കൂരിരുട്ട്, കൊടുംതണുപ്പ്, കത്തുപ്പ വിശപ്പ്, ശബ്ദം നിലച്ച ടെലിഫോണ്‍ ,
വെളിച്ചം നഷ്ടപ്പെട്ട ടെലിവിഷന്‍ , അനക്കമില്ലാത്ത എലിവേറ്റര്‍ ,
പ്രവര്‍ത്തിക്കാത്ത ടോയ്‌ലറ്റ്, അടഞ്ഞുകിടക്കുന്ന പാലങ്ങള്‍ , ഉപ്പുവെള്ളം
നിറഞ്ഞുനില്‍ക്കുന്ന ടണലുകള്‍ . രണ്ടുമൂന്നാള്‍ പൊക്കത്തില്‍ ഇരച്ചുകയറിയ
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന റോഡുകള്‍ . ഭക്ഷണമില്ല, കുടിവെള്ളമില്ല,
ആരെയെങ്കിലും വിവരമറിയിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. ജീവിതം നിശ്ചലം!
“ഇനിയെന്ത്?” എന്നു ഭയപ്പെട്ടു നില്‍ക്കുന്ന ജനങ്ങള്‍ .
2012 ഒക്‌ടോബര്‍ 28, 29, 30 തീയതികളില്‍ അമേരിക്കയുടെ വടക്കുകിഴക്കന്‍
മേഖലകളില്‍ സാന്‍ഡി എന്ന വിളിപ്പേരില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ്. 60 മുതല്‍
100 വരെ മൈല്‍ വേഗതയില്‍ പാഞ്ഞുവന്ന കൊടുങ്കാറ്റ്. പ്രതീക്ഷയില്‍
പാഞ്ഞുവന്ന കൊടുങ്കാറ്റ്. പ്രതീക്ഷയില്‍ കവിഞ്ഞ് 13, 14, 15 അടി ഉയരത്തില്‍
കരയിലേക്ക് ആഞ്ഞടിച്ച് ഇരച്ചുകയറിയ അറ്റ്‌ലാന്റിക് തിരമാല-അലറിപ്പാഞ്ഞ്
അടുത്തുവരുന്ന ഭീകരരൂപിയായ ഒരു മതില്‍ക്കെട്ടുപോലെ!
മരക്കമ്പുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍
പിഴുതുവീണു. ഇലക്ട്രിക് കമ്പികള്‍ പൊട്ടിവീണു. തീ കത്തി. ന്യൂയോര്‍ക്കില്‍
ഒരു കേന്ദ്രത്തില്‍തന്നെ 111 വീടുകള്‍ മണിക്കൂറുകള്‍ക്കകം കത്തിയെരിഞ്ഞു.
കാറ്റ്, വെള്ളം, തീ, അപ്പുറത്ത് അടിഞ്ഞുകൂടിയ മഞ്ഞ്. പ്രകൃതി അതിന്റെ വിവിധ
മാരകശക്തികള്‍ ഒരേസയത്തുതന്നെ കാണിച്ചു തന്നു. സമര്‍ത്ഥനും വിജ്ഞാനിയുമായ
ആധുനിക മനുഷ്യന്‍ നിസ്സഹായനായി നോക്കിനിന്നു!
100-ല്‍ ഏറെപ്പേരുടെ അപകമരണം. വൈദ്യുതി നഷ്ടപ്പെട്ട 85 ലക്ഷത്തിലധികം
കെട്ടിടങ്ങള്‍ . എങ്ങും എത്താത്ത പൊതുജനഗതാഗതം. അടിത്തറയില്‍നിന്നും
പിഴുതെറിയപ്പെട്ട നിരവധി വീടുകള്‍ . അടിനിലകള്‍ സമുദ്രജലം കയ്യടക്കിയ
ആയിരക്കണക്കിന് കെട്ടിടങ്ങള്‍ . പെട്രോളിനുവേണ്ടിയുള്ള മൈലുകള്‍ നീണ്ട നിര.
60 ബില്യന്‍( 6000 കോടി) ഡോളറിന്റെ പ്രാഥമിക നഷ്ടം. സാന്‍ഡി വരുത്തിവച്ച
ദുരന്തത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണിത്. അമേരിക്കയിലും ഇതൊക്കെ
സംഭവിക്കുമോ എന്നു ചോദിക്കുന്നവരുണ്ടാകും. മറുപടി ഒന്നേയുള്ളൂ: അമേരിക്കന്‍
ആയതുകൊണ്ട് ഇത്രയും ഒക്കെയേ സംഭവിച്ചുള്ളൂ. ഇന്‍ഡ്യയിലോ പാക്കിസ്ഥാനിലോ
ബംഗ്ലാദേശിലോ ആയിരുന്നെങ്കില്‍? മറുപടി വായനക്കാരുടെ സങ്കല്‍പത്തിനു
വിടുന്നു.
'സാന്‍ഡി' പഠിപ്പിക്കുന്ന ചില ഗുണപാഠങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ
സാമ്പത്തിക- ആയുധശക്തിയായ അമേരിക്കയ്ക്കുപോലും ഒരു ചെറിയ
പ്രകൃതിക്ഷോഭത്തെയെങ്കിലും ഇല്ലാതാക്കാനോ പൂര്‍ണ്ണമായി തടയാനോ
കഴിയുന്നില്ലല്ലോ? ആകെ കഴിയുന്നത് ദുരന്തത്തിന്റെ വ്യാപ്തികുറയ്ക്കാന്‍
ഫലപ്രദമായ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കുക എന്നുള്ളത് മാത്രമാണ്. ആ
രംഗത്ത് ഇനിയും വേണ്ടത്ര സമ്പത്തും സാങ്കേതികപരിജ്ഞാനവും ഫലപ്രദമായി
വിനിയോഗിക്കേണ്ടിയിരിക്കുന്നു. അത് സാന്‍ഡിയുടെ ഒരു മുന്നറിയിപ്പാണ്.
ഇന്‍ഡ്യപോലുള്ള രാജ്യങ്ങള്‍, അയല്‍രാജ്യങ്ങളെ ഭയപ്പെട്ടിട്ടോ
ഭയപ്പെടുത്താനോ വാങ്ങിക്കൂട്ടുന്ന മാരകായുധങ്ങള്‍ ഒരു ജീവനെപോലും
രക്ഷിക്കില്ലല്ലോ. സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ സ്വന്തം
രാജ്യത്തിലേക്കുതന്നെ കണ്ണുതുറക്കണം. ഭവനനിര്‍മ്മാണം, ഗതാഗതസൗകര്യം,
പുനരധിവാസസജ്ജീകരണം, അടിയന്തരസഹായപദ്ധതികള്‍ ഇവയൊക്കെ ദീര്‍ഘവീക്ഷണത്തോടെ
പരിഷ്‌കരിക്കണമെന്നാണ് 'സാന്‍ഡി'ഇനിയും വരും, മറ്റുപേരുകളില്‍ -ആന്‍ഡ്രിയാ,
ഡോറിന്‍, മലിസാ… ഉറപ്പില്ലാത്തത് എന്ന്, എവിടെ, എത്ര ശക്തിയില്‍ എന്ന
കാര്യം മാത്രം!
ശാസ്ത്രവും സാങ്കേതികവിദ്യകളും തെളിച്ചുതന്ന വെളിച്ചത്തില്‍ 'എല്ലാം കണ്ടു'
എന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ എത്ര കുറച്ചേ കണ്ടിട്ടുള്ളൂ!
അതിര്‍ത്തികള്‍ അറിയാത്ത പ്രപഞ്ചത്തിലെ ഓരോ ചലനവും കൃത്യമായി
നിയന്ത്രിക്കുന്ന പ്രപഞ്ചശക്തി, മനുഷ്യന്റെ കാഴ്ചക്ക് ചെന്നെത്താനാവാത്ത
എത്രയോ ദൂരത്തിലാണ്!
'സാന്‍ഡി'യുടെ മാരകശക്തിയില്‍ മരണമടഞ്ഞവരെ ഞങ്ങള്‍ അനുസ്മരിക്കുന്നു. നാശനഷ്ടങ്ങള്‍ക്കിടയായവരുടെ വേദനയില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ആര്‍ക്കും
ആശ്വസിപ്പിക്കാനാവാതെ, വിതുമ്പുന്ന ഒരു മാതൃഹൃദയമുണ്ട് സ്റ്റാറ്റന്‍
ഐലന്‍ഡില്‍- ഗ്ലെന്‍ഡാമൂര്‍. രണ്ടുവയസ്സുള്ള ബ്രണ്ടനെ മാറോടുചേര്‍ത്ത്
അവള്‍ ഇറുക്കിപ്പിടിച്ചു. നാലു വയസ്സുകാരന്‍ കോണറുടെ കയ്യില്‍
മുറുകെപിടിച്ചു; അലറി അടച്ചുവരുന്ന കൊടുങ്കാറ്റില്‍നിന്ന് അവരെ
രക്ഷിക്കാന്‍. ആഞ്ഞടിച്ച് ഉയര്‍ന്നുവന്ന അറ്റ്‌ലാന്റിക് തിരമാല അവളുടെ
പിടിവിടര്‍ത്തി രണ്ടുമക്കളേയും തട്ടിപ്പറിച്ചുകൊണ്ടുപോയി! കുത്തൊഴുക്കില്‍
മുങ്ങിത്താഴ്ത്ത് മറഞ്ഞ മക്കളുടെ നേരെ, വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ,
ആയിരംവട്ടം നീണ്ടിരിക്കും ആ അമ്മയുടെ കൈകള്‍! പക്ഷേ….! ഗ്ലെന്‍ഡയുടെയും
അതുപോലെ വിലപിക്കുന്ന മറ്റനേകം പേരുടെയും മുമ്പില്‍ നിറകണ്ണുകളോടെ സവിനയം
സമര്‍പ്പിക്കുന്നു ഞങ്ങള്‍ ഈ മുഖക്കുറിപ്പ്.