Image

ഒബാമ എന്ന വികാരത്തിനു പിന്നില്‍ - റീനി മമ്പലം

റീനി മമ്പലം Published on 27 November, 2012
ഒബാമ എന്ന വികാരത്തിനു പിന്നില്‍ - റീനി മമ്പലം
(ചരിത്രം രചിച്ചുകൊണ്ട് ബറാക് ഒബാമ രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും ഒബാമയുടെ നയങ്ങളും അമേരിക്കയില്‍ സ്ഥിര താമസക്കാരിയായ ലേഖിക വിശകലനം ചെയ്യുന്നു)

നവംബര്‍ ആറിന് രാവിലെ ഫേസ്ബുക്കില്‍ ഞാന്‍ സൈന്‍ഓണ്‍ ചെയ്തു. ന്യൂസ് ഫീഡില്‍ ആദ്യം കണ്ടത് മകള്‍ സപ്പനയുടെ പോസ്റ്റിങ്ങാണ്. 'Walking to the Polls' പോസ്റ്റ് ചെയ്തിരിക്കുന്നത് അര മണിക്കൂര്‍ മുമ്പ്, രാവിലെ ഏഴുമണിക്ക്. അപ്പോള്‍ അവള്‍ എത്രമണിക്ക് താമസസ്ഥലം വിട്ടിട്ടുണ്ടാവണം! ഞാനാണെങ്കില്‍ കാലത്ത് കണ്ണും തിരുമ്മി ആദ്യത്തെ കപ്പ് ചായയുമായി ഇരിക്കുന്നതേയുള്ളൂ. ഞാന്‍ പോസ്റ്റിന് കമന്റ് ചെയ്തു ശരിക്കും നീയൊരു സീരിയസ്സ് സിറ്റിസണാണ്. അവള്‍ മറുപടി നല്‍കി. വോട്ട് ചെയ്ത സ്ഥലത്തെ നാല്‍പത്തിയഞ്ചാമത്തെ ബാലറ്റ് പേപ്പര്‍ അവളുടേതായിരുന്നെന്ന്. അവള്‍ താമസിക്കുന്നത് മിറ്റ് റോംനിയുടെ സ്വന്തം സ്റ്റേറ്റ് ആയ മാസ്സച്യൂസ്സെറ്റിലാണ്. അദ്ദേഹം അവിടത്തെ ഗവര്‍ണറായിരുന്നു.

2008 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍, വൈറ്റ് ഹൗസിലേക്ക് ഒരു കറുത്ത വംശജ പ്രസിഡന്റ് കടന്നു വന്ന് അമേരിക്കയുടെ ചരിത്രം തിരുത്തിയെഴുതി. ഇത്തവണത്തെ തെരഞ്ഞെടുപ്പ് അത്ര ആവേശഭരിതമായിരിക്കില്ലെന്നായിരുന്നു പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിലെ നിഗമനം. എന്നാല്‍ എല്ലാം തിരുത്തിയെഴുതി, ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിലൊന്നിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നതെന്ന് പ്രചാരണത്തിലെ അവസാനദിവസങ്ങള്‍ തെളിയിച്ചു. പതിനേഴുകോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. ലോകത്തെ ഏറ്റവും ശക്തമായ ഔദ്യോഗിക സ്ഥാനമായ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരം ഉറ്റുനോക്കിക്കൊണ്ടിരുന്നവര്‍ ലോകത്തെമ്പാടുമുള്ള മുന്നൂറു കോടി ജനങ്ങളാണ്. പ്രസിഡന്റ് ബുഷ്, വൈസ് പ്രസിഡന്റ് ഡിക്‌ചെനി ഭരമ ടീം കരിമ്പിന്‍കാട്ടില്‍ കയറിയ ആനകളായി അമേരിക്ക കുട്ടിച്ചോറാക്കിയ സമയത്താണ് യേസ് വി കാന്‍ ഡു ഇറ്റ് എന്ന ആപ്തവാക്യവുമായി ഒബാമ മാറ്റത്തിനു തയ്യാറായിരുന്ന അമേരിക്കന്‍ ജനതയുടെ പ്രസിഡന്റായത്. അന്ന് വിഷമതകളില്‍ മുങ്ങിനിന്ന അമേരിക്കക്ക് ഇപ്പോള്‍ വെള്ളത്തിന് മുകളില്‍ തലയുയര്‍ത്തി നിന്ന് പ്രാണവായു വലിച്ചെടുക്കാമെന്ന നിലയായിട്ടുണ്ട്. എല്ലാവര്‍ക്കും നല്ല നിലയിലേക്കുള്ള മാറ്റങ്ങള്‍ കാണണം, കടങ്ങള്‍ ഇല്ലാതാക്കണം, ഓഹരിവിപണിയില്‍ ഓള്‍ടൈം ഹൈ കാണണം. മാത്രമല്ല മാറ്റങ്ങള്‍ എല്ലാം ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നത് കാണുകയും വേണം. ഇതെല്ലാം സാധ്യമാകണമെങ്കില്‍, ബുഷ് ഭരണകൂടം എട്ടുവര്‍ഷങ്ങള്‍ക്കൊണ്ട് വരുത്തിവെച്ച വിനകളില്‍നിന്ന് രക്ഷ നേടണമെങ്കില്‍ ഒരു ഒബാമക്ക് നാലുവര്‍ഷത്തില്‍ കൂടുതല്‍ സമയം വേണം. മുന്നോട്ട് (forward) എന്നതായിരുന്നു ഒബാമയുടെ ആപ്ത വാക്യം. രാജ്യം ഇന്നുകാണുന്ന നിലയില്‍നിന്ന് മുന്നോട്ടുപോകമം പുറകോട്ടുപോകാന്‍ അനുവദിക്കരുത് എന്നതായിരുന്നു സാരം. അതിന് കാരണമുണ്ട്, എതിര്‍സ്ഥാനാര്‍ത്ഥി മിറ്റ് റോംനി ഒബാമ വിശ്വസിച്ചതില്‍ പലതിലും വിശ്വസിക്കുന്നില്ല. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനും(ബലാത്സംഗത്തിന് ഇരയായവര്‍ക്ക് പോലും) സ്വര്‍ഗാനുരാഗികള്‍ക്ക് വിവാഹത്തിനുള്ള അനുവാദം കൊടുക്കരുത് എന്ന് റോംനിയും റിപ്പബ്ലിക്കന്‍സും വിശ്വസിച്ചു. കുട്ടികള്‍ പിറക്കേണ്ടത് ബലാത്സംഗത്തിലൂടെയല്ല, സ്‌നേഹത്തിലൂടെയാണ്. ഒരു ഗര്‍ഭിണിക്കല്ലാതെ ഗര്‍ഭസ്ഥ ശിശുവിനെ തുടരണമോ വേണ്ടയോ എന്ന തീരുമാനം (അത് ബലാത്സംഗത്തിലൂടെയാണെങ്കിലും അല്ലെങ്കിലും) എടുക്കാനുള്ള അവകാശം ഒരു പറ്റം പുരുഷ മേല്‍ക്കോയ്മക്കാണോ? ഒരു പുരുഷന്‍ മറ്റൊരു പുരുഷനെയോ, ഒരു സ്ത്രീ മറ്റൊരു സ്ത്രീയെയോ സ്‌നേഹിച്ചാലോ, ആ പ്രണയിനികള്‍ക്ക് നമ്മുടെ സ്ട്രീറ്റിലൂടെ കൈ കോര്‍ത്ത് നടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ഈ വിശ്വാസങ്ങളിലൂടെ സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടെയും പിന്തുണ ആര്‍ക്കു കിട്ടിയെന്ന് പറയേണ്ടതില്ലല്ലോ!

അമേരിക്കയിലെ ചില സ്റ്റേറ്റുകളെ സ്വിങ് സ്റ്റേറ്റുകള്‍ എന്ന് വിളിക്കും, അവ പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, അങ്ങോട്ടോ ഇങ്ങോട്ടോ ചെരിയും. സ്ഥാനാര്‍ത്ഥികള്‍ അവരുടെ ഊര്‍ജ്ജവും സമയവും ചിലവാക്കിയത് ഈ സ്റ്റേറ്റുകളില്‍ ആണ്. കൊളറാഡോ, ഫ്‌ളോറിഡ, അയോവ, നെവാഡ, ന്യൂഹാംഷെയര്‍, നോര്‍ത്ത് കാരോലിന, ഒഹായിയൊ, വെര്‍ജിനിയ, വിസ്‌കോണ്‍ സിന്‍ എന്നിവ ഇത്തവണത്തെ സ്വിങ് സ്റ്റേറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍, രണ്ടു തവണ ഒഴികെ, ഒഹായിയയില്‍ ഏതു പാര്‍ട്ടിയാണോ ജയിക്കുന്നത് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകും പ്രസിഡന്റാവുന്നത്.

സ്ഥാനാര്‍ത്ഥികള്‍ അമേരിക്കയിലെ പല സംസ്ഥാനത്തും, പ്രത്യേകിച്ച് പല സംസ്ഥാനത്തും, പ്രത്യേകിച്ച് സ്വിങ് സ്റ്റേറ്റില്‍ പ്രചാരണ മീറ്റിങ്ങുകള്‍ നടത്തി. അമേരിക്കയിലെ അന്‍പതു സംസ്ഥാനങ്ങളില്‍ ചിലതൊക്കെ പരമ്പരാഗതമായി ഡെമോക്രാറ്റ്‌സ് ജയിക്കുന്ന സ്റ്റേറ്റാണ്, അതുപോലെ ചിലതൊക്കെ റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളും. അങ്ങനെയുള്ള സംസ്ഥാനങ്ങളില്‍ എത്ര പ്രചാരണം നടത്തിയാലും എത്ര പൈസ മുടക്കിയാലും പാരമ്പര്യം നിലനില്‍ക്കുകതന്നെ ചെയ്യും. ഒബാമയും മിറ്റ് റോംനിയും പൊതുജനത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. ഒബാമ അവരുടെ ജീവിത സ്പന്ദനങ്ങള്‍ അറിഞ്ഞു. റോംനിയുടെ കാഴ്ചപ്പാടുകള്‍ ചാഞ്ചാടി, ഒരേ ആഴ്ചയില്‍ ഒരു വിഷയത്തെക്കുറിച്ചുള്ള നിലപാടുകളും മാറിമറഞ്ഞു. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിക്കാര്‍ ആരവാരത്തോടെ സ്വീകരിച്ചു. സ്ത്രീകളുടെയും സ്വവര്‍ഗാനുരാഗികളുടെയും അവകാശത്തില്‍ ഒബാമ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. റോംനി അതിലൊന്നും വിശ്വസിച്ചില്ല. തന്നെയുമല്ല ഹിസ്പാനിക്‌സ്(സ്പാനിഷ്‌കാര്‍) പോലെയുള്ള ന്യൂനപക്ഷക്കാരെ അവഗണിച്ചു, പലതുള്ളി പെരുവെള്ളമാകുമെന്നത് ഓര്‍ക്കാതെ ചാറ്റല്‍മഴയിലൂടെ നടന്നു. സ്വവര്‍ഗത്തെ പ്രേമിക്കണമെന്നുള്ളത് അവര്‍ തെരഞ്ഞെടുക്കുന്നതല്ല. അത് അവരുടെ ജനിതകനിര്‍ണയമാണ്, ഒരാള്‍ക്ക് ഡയബെറ്റിസ് വരുമോ, വാതവും പിത്തവും പിടിക്കുമോ എന്ന് അയാളുടെ ജനിതക നിശ്ചയമെന്നതുപോലെ.

ന്യൂഹാംഷെയര്‍ എന്ന സ്വിങ്‌സ്റ്റേറ്റില്‍ വോട്ടിങ് ആരംഭിച്ചത് നവംബര്‍ അഞ്ചിന് പാതിരാവിലാണ്, അതായത് നവംബര്‍ ആറിന് വെളുപ്പിന് പന്ത്രണ്ടുമണിയോടെ. അവിടെ ജയിച്ചത് ഡെമോക്രാറ്റും. അവിടെ വോട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ഒബാമ പ്രചാരണം നടത്തിയിരുന്നു.

ടിവി ചാനലുകളില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു നിശ്ചിത സമയം കൊടുത്ത് രണ്ട് സ്ഥാനാര്‍ത്ഥികളുടെയും പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടന്നു. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ആ സമയം ടിവിയിലേക്ക് കണ്ണും നട്ടിരുന്നു. സ്ഥാനാര്‍ഥികള്‍ അവരുടെ ഭാവിപരിപാടികളെക്കുറിച്ച് അമേരിക്കന്‍ ജനതയോട് സംസാരിച്ചു. ഉരുളയ്ക്ക് ഉപ്പേരിപോലെ അന്യോന്യം മറുപടി പറഞ്ഞു. ഒരാള്‍ മറ്റൊയാളേക്കാള്‍ മെച്ചമെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു. അതില്‍ സത്യമേത് മിഥ്യയേത് എന്ന് അമേരിക്കന്‍ ജനത കണ്ടെത്തുവാന്‍ ശ്രമിച്ചു.

പത്രങ്ങളും ടിവി ചാനലുകളും അവരുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയെ പിന്തുണച്ചു. അവര്‍ പത്രത്തില്‍ പരസ്യങ്ങള്‍ ഇട്ടു, ടിവിയില്‍ പരസ്യങ്ങള്‍ ഒഴുകി. പാര്‍ട്ടിക്കാര്‍ സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ തപാലിലൂടെ വീടുകളിലയച്ചു. ഫോണില്‍ വിളിച്ച് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രചാരണങ്ങള്‍ തകര്‍ത്തു നടന്നു. ഇവിടെ ഘോഷയാത്രകളില്ല, മുദ്രാവാക്യങ്ങള്‍ ഇല്ല, ഉച്ചഭാഷിണിവെച്ച തെരുവ് മീറ്റഇങ്ങുകള്‍ ഇല്ല. സമരം നടക്കുന്നതുപോലും നിശ്ശബ്ദമായാണ്. ഡിമാന്റ് എഴുതിയ കടലാസ്സുകളുമായി കുറെ സമരക്കാര്‍ നിശ്ശബ്ദത പാലിച്ച് നില്‍ക്കുന്നുണ്ടാവും.

അമേരിക്കന്‍ വോട്ടിങ്ങ് പ്രസിഡന്റിനെയല്ല, ഇലക്ടറല്‍ കോളജെസിനെയാണ് തെരഞ്ഞെടുക്കുന്നത്. അവരാണ് പ്രസിഡന്റ് ആരാണന്ന് നിശ്ചയിക്കുന്നത്. 270 ഇലക്ടറല്‍ കോളേജ് വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥി ജയിക്കും. ജനകീയ വോട്ടുകള്‍ കൂടുതല്‍ കിട്ടിയ ആള്‍ ജയിക്കണമെന്നില്ല, അതായത് രാജ്യത്തിന്റെ വോട്ടുകള്‍ ആകെ നോക്കുമ്പോള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയ സ്ഥാനാര്‍ഥിക്ക് വിജയം കൈവരണമെന്നില്ല. ഓരോ സംസ്ഥാനത്തിന്റെയും ജനസംഖ്യ അനുസരിച്ച് ഓരോ സ്റ്റേറ്റിനും ഒരു നിശ്ചിത ഇലക്ടറല്‍ വോട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഈ വോട്ടുകളുടെ എണ്ണം നോക്കിയിട്ടാണ് വിജയിയെ തീരുമാനിക്കുക.

അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളില്‍ സാന്‍ഡി കൊടുങ്കാറ്റ് വീശിയതും ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളില്‍ വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായതും ഇലക്ഷന് ഏതാനും ദിവസങ്ങള്‍ മുമ്പാണ്. ഒരിക്കലും ഉറങ്ങാത്ത നഗരമായ ന്യൂയോര്‍ക്കില്‍ ജനജീവിതം സ്തംഭിച്ചു. ഗതാഗതം പൂര്‍ണ്ണമായി നിന്നു. ഒരു കരുതല്‍ എന്ന നിലയില്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും വിതരണം പൂര്‍ണമായി നിര്‍ത്തി. കടലില്‍ 12 അടി ഉയരത്തില്‍ തിരമാലകളുയര്‍ന്ന് തീരത്തുള്ള വീടുകള്‍ തകര്‍ന്നു. 60 മൈല്‍ വേഗത്തില്‍ വീശിയ കാറ്റില്‍ ചില കെട്ടിടങ്ങള്‍ അതിന്റെ ഫൗണ്ടേഷനില്‍നിന്ന് മാറിപ്പോയി. കണക്ടിക്കട്ടില്‍ ഞങ്ങള്‍ക്ക് മരങ്ങള്‍ സുലഭമാണ്. വന്‍മരങ്ങള്‍ വീട്ടിലേക്ക് മറിഞ്ഞുവീണ് ഏതാനും പേര്‍ മരിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം നൂറില്‍ കൂടതലായി. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി കടല്‍ത്തീരങ്ങളില്‍ താമസിക്കുന്നവരെപ്പോലെ നാശനഷ്ടങ്ങള്‍ കണക്റ്റിക്കട്ടില്‍ താമസിക്കുന്ന ഞങ്ങള്‍ക്കില്ലായിരുന്നെങ്കിലും വൈകീട്ട് ആറുമണിമുതല്‍ പാതിരകഴിയും വരെ നാല്‍പ്പത്തിയഞ്ച് മൈലില്‍ വീശിയടിച്ച കാറ്റില്‍ ഏതു മരമാണ് വീടിന്റെ പുറത്തേക്ക് വീഴുന്നതെന്ന ഭീതിയില്‍ ഞാന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സ്ഥലങ്ങളിലെ നാശനഷ്ടങ്ങളില്‍ക്കൂടി കടന്നുപോയവരുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. സാധാരണ മന്ത്രിമാരോ, രാഷ്ട്രീയക്കാരോ ചെയ്യുന്നതുപോലെ ഹെലികോപ്റ്ററില്‍ ദുരിതം കണ്ടുമടങ്ങാതെ ഒബാമ ആ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എല്ലാം നഷ്ടപ്പെട്ട് കണ്ണീരുമായിനിന്ന ഒരു സ്ത്രീയെ ആശ്വസിപ്പിച്ചു. ആ ചിത്രം മനുഷ്യമനസുകളില്‍ ഒരു ക്യാമറയില്‍ എന്നതുപോലെ പതിഞ്ഞു. അതോടൊപ്പംതന്നെ ദുരിതാശ്വാസത്തിന് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം ഉടനെ ലഭിക്കുവാനും അദ്ദേഹം ഇടയാക്കി. ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വം കാണിക്കുന്നു. ആ പ്രവൃത്തിമൂലം റിപ്പബ്ലിക്കനായ ന്യൂജേഴ്‌സിയുടെ ഗവര്‍ണര്‍ വരെ ഒബാമയെ സപ്പോര്‍ട്ട് ചെയ്തു. പ്ലാന്‍ ചെയ്യാതെ നടന്നൊരു പ്രചാരണം.

പാകിസ്ഥാനില്‍ ഒളിവില്‍ക്കഴിഞ്ഞ ഒസാമ ബിന്‍ ലാദനെ ഇല്ലാതാക്കിയതോടെ ജനഹൃദയങ്ങളില്‍ ഭീതി വളരെ കുറഞ്ഞു. ബുഷ് ഭരണകാലത്ത് ഇടക്കിടെ ന്യൂയോര്‍ക്കില്‍ റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും ഉണ്ടാകുമായിരുന്നു. ന്യൂയോര്‍ക്കിനെതിരെ എന്തെങ്കിലും അപകടസൂചന വരുമ്പോഴാണ് അപകടനില ഓറഞ്ചും ചുവപ്പുമായി ഉയര്‍ത്തുന്നത്. ഇപ്പോള്‍ അലര്‍ട്ട് കേട്ടിട്ട് കുറച്ചുനാളായി.

ഒഹായിയോവിലെ കാര്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്‌സിനെയും ക്രൈസ് ലറെയും ഒബാമയുടെ ഓട്ടോ ബെയിലൗട്ട് പ്ലാന്‍ അനുസരിച്ച് അവരുടെ കടം എഴുതിത്തള്ളി ബിസിനസ് തുടരാന്‍ സഹായിച്ചതിന്റെ ഫലമായി ഓട്ടോ പ്ലാന്റിലെ ജോലിക്കാര്‍ക്ക് അവരുടെ ജോലികള്‍ തുടരാന്‍ സഹായിച്ചു. ബിസിനസ് പൂര്‍വാധികം ശക്തിയോടെ നടക്കുകയും ചെയ്യുന്നു.

ഒബാമ കെയര്‍ എന്നറിയപ്പെടുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നയം അമേരിക്കന്‍ ജനത ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ഈ പദ്ധതി നടപ്പാക്കിയാല്‍ നേരത്തെ ഉണ്ടായിരുന്ന അവസ്ഥകള്‍ കണക്കാക്കാതെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്യാന്‍സര്‍, ഡയബെറ്റിസ് രോഗികള്‍ക്ക് ഇന്‍ഷൂറന്‍സ് കൊടുക്കാന്‍ നിര്‍ബന്ധിതരാകും. ഒരു രോഗിക്ക് അവരുടെ ജീവിതകാല ചികിത്സക്ക് നല്‍കുന്ന തുകയുടെ പരിധിയും (ലൈഫ് ടൈം ക്യാപ്പ്) ഇല്ലാതാക്കും. എല്ലാവര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സാധ്യമാക്കും എന്നതാണ് ഒബാമയുടെ നയം. വമ്പിച്ച മെഡിക്കല്‍ ചെലവ് നിമിത്തം മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെ ഇവിടെ ജീവിക്കുന്നത് അസാധ്യം.

ഒബാമയുടെ ഡ്രീം ആക്ട് നടപ്പിലായാല്‍ നിയമപരമല്ലാതെ ഈ നാട്ടില്‍ കഴിയുന്ന മറുനാടന്‍ യുവജനങ്ങളെ വളരെയധികം സഹായിക്കും. അവരുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ഈ നാട്ടിലേക്ക് ഒളിച്ച് കടന്ന് താമസിച്ചവരാണ്. അവരുടെ കുട്ടികള്‍ക്ക് നിയമപരമായി എമിഗ്രേഷന്‍ നല്‍കുന്നതിനുവേണ്ട എല്ലാ നടപടികളുമെടുക്കും. ഒബാമയുടെ ആ തീരുമാനത്തോടെ ഒബാമ അമേരിക്കയിലെ ലാറ്റിനോസിന്റെ(തെക്കേ അമേരിക്കന്‍) പ്രിയപ്പെട്ടവനായി. ഐ പ്ലെഡ്ജ് അലിജിയന്‍സ് എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുക്കുമ്പോള്‍(ഇവിടത്തെ മിക്ക ചടങ്ങുകളുടെയും ആദ്യ പടി ഈ പ്രതിജ്ഞ എടുക്കലാവും) നിയമപരമായല്ലാത്ത ഒരു കുടിയേറ്റക്കാരനും സദസ്സില്‍ കാണരുത് എന്നാണ് ഒബാമയുടെ ആഗ്രഹം.

ഇങ്ങനെ തന്റെ പല തീരുമാനങ്ങള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വര്‍ഗ വ്യത്യാസമില്ലാതെ, ജാതിഭേദമില്ലാതെ പ്രായവ്യത്യാസമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒബാമയ്ക്ക് കഴിഞ്ഞു.

ഭൂരിപക്ഷം മലയാളികളും പുരോഗമനവാദികളാണ്, ഒബാമ അനുഭാവികളാണ്. ഒബാമക്ക് പിന്നില്‍ അണിനിരക്കുന്നവരാണ്. ചില കറുത്ത വംശജരുമായി ഇടപഴകുമ്പോള്‍ അവര്‍ക്ക് ഇന്ത്യക്കാരായ നമ്മോട് ഒരു പ്രത്യേക കരുതലുമില്ലേ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ഇരു തൊലികള്‍ തമ്മിലുള്ള ഒരു സൗഹൃദമനോഭാവം ആയിരിക്കും.

മലയാളികള്‍ മിക്കവാറും ഒബാമ അനുകൂലികളാണെങ്കിലും മിറ്റ് റോംനിയുടെ പക്ഷക്കാരെയും കാണാന്‍ കഴിഞ്ഞു. അവരില്‍ പ്രധാനമായും ബിസിനസുകാരും സ്വന്തമായി പ്രാക്ടീസ് ഉള്ള ഡോക്‌ടേര്‍സുമാണ്. ഞങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസക്ക് കൂടുതല്‍ ടാക്‌സ് കൊടുക്കേണ്ടിവരും, ഒബാമ ടാക്‌സ് കൂട്ടും എന്നാണ് അവരുടെ പേടി. അങ്ങനെ ചിന്തിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. തികച്ചും മനസിലാക്കാവുന്ന ഒരു ഫീലിങ്ങ് പോരാഞ്ഞ് അമേരിക്കയില്‍ ചിന്താ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഉണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം ടാക്‌സായി സര്‍ക്കാറിന്റെ മുന്നിലേക്ക് എറിയാന്‍ ആരാണ് ഇഷ്ടപ്പെടുന്നത്. ഡോളറിന് അമ്പത്തിയഞ്ച് രൂപയോടടുത്ത് എക്‌സ്‌ചേഞ്ച് റേറ്റുള്ളപ്പോള്‍ അതിന്റെ ധാര്‍ഷ്ട്യവും ഗര്‍വും പൈസക്കാരായ ചില മലയാളികള്‍ക്ക് കുറച്ചെങ്കിലും കാണാതിരിക്കുമോ, അതും ഒരു വര്‍ഷം രണ്ടര ലക്ഷം ഡോളറില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ക്കാണ് ടാക്‌സ് കൂട്ടുന്നത് എന്ന് ഒബാമ തീരുമാനം എടുത്ത സ്ഥിതിക്ക്.

വോട്ട് ചെയ്യാന്‍ ഞാനും ഭര്‍ത്താവും പോയി. ഞങ്ങളുടെ പട്ടണത്തിലെ ഏക ഹൈസ്‌ക്കൂളിലെ ജിംനേഷ്യമാണ് വോട്ട് ചെയ്യുവാനുള്ള സ്ഥലം. ഞങ്ങള്‍ പാര്‍ക്കിങ്ങ് ലോട്ടിലെത്തി.

ജിംനേഷ്യത്തിലെത്തിയപ്പോള്‍ അകത്തും പുറത്തും തികഞ്ഞ നിശ്ശബ്ദത. ജിംനേഷ്യത്തിനുള്ളില്‍ കുറച്ചു മേശകള്‍ ഇട്ടിട്ടുണ്ട്. അവിടെ വളണ്ടിയേഴ്‌സായി ടൗണിലെ കുറെ ആള്‍ക്കാരും ഉണ്ട്. ഓരോ മേശയിലും ആള്‍ക്കാരുടെ സ്ട്രീറ്റ് അഡ്രസ് തുടങ്ങുന്ന ആല്‍ഫബെറ്റ് അനുസരിച്ച് വോട്ടേഴ്‌സിന്റെ ലിസ്റ്റ് ഉണ്ട്. ഞങ്ങളുടെ സ്ട്രീറ്റിന്റെ പേര് തുടങ്ങുന്നത് സി എന്ന ആല്‍ഫബെറ്റില്‍ ആണ്. അതിനാല്‍ ഞങ്ങളെ സി മുതല്‍ ജി വരെ എന്നെഴുതിയ മേശയുടെ അടുക്കലേക്ക് വിട്ടു. ഡ്രൈവേഴ്‌സ് ലൈസന്‍സ് ഐഡിയായി കാട്ടി. ലിസ്റ്റില്‍ നിന്നും വോട്ടു ചെയ്തു എന്നതിന്റെ തെളിവായി ഞങ്ങളുടെ പേരു വെട്ടി ബാലറ്റ് പേപ്പര്‍ ഒരു ഫോള്‍ഡറിലാക്കി തന്നു. ഓരോരുത്തരും ഓരോ ബൂത്തില്‍ ചെന്ന് ഇഷ്ട സ്ഥാനാര്‍ത്ഥിയുടെ പേരിന് മുമ്പിലുള്ള വട്ടങ്ങള്‍ പെന്‍സില്‍ക്കൊണ്ട് വരച്ച് നിറച്ചു. അതിനുശേഷം ബാലറ്റ് പേപ്പര്‍ ഒരു ഇലക്‌ട്രോണിക്‌സ് വോട്ടിങ്ങ് യന്ത്രത്തിലേക്ക് ഇട്ടു. തികച്ചും ശാന്തത, നല്ല അച്ചടക്കം, മുദ്രാവാക്യങ്ങളില്ല, ഇന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് ആരും ആരെയും സമീപിക്കുന്നില്ല. കാര്‍ നിറയെ വോട്ടേഴ്‌സിനെ കയറ്റി രാഷ്ട്രീയത്തിലെ കൊച്ചു നേതാക്കള്‍ എത്തുന്നില്ല. വോട്ട് ചെയ്ത് ഇറങ്ങുമ്പോള്‍ I Voted എന്നു പറയുന്ന ഒരു സ്റ്റിക്കര്‍ ആരോ തന്നു. ഞങ്ങളുടെ കൊച്ചുപട്ടണം തികച്ചും ഒരു റിപ്പബ്ലിക്കന്‍ പട്ടണമാണ്. വോട്ടു ചെയ്തിറങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി മറ്റുള്ളവര്‍ കാണുംവിധം ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിപ്പിടിച്ചു. അറിയാതെയാവണം. ഞാനൊന്ന് പാളിനോക്കി. വരച്ചിരിക്കുന്ന വരി റിപ്പബ്ലിക്കന്‍സിന്റേതാണ്.

332 ഇലക്ടറല്‍ വോട്ടുകള്‍ നേടി ഒബാമയുടെ രണ്ടാംവട്ടം പ്രസിഡന്റായി. ഫ്‌ളോറിഡയിലെ വോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ നാലുദിവസങ്ങളെടുത്തു. റോംനിക്ക് 206 ഇലക്ടറല്‍ വോട്ടുകളും. എങ്കിലും നവംബര്‍ 6ന് പാതിരാത്രി കഴിഞ്ഞപ്പോള്‍ ഒബാമയെ പ്രസിഡന്റായി പ്രഖ്യാപിച്ചു. വോട്ടുകള്‍ മുഴുവനായി എണ്ണിത്തീര്‍ന്നില്ലെങ്കിലും പ്രസിഡന്റാവാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകളില്‍ കൂടതല്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇലക്ഷനോടടുത്ത ദിവസങ്ങളില്‍ ഞാന്‍ എന്റെ ഏതാനും മലയാളി സുഹൃത്തുക്കളോട് ഇലക്ഷനെക്കുറിച്ച് സംസാരിച്ചു.

ഒബാമ കെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിഷ്‌കരണത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. ആ ബില്‍ നടപ്പില്‍ വന്നാല്‍ എന്റെ മകന് റെഗുലര്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കാം. ഇപ്പോള്‍ സ്റ്റേറ്റ് വഴിയാണ് ഇന്‍ഷൂറന്‍സ് എടുത്തിരിക്കുന്നത്. നല്ലൊരു തുകയും പ്രീമിയമായി കൊടുക്കുന്നു. മൂന്നു പ്രാവശ്യം വൃക്ക മാറ്റിവെച് ഒരു യുവാവിന്റെ അമ്മയുടെ വാക്കുകളായരുന്നവ. നാട്ടിലും ഇവുടെയുമായി നടന്ന മൂന്ന് ശസ്ത്രക്രിയകള്‍ക്കിടയില്‍ രക്തം വഴി വേറൊരു അസുഖം കിട്ടിയതിന്റെ ഫലമായി ഇപ്പോള്‍ ലിവറും മാറ്റിവെച്ചിരിക്കയാണ്. ജോലി ചെയ്യുന്നതിന് ആരോഗ്യവും അനുവദിക്കുന്നില്ല. ജോലിയില്‍ നിന്നാണ് അദ്ദേഹത്തിന് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കിട്ടിയിരുന്നത്. ജോലി വിട്ടപ്പോള്‍ അതേ ഇന്‍ഷൂറന്‍സ് കോബ്ര എന്ന പേരില്‍ ഒരു വര്‍ഷത്തേക്ക് തുടരാന്‍ പറ്റി. അത് തീര്‍ന്നപ്പോള്‍ എങ്ങനെയെങ്കിലും ഇന്‍ഷൂറന്‍സ് എടുത്തേ പറ്റൂ എന്ന സ്ഥിതിയായി. പക്ഷെ റെഗുലര്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ ഇന്‍ഷൂറന്‍സ് കൊടുക്കാന്‍ വിസമ്മതിച്ചു. പ്രീ എക്‌സിസ്റ്റിങ് കീഷന്‍സ് എന്ന കാരണംകൊണ്ട്. എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളതുകൊണ്ട് ഇന്‍ഷൂറന്‍സ് പോളിസി നല്‍കാന്‍ പറ്റില്ല എന്ന്. അദ്ദേഹത്തിന് ഭാരിച്ച മെഡിക്കല്‍ ചെലവുകള്‍ ഉണ്ടെന്ന് അറിയാം. ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ അദ്ദേഹത്തിനു വേണ്ടി പണം ചെലവാക്കാന്‍ തയ്യാറല്ല, നിരസിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒബാമ കെയര്‍ നടപ്പില്‍ വന്നാല്‍ പ്രീ എക്‌സിസ്റ്റിങ് കീഷന്‍സ് നോക്കാതെ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ നിര്‍ബന്ധിതരാകും. ഇപ്പോള്‍ കൊടുക്കുന്നതിലും കുറച്ച് പ്രീമിയം കൊടുത്താല്‍ മതി.

ആ അമ്മ സ്വന്തം പുത്രന്റെ സ്ഥിതികള്‍ വിവരിച്ചപ്പോള്‍ അവരുടെ വാക്കുകളില്‍ വേദന നിറഞ്ഞിരുന്നു.
അതുപോലെ ഒബാമ സ്‌റ്റെം സെല്‍ റിസേര്‍ച്ചിനെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ മകന്റെ കാര്യത്തില്‍ അത്തരം റിസേര്‍ച്ചുകള്‍ വളരെ പ്രതീക്ഷ നല്‍കുന്നു. സ് റ്റെം സെല്‍സി കണ്ടുവരുന്നത് ഗര്‍ഭസ്ഥ ശിശുക്കളിലാണ്.

അവയവകോശമായി പരിണമിക്കവാന്‍ സാധ്യതയുള്ള സെല്ലുകളാണ് സ്റ്റം സെല്ലുകള്‍(പ്രത്യേക പരീക്ഷണ സാഹചര്യങ്ങളില്‍ ഇതിനെ വളര്‍ത്തിയെടുത്ത് അവയവകോശങ്ങളായി മാറ്റിയെടുക്കാം. കേടുസംഭവിച്ച അവയവങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കാം.) റിപ്പബ്ലിക്കന്‍സ് ഇത്തരം റിസര്‍ച്ചിന് എതിരാണ്. എനിക്ക് ഒബാമയുടെ സ്റ്റിമൂലസ് പ്ലാന്‍ ഇഷ്ടമായി. ഒബാമ ഭരണകൂടം വളരെ കുറഞ്ഞ നിരക്കില്‍ ബാങ്കുകള്‍ക്ക് പണം കടം കൊടുത്തു. അതുകൊണ്ട് ബാങ്കുകള്‍ക്ക് വളരെ കുറഞ്ഞ പലിശക്ക് പൊതുജനത്തിന് പൈസ കടം കൊടുക്കുവാന്‍ സാധിച്ചു. അങ്ങനെ പൈസ കടം എടുക്കുകയും ബിസിനസ്സില്‍ ചെലവാക്കുകയും അതുമൂലം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉയരുകയും ചെയ്തു- അവര്‍ കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ ഡോക്ടറായ എന്റെ ഒരു സുഹൃത്ത് എല്ലാ വിധത്തിലും ഒബാമക്ക് പിന്തുണ നല്‍കുന്നു. ഒബാമ കെയര്‍ നിലവില്‍ വന്നാല്‍ എന്റെ പേഷ്യന്റ്‌സിന് വലിയ ആശ്വാസമാകും. അവര്‍ക്ക് മരുന്നുകള്‍ കൂടാതെ വയ്യ. ഞാന്‍ ഒബാമയെപ്പോലെ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറില്‍ വിശ്വസിക്കുന്നു.
അതുപോലെ സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ എനിക്കിഷ്ടമാണ്. ഒബാമ പ്രോ ചോയ്‌സില്‍ വിശ്വസിക്കുന്നു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ലേ? സ്വാതന്ത്ര്യം ഇല്ലേ? ഈ സ്വാതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും ഇല്ലേ? അദ്ദേഹം പറയുന്നതൊക്കെ വിശ്വസിക്കാം. റോംനിയെപ്പോലെ കള്ളം പറയുന്നില്ല. എടുത്തു ചാട്ടക്കാരനല്ല- സൈക്യാട്രിസ്റ്റായ സുഹൃത്ത് പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മോശമാണ്. തൊഴില്‍രഹിതരുടെ സംഖ്യ കുറച്ചു കുറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ഇതിനെയെല്ലാം മറികടന്ന് ഒബാമ വീണ്ടും ജയിക്കണമെങ്കില്‍ അതും അത്ഭുതാവഹമായ ലീഡോടെ, അതിന്റെ അര്‍ഥം അമേരിക്ക അനുകൂലമായ ദിശയിലേക്ക് നീങ്ങുകയാണെന്നല്ലോ? ഒബാമക്ക് വോട്ട് ചെയ്തില്ല എങ്കില്‍ പിന്നെയുള്ള ചോയ്‌സ് വളരെ ഭയാനകം തന്നെ. അതു കാരണമായിരിക്കണം ഒരു കൂട്ടം ആള്‍ക്കാര്‍ ഒബാമക്ക് വോട്ട് ചെയ്തത്. റിപ്പബ്ലിക്കന്‍സ് താടിയില്ലാത്ത മുള്ളകള്‍ ആണ്- കെമിസ്റ്റായ ഒരു സുഹൃത്തിന്റെ വാക്കുകളായിരുന്നവ. അവര്‍ തുടര്‍ന്നു… ആവശ്യമെങ്കില്‍ കൂടുതല്‍ പൈസ ടാക്‌സ് കൊടുക്കുവാനും എനിക്ക് മടിയില്ല. അത് ഇല്ലാത്തവന് വേണ്ട രീതിയില്‍ പ്രയോജനകരമാവുമെങ്കില്‍! ഒരു രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അധികമാവുന്നത് നല്ലതല്ല. അത് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കും.

എനിക്ക് 1993 ല്‍ യു.എസ്. സിറ്റിസണ്‍ഷിപ്പ് കിട്ടിയതാണ്, പക്ഷെ ഞാന്‍ ഒരിക്കലും വോട്ട് ചെയ്തിട്ടില്ല. ഞാന്‍ എന്തിന് വോട്ട് ചെയ്യണം? ഏതു പാര്‍ട്ടി വന്നാലും അവരെല്ലാം ഞാന്‍ അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ ടാക്‌സ് ആയി കൊണ്ടുപോകും. ജോലി ചെയ്യാതെ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് വെല്‍ഫെയര്‍ കൊടുക്കുവാന്‍ ഞാന്‍ എന്തിനു സഹായിക്കണം? വോട്ട് ചെയ്യുകയായിരുന്നെങ്കില്‍ ഞാന്‍ റോംനിക്കേ വോട്ട് ചെയ്യുകയുള്ളായിരുന്നു നാട്ടില്‍ വെച്ച് അയല്‍വാസിയായിരുന്ന ഒരാള്‍ പറഞ്ഞു. പച്ചയായ ചിന്തകള്‍. ജോലിയില്ലാതെ, വരുമാനമൊന്നുമില്ലാതെ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ധനസഹായ പദ്ധതിയാണ് വെല്‍ഫെയര്‍. ജോലി ചെയ്യുവാന്‍ മടിപിടിച്ച് കഴിയുന്ന പല മലയാളികളും വെല്‍ഫെയര്‍ വാങ്ങുന്നുണ്ടെന്നാണ് അദ്ദേഹത്തില്‍ നിന്നറിഞ്ഞത്.

വെളുത്ത സായിപ്പിന്റെയും കൂടി വോട്ട് കിട്ടിയിട്ടാണ് കറുത്ത വംശജനായ ഒബാമ വിജയിച്ചത് എന്ന് ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. അദ്ദേഹം ജീവിതത്തിന്റെ എല്ലാ തലങ്ങളും കണ്ടയാളാണ്. നിര്‍ധനനായി വളര്‍ന്ന്, പഠിച്ച് ഈ നിലയില്‍ എത്തിയ ആളാണ്. പാവപ്പെട്ടവന്റെ കണ്ണീരുകാണുമ്പോള്‍ കണ്ടില്ല എന്ന് നടക്കുവാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു പക്ഷെ ബുഷിനും മിറ്റ് റോംനിക്കും അങ്ങനെ ചെയ്യുവാന്‍ കഴിഞ്ഞേക്കും. എന്നോട് പല വെളുത്ത സായിപ്പു തന്നെ വിളിച്ച് പറഞ്ഞിരുന്നു ഒബാമയ്ക്ക് വോട്ട് ചെയ്യണമെന്ന്. ബിസിനസുകാരനായ ഒരു സാഹിത്യ സുഹൃത്തിന്റെ വാക്കുകളാണ്. പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒബാമയും ഭാര്യ മിഷേലും എടുത്ത സ്റ്റുഡന്റ് ലോണുകള്‍ ഈ അടുത്തകാലത്താണ് അടച്ചുതീര്‍ത്തതെന്ന് ഒരു പ്രസംഗത്തില്‍ പറഞ്ഞതോര്‍ക്കുന്നു. കുറഞ്ഞ പലിശക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള പൈസ കടം എടുക്കുന്നത് സാധ്യമാക്കും എന്നാണ് ഒബാമയുടെ പ്ലാന്‍.
എഴുത്തുകാരനായ മറ്റൊരു ബിസിനസ്സ് സുഹൃത്ത് പറഞ്ഞു എനിക്കിഷ്ടം ഒബാമയെ ആണ്, ബിസിനസുകാരനായ എനിക്ക് മിറ്റ് റോംനി ഭരണത്തില്‍ വരുന്നതാണ് നല്ലതെങ്കിലും. റോംനി ടാക്‌സ് കൂട്ടില്ല. മിറ്റ് റോംനി പ്രസിഡന്റാവുന്നതാണ് ഐ.ടി. മേഖലയില്‍ ഇന്ത്യക്ക് നല്ലത്. റോംനി ജോലിയുള്ള ഔട്ട് സോഴ്‌സിങ്ങ് തുടരുകതന്നെ ചെയ്യും. ഒരു പക്ഷെ ഒബാമ അതിന് ലിമിറ്റ് വെക്കും എന്ന് വരാം.ഇന്ത്യയുടെ ഐടി മേഖലയിലെ നല്ലൊരു വരുമാനം അമേരിക്കയിലെയും യൂറോപ്പിലെയും ഔട്ട് സോഴ്‌സിങ്ങില്‍ നിന്നാണ്. അദ്ദേഹം പക്ഷെ ആ ബിസിനസ്സ് ചിന്തകളെയെല്ലാം മറികടന്ന് തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളില്‍, പൊതുജനത്തിന്റെ നന്മയില്‍ തന്റെ മനസ്സിനെ തിരിച്ചു വിടുന്നു. ഒബാമ വിശ്വസിക്കുന്നതുപോലെ പ്രോ ചോയ്‌സില്‍ ഞാനും വിശ്വസിക്കുന്നു. അബോര്‍ഷന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗര്‍ഭിണിയായ സ്ത്രീയാണ്. അല്ലാതെ നിയമം അല്ല. എന്തായാലും ഒബാമതന്നെ രാജ്യത്തിന് നല്ലത്.

എനിക്ക് അദ്ദേഹത്തിനെ ഇഷ്ടമാണ്. അദ്ദേഹം നമ്മളില്‍ ഒരാളെപ്പോലെ സാധാരണക്കാരനായി ജനിച്ച് വളര്‍ന്ന് സ്വന്തം പരിശ്രമം കൊണ്ട് ഇവിടെവരെയെത്തി. ഹി വാസ് നോട്ട് ബോണ്‍ വിത്ത് സില്‍വര്‍ സ്പൂണ്‍ ഇന്‍ ഹിസ് മൗത്ത്. അദ്ദേഹത്തിന്റെ വ്യക്തിത്വവും വശ്യമായ ചിരിയും ആകര്‍ഷണീയമാണ്. അദ്ദേഹത്തിന്റെ സോഷ്യന്‍ ഇഷ്യൂവിനെക്കുറിച്ചുള്ള നിലപാടും കാഴ്ചപ്പാടും എനിക്കിഷ്ടമാണ്. വീട്ടമ്മയായ എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായമാണിത്.

ഒരു പൊളിറ്റീഷ്യന്‍ എന്ന നിലയില്‍ റോംനി ഒന്നും ചെയ്തിട്ടില്ല. എനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പൊന്നും ഇല്ല. മോര്‍മന്‍ എന്ന ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അറിയാം, അതിനാല്‍ പ്രൊട്ടസ്റ്റന്റ്‌സിന്റെ വോട്ടുകള്‍ കിട്ടില്ല എന്നും ഒരു ജേര്‍ണലിസ്റ്റ് സുഹൃത്ത് പറഞ്ഞു. മോര്‍മന്‍സിന് വേറൊരുതരം ചിന്താഗതിയാണ്. അവര്‍ ബഹുഭാര്യത്വത്തില്‍ വിശ്വസിച്ചിരുന്നു.

ഒബാമയുടെ സമത്വം, സോഷ്യല്‍ ഇഷ്യൂസ്, വിമന്‍സ് റൈറ്റ്‌സ് എന്നിവയില്‍ ഉള്ള നിലപാട് എനിക്ക് ഇഷ്ടമാണ്. ഇരുണ്ട തൊലിയും വെളുത്ത ചിന്തകളുമായി നടക്കുന്ന ഒരു രണ്ടാം തലമുറയുടെ വാക്കുകളാണ്.
ഒബാമയുടെ രണ്ടാം വരവ് എത്രത്തോളം വിജയകരമാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നാല് വര്‍ഷങ്ങള്‍ കടന്നുപോയി, കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, മെഡികെയര്‍ മേഖലകളില്‍ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ സാധിച്ചില്ല, പലതും പൊളിച്ചെഴുതാന്‍ സമയമുണ്ടായിരുന്നു. ഇതുവരെ ചെയ്യുവാന്‍ സാധിക്കാത്തത് നാലു വര്‍ഷങ്ങള്‍ കൂടി കിട്ടിയാല്‍ ചെയ്യാനാകുമോ? ഒബാമയില്‍ പ്രതീക്ഷയില്ല, റോംനിയില്‍ ഉണ്ടായിരുന്നു. ഒരു പ്രമുഖ സംഘടനയിലെ നേതാവും ബിസിനസ്സുകാരനുമായ ഒരാള്‍ പറഞ്ഞു.

ടെക്‌നോളജിയിലും കടുംപിടുത്തങ്ങളിലും പുതിയ പുതിയ കാര്യങ്ങളിലും അമേരിക്ക ലോകത്തിന്റെ ഒന്നാം കിടയില്‍ തന്നെ നില്‍ക്കുവാന്‍ നാം ശ്രമിക്കണം… തന്റെ വിക്ടറി സ്പീച്ചില്‍ ഒബാമ പറഞ്ഞു.
തെരെഞ്ഞെടുപ്പ് ദിവസത്തിന്റെ അന്ത്യത്തില്‍ മകളുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങ് വീണ്ടും കണ്ടു. ഇന്നത്തെ തെരെഞ്ഞെടുപ്പിന്റെ സമ്മര്‍ദവും ഇന്ന് പാതിരാത്രിയില്‍ കൊടുക്കേണ്ട ടേക്ക് ഹോം ടെസ്റ്റിനെക്കുറിച്ചുള്ള വേവലാതിയും കൂടിയായപ്പോള്‍ എനിക്ക് സ്‌ട്രോക്ക് വരുമോ എന്നുപോലും ഭയന്നു.

ബാലറ്റ് കടലാസില്‍ വോട്ട് ചെയ്താല്‍ മാത്രം മതിയായിരുന്ന അവര്‍ക്ക് ഇത്രയും സമ്മര്‍ദം തോന്നിയിരുന്നെങ്കില്‍ അമേരിക്കയുടെ നാല്‍പത്തിനാലാമത്തെ പ്രസിഡന്റിന് ഇലക്ഷന്റെ അന്ന് എത്രമാത്രം സമ്മര്‍ദം തോന്നിയിരിക്കണം. അന്നത്തെ പിരിമുറുക്കം കുറയ്ക്കാന്‍ അദ്ദേഹം എന്തു ചെയ്തു? ചിക്കോഗോയിലെ ഒരു ജിമ്മില്‍ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം, നല്ലൊരു കോച്ചും കളിക്കാരനുമായ അദ്ദേഹം ബാസ്‌കറ്റ് ബോള്‍ കളിച്ചു.
(കടപ്പാട്-ദേശാഭിമാനി)
ഒബാമ എന്ന വികാരത്തിനു പിന്നില്‍ - റീനി മമ്പലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക