Image

ലോക വനിതാ ദിനവും ചാനലുകളും - മൊയ്തീന്‍ പുത്തന്‍‌ചിറ

Published on 07 March, 2013
ലോക വനിതാ ദിനവും ചാനലുകളും  - മൊയ്തീന്‍ പുത്തന്‍‌ചിറ

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടുമെന്ന ഉറച്ച തീരുമാനത്തോടെ കേന്ദ്രവും കേരളവും സ്ത്രീ സുരക്ഷാ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങിയിരിക്കുന്നത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധമായി വന്നത് യാദൃശ്ചികമാകാം. എല്ലാ രാജ്യത്തും സ്ത്രീപുരുഷ ഭേദമന്യേ പൗരന്മാരുടെ സുരക്ഷയ്ക്ക് നിയമസം‌വിധാനമുണ്ട്. എന്നിട്ടും പ്രത്യേകം സ്ത്രീ സംരക്ഷണ നിയമം നിര്‍മ്മിക്കുന്നതില്‍ നിന്നുതന്നെ ഈ ദിശയിലുള്ള നമ്മുടെ തിരിച്ചറിവിന്റെ ആഴം വ്യക്തമാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കും മെല്ലെപ്പോക്കിനും നമ്മള്‍ തയ്യാറല്ല എന്ന പ്രഖ്യാപനം തന്നെയാണിത്.

ഡല്‍ഹിയില്‍ ബസിനുള്ളില്‍ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു മരിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരന്തം ഏല്പിച്ച ഞെട്ടലില്‍ നിന്നാണ് അതിവേഗത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ഉണ്ടായത് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍, അവര്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം എന്ന സ്വാഭാവിക അവകാശത്തിന്റെ കാര്യത്തില്‍  പൊടുന്നനേയല്ല നമ്മള്‍ ജാഗരൂകരായത് എതാണു സത്യം. മാറിയ സാഹചര്യങ്ങളില്‍ നമ്മുടെ ഈ ജാഗ്രത കൂടുതല്‍ കാമ്പും കരുത്തും ഉള്ളതായേ പറ്റൂ എന്നത് ഇതിനോടു ചേര്‍ത്തു കാണണമെന്നു മാത്രം.

സ്ത്രീയുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും നീതിപീഠത്തിനും മാത്രമല്ല സിനിമ, മാധ്യമങ്ങള്‍, ചാനലുകള്‍ എന്നിവര്‍ക്കും ഉത്തരവാദിത്വമുണ്ട്. എങ്ങോ എന്തോ നടന്ന സ്‌ഫോടനങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് അമ്പരന്ന കാലത്തു നിന്നു നമ്മുടെ ചുറ്റുപാടുകള്‍ വളരെ മാറിപ്പോയിരിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കാണാഭീഷണികള്‍ നിഴല്‍ പോലെ നമ്മുടെ മേലും വീണു കിടക്കുകയാണ്. ഇപ്പോള്‍. മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ നിലവിളി സിനിമയിലെയും നാടകത്തിലെയും സീനുകളില്‍ നിന്നു നമ്മുടെ തൊട്ടടുത്തേക്ക്, കിടപ്പുമുറികളിലും സ്വീകരണ മുറികളിലും, ലൈവ് ആയി നമ്മെ കാണിച്ചു കൊണ്ടിരിക്കുന്ന ചാനലുകാര്‍ എല്ലാ മാനദണ്ഡങ്ങളും ഭേദിച്ച് അരങ്ങു തകര്‍ക്കുകയാണ്.

സന്ധ്യയാകുമ്പോള്‍ വീടുകളില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ക്കു പകരം കുടുംബഛിദ്ര സീരിയലുകള്‍ ചാനലുകള്‍ തോറും മത്സരിച്ചാണ് സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീഴാതെ പച്ചയായ ഭാഷയും അഭിനയവും കൊണ്ട് ഇന്ന് കേരളീയ മനസ്സുകളില്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിഷം ചീറ്റുന്ന വിധമാണ് ഓരോ ചാലനലിലും വരുന്ന സീരിയലുകള്‍ . കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്തവരും, ഏതു ക്രൂര പ്രവൃത്തികളും ചെയ്യാന്‍ മടി കാണിക്കാത്ത കഥാപാത്രങ്ങളും, പരദൂഷണം, കുതികാല്‍‌വെട്ട്, ചതി, വഞ്ചന, കൊലപാതക, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, മോഷണം, സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ മുതലായവ കോര്‍ത്തിണക്കി, സമൂഹത്തിലെ ഏത് നിഷേധാത്മക ചലനങ്ങളുടെയും ഇരകളുടെ നിരയില്‍ സ്ത്രീയുടെ നിസ്സഹായമായ മുഖങ്ങളെ  കൂടുതല്‍ പൊലിപ്പിക്കുന്ന രംഗങ്ങളാണ് ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നതും.

സമൂഹത്തിന്റെ മൊത്തം പുരോഗതിക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ സര്‍ക്കാരും സാമൂഹിക പ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിരിക്കുമ്പോള്‍  അതിനെയാകെ തകിടം മറിക്കുന്ന തരത്തിലാണ് സീരിയലുകളിലെ സംഭാഷണങ്ങള്‍ . അവയിലേറെയും മാതാപിതാക്കള്‍, സഹോദരീ സഹോദരങ്ങള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ബന്ധങ്ങള്‍ ശിഥിലമാക്കുന്ന രീതിയിലുള്ള തിരക്കഥകള്‍ എഴുതിപ്പിടിപ്പിച്ച് അതപ്പാടെ മത്സരിച്ചഭിനയിച്ചു തീര്‍ക്കുകയാണ് നടീനടന്മാര്‍ .

വെറും രണ്ടു മണിക്കൂര്‍ കൊണ്ട് തീരുന്ന ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഇത്രയും വലിയ 'സെന്‍സര്‍ ബോര്‍ഡ്' നിലവിലുണ്ടെങ്കില്‍ എന്തുകൊണ്ട്   വര്‍ഷങ്ങളോളം ദിനം‌പ്രതി ചാനലുകള്‍ വഴി സം‌പ്രേക്ഷണം ചെയ്യുന്ന സീരിയലുകളെ സെന്‍സര്‍ ബോര്‍ഡ് കണ്ടില്ലെന്നു നടിക്കുന്നു?റേറ്റിംഗ് കൂട്ടാന്‍ ചാനലുകള്‍ തമ്മിലുള്ള മത്സരമാണ് മന്ദബുദ്ധികളായ തിരക്കഥാകൃത്തുക്കളെക്കൊണ്ട് അധാര്‍മ്മികതയുടെ വിഷം ചീറ്റുന്ന സീരിയലുകള്‍ നിര്‍മ്മിച്ച് നമ്മുടെ സ്വീകരണ മുറിയിലെത്തിക്കുന്നത്. പണ്ടു കാലത്തെ ബലാത്സംഗം കാണാന്‍ വേണ്ടി മാത്രം സിനിമ കാണുന്നവരുണ്ടായിരുന്നു. ബലാത്സംഗ സീനുകളില്‍ അഭിനയിക്കാനായി ചില നടീനടന്മാരുമുണ്ടായിരുന്നു. ഒരു ബലാത്സംഗമില്ലാത്ത സിനിമ സിനിമയല്ല എന്നുപോലും പറയുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷെ, കാലം മാറിയപ്പോള്‍ ബലാത്സംഗത്തിന് പ്രസക്തിയില്ലാതായി. പകരം കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്തതും സ്ത്രീകള്‍ക്കെതിരായ അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള സീരിയലുകളുടെ നിര്‍മ്മാണം തുടങ്ങി. എന്തുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് ഇവ കണ്ടില്ലെന്നു നടിക്കുന്നു?

സ്ത്രീയോടുള്ള  സമീപനം മാറേണ്ടത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. ഇലക്ട്രിക് സ്വിച്ചും കമ്പ്യൂട്ടറിലെ ഡിലീറ്റ് കീയുമല്ല മനുഷ്യമനസ്സ്. സ്വിച്ചിടുമ്പോള്‍  തെളിയുന്ന ബള്‍ബും ഡിലീറ്റ് കീ അമര്‍ത്തുമ്പോള്‍ മാഞ്ഞുപോകുന്ന പ്രോഗ്രാമുമല്ല അത്. ഉള്ളിലെ സംസ്‌കാരം എന്താണോ അതുപോലെയല്ലാതെ മനുഷ്യനു പെരുമാറാന്‍ കഴിയില്ല. പക്ഷേ, നമ്മള്‍ സ്വയം സംസ്‌കരിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ് സാമൂഹിക ജീവി എന്ന നിലയില്‍ നിലനില്‍ക്കാനും സഹജീവിക്കൊപ്പം പെരുമാറാനും കഴിയുന്നത്. അത്തരം ആന്തരിക സംസ്‌കരണത്തിനു വിധേയരാകാത്തവര്‍, സമൂഹത്തിനു ഭീഷണിയായി മാറുന്നു. അങ്ങനെയാണല്ലോ ക്രിമിനലുകളും ഗൂണ്ടകളും ഉണ്ടാകുന്നത്. ചാനലുകള്‍ സമൂഹത്തിനു ഭീഷണിയാകുകയും അധികൃതര്‍ കണ്ണടക്കുകയും ചെയ്യുമ്പോഴാണ് രാജ്യത്ത് അധാര്‍മ്മികത്വം തഴച്ചു വളരുന്നത്.

മൂന്നു വയസ്സുള്ള കുഞ്ഞിന്റേതായാലും 80 വയസ്സുള്ള മുത്തശ്ശിയുടേതായാലും പെണ്‍ശരീരം ആസ്വാദ്യമായ ഉപഭോഗ വസ്തു മാത്രമാണെന്ന് ബോധത്തോടെയോ ലഹരി കെടുത്തിയ ബോധമില്ലായ്മയിലോ വിശ്വസിച്ചുപോകുന്ന പുരുഷന്മാര്‍ കേരളത്തില്‍ ദിനം‌പ്രതി വര്‍ദ്ധിച്ചു വരുന്ന ആപത്ക്കരമായ സാഹചര്യം സര്‍ക്കാരും നീതിപാലകരും ഗൗരവത്തോടെ കാണണം. മിക്കവാറും എല്ലാ സീരിയലുകളിലും പ്രദര്‍ശിപ്പിക്കുന്ന ചില രംഗങ്ങളില്‍ നീതി നിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളവയാണ്. ആര്‍ക്കും എന്തും ചെയ്യാമെന്നുള്ള അവസ്ഥ ജനങ്ങളുടെ, പ്രതേകിച്ച് യുവജനങ്ങളുടെ, മനസ്സില്‍ ആഴത്തില്‍ വേരുറപ്പിക്കാനുതകും വിധമാണ്. 'കുടുംബ പ്രേക്ഷകര്‍ക്ക്' ഒരുമിച്ചിരുന്ന് കാണാന്‍ കൊള്ളാവുന്ന ഒരൊറ്റ സീരിയലുകള്‍ പോലും ഇന്ന് ഒരു ചാനലിലും പ്രദര്‍ശിപ്പിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ഒരു പ്രമുഖ ചാനലില്‍ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഒരു സീരിയലിനെതിരെ കേരളത്തിലെ വനിതാ കമ്മീഷന്‍ രംഗത്തെത്തിയത്. എന്നാല്‍ പിന്നീട് എന്താണു നടന്നതെന്നറിയില്ല. ചാനല്‍ ആ സീരിയലിന്റെ മുഴുവന്‍ എപ്പിസോഡുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. സമൂഹത്തിന് നല്‍കാവുന്ന യാതൊരു നല്ല സന്ദേശവും ആ സീരിയലില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടേ തീരെയില്ലതാനും.

സമൂഹത്തിനു ഭീഷണിയായി പൊട്ടിമുളയ്ക്കുന്ന കുടില തന്ത്രക്കാരുടെ മാനസിക വൈകല്യത്തെ കഥയാക്കി മാറ്റുന്ന തിരക്കഥാകൃത്തുക്കളേയും അവ സീരിയലുകളാക്കി നേട്ടം കൊയ്യുന്ന ചാനലുകളേയും കടിഞ്ഞാണിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വൈരവിഹാരത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രിമിനിനല്‍ സ്വഭാവമുള്ളവരുടെ ഉള്ളില്‍ ഒളിപ്പിച്ചിട്ടുള്ള മൃഗീയത ഇനിയും ചുരമാന്തും. സര്‍ക്കാരും, ജനങ്ങളും, മാധ്യമങ്ങളും, നീതിപാലകരും അടങ്ങുന്ന സമൂഹത്തിന് മാറിച്ചിന്തിക്കാന്‍ വൈകിപ്പോയിട്ടില്ല. ലോക വനിതാ ദിനം അതിനുള്ള അവസരമായി മാറുമെന്നു പ്രത്യാശിക്കുക മാത്രമല്ല, അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യാം, നമുക്ക്.

ലോക വനിതാ ദിനവും ചാനലുകളും  - മൊയ്തീന്‍ പുത്തന്‍‌ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക