കോട്ടയം ചങ്ങനാശേരി സ്വദേശിയും മിസ് ഇന്ത്യയും വിശ്വസുന്ദരി മുന്‍ റണ്ണര്‍
അപ്പുമായ പാര്‍വ്വതി ഓമനക്കുട്ടന് മലയാളത്തില്‍ അഭിനയിക്കുന്ന `കെ.ക്യൂ' എന്ന
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.
ജോണ്‍ ഫെലിക്സ്
എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ റീനി ബൈജു നിര്‍മിക്കുന്ന കെ ക്യു എന്ന
ചിത്രത്തിന്റെ ലോഞ്ചിംഗ് എറണാകുളം ഡ്രീംസ് ഹോട്ടലില്‍ നടന്നു. ബൈജു ജോണ്‍ണ്‍സന്റെ
മാതാപിതാക്കളായ എം.കെ. ജോണ്സണ്, ഫില്‍സി എന്നിവരാണ് നിലവിളക്കിലെ ആദ്യതിരി
തെളിയിച്ചത്.
മലയാളിയും തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനുമായ വെട്രിയും
ബൈജു ജോണ്‍സനുമാണ് കെ.ക്യുവിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സലിംകുമാര്‍, മാമുക്കോയ, ഗണേഷ്കുമാര്, ഐ.എം. വിജയന്, മോഹന്‍രാജ് തുടങ്ങിയവരാണ്
മറ്റു പ്രമുഖ താരങ്ങള്‍.
റോഷന്, ബെന്‍സീര്‍. ഇരുവരും ദീര്‍ഘകാല
സുഹൃത്തുക്കളാണ്. ബെന്‍സീര്‍ തനി മട്ടാഞ്ചേരിക്കാരനും റോഷന്
നോര്ത്തിന്ത്യക്കാരനുമാണ്. എന്നാല്‍, റോഷന് വര്‍ഷങ്ങളായി
മട്ടാഞ്ചേരിയില്തന്നെയാണ് താമസം. സീസണ് കാലമാണെങ്കില്‍ രണ്ടുപേരുടെയും ജീവിതം
സുഖപ്രദം. ടൂറിസ്റ്റുകളെ മണിയടിച്ചു ജീവിക്കാനുള്ള വക ഉണ്ടാക്കാന്‍ അവര്‍ക്കു
കഴിയും. അല്ലാത്തപ്പോഴാണ് അവരുടെ തനിനിറം മറ്റുള്ളവര്‍ അറിയുന്നത്. അല്പം
വളഞ്ഞവഴി സ്വീകരിച്ച് പണം കിട്ടാന്‍ ഏതും ചെയ്യാന്‍ മടി കാണിക്കാറില്ല.
ഇവരുടെ
ജീവിതത്തിലേക്കാണ് ലണ്ടന്‍ ടൈംസ് എന്ന പത്രത്തിന്റെ ജേര്‍ണലിസ്റ്റ് സുനൈന
കടന്നുവരുന്നത്. സുന്ദരിയായ സുനൈനയുടെ വരവ് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന
മാറ്റങ്ങളാണ് കെ. ക്യുവിന്റെ പ്രധാന വിഷയം.
റോഷനായി വെട്രിയും ബെന്സീറായി
ബൈജു ജോണ്‍സനും സുനൈനയായി പാര്‍വതി ഓമനക്കുട്ടനും അഭിനയിക്കുന്നു. എസ്. വാലത്ത്
തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് തോമസ്
നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് സ്റ്റീഫന്‍
ദേവസ്യയാണ്. പൂര്‍ണമായും മട്ടാഞ്ചേരിയില്‍ ചിത്രീകരിക്കുന്ന കെക്യു ഡിസംബര്‍ ആദ്യം
ആരംഭിക്കും. -എ.എസ്. ദിനേശ്