Image

തിരുക്കുറള്‍ - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 11 March, 2013
 തിരുക്കുറള്‍ - ഡോ.എന്‍.പി.ഷീല
പണ്ട് കല്യാണം കളിയല്ല എന്നൊരു സിനിമ ഇറങ്ങിയത് ഓര്‍ക്കുന്നു. ശീര്‍ഷകത്തില്‍ നിന്നു തന്നെ അതൊരു ഗൗരവമുള്ള ഏര്‍പ്പാടാണെന്ന സൂചന ലഭിക്കുന്നുണ്ട്.

കുടുംബ ജീവിതത്തിന്റെ ആദ്യപടി വിവാഹമാണ്. വളരെ വളരെ ചിന്തിച്ചും ആലോചിച്ചും അന്വേഷിച്ചും കരയും മുറിയും അറിഞ്ഞ് ചെയ്യേണ്ട ഉത്തരവാദപ്പെട്ട കാര്യം അങ്ങനെയാകുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറുതും വലുതുമായ കാര്യങ്ങളെച്ചൊല്ലി അഭിപ്രായ വ്യത്യാസമോ, സൗന്ദര്യ പിണക്കമോ കലഹമോ ഉണ്ടാകുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ ഇടപെട്ട് കാര്യങ്ങള്‍ ഒതുക്കത്തില്‍ പറഞ്ഞു തീര്‍ത്ത് ദമ്പതികള്‍ വീണ്ടും സ്വരചേര്‍ച്ചയോടെ മുന്നോട്ടു പോകുന്ന അക്കാലം.

ഇന്നോ ഒന്നു പറഞ്ഞ് രണ്ടാമത്തതിന്, ദാ കിടക്കുന്നു, ചട്ടിയും ചോറും- എല്ലാവരും അറിഞ്ഞു പിടിച്ചു വരുമ്പോഴേയ്ക്ക് രാഷ്ട്രഭാഷയില്‍ പറഞ്ഞാല്‍ 'അപ്നാ അപ്നാ അലഗ് അലഗ് രാസ്‌തേ' എന്നു വച്ചാല്‍ താന്താങ്ങളുടെ വേറിട്ട വഴി! നാട്ടുകാര്‍ക്കും അസൂയക്കാര്‍ക്കും തമാശകാണാനൊരവസരം. സന്താനങ്ങളുണ്ടെങ്കിലോ? പിന്നീട് അവിടെയും ജയം പുരുഷന്. സ്ത്രീയുടെ കഴുത്തില്‍ വീണ ചങ്ങല, കാലിലേക്ക് മാറ്റി സ്ഥആപിക്കുന്നു എന്ന വ്യത്യാസം മാത്രം. പെറ്റെടുത്ത തായ്ക്ക് കുഴന്തൈ ഭാരമാ?പൊക്കിള്‍ക്കൊടി ബന്ധം അപാരം. കല്ലു ചുമന്നോ, മണ്ണു ചുമന്നോ, തെണ്ടിയോ ഏതു വിധേനയും കുഞ്ഞുങ്ങളെ വളര്‍ത്തും. ഇരുവര്‍ ചേര്‍ന്നു സൃഷ്ടിച്ചാല്‍ ഒരുമിച്ചു ചേര്‍ന്നു വളര്‍ത്തിയാലോ ഗുണപ്പെടൂ. ഇല്ലെങ്കില്‍ സമൂഹത്തില്‍ ക്ഷുദ്രജീവികളുടെ സംഖ്യ പെരുകിയെന്നും വരാം.

തിരുവള്ളൂവര്‍ മഹാസമുദ്രം ചിമിഴില്‍ ഒതുക്കുന്ന വിദ്യയോടെ സൂര്യനു കീഴിലുള്ള മിക്കവാറും എല്ലാ വിഷയങ്ങളെക്കുറിച്ചും, വിശിഷ്യാ മനുഷ്യനായി മനുഷ്യത്വത്തോടെ എന്ന വിവക്ഷ. ഈ ഭൂമുഖത്ത് അന്തസ്സോടെ ജീവിക്കാനാവശ്യമായ സമസ്ത കാര്യങ്ങളെക്കുറിച്ചും തിരുക്കുറളില്‍ പ്രതിപാദിക്കുന്നുണ്ട്.

സമൂഹ ജീവിതത്തിന്റെ ഏറ്റവും ചെറിയ ഘടകമാണല്ലോ കുടുംബം. കുടൂമ്പോള്‍ ഇമ്പമുള്ളത് എന്നൊരു പ്രചലിത നിര്‍വ്വചനം അതിനു കൊടുത്തു കാണാറുണ്ട്. പണ്ടൊക്കെ അത് അങ്ങനെ തന്നെയായിരുന്നുതാനും, ആധുനിക കാലത്ത്, കംപ്യൂട്ടര്‍ യുഗത്തില്‍, സ്‌നേഹ കാരുണ്യങ്ങളും ഈശ്വര വിശ്വാസവും അതിന്റെ അനുബന്ധ ഗുണങ്ങളായ സദാചാര ബോധവും, സത്യസന്ധതയുമൊക്കെ പ്രസംഗവേദികളിലും ശിലാരേഖകളിലും  ഒതുങ്ങിപ്പോയി. മനുഷ്യര്‍ സ്വാര്‍ത്ഥതയുടെയും ആര്‍ത്തിയുടെയും പര്യായ വാചികളായി തരം താണു. അവിശ്വസ്തമായ ദാമ്പത്യത്തില്‍ സ്‌നേഹ വിശ്വാസങ്ങള്‍ കാണാ മറയത്താണല്ലോ. ഒരേ കട്ടിലില്‍ ധ്രുവങ്ങളുടെ അകലവും സൈബീര്യയിലെ തണുപ്പും കേവലം സാമാന്യവല്‍ക്കരണമേ വിവക്ഷിക്കുന്നുള്ളൂ എന്നത് പ്രസ്താവ്യം.

യോഗിവര്യനായ തിരുവള്ളൂവര്‍ ത്രികാല ജ്ഞാനിയായിരുന്നുവല്ലോ. ഗ്രൃഹസ്ഥാശ്രമിക്ക് ആദ്യം വേണ്ടത് പരിത്യാഗശീലമാണ്. തന്റെ കുടുംബത്തെ ശരിയാവണ്ണം സംരക്ഷിക്കേണ്ട ചുമതല അദ്ദേഹത്തിനാണ്.(മുന്‍ കാലങ്ങളില്‍) സ്ത്രീകള്‍ ഭര്‍ത്തൃ ശുശ്രൂഷയിലും ശിശുപരിപാലനത്തിനും ശ്രദ്ധിച്ച് തുഷ്ടിയോടെ കഴിഞ്ഞിരുന്ന ആ നല്ല കാലം-ഇന്നത് ഒരു ബാലികേറാമലയായി അകന്നും ഉയര്‍ന്നു നില്‍ക്കുന്നു.

ഫെമിനിസം എന്നാല്‍ പുരുഷനെ ധിക്കരിച്ച് ഒപ്പത്തിനൊപ്പമോ, അതിലും ഉപരിയോ എന്ന തെറ്റായ ധാരണയും പേറി കുടുംബം കുട്ടിച്ചോറാക്കുന്ന പ്രവണത ഏതോ ഭൂതബാധപോലെ പെണ്‍വര്‍ഗ്ഗത്തെ പടര്‍ന്നു പിടിച്ചിരിക്കുന്നു. സ്ത്രീക്കു പുരുഷനും വ്യത്യസ്ഥ ധര്‍മ്മങ്ങളാണ് നിറവേറ്റാനുള്ളതെന്ന ബാലപാഠം പോലും മറന്നു പോകുന്ന കുറെ സ്ത്രീകള്‍! അവര്‍ക്കു ശിരയായ ദിശാബോധം നല്‍കാന്‍ തഥാ കഥിത ഫെമിനിസ്റ്റുകള്‍ക്കും കഴിയാതെ പോകുന്നു. അതു നില്‍ക്കട്ടെ.

തിരുവള്ളൂവര്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് കുടുംബമെന്ന വ്യവസ്ഥിതിയില്‍ ദായക്രമമനുസരിച്ചുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും കുടുംബ അന്തസ്സിന് കോട്ടം തട്ടാതെ നിഷ്‌കപടതയോടെ അതിഥ്യമര്യാദകള്‍ പാലിക്കയും അന്തസ്സാര്‍ന്ന പെരുമാറ്റം ബന്ധുമിത്രാദികളോടും മറ്റും നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ്.

കെട്ടുറപ്പുള്ള കുടുംബത്തില്‍ ജീവിതം സുരക്ഷിതബോധം വളര്‍ത്തുന്നു. അംഗങ്ങള്‍ ആചാര മര്യാദകള്‍ ശീലിക്കുന്നു. അവധാനപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനം നേടുന്നു.
മാതാ പിതാ-ഗുരു-ദൈവം എന്നാണല്ലോ ക്രമം. മാതാപിതാക്കളില്‍ നിന്നാണ് ജീവിതാഭ്യാസനത്തിന്റെ തുടക്കം. ഗുരു ഈശ്വര ദര്‍ശനത്തിനായി നമ്മുടെ അന്തര്‍ നേത്രങ്ങളുടെ തുറക്കുന്നു. ആന്തരികവും ബാഹ്യവുമായ ജീവിത വിജയത്തിന് ഇച്ചൊന്ന നാല്‍വര്‍ സംഘം നമ്മെ പ്രാപ്തരാക്കുന്നു.

ചുരുക്കത്തില്‍ സമസ്ത നന്മകളുടെയും ഉറവിടം കുടുംബമാകുന്നു. മാതൃകാ ജീവിതം നയിക്കുന്ന കുടുംബം സമൂഹത്തിനു തന്നെയും ഒരു അനുഗ്രഹമാണ്. ഗാന്ധിജി സ്വപ്നം കണ്ട ഇന്‍ഡ്യയും ആ വിധത്തിലുള്ള ഒന്നായിരുന്നു. പക്ഷേ, നാടു രക്ഷപെടുത്താന്‍ നടന്ന ഗാന്ധിജിക്ക് കുടുംബം നോക്കാനായില്ല എന്നത് ഒരു ദുഃഖസത്യം.

തിരുവള്ളുവരുടെ നിരീക്ഷണത്തില്‍ കുടുംബ ജീവിതത്തിന്റെ സന്തോഷ സന്താപങ്ങള്‍ ഏറ്റെടുക്കുന്ന പരിത്യാഗമാണ് സന്യാസ ജീവിതത്തേക്കാള്‍ മഹത്തരം. കാരണം കുടുംബ ധര്‍മ്മത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം ക്ഷുരധാരയിലൂടെ നടക്കുന്നതിനേക്കാള്‍ കഠിനമാണ്.

മാതൃകാ ജീവിതം നയിക്കുന്ന കുടുംബത്തിന്റെയശസ്സ് ആകാശ വിതാനത്തോളം ഔന്നത്യം പ്രാപിക്കുമെന്നും ആചാര്യന്‍ നിരീക്ഷിക്കുന്നു.

ഉത്തമ കുടുംബത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് സ്വാമികള്‍ ഏറെ വാഗ്മിത പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇത് ഒരു ദിങ്മാത്ര ദര്‍ശനം മാത്രം. ശേഷം ഇനിയൊരിക്കല്‍. ഏക്കും ചൊല്ലുമില്ലാതെ തോന്ന്യാസിയകളായി നടക്കുന്ന മക്കളും മറുകണ്ടം ചാടുന്ന രക്ഷിതാക്കളും തങ്ങളുടെ അന്തരാംഗത്തിലേക്ക് നോക്കാന്‍ ഇതു നിമിത്തമാകുമെങ്കില്‍ ഒരു നവീകരണത്തിനു സന്നദ്ധരാകുമെങ്കില്‍ ജീവിതത്തിനു പുതിയൊരു അര്‍ത്ഥവും ലക്ഷ്യബോധവുമുണ്ടായേനെ. ഒക്കെയാണെങ്കിലും നല്ല വീട്ടില്‍ നരിയും പിറക്കുന്ന ഒരു നിര്‍ഭാഗ്യം കണ്ടുവരാറുണ്ട്. ശുക്രന്‍, വ്യാഴം തുടങ്ങിയവയെ ഒഴിവാക്കി ശനിയേയും കേതുവിനെയും പ്രീണിപ്പിക്കുകയാണ് നമ്മുടെ പതിവു ശീലം. കീലം പോലൊരു ബന്ധനമുണ്ടോ? എന്നാല്‍ ദുസ്തഴക്കങ്ങളില്‍ നിന്ന് പുറത്തു ചാടാന്‍ കഠിന യത്‌നം വേണ്ടിവരും. ജയം തീര്‍ച്ച. പരീക്ഷിച്ചറിയുക.

അടുത്തതില്‍ സന്താന സൗഭാഗ്യം.


 തിരുക്കുറള്‍ - ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക