ആരും ആരെയും ബലാല്‍സംഗം ചെയ്യരുത് എന്ന പാഠത്തിന് അടിവരയിട്ട് ദില്ലി റേപ് എന്ന ബോറന്‍ വിഷയത്തില്‍ നിന്നു നമ്മള്‍ പുതിയ വിവാദങ്ങളുടെ പിറകേ കൂടിക്കഴിഞ്ഞു. കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ അന്നത്തെ ആഘോഷം കൂടി കഴിഞ്ഞ് രാജ്യത്തെ ക്ഷുഭിതയൗവ്വനം വിഷയം വിടും. പക്ഷെ, ആ പെണ്‍കുട്ടിയുടെ മരണത്തില്‍ മെഴുകുതിരി കത്തിച്ചു കണ്ണീരൊഴുക്കാന്‍ പോയ പുണ്യാളന്‍മാരുള്‍പ്പെടെയുള്ള നമ്മുടെ പ്രതിനിധികളും ആ മരണത്തിന് ഉത്തരവാദികളാണെന്ന പുതിയ വിവരങ്ങളില്‍ നിന്ന് നമ്മള്‍ ഏതാനും പാഠങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്.
അന്ന് പെണ്‍കുട്ടിയോടൊപ്പം ബസ്സിലുണ്ടായിരുന്ന സുഹൃത്ത് സീ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന്‍റെ പൊയ്മുഖമാണ് തുറന്നു കാണിക്കുന്നത്.സീ ടിവി അഭിമുഖത്തില്‍ പ്രധാനമായും ആ ചെറുപ്പക്കാരന്‍ പറയുന്നത് ബസ്സില്‍ വച്ച് കാമദ്രോഹികള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും കൊലപാതകശ്രമത്തില്‍ നിന്നു രക്ഷപെട്ട അവരെ രക്ഷിക്കുന്നതിനു പകരം പൊലീസുകാര്‍ വന്ന് സ്റ്റേഷന്‍ അതിര്‍ത്തിയെപ്പറ്റി തര്‍ക്കിച്ചു സമയം കളഞ്ഞതിനെപ്പറ്റിയുമാണ്. ബലാല്‍സംഗികള്‍ക്കു വധശിക്ഷ എന്നതുപോലെ അതിര്‍ത്തിബോധമുള്ള 10 രൂപ പോലീസിന് സസ്‍പെന്‍ഷനോ സ്ഥലംമാറ്റമോ ഒക്കെ നല്‍കി ഷീലാ മാഡം പ്രശ്നം പരിഹരിക്കും. എന്നാല്‍, ചോരയില്‍ കുളിച്ച് നഗ്നരായി കിടക്കുന്ന അവരെ എത്തിനോക്കി കമന്‍റടിച്ച് കടന്നുപോയ ദില്ലിയിലെ പ്രബുദ്ധസമൂഹത്തിന്‍റെ നിസ്സംഗതയ്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുക ? .
ദില്ലിക്കാര്‍ അല്ലെങ്കിലും മനസാക്ഷിയില്ലാത്തവരാണെന്നു പറഞ്ഞതുകൊണ്ട് നമ്മള്‍ നല്ലവാരാവുകയില്ല. കേരളത്തിലായിരുന്നെങ്കില്‍ അവരുടെ വിഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത്, അതിന്‍റെ ലിങ്ക് ഫേസ്‍ബുക്കിലിട്ട് നമ്മള്‍ വിലസിയേനെ. ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ മറ്റൊരു കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ആക്ടിവിസ്റ്റ് ഞരമ്പുകളും ബസിലെ റേപിസ്റ്റുകളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.
സീ ടിവി അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്ന കാര്യങ്ങളില്‍ ബസ്സിലെ അക്രമത്തിന്‍റെ വിശദാംശങ്ങള്‍ക്കാണ് പ്രാധാന്യം. അക്രമികള്‍ നഗ്നരാക്കി വലിച്ചെറിഞ്ഞ അവരെ നോക്കി തലകുലുക്കി കടന്നുപോയവരില്‍ 10 പേരെങ്കിലും അടുത്ത ദിവസം മെഴുകുതിരിയുമായി പ്രതിഷേധനാടകത്തിനു പോയിട്ടുണ്ടാവില്ലേ ? ഞാനായിരുന്നെങ്കില്‍ വണ്ടി നിര്‍ത്തി അവരെ അതില്‍ കയറ്റി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചേനെ എന്നിപ്പോള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, നമ്മളും അതൊന്നും ചെയ്യില്ല. സ്വസ്ഥമായി വീട്ടില്‍പോകുന്നതിനിടെ കാറിന്‍റെ സീറ്റില്‍ വെറുതെ ചോര പറ്റിക്കാന്‍ ആരും ആഗ്രഹിക്കില്ല. കൗതുകത്തോടെ അവളുടെ നഗ്നത എത്തി നോക്കി പോയവര്‍ ഷി ഈസ് മൈ സിസ്റ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനും വന്നിട്ടുണ്ടാവണം. നമ്മളെല്ലാവരും അങ്ങനെയാണ്.
ബസിലെ റേപിസ്റ്റുകള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി എന്ന സങ്കല്‍പം തിരുത്തിയെഴുതാം. അതുവഴി കടന്നുപോയ നമ്മളെപ്പോലുള്ളവര്‍ അതിനുത്തരവാദികളാണ്. വിളിച്ച് 45 മിനിറ്റിനു ശേഷം എത്തിയ മൂന്നു വണ്ടി പൊലീസുകാര്‍ ഉത്തരവാദികളാണ്. ഏത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് അവര്‍ കിടക്കുന്നത് എന്ന കാര്യത്തില്‍ അമേധ്യസേന അര മണിക്കൂര്‍ തര്‍ക്കിച്ചു നിന്നത് രാജ്യതലസ്ഥാനത്താണെന്നു പറയുമ്പോള്‍ നമുക്കൊക്കെ ഭീതിയുടെ, വെറുപ്പിന്‍റെ രോമാഞ്ചമുണ്ടാകും. അവള്‍ക്കു നഗ്നത മറയ്‍ക്കാന്‍ ഒരു കീറ്റത്തുണി കൊടുത്തതും പൊലീസല്ല. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് അവരെ കൊണ്ടുപോയതോ വളരെ ദൂരയുള്ള ആശുപത്രിയിലേക്ക്. അവളെ നശിപ്പിച്ചത് ബസിലുള്ളവരാണെങ്കില്‍ കൊന്നത് നമ്മളാണ്.
അവള്‍ മരിച്ചത് നന്നായി എന്ന അര്‍ത്ഥത്തില്‍ ആ ദിവസങ്ങളില്‍ പലരും പറഞ്ഞിരുന്നു. അവള്‍ മരിച്ചത് ഒരര്‍ഥത്തിലും നന്നായില്ല എന്നാണ് എന്‍റെ അഭിപ്രായം. റേപ് ചെയ്യപ്പെട്ടവള്‍ മരിക്കേണ്ടവളാണെന്ന പ്രാകൃതധാര്‍മികബോധമാണ് മറ്റു ന്യായങ്ങളുടെ സ്വരത്തില്‍ പലരെക്കൊണ്ടും ഇത് പറയിക്കുന്നത്. എനിക്കു ജീവിക്കണം എന്നു പറഞ്ഞ് മരണത്തിലേക്കു പോയ അവളോടു സഹതപിക്കുകയും അവളെ ധീരവനിതയെന്നു വിശേഷിപ്പിക്കുകയും മെഴുതിരിയുമായി തെരുവിലേക്കിറങ്ങുകയും ചെയ്യുമ്പോള്‍ മറക്കരുത്, ആ കൊലക്കേസില്‍ നമുക്കും പങ്കുണ്ടെന്ന്.
മേല്‍പ്പറഞ്ഞ അഭിമുഖം സംപ്രേഷണം ചെയ്ത് ദില്ലി പൊലീസിന്‍റെ ആത്മവീര്യം തകര്‍ത്ത സീ ന്യൂസിനെതിരെ കര്‍മനിരതരായ പൊലീസുകാര്‍ കേസെടുത്തിട്ടുണ്ട്. റേപിനിരയായ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അഭിമുഖത്തിലൂടെ നല്‍കിയതിന് ഐപിസി 228-എ പ്രകാരമാണ് കേസ്. അഭിമുഖം കൊടുത്ത അവളുടെ സുഹൃത്തിനെതിരെയാവും അടുത്ത കേസ്. സ്റ്റേഷന്‍ പരിധിക്കു പുറത്താണെങ്കില്‍ അവനു കൊള്ളാം.
സീ ന്യൂസ് അഭിമുഖം ഇവിടെ കാണാം.