Image

ചെറിയാന്‍ കവിതകളിലേക്ക്‌ ഒരു എത്തിനോട്ടം (സുധീര്‍ പണിക്കവീട്ടില്‍)

Published on 27 February, 2013
ചെറിയാന്‍ കവിതകളിലേക്ക്‌ ഒരു എത്തിനോട്ടം (സുധീര്‍ പണിക്കവീട്ടില്‍)
യമുനയുടെ ഓളങ്ങളില്‍ ഒരു കേവഞ്ചി ഉലയുമ്പോള്‍, നാട്ടിന്‍പുറത്തെ മദയാന കുന്നുകള്‍ നെറ്റിപ്പട്ടം കെട്ടുമ്പോള്‍, ആകാശമെന്ന പ്രതിഷ്‌ഠയുടെ വൈരക്കല്ലുകള്‍ തിളങ്ങുമ്പോള്‍, പാലാഴി മഥനത്തിലൂടെ പവിഴപ്പുറ്റുകള്‍ പൊങ്ങിവരുമ്പോള്‍ നാവില്‍ ശൂലം തറച്ച കാവടിയാട്ടക്കാരനെ കാണുമ്പോള്‍ ചെമ്പരത്തിപൂക്കള്‍ നാവു്‌ നീട്ടുമ്പൊള്‍ ഈ ലോകം ഭസ്‌മമാക്കാന്‍ ആധുനിക മനുഷ്യനിലെ ഭസ്‌മാസുരന്‍ ഓടിനടക്കുമ്പോള്‍ ചെറിയാന്‍ കെ ചെറിയാന്‍ എന്ന കവിയെ ഓര്‍മ്മ വരുന്നു. അറുപതുകളുടെ ആദ്യത്തില്‍ മലയാള സാഹിത്യ ലോകത്ത്‌ തിളങ്ങിനിന്ന ഈ കവിയൂടെ ജന്മദിനം ഒക്‌ടോബര്‍ 24നാണു,. കൊട്ടും മേളവുമായി അമേരിക്കന്‍ സര്‍ഗ്ഗവേദി ഈ കവിയുടെ അറുപതാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ കവിയെ ആദരിച്ചപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ചെറിയാന്‍ കെ ചെറിയാന്‍ എന്ന കവിയെ വീണ്ടും ഓര്‍ത്തു.

കാല്‍പ്പനിക സൗന്ദര്യത്തിന്റെ മധുരം നുകര്‍ന്ന്‌ ഹര്‍ഷോന്മത്തരായി കവിതകള്‍ ചൊല്ലിയ കവികള്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച കവികള്‍ ശൃംഗാരലോലരായി കാമിനിമാരെ കിനാവ്‌ കണ്ട്‌ പ്രേമഗീതങ്ങള്‍ പാടിയവര്‍, പറയുന്നവ ഗാംഭീര്യത്തോടെ, ആധികാരികതയോടെ, ചാരുതയോടെ വ്രുത്തനിബദ്ധമായി നിരത്തി വച്ചവര്‍ - മേല്‍പ്പറഞ്ഞവരില്‍ പലരുടേയും ആശയങ്ങള്‍, ആവിഷ്‌ക്കാരരീതി, ശൈലി ഇവയില്‍ സമാനതയും, സാദ്രുശ്യവുമുള്ളതായി കണ്ടേക്കാം.

രചനയില്‍ വൈവിദ്ധ്യങ്ങള്‍ പുലര്‍ത്തുന്ന പ്രഗത്ഭനായ, സര്‍ഗ്ഗപ്രതിഭാധനനായ കവിയാണ്‌ ശ്രീ ചെറിയാന്‍ കെ ചെറിയാണ്‍. കലയുടെ ലോകത്ത്‌ പലരും ടൈപ്പുകളായി തീരുന്നു അല്ലെങ്കില്‍ അവര്‍ മുമ്പ്‌ പോയവരുടെ പാതയിലൂടെ പോകുന്നു. സ്വന്തമായ ശൈലിയും ഓരോ കവിതകളിലും പ്രകടമാക്കുന്ന ദര്‍ശനവും ഈ കവിയുടെ പ്രത്യേകതയാണ്‌. വിമര്‍ശകനായിരുന്ന ലോജ്‌ഞൈനസ്‌ , കവിത മഹത്തരമാകണമെങ്കില്‍ അത്‌ ഉദാത്തമായിരിക്കണമെന്ന്‌ പറഞ്ഞു. ഉദാത്തതക്ക്‌ നിദാനമായി പറഞ്ഞ കാര്യങ്ങളില്‍ ഒന്ന്‌ `അഭിജാതമായ പദാവലിയും ബിംബാവലിയുമാണ്‌. ശ്രീ ചെറിയാന്‍ സൃഷ്‌ടിച്ച മൗലിക പ്രതിമാനങ്ങള്‍ കൈരളിയുടെ ശ്രീകോവിലില്‍ സ്‌ഥിരപ്രതിഷ്‌ഠ നേടി. കോളറിജ്‌ പറയുന്നത്‌ നോക്കുക - കവിതയിലെ ബിംബങ്ങള്‍ മൗലിക പ്രതിഭയുടെ നിദര്‍ശനങ്ങളാകുന്നത്‌ കവിയുടെ ആന്തരികചോദന അവയെ രൂപപ്പെടുത്തുമ്പോള്‍ മാത്രമാണ്‌. അല്ലെങ്കില്‍ അത്തരമൊരാന്തരചോദന രൂപപ്പെടുത്തിയെടുത്ത പരസ്‌പര ബന്ധമുള്ള ചിന്തകളും ബന്ധങ്ങളും സന്നിഹിതമാവുമ്പോള്‍ മാത്രം.

ശ്രീ ചെറിയാന്‍ കാവ്യലോകത്തില്‍ അദ്ദേഹത്തിനു സഞ്ചരിക്കാനുള്ള വീഥികള്‍ സ്വയമുണ്ടാക്കി. അതുവരെ കാണാതിരുന്ന ആരും ഭാവനചെയ്യാന്‍ ശ്രമിക്കാതിരുന്ന വളവുകളില്ലാത്ത വഴി. കവി അതിലൂടെ സഞ്ചരിച്ചു. ഏകനായിട്ടല്ല, പ്രക്രുതിയും പരിവാരങ്ങളും കവിയുടെ കൂടെ കൂടി. കവി അവരുടെ കൂടെ കൂടുകയല്ല. ശ്രീ ചെറിയാന്റെ മാനസദര്‍പ്പണത്തിലൂടെ പ്രക്രുതിയും ജീവിതവും പ്രതിബിംബിച്ചപ്പോള്‍ അത്‌വരെ കാണാത്ത അവയുടെ വടിവും ആകൃതിയും കണ്ട്‌ ആസ്വാദക ലോകം വിസ്‌മയം പൂണ്ടു.

ചാരുതയാര്‍ന്ന ഭാവഗീതങ്ങള്‍ പോലെയുള്ള വരികളും കവിയുടെ തൂലിക തുമ്പില്‍ നിന്ന്‌ അനര്‍ഗ്ഗളമായി ഒഴുകി.

`മഞ്ഞണിഞ്ഞ്‌ കുണുങ്ങുമുഷസ്സുകള്‍
മഞ്‌ജുളാര്‍ദ്രമാം സിന്ദൂരസന്ധ്യകള്‍
നീലനീരവനീഹാര രാവുകള്‍
ശ്രീലശ്രുംഗാരലോലനിലാവുകള്‍'

പിറന്ന നാടും പ്രിയപ്പെട്ടവരും ശ്രീ ചെറിയാന്റെ കവിതകളില്‍ സ്‌ഥാനം പിടിക്കുന്നു. ലോകത്തിന്റെ ഏത്‌ ഭാഗത്തായാലും കവിയുടെ നാടിന്റെ ചിത്രം സജീവമായി ആ മനസ്സില്‍ നില കൊള്ളുന്നു. പ്രകൃതിയുടേയും പരിസരങ്ങളുടേയും രൂപവും ഭാവവും വര്‍ണ്ണങ്ങളും കവി മനോഹരമായി സകല കവിതകളിലും വിവരിച്ചിട്ടുണ്ട്‌.

പുക മഞ്ഞാല്‍ കുന്തിരിക്കം വീശി കാറ്റെന്ന കപ്യാര്‍
കേരവനികള്‍, കുരുത്തോല വീശി
തൊട്ടാവാടിയും തുമ്പയും
ഇലക്കുടന്നയിലെ നീറും
ഓലമേഞ്ഞകുടിലും കച്ചിത്തുറുവും
പാലപ്പൂവ്വിന്റെ മണവും,
മഞ്ഞ്‌ നീരാല്‍ കണ്ണുനീര്‍ വാര്‍ത്ത്‌
വിങ്ങിക്കരയുന്ന നിശയും

പ്രക്രൃതി ദൃശ്യങ്ങളില്‍ മുഴുകുന്ന കവി അതിനു പുറമേ അരങ്ങേറുന്ന ജീവിത നാടകങ്ങളും കാണുന്നു. കവിയെ സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുകയും, ക്രുദ്ധനാക്കുകയും ചെയ്യുന്ന രംഗങ്ങള്‍ക്ക്‌ യവനിക ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ കവിയുടെ തൂലിക ചലിക്കുന്നു. ഹിന്ദുപുരാണങ്ങളുടെ ഉള്ളറകളില്‍ നിന്ന്‌ തപ്പിയെടുത്ത മുത്തുകള്‍ കവിയുടെ സര്‍ഗ്ഗശക്‌തിയുടെ ദൃഷ്‌ടിയിലൂടെ ആധുനികയുടെ ഒരു ഭീഷണിയെ ഓര്‍മ്മിപ്പിക്കുന്ന നിസ്‌തുല കാവ്യമായി പരിണമിച്ചു.

ശ്രീ ചെറിയാന്റെ ശൈലിസവിശേഷതകളില്‍ ഒന്നാണ്‌ ബിംബങ്ങളുടെ ഉചിത സന്നിവേശം. പദങ്ങള്‍ ഈ കവിയുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്നത്‌കൊണ്ട്‌ വായനക്കാരനു കവിത ആനന്ദകരമാകുന്നു. ലളിതവും ഗഹനവുമായ രചനകള്‍. അത്‌കൊണ്ട്‌ തന്നെ ആശയമേദുരങ്ങളും ഭാവഗഹനങ്ങളുമായ കൊച്ച്‌ വാചകങ്ങളെ `ഒരു ചെറിയാന്‍ കവിത പോലെ എന്ന്‌ നിര്‍വ്വചിക്കാമെന്ന്‌ ഈ ലേഖകന്‍ അഭിപ്രായപ്പെടുന്നു.'

കവിത വായനക്കാരനു മനസ്സിലാകണം. ശ്രീ ചെറിയാന്റെ വരികള്‍ കടമെടുത്ത്‌ എഴുതട്ടെ `അക്ഷരത്തിന്റെ അജ്‌ഞാനത്തില്‍ നിന്ന്‌ വാചകത്തിന്റെ പ്രതിഭയിലേക്ക്‌ വാക്കുകളിലൂടെ ഹൃദയത്തെ സംക്രമിപ്പിക്കാനാവാതെ' പല കവികളും കുത്തിക്കുറിക്കുന്ന അര്‍ഥശൂന്യമായ വരികള്‍ക്ക്‌ അവയുടെ നിലനില്‍പ്പ്‌ ലാക്കാക്കി നിരൂപകര്‍ ആധുനികത എന്ന്‌ പേരിട്ടു. അനുപദം വികാരവിചാര സങ്കലിതവും പദവിന്യാസത്തിന്റെ മികവും മൗലിക പ്രതിമാനങ്ങളും കൊണ്ട്‌ നിര്‍ഭരമായ കവിതകള്‍ ഈ കവി എഴുതി. വായനക്കാര്‍ അതിനെ സാഹ്ലാദം സ്വീകരിച്ചു. എന്‍ വി കൃഷ്‌ണവാര്യര്‍ പറഞ്ഞിരിക്കുന്നത്‌ `സ്വകാര്യമായ ഒരു മന്ത്രവാദപ്രയോഗമല്ല കവിത എന്നാണ്‌്‌ കവിയുടെ തന്നെ ഭാഷയില്‍ ഹോമിയോപ്പതി ഗുളികകള്‍ പോലുള്ള കാവ്യകഥകള്‍ രചിച്ചു പിന്നീട്‌ ഈ കവി. എന്നും ഉത്സവമേളം നടക്കുന്ന സ്വച്‌ഛന്ദ പ്രപഞ്ചം സൃഷ്‌ടിച്ചുകൊണ്ട്‌ കവി മലയാളഭാഷയെ സമ്പന്നമാക്കുന്നു.'

ശ്രീ ചെറിയാന്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ എണ്ണം നോക്കി അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചത്തിലേക്ക്‌ പ്രവേശിക്കുന്നവര്‍ അത്ഭുത പരതന്ത്രരാകും. കവിതയുടെ എണ്ണത്തിനല്ല പ്രസക്‌തി. അത്‌ അനുവാചകനു പകരുന്ന അനുഭൂതി വിശേഷത്തിനാണ്‌. ഓരോ വരികളിലും കവി സന്നിവേശിപ്പിക്കുന്ന ആശയവിപുലതയുടേയും അവയുടെ അനന്തവ്യാഖ്യാന സാദ്ധ്യതകളുടേയും അഗാധകയത്തില്‍ നിന്നും പൊങ്ങി വരുമ്പോള്‍ പര്‍വ്വതനിരകള്‍ക്കിടയില്‍ പെട്ടപ്പോള്‍ സ്വന്തം ഉയരം മനസ്സിലാക്കിയ ഒട്ടകത്തെപോലെയുള്ള അനുഭവം അത്തരം മുന്‍ വിധിക്കാര്‍ക്കുണ്ടാകുന്നു. ആധുനിക കവിതക്ക്‌ ഒരു പ്രത്യേക ഭാവവും രൂപവും നല്‍കി തന്റേതായ ശൈലി കാഴ്‌ച വച്ച ഈ കവി മറ്റ്‌്‌ `ആധുനികരില്‍' നിന്നു വേര്‍പ്പെട്ട്‌ ഒരു പ്രത്യേക തലം പൂണ്ട്‌ നില്‍കുന്നു.

സങ്കല്‍പ്പ ലോകത്തേക്ക്‌ ചിറകും വിടര്‍ത്തി നിര്‍വൃതിയുടെ നിമിഷങ്ങളില്‍ ചുറ്റിക്കറങ്ങി ആ അനുഭൂതിയില്‍ നിന്ന്‌ വീണുകിട്ടുന്ന നുറുങ്ങുകള്‍ കവിതയാക്കി നിരത്തുന്ന കവികള്‍ മിന്നിമറയുന്ന മഴവില്ലു പോലെ അനുവാചക ഹൃദയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ കവിയനുഭവിക്കുന്ന അനുഭൂതികള്‍ വായനക്കാരനിലേക്ക്‌ സംക്രമിപ്പിക്കുമ്പോള്‍ വായനകാരന്‍ കവിയുടെ മുമ്പില്‍ നമ്രശിരസ്‌കനാകുന്നു. ശ്രീ ചെറിയാന്‍ ലോകത്തിന്റെ പരുക്കനായ യാഥാര്‍ഥ്യങ്ങളെ പരുക്കനാകാതെ കാവ്യ ഭംഗിയോടെ വായനക്കാര്‍ക്ക്‌ പകര്‍ന്ന്‌ കൊടുക്കുന്നു. പവിഴപ്പുറ്റിലെ ഒരു കാവ്യകഥ ഓര്‍മ്മ വരുന്നത്‌ ഇവിടെ എഴുതട്ടെ (ഓര്‍മ്മയില്‍ നിന്ന്‌ , കവിയുടെ യഥാര്‍ഥ വരികളല്ല)

ആണിതലപ്പ്‌ ചുറ്റികയോട്‌ ചോദിക്കുന്നു. എന്തിനാണെന്നെ ശിക്ഷിക്കുന്നത്‌. എന്തിനീ താഡനം `അപ്പോള്‍ ചുറ്റിക പറയുന്നു.'എനിക്ക്‌ നിങ്ങളെ അടിക്കണമെന്നില്ല. ബലമുള്ള ഒരു കൈ എന്നെക്കൊണ്ട്‌ നിങ്ങളെ അടിപ്പിക്കുകയാണ്‌. അത്‌ എന്നേയും വേദനിപ്പിക്കുന്നുണ്ട്‌. ഈ ഉത്തരം ആണിത്തലപ്പിനു തൃപ്‌തികരമായില്ല. ചുറ്റിക പറഞ്ഞു,`നിങ്ങളുടെ കൂര്‍ത്ത അറ്റം ഒരു പലകയിലേക്ക്‌ തുളഞ്ഞ്‌കയറുന്നത്‌ നിങ്ങള്‍ അറിയുന്നുണ്ടോ? അത്‌ സഹിക്കുന്ന വേദനയോ? പവിഴപ്പുറ്റ്‌ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലെ കാവ്യ കഥകള്‍ല്‌പവായനക്കാരുടെല്‌പമനസ്സില്‍ അനുഭൂതിയുടെ ഓളങ്ങള്‍ സൃഷിച്ച പ്രൗഢ സുന്ദരങ്ങളായ കലാസ്രുഷ്‌ടികളാണ്‌. മലയാള ഭാഷയില്‍ ഒരു പക്ഷെ അപ്രാപ്യമായ ഒരു തലം പൂണ്ട്‌ നില്‍ക്കുന്ന ഇതിലെ രചനകള്‍ ശ്രീ ചെറിയാന്റെ അനിതരസാധാരണമായ കാവ്യ സിദ്ധിയുടെ പ്രതിഫലനങ്ങളാണ്‌.

പുരാണങ്ങളെ പുനര്‍വ്യാഖ്യാനം ചെയ്യുന്ന കവികളേയും എഴുത്തുകാരേയും നാം വായിച്ചിട്ടുണ്ട്‌. കാലപ്പഴക്കം കൊണ്ട്‌ പരക്കെ വിശ്വസിച്ചുപോന്നിരുന്ന അത്തരം കഥകളില്‍ അന്തര്‍ലീനമായിരിക്കുന്ന ദര്‍ശനം കണ്ടെടുക്കാനും അതിനെ ചേതോഹരമായി വ്യാഖ്യാനിക്കാനും അതിനെ നൂതനമാക്കാനും ചെറിയാനു കഴിഞ്ഞു. പള്ളിമുറ്റത്ത്‌ എന്ന കവിതയിലെ പ്രമേയം തന്നെ നോക്കുക. യേശുക്രിസ്‌തു ചാട്ടവാറുമായി പള്ളിമുറ്റത്തേക്ക്‌ വരുന്ന കാര്യം ബൈബിളില്‍ പറഞ്ഞിട്ടുണ്ടായിരിക്കാം. അത്‌ പറയാന്‍ ആര്‍ക്കും താല്‍പ്പര്യം കാണുന്നില്ല. പക്ഷെ കവി ലോകത്തിന്റെ വ്യവസ്‌ഥകള്‍ കണ്ട്‌ രോഷാകുലനാകുന്നു. കവിയുടെ അന്തര്‍മണ്‌ഡലത്തെ നിരന്തരം അസ്വസ്‌ഥ്‌മാക്കുന്ന ലോകത്തിന്റെ നീതികേടിനു മുമ്പില്‍ കവി തൂലികയെടുക്കുന്നു, യേശുദേവന്‍ ചാട്ടവാര്‍ എടുത്തപോലെ. യേശുദേവന്റെ ചാട്ടവാര്‍ എല്ലാവരിലും കൊള്ളുന്നു നല്ലവരെന്ന്‌ സ്വയം വിധിക്കുന്നവര്‍ക്കും കിട്ടുന്നു പ്രഹരം. ചാട്ടവാറടിയേറ്റ്‌ രക്‌തമൊഴുകി കുറ്റബോധത്തില്‍ നിന്ന്‌ മുക്‌തി നേടുമ്പോള്‍ പറയുന്ന വരികള്‍ ശ്രദ്ധിക്കുക.

ആധിയാലെന്‍ കരള്‍ പിടക്കില്ല
ഭീതിയാലെന്‍ കഴല്‍ വിറക്കില്ല
വീണത്‌ തുഛമെന്‍ ജഢമല്ലേ
വീണതങ്ങുതന്‍ മുന്നിലല്ലേ.

കാശിക്ക്‌ പോകാന്‍ തീരുമാനമെടുത്ത മണ്ണാങ്കട്ടയും കരിയിലയും മുന്നില്‍ കണ്ട പ്രതിസന്ധികളെ തരണം ചെയ്യാന്‍ അശക്‌തരാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ അവര്‍ കാശിക്ക്‌ പോകേണ്ടന്നു തീരുമാനിച്ചു എന്ന്‌ കവി പറയുന്നു. വെള്ളത്തില്‍ മണ്‍കട്ട അലിയുമെന്നും, കാറ്റില്‍ കരിയില പറക്കുമെന്നുമുള്ളത്‌ പ്രകൃതി നിയമം. അതിനെ മറികടന്ന്‌ ലക്ഷ്യസ്‌ഥാനത്ത്‌ അവര്‍ക്ക്‌ എത്താന്‍ കഴിയില്ല.വര്‍ണ്ണപ്പകിട്ടുകള്‍ കാട്ടി അനുവാചകനെ ഭ്രമിപ്പിക്കാതെ സത്യം പറയുന്ന കവി. ആഗതന്‍ എന്ന കവിതയില്‍ കവിയുടെ ഒരു മനോഹരമായ പ്രസ്‌താവനയുണ്ട്‌. `പ്രതിഷ്‌ടയെക്കാള്‍ പവിത്രമായ ശ്രേഷ്‌ഠതയെന്തിനു ക്ഷേത്രം തേടിവരുന്നു.'

മാനത്ത്‌ തിളങ്ങുന്ന നക്ഷത്രങ്ങള്‍ കണ്ട്‌ ആമ്പല്‍പൂക്കളിലൊന്ന്‌ മറ്റുള്ളവയോട്‌ പറഞ്ഞുവത്രെ ആ കാണുന്നത്‌ നമ്മുടെ പ്രതിഫലനങ്ങളാണ്‌. അത്‌ കേട്ട ഒരു വണ്ട്‌ ചോദിച്ചു. അതെങ്ങനെ? ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ വാടിപോകുമല്ലോ? നക്ഷ്‌ത്രങ്ങള്‍ എന്നും മിന്നി നില്‍ക്കുംല്‌പഇതെപോലെ അനവദ്യസുന്ദരമായ അനേകം കാവ്യകഥകള്‍ ശ്രീ ചെറിയാന്‍ രചിച്ചിട്ടുണ്ട്‌.

ഭാവദീപ്‌തങ്ങളും ആശയമേദുരങ്ങളുമായ രചനകള്‍ക്ക്‌ പുറമെ ധാരാളം സ്രുഷ്‌ടികളില്‍ കവി ഒരു അന്വേഷകനാണെന്ന്‌ വായനക്കാര്‍ക്ക്‌ തോന്നിപ്പോകുന്നു, സര്‍ഗ്ഗാത്മതയുടെ എല്ലാ സാദ്ധ്യതകളും പരിശോധിക്കുന്ന കവി ഒന്നിനോടും സന്ധി ചെയ്യാതെ അനസ്യൂതം മുന്നേറുന്നു. അത്തരം പ്രയാണങ്ങളില്‍ അത്‌കൊണ്ടായിരിക്കണം കവി ദീര്‍ഘമൗനം പാലിക്കുന്നത്‌. പിന്നെ മൗനത്തിന്റെ തോട്‌ പൊട്ടിച്ച്‌ അത്‌ വരെ മനനം ചെയ്‌ത സങ്കല്‍പ്പങ്ങളെ പ്രകാശധോരണിയോടെ ആവിഷ്‌കരിക്കുന്നു.

കവിയുടെ പദവിന്യാസം കേട്ട്‌ കാവ്യ ദേവത നില്‍ക്കുന്നു. കവിയുടെ അനുവാദത്തിനു കാത്ത്‌ നില്‍ക്കുന്ന പോലെ നിന്നിട്ട്‌ മന്ദം മന്ദം ദേവി മൊഴിയുന്നു എന്റെ ലോകം ശബ്‌ദങ്ങളും അപശബ്‌ദങ്ങളും കൊണ്ട്‌ മുഖരിതമാണു. ഹേ കവേ, പുതുമയുടെ പൊന്‍കിരണങ്ങളുമായി എനിക്ക്‌ വീണ്ടും ലാവണ്യം പകരാന്‍ നീ വൈകുന്നതെന്തേ? ശ്രീ ചെറിയാനില്‍ നിന്ന്‌ മലയാള കവിത ഇനിയും ഉദാത്തമായ രചനകള്‍ കാത്തിരിക്കുന്നു. ഇംഗ്ലീഷില്‍ എഡ്‌ഗര്‍ അല്ലെന്‍ പോയാണ്‌ ആദ്യം ഗദ്യ കവിത എന്ന പദമുപയോഗിച്ചതെന്ന്‌ തോന്നുന്നു. അദ്ദേഹത്തിന്റെ `യുറേക്ക' എന്ന കൃതിക്ക്‌ അദ്ദേഹം ഗദ്യകവിത എന്ന്‌ പേരിട്ടു, ടി.എസ്സ്‌.ഏലിയാറ്റ്‌ മുതല്‍ പിന്നെ ധാരാളം പേര്‍ ഈ സമ്പ്രദായം സ്വീകരിച്ചു.

വിജയിയായ ഒരു പുരുഷന്റെ പുറകില്‍ ഒരു സ്‌ത്രീയുണ്ടെന്ന്‌ പറയുന്നത്‌ പോലെ ശ്രീ ചെറിയാന്റെ പേരിന്റെ ഒടുവില്‍ ഭാര്യയുടെ പേര്‌ ചേര്‍ന്നിരിക്കുന്നു. ആന്‍ എന്ന ഇംഗ്ലീഷ്‌ പേരിന്റെ മലയാളം ആനിയമ്മ. ഐരാവതം പുസ്‌തകം കവി സമര്‍പ്പിച്ചിരിക്കുന്നത്‌ പ്രിയതമക്കാണ്‌. പേരില്‍ `ചെറിയ' തുടക്കമുള്ള ഈ കവി കവിതാ ലോകത്ത്‌ വലിയ ബഹുമതികള്‍ നേടി. കവിക്ക്‌ ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന്‌ കൊണ്ട്‌ ഇതു ഉപസംഹരിക്കുമ്പോള്‍ ഒരു കാര്യം വ്യക്‌തമാക്കുന്നു. ഈ കൊച്ച്‌ ലേഖനം ഒരു വിമര്‍ശനമോ, പഠനമോ, നിരൂപണമോ അല്ല. ഇത്‌ ഒരു വായനക്കാരന്റെ ചിന്തകള്‍ മാത്രം.

(ഈ ലേഖനത്തിന്റെ രചനാകാലത്തിനു രണ്ടു പതിറ്റാണ്ടിന്റെ പഴക്കം ഉണ്ട്‌. ശ്രീ ചെറിയാന്റെ അറുപതാം പിറന്നാള്‍ സര്‍ഗ്ഗവേദി ആഘോഷിച്ചതിനു ശേഷം രചിച്ചത്‌).

ശുഭം.
ചെറിയാന്‍ കവിതകളിലേക്ക്‌ ഒരു എത്തിനോട്ടം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക