ്എ അതിഭദ്രാസനാധിപൻ മാർ ഡയനീഷ്യസ് ജോൺ കവാക് ഉദ്ഘാടനം നിർവഹിച്ചു. കുടുംബത്തിലെയും സഭയിലെയും വിശ്വാസംകണ്ടാണ് പുതുതലമുറ വളരുന്നതെന്ന് മാർ ഡയനീഷ്യസ് ചൂണ്ടിക്കാട്ടി. വിശ്വാസതീവ്രതയാണ് അടുത്ത തലമുറയ്ക്ക് കൈമാറാനാകുന്ന ഏറ്റവും വലിയ ദാനം. ദൈവത്തെ സേവിക്കാൻ ജീവിതത്തിന്റെ അവസാനഘട്ടമാകാൻ കാത്തിരിക്കാതെ ഈ ദൗത്യം ഇപ്പോഴെ ഏറ്റെടുത്ത് മറ്റുള്ളവർക്ക് പ്രചോദനമാകണം. എത്ര പരിപാടികൾ നടത്തിയെന്നതിലല്ല, എത്ര ജീവിതങ്ങളിൽ സ്വാധീനമുണ്ടാക്കാനായി എന്നതാണ് പ്രധാനമെന്നും പറഞ്ഞു.
അൻപതോളം വർഷം മുൻപ് ഇവിടെ ആദ്യമായി ഒത്തുകൂടിയ ജേക്കബ് കുഴിക്കാട്ടിൽ, പോൾസൺ വർഗീസ്, പി. ഐ. കുര്യൻ, ജോൺ പുതിയംപടവിൽ എന്നിവരെ അനുസ്മരിച്ചും ജോയ് വർഗീസ്, മാത്യു ഇലവത്തിൽ, മത്തായി കുര്യൻ, ജേക്കബ് ഇലവത്തിൽ, ചാക്കോ വർഗീസ് തുടങ്ങിയവരെ ആദരിച്ചുമായിരുന്നു കാനഡ റീജന്റെ കന്നി കോൺഫറൻസിന് തുടക്കംകുറിച്ചതെന്നതും ശ്രദ്ധേയം. അടുത്ത തലമുറയും വിശ്വാസപരമായ പൈതൃകത്തിൽ ഉറച്ചുനിൽക്കുന്നവരാക്കി മാറ്റുകയെന്നതാണ് ഓരോരുത്തരുടെയും ദൗത്യമെന്ന് യെൽദോ മാർ തീത്തോസ് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കോൺസുലേറ്റ് ഹെഡ് ഓഫ് ചാൻസറി വിജയ്കുമാർ സിങ്, ഫാ. ജെറി ജേക്കബ്, ഫാ. എ. പി. ജോർജ്, ജോജി കാവനാൽ, കാനഡ റീജൻ അഡ്മിനിസ്‌ട്രേറ്റർ ഫാ. എബി മാത്യു, ട്രഷറർ ജെനു മഠത്തിൽ, കോൺഫറൻസിന്റെ മുഖ്യപ്രായോജകൻ റിയൽറ്റർ അലക്സ് അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു. കാനഡയിലെ പ്രഥമ വൈദികൻ ഫാ. തോമസ് വർഗീസ് കണ്ണേത്ത് കോറെപ്പിസ്കോപ്പ, കാത്തലിക് സ്കൂൾ ബോർഡ് അംഗം തോമസ് കെ. തോമസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചെണ്ടമേളത്തോടെയാണ് അതിഥികളെ വരവേറ്റത്. വിവിധ സംഗീത-നൃത്ത പരിപാടികളുമുണ്ടായിരുന്നു. വിജോ തുടിയൻ, എലിസബത്ത് സോണി തുടങ്ങിയവരായിരുന്നു അവതാരകർ.
ബൈബിൾ വചനമായ ‘നാം എഴുന്നേറ്റു പണിയുക’ എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബ്രാംപ്ടണിലെ മാരിയറ്റ് കോർട്ട് യാർഡിൽ ശനിയാഴ്ചയും കോൺഫറൻസ് തുടരും. കലാ-സാംസ്കാരിക പരിപാടികളുമുണ്ടാകും. ഞായറാഴ്ച പത്തിന് കുർബാനയോടെ സമാപിക്കും.