Image

നന്ദിയോടെ - ഡോക്‌ടര്‍ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു. (7)

സുധീര്‍ പണിക്കവീട്ടില്‍ Published on 04 March, 2013
നന്ദിയോടെ - ഡോക്‌ടര്‍ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു. (7)

(ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ A Sojourner's Rhapsodies In Alphabetical Order? എന്ന ഇംഗ്ലീഷ്‌ കവിതാസമാഹാരത്തിലെ 'Thanking' എന്ന കവിതയെക്കുറിച്ചുള്ളനിരൂപണം)

സുധീര്‍ പണിക്കവീട്ടില്‍

കടമകളുടെയും കടപ്പാടുകളുടേയും ഉയരുന്നഗ്രാഫ്‌ അപ്രത്യക്ഷമാകുന്നത്‌നന്ദി എന്ന രണ്ടക്ഷരത്തിന്റെ താഴ്‌മയിലാണെന്ന്‌ കവിതയുടെ തുടക്കത്തില്‍നിന്നും വായനക്കാരന്‍ മനസ്സിലാക്കി വായിച്ചുവരുമ്പോള്‍ കവി പ്രവ്രുത്തികളും അതര്‍ഹിക്കുന്ന നന്ദിയും എന്ന വിഷയത്തിന്റെ വാതായനങ്ങള്‍ തുറന്നിടുന്നത്‌ കാണാം. നന്ദിക്ക്‌ വേണ്ടിചെയ്യുന്ന ഒരു പ്രവൃത്തി നല്ല പ്രവ്രുത്തിയല്ല. ഈ ലോകത്തില്‍ പലരും നന്മകള്‍ ചെയ്യുന്നത്‌ ദൈവത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ അതിന്റെപ്രതിഫലം ഇച്‌ഛിച്ചു കൊണ്ടാണ്‌. അത്തരം പ്രവ്രുത്തികളെ (punishable good deeds) എന്ന്‌ കവിവിശേഷിപ്പിക്കുന്നു.

ഒരാള്‍ ചെയ്യുന്ന കര്‍മ്മത്തിനു അയാള്‍ക്ക്‌ കിട്ടുന്ന നന്ദി ശബ്‌ദത്തിലൂടെയാണ്‌. അതുകൊണ്ടായിരിക്കാം കവി സ്വരവ്യജ്‌ഞനങ്ങളുടെ ആരോഹാവരോഹണത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്‌. ഉച്ചാരണങ്ങളുടെ വ്യാഖ്യാനമനുസരിച്ച്‌ ്‌ കണ്‌ഠനാളങ്ങളില്‍ നിന്നു നിഷ്‌പ്രയാസം വരുന്ന ശബ്‌ദത്തെ സ്വരമായി കരുതുന്നു എന്നാല്‍ ഭാഷയിലെ ശബ്‌ദങ്ങളെകുറിച്ചുള്ള പഠനങ്ങളില്‍ ഒരക്ഷരം അതിന്റെ ഉച്ചസ്‌ഥായില്‍ ഉണ്ടാക്കുന്ന ശബ്‌ദമാണു സ്വരമെന്നും പറയുന്നു. പക്ഷികളുടെ കളകൂജനത്തിലിടയില്‍ അവരുടെ കൂടുകളില്‍ ശബ്‌ദങ്ങളുടെ കലമ്പല്‍ നടക്കുന്നുണ്ട്‌. (nets of chirping little birdies entangle in the spell of harrowing vowels;)സ്വരചേര്‍ച്ചയില്ലായ്‌മയുണ്ടായിട്ടും വനത്തെ സ്വര്‍ഗ്ഗ സമാനമാക്കുന്ന പക്ഷി കച്ചേരിയെ കാടിന്റെ നന്മ അധികനേരം ആസ്വദിക്കുന്നില്ല. അപ്പോഴേക്കും വനാഗ്നി അവയെ ഇരയാക്കി.ചില കര്‍മ്മങ്ങള്‍ നല്ലതെങ്കിലും അവ ശിക്ഷക്കര്‍ഹമാകുന്നു. കാട്ടുതീ ഉണ്ടാകേണ്ടത്‌ പ്രക്രുതിയുടെ ആവശ്യമാണ്‌. അപ്പോള്‍ പാവം പക്ഷികളും വന്യമൃഗങ്ങളും വെന്തുപോകുന്നു.

വ്യാജവും ആത്മാര്‍ഥതതയില്ലാത്തതുമായ നന്ദിപ്രകടനങ്ങളിലൂടെ താല്‍ക്കാലിക ഫലപ്രാപ്‌തിനേടുന്നവരുടെ കഥകളാല്‍ ചരിത്രം നിറയുന്നു. മനസ്സില്‍ ഉദ്ദേശിക്കാതെ പൊള്ളയായ വാക്കുകള്‍ പറഞ്ഞ്‌ കാര്യം നേടുന്നവരെ തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. അങ്ങനെ നീണ്ട ജീവിതകാലത്തിലൂടെ കടന്നുപോന്ന അനുഭവങ്ങളുടെ മായാത്ത പാടുകളുള്ള മനുഷ്യന്‍ അവന്‍ ആര്‍ജ്‌ജിച്ച അറിവിന്റെ ശക്‌തിയെമുറുകെ പിടിച്ചുകൊണ്ട്‌ ഹ്രുദയ സ്‌പര്‍ശിയായ വാക്കുകള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനത്തിന്റെ സ്വാധീനത്തെപ്പറ്റി ചിന്തിച്ച്‌ കര്‍മ്മവും നന്ദിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കൂന്നു. (the man with engraved pox marks twists his power to stop the words that embed heart-felt deeds in meat) സംസാരത്തില്‍മാറ്റങ്ങള്‍ വന്നാലും എഴുതപ്പെട്ടത്‌ മാറുകയില്ല എന്ന സങ്കല്‍പ്പത്തില്‍ നിന്നാകാം അങ്ങനെ ഒരു രൂപരേഖ തയ്യാറാക്കപ്പെടുന്നത്‌. എന്നാല്‍ അവസാനിക്കാത്ത സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്ക്‌ശേഷം ഹിംസ്രജന്തുക്കള്‍ക്കും അതെപോലുള്ള മനുഷ്യര്‍ക്കും ദ്രോഹം ചെയ്യുന്നവര്‍ക്കും നന്ദിപറയുക എന്ന ഒരു നൂതന ചിന്താഗതി അതില്‍നിന്നും ഉരുത്തിരിഞ്ഞ്‌ വരുന്നു.(the hidden stigma finds novel means to thank the persecutor and predator)

ഈ തത്വം പറയുന്ന കവി ഉപയോഗിച്ചവാക്കുകളില്‍നിന്നും ക്രുസ്‌തുദേവനില്‍ മനുഷ്യര്‍ ഏല്‍പ്പിച്ച മുറിവിന്റെ ധ്വനിയുണ്ട്‌. ഈ ലോകത്തിനു മുഴുവന്‍ നന്മചെയ്യാനെത്തിയ ദൈവപുത്രനെ നിഷക്കരുണം കുരിശിലേറ്റിയ ജനങ്ങളുടെ ചിന്താഗതിയില്‍ സത്യമില്ല. അവര്‍ നേരത്തെ സൂചിപ്പിച്ചപോലെ പൊളിവചനങ്ങള്‍ കൊണ്ട്‌ കാര്യസിദ്ധിനേടുന്നു. നന്ദിഹീനരായ ഒരു ജനതയുടെ പ്രവ്രുത്തി ദൈവപുത്രനെ പോലും ഒഴിവാക്കുന്നില്ല.എന്നാല്‍ അത്‌ദൈവഹിതമായിരുന്നു എന്നും അറിയുക. ലോകത്തിന്റെ നന്മക്ക്‌വേണ്ടി ഏകജാതന്‍ ബലിയാകണമെന്ന്‌ ദൈവം നിശ്‌ചയിച്ചിരുന്നു. ബലിയാകണമെന്ന ദൈവത്തിന്റെ നിശ്‌ചയം. ബലിയാകണമെന്ന ജനങ്ങളുടെ തീരുമാനം. ബലിയായ ദേവന്‍പറയുന്നു - ഇവര്‍ ചെയ്യുന്നത്‌ എന്താണെന്ന്‌ ഇവര്‍ അറിയുന്നില്ല, അതെപോലെയാണ്‌ ഉത്തമമായ തത്വങ്ങള്‍ മനുഷ്യര്‍ പറയുന്നത്‌. അവര്‍ അതിന്റെ അര്‍ഥം ഗ്രഹിക്കുന്നില്ല. ഏത്‌നിമിഷവും അത്‌ മാറ്റിപറയാന്‍ അവര്‍ തയ്യാറാകുന്നു. തെറ്റുകള്‍ ചെയ്യുന്നവനു മാപ്പ്‌ കൊടുക്കണമെന്ന്‌ വായ കൊണ്ട്‌ പറയുന്നതല്ലാതെ പ്രവ്രുത്തിയില്‍ അത്‌ചെയ്യാന്‍ ആരും തയ്യാറല്ല.

തിന്മചെയ്യുന്നവനും നന്മചെയ്യുക എന്ന ശ്രേഷ്‌ഠമായ തീരുമാനത്തില്‍ എത്തിയവര്‍ തന്നെ അത്‌പ്രാബല്യത്തില്‍ വരുത്താന്‍ തയ്യാറല്ല എന്നു കവിപറയുന്നുണ്ട്‌. ആത്മാര്‍ഥതയില്ലാത്ത ചിന്തകളുടെ അധര്‍മ്മ മുകുളങ്ങള്‍ നിത്യമായ പ്രപഞ്ച പ്രശ്‌നങ്ങളുടെ പട്ടികയെ നിയന്ത്രിക്കുന്നു. ദുര്‍ഗ്രഹതകള്‍ നിറഞ്ഞ ഗ്രന്ഥത്തിന്റെ മുഷിഞ്ഞുലഞ്ഞ താളുകള്‍ നിഗൂഢതയുടെ മൂടുപടമിട്ട്‌നില്‍ക്കുന്ന ചക്രാവളത്തില്‍ ചിന്നിചിതറുന്നു. അത്‌ എന്തുകൊണ്ടാണെന്ന്‌ പിന്നെ കവിപറയുന്നു. കാരണം നമ്മള്‍ എഴുതപ്പെട്ടതിനെ സ്‌നേഹിക്കുന്നു. കാരണം തലമുടിയിഴ കീറിപരിശോധിക്കുന്ന, തലപോകുന്ന കുറ്റകരമായപ്രവ്രുത്തികളേക്കാള്‍ നന്ദിയര്‍ഹിക്കുന്ന പ്രവ്രുത്തികളാണ്‌ നമ്മള്‍ക്ക്‌പ്രിയം.(for we love our written words more than the unyielding hair splitting analysis of deeds to underline the italicized version in bold of the decapitating punishable good deeds)

ഈ കവിതക്ക്‌ കൊടുത്തിരിക്കുന്ന ശീര്‍ഷകം മലയാളത്തിലേക്ക്‌ പരിഭാഷ ചെയ്യുമ്പോള്‍ `നന്ദിയോടെ' എന്ന്‌ അര്‍ഥം പറയാം. എന്തുകൊണ്ട്‌ നന്ദി എന്നെഴുതിയില്ല എന്ന്‌ വായനക്കാരന്‍ ചിന്തിച്ചേക്കാം.നന്ദി എന്നുപറയുമ്പോള്‍ അതോടെ ആ വാക്കും അത്‌ ഉളവാക്കുന്ന അര്‍ഥവും അവസാനിക്കുന്നു. എന്നാല്‍ നന്ദിയോടെ എന്നുപയോഗിക്കുമ്പോള്‍ അത്‌ അവസാനിക്കുന്നില്ല. പറയുന്നയാളൂടെ ഹ്രുദയത്തില്‍ അത്‌ തുടര്‍ന്നിരിക്കുന്നു. ഈ കവിതയില്‍ കവി ചില ഉപമാനങ്ങളിലൂടെ വാക്കുകളുടെ നാനര്‍ഥങ്ങളിലൂടെ വളരെപ്രധാനമായ എന്നാല്‍ പലരും നിസ്സാരമെന്ന്‌ കരുതുന്ന ഒരു ആശയം വിശ്വസിനീയമായി ആവിഷ്‌ക്കരിച്ചിരിക്കയാണ്‌.

നന്ദിയുള്ളവരായിരിക്കുക എന്നത്‌ ദൈവീകമാണ്‌. എന്നാല്‍ എല്ലാ കര്‍മ്മങ്ങളും നന്ദിയര്‍ഹിക്കുന്നവയല്ല. ചില കര്‍മ്മങ്ങള്‍ പ്രത്യാക്ഷത്തില്‍ നന്മയുള്ളതായിതോന്നിയാലും നിയമാനുസ്രുതമായി അല്ലെങ്കില്‍ ആചാരപരമായി അങ്ങനെയായിരിക്കണമെന്നില്ല.എന്നിട്ടും എക്ലാപ്രവ്രുത്തികള്‍ക്കും നന്ദിയര്‍പ്പിക്കുക എന്ന മഹത്തായ ആദര്‍ശം കൊണ്ട്‌നടക്കുന്നതിനെക്കാള്‍ സാധാരണ ഒരു മനുഷ്യന്റെ ചിന്തയില്‍ ഉള്‍കൊള്ളുന്ന ആദര്‍ശങ്ങള്‍ അനുസരിച്ച്‌ നന്ദിപ്രകടിപ്പിച്ചാല്‍ അതായിരിക്കും കൂടുതല്‍ പ്രായോഗികമെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിനു അഭിനന്ദനങ്ങള്‍ !

(തുടരും)
നന്ദിയോടെ - ഡോക്‌ടര്‍ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു. (7)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക