Malabar Gold

പുരാണങ്ങളിലൂടെ- വസിഷ്ഠന്‍ -എന്‍.പി.ഷീല

ഷീല എന്‍.പി. Published on 07 February, 2013
പുരാണങ്ങളിലൂടെ- വസിഷ്ഠന്‍ -എന്‍.പി.ഷീല
സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠന്‍ എല്ലാം കൊണ്ടും ശ്രദ്ധേയനാണ്. ബ്രഹ്മപുത്രനാകയാല്‍ ബ്രഹ്മതേജസ്വിയാണെന്ന കാര്യം അനുക്തസിദ്ധം. ഇദ്ദേഹത്തിനു മൂന്നു ജന്മമുണ്ടായിരുന്നതായി പുരാണപ്രോക്തമായ പ്രസിദ്ധി വേറെയും.

ജനങ്ങള്‍ യഥാക്രമം താഴെ വിവരിക്കുന്നു.

സ്പ്തര്‍ഷികളെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ വസിഷ്ഠന്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരുവനാണെന്നു പറഞ്ഞിരുന്നുവല്ലൊ. അതാണ് ഒന്നാം ജന്മം. മഹാഭാരതത്തില്‍ ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്.

ഉത്സംഗത്തില്‍ നിന്നു നാരദനും, യജ്ഞ വേളയില്‍ അംഗുഷ്ഠത്തില്‍ നിന്നു ദക്ഷനും സ്വയംഭൂവായി. പ്രാണനില്‍ നിന്നു വസിഷ്‌ടോല്‍പത്തി. ദൃഗു ത്വക്കില്‍ നിന്ന്; കരത്തില്‍ നിന്നു ക്രതുവും ജാതനായി. (ദ്രോണപര്‍വ്വം 44,8) ഈ ജന്മത്തില്‍ മുനിപത്‌നിയാകാന്‍ ഭാഗ്യം സിദ്ധിച്ചത് അരുദ്ധതിക്കാണ്. അതിനോടു ബന്ധപ്പെടുത്തിയും ഒരു ഐതിഹ്യമുണ്ട്. അത് ഇപ്രകാരമാണ്.

പൂര്‍വ്വജന്മത്തില്‍ അവള്‍ സന്ധ്യയായിരുന്നു; ബ്രഹ്മാവിന്റെ വികാരത്തില്‍ നിന്നാണു ജനനം. ജനിച്ചപ്പോള്‍ തന്നെ അലൗകിക തേജസ്സുള്ള യുവതിയായി വളര്‍ന്നു. ആ അഭൗമ തേജ: പുഞ്ജത്തില്‍ പ്രജാപതികള്‍ മയങ്ങിവശായി, ബ്രഹ്മാവിനും ലേശമൊരഭിനിവേശം ജനിച്ചു. ഇതുകണ്ട ശിവന്‍ ബ്രഹ്മാവിനെ പുച്ഛിച്ചു സംസാരിച്ചു. സന്ധ്യയും ലജ്ജിച്ചു തലകുനിച്ചു. എല്ലാവരും തല്‍സ്ഥാനങ്ങളിലേക്കു പോയിട്ടും സന്ധ്യ വളരെ അസ്വസ്ഥയായി ജന്മത്തെ പഴിച്ചു. താന്‍മൂലം സ്വന്തം അച്ഛനും സഹോദരങ്ങളും(പ്രജാപതികള്‍) കാമപീഡിതരായി. താനും അവരെ കാമിച്ചു. ജനിച്ച ക്ഷണത്തില്‍ യുവതിയായിത്തീര്‍ന്ന താന്‍ തന്നെ എല്ലാ തെറ്റിനും പ്രായശ്ചിത്തം ചെയ്തുകൊള്ളാമെന്ന ദൃഢനിശ്ചയം ചെയ്തു. മരത്താലെ വന്ന പാപം മരത്താലെ എന്ന മട്ടില്‍ താന്‍മൂലം വന്ന ക്ഷതി താന്‍തന്നെ പരിഹരിച്ചുകൊള്ളാം, ഈ ശരീരം അഗ്നിക്കിരയാക്കുക തന്നെ കരണീയം. ഈ ചിന്തയോടെ ചന്ദ്രഭാഗാ എന്ന മലയില്‍ പോയി തപസ്സു തുടങ്ങി. വിവരമറിഞ്ഞ ബ്രഹ്മാവ് വസിഷ്ഠനെ അങ്ങോട്ടയച്ചു. വസിഷ്ഠന്‍ ഒരു വടുവിന്റെ വേഷത്തില്‍ ചെന്ന് തപോനുഷ്ഠാനത്തിന്റെ ചര്‍ച്ചകള്‍ അവള്‍ക്കുപദേശിച്ചു കൊടുത്തു.

അതിനുശേഷം വിഷ്ണുപ്രസാദത്തിനായി സന്ധ്യ ഉഗ്രതപസ്സാരംഭിച്ചു. അത് ത്രിലോകങ്ങളിലും സംസാരവിഷയമായി. വൈകാതെ മഹാവിഷ്ണു ഗരുഡാരൂഢനായി പ്രത്യക്ഷപ്പെട്ടു. സന്ധ്യ, തന്റെ ആഗ്രഹം ഇപ്രകാരം അറിയിച്ചു.

“മേലില്‍ ഉത്ഭവ സമയത്ത് പ്രാണികള്‍ക്ക് കാമവികാരം ഉണ്ടാകരുത്. അത് മുതിര്‍ന്നതിനുശേഷമേ ആകാവൂ. കൂടാതെ ഞാന്‍ പതിവ്രതയാണെന്നും മൂന്നുലോകങ്ങളിലും കേളിപ്പെടട്ടെ. മേലില്‍ ജന്മമുണ്ടെങ്കില്‍ അന്നും ഭര്‍ത്താവിനോടു മാത്രമേ കാമവികാരമുണ്ടാകാവൂ. ആരെങ്കിലും ദുഷ്ടലാക്കോടെ എന്നെ നോക്കിയാല്‍ അവര്‍ രണ്ടും കെട്ട നപുംസകങ്ങളായിത്തീരട്ടെ.”

മഹാവിഷ്ണു സമ്മതം നല്‍കിയെന്നതിനു സൂചനയായി സന്ധ്യയെ മൃദുവായി സ്പര്‍ശിച്ചു. സന്ധ്യ യാഗശാലയിലേക്കു നടന്നു. ആരുടെയും ദൃഷ്ടിയില്‍പെടാതെ അഗ്നികുണ്ഡത്തിലേക്കിറങ്ങി; കരിഞ്ഞു ഭസ്മമായി. പക്ഷേ, അഗ്നിദേവന്‍ വിഷ്ണുവിന്റെ ആജ്ഞനയനുസരിച്ച് അവളെ സൂര്യനില്‍ സ്ഥാപിച്ചു. സൂര്യനാകട്ടെ, സന്ധ്യ രണ്ടു ഭാഗമാക്കി തന്റെ രഥത്തില്‍ വച്ചു അതില്‍ ഊര്‍ദ്ധ്വഭാഗം(മുകള്‍) അഹോരാത്രങ്ങളുടെ മധ്യേ പ്രാത: സന്ധ്യയായും അധോഭാഗം സായം സന്ധ്യയുമായിത്തീര്‍ന്നു. അഭ്ഭുതമെന്നു പറയട്ടെ, യജ്ഞാവസാനം അഗ്നികുണ്ഡത്തില്‍ നിന്ന് തീനാളം പോലെ ഒരു ബാലിക ഉയര്‍ന്നുവന്നു. മേധാതിഥി ആ ബാലികയെ എടുത്തുയര്‍ത്തി 'അരുന്ധതി' എന്നു പേരിട്ടു. ഒരു കാരണവശാലും ധര്‍മ്മത്തെ രോധിക്കുകയില്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ ത്രിലോകങ്ങളിലും അരുദ്ധതി എന്നു പ്രസിദ്ധയായിത്തീര്‍ന്നു.

മേധാതിഥിയുടെ ആശ്രമത്തില്‍ ക്രമേണ അവള്‍ വളര്‍ന്നു വന്നു. അരുദ്ധതിയുടെ ക്രീഡാസ്ഥാനമായിരുന്ന ചന്ദ്രഭാഗാ പുണ്യതീര്‍ത്ഥത്തിന് ഇപ്പോഴും അരുദ്ധതീതീര്‍ത്ഥമെന്നാണ് പറയുന്നത്.

അവള്‍ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു ദിവസം കുളികഴിഞ്ഞ് നദീതീരത്ത് കളിച്ചുകൊണ്ടിരുന്ന അരുദ്ധതിയെ ബ്രഹ്മാവു കാണാനിടയായി. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് അവളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ സാവിത്രിയുടെയും ബഹുലയുടെയും പക്കലയച്ചു.(സൂര്യന്റെ ഭാര്യ സാവിത്രി) അവരൊടൊപ്പം സരസ്വതി, ദ്രുപദ, ഗായത്രി, ബഹുല മുതലായ അപ്‌സരസ്സുകളുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആയിടയ്ക്ക് യാദൃശ്ചികമായി വസിഷ്ഠന്‍ അരുദ്ധതിയെ കാണാനിടയായി. അഭൗമസൗന്ദര്യത്തില്‍ വിലയം പ്രാപിച്ചുനില്‍ക്കുന്ന അരുദ്ധതി പ്രഥമദര്‍ശനത്തില്‍ത്തന്നെ വസിഷ്ഠന്റെ പ്രണയത്തിനു പാത്രമായി. അരുന്ധതിയും വസിഷ്ഠനെ വരനായി ലഭിക്കാന്‍ ഇച്ഛിച്ചു. സാവിത്രി അതിനെ അനുകൂലിച്ചു. ദേവകളുടെ സാന്നിധ്യത്തില്‍ ആ വിവാഹം നടന്നു. അവര്‍ക്ക് ഏഴു പുത്രന്മാര്‍ ജനിച്ചു. അവരെല്ലാം ബ്രഹ്മര്‍ഷികളാകയും ചെയ്തു.

വസിഷ്ഠന്‍ , അരുന്ധതി എന്നീ നാമങ്ങളെ അവരവര്‍ തന്നെ നിര്‍വ്വചിക്കുന്നതിപ്രകാരമാണ്:-
രണ്ടു കാരണങ്ങളാലാണ് ഞാന്‍ വസിഷ്ഠന്‍ എന്നറിയപ്പെടുന്നത്. ഒന്ന്, ഞാന്‍ അതിശയേന വസുമാനാണ്.(വായു, ഭൂമി മുതലായ വസുക്കളെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.(അഷ്ടവസുക്കള്‍ ഓര്‍മ്മിക്കുക) അണിമ, ഗരിമ, ആദിയായ വസുക്കളെ ഞാന്‍ സ്വാധീനത്തില്‍ നിര്‍ത്തിയിരിക്കുന്നതിനാല്‍ വസിഷ്ഠനായി. മാത്രമല്ല, ഗൃസ്ഥാശ്രമികളില്‍ ശ്രേഷ്ഠനായതുകൊണ്ടും ഞാന്‍ വസിഷ്ഠനായി.

അരുന്ധതി പറയുന്നു-

ഞാന്‍ പര്‍വ്വതങ്ങളെയും സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അധിഷ്ഠാനം ചെയ്യുന്നത് ഭര്‍ത്താവിനെ അധിഷ്ഠാനം ചെയ്തശേഷം മാത്രമാണ്.(അധിഷ്ഠാനമെന്നാല്‍ സ്ഥാനമുറപ്പിക്കുക) ഭര്‍ത്താവു തന്നെയാണ് എനിക്ക് മുഖ്യ അധിഷ്ഠാനം അഥവാ ആശ്രയം; ഭര്‍ത്തൃമനസ്സിനെ അനുരോധിക്കയും ചെയ്യുന്നു. ആകയാല്‍ എന്നെ അരുന്ധതിയെന്നറിയുക.

പാതിവ്രത്യനിഷ്ഠയിലുള്ള അരുദ്ധതിയുടെ മഹത്ത്വം തെളിയിക്കുന്ന ഒരു കഥ കാലിക പുരാണത്തില്‍ ഇപ്രകാരം കാണുന്നു.

ഒരിക്കല്‍ ഫലമൂലങ്ങള്‍ ശേഖരിക്കാനായി സപ്തര്‍ഷികള്‍ അരുന്ധതിയോടൊപ്പം വനത്തിലേക്കുപോയി. അനാവൃഷ്ടി കാരണം ഭൂമി ഉണങ്ങിവരണ്ട സമയം അരുന്ധതിയെ വനത്തിലാക്കിയിട്ട് ഋഷികള്‍ ഹിമാലയത്തിലേക്കു തിരിച്ചു. അവര്‍ വരാന്‍ വൈകിയതിനാല്‍ അരുന്ധതി തപസ്സാരംഭിച്ചു. ശിവന്‍ ബ്രാഹ്മണവേഷത്തില്‍ അരുന്ധതിയെ സമീപിച്ച് ഭിക്ഷചോദിച്ചു. അപ്പോള്‍ അരുദ്ധതിയുടെ മറുപടി-
ഇവിടെ (ഇ)ലന്തക്കായ്കളൊഴികെ മറ്റൊന്നുമില്ല. എന്നാല്‍ അവ പാകം ചെയ്യാന്‍ ബ്രാഹ്മണന്‍ നിര്‍ദ്ദേശിച്ചു.
അരുന്ധതി കായ്കളെടുത്ത് അടുപ്പത്തുവച്ചു പാകം ചെയ്യാന്‍ തുടങ്ങി. ബ്രാഹ്മണന്‍ പറഞ്ഞ കഥകള്‍ കേട്ടിരുന്നപ്പോള്‍ പന്ത്രണ്ടു വര്‍ഷം കടന്നു പോയതറിഞ്ഞില്ല. അപ്പോഴേക്കും സപ്തര്‍ഷികള്‍ ഹിമായത്തില്‍ നിന്നും മടങ്ങി വന്നു. ശിവന്‍ സ്വന്തംരൂപം ധരിച്ച് ഋഷികളോട് ഇപ്രകാരം പറഞ്ഞു-

നിങ്ങള്‍ ഹിമാലയത്തില്‍ വച്ചു സമ്പാദിച്ചതിനേക്കാള്‍ എത്രയോ ഇരിട്ട താപഫലം ആശ്രമത്തിലിരുന്നുകൊണ്ട് ഈ സാധ്വി സമ്പാദിച്ചു എന്നിട്ട് അരുന്ധതിയോടായി എന്തു വരമാണ് വേണ്ടതെന്ന് അന്വേഷിച്ചു.

ഈ സ്ഥലം 'ബദരവചനം' എന്ന പേരില്‍ ഒരു പുണ്യ സ്ഥലമായി പ്രസിദ്ധമാകണമെന്ന് അവള്‍ അപേക്ഷിച്ചു. ശിവന്‍ അതനുവദിച്ചു. ഇപ്പോഴും ഒരു പുണ്യസ്ഥാനമായി അതു പരിഗണിക്കപ്പെടുന്നു.

ദക്ഷയാഗത്തില്‍ അനേകം ദേവകള്‍ ഹജരായവരില്‍ വസിഷ്ഠനും ഉള്‍പ്പെടുന്നു. അരുദ്ധതിയും പ്രിയതമനെ അനുഗമിച്ച് ആകാശമാര്‍ഗ്ഗത്തില്‍ പ്രവേശിച്ച് രണ്ടു നക്ഷത്രങ്ങളായി പ്രശോഭിക്കുന്നു.

വസിഷ്ഠന് രണ്ടും മൂന്നും ജന്മമുള്ളതായി ആദ്യം സൂചിപ്പിച്ചുവല്ലൊ. ജന്മത്തിലേതിനേക്കാള്‍ സംഭവ ബഹുലങ്ങളായിരുന്നു അവയെന്നു കാണാം. രണ്ടാം ജന്മം ദക്ഷന്റെ അഗ്നികുണ്ഢത്തില്‍ നിന്നു തന്നെയാണ്.

മൂന്നാം ജന്മം മിത്രാ-വരുണന്മാരുടെ പുത്രനായിട്ടാണ്; കുടത്തില്‍ നിന്നാണ്, അഗസ്ത്യന്റെ സഹോദരനായി പിറവിയെടുത്തത്.

വിശ്വാമിത്രനുമായി ഇദ്ദേഹം ആജീവനാന്തം ശത്രുതയിലായിരുന്നുവെന്ന വസ്തുത പ്രസിദ്ധമാണല്ലൊ. രാജര്‍ഷിയും ബ്രഹ്മര്‍ഷിയും തമ്മിലുണ്ടായ വഴക്കിന്റെ വിശദാംശങ്ങള്‍ ഇനി, വിശ്വാമിത്ര പരിപ്രേക്ഷ്യത്തില്‍ വിവരിക്കാം. കഥ കേള്‍ക്കാന്‍ കാതു കൂര്‍പ്പിക്കുക.
പുരാണങ്ങളിലൂടെ- വസിഷ്ഠന്‍ -എന്‍.പി.ഷീല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക