Image

ശ്രീനാരായണ ധര്‍മ്മത്തിന്റെ സാര്‍വ്വകാലിക പ്രസക്തി

Dr. N.P. Sheela, ന്യൂയോര്‍ക്ക്‌ Published on 17 September, 2011
ശ്രീനാരായണ ധര്‍മ്മത്തിന്റെ സാര്‍വ്വകാലിക പ്രസക്തി
ജാതിയുടെയും മതത്തിന്റെയും വിവിധ കക്ഷിരാഷ്‌ട്രീയങ്ങളുടെയും വിഭിന്ന സംഘടനകളുടെയുമൊക്കെ പേരില്‍ വിഘടിച്ചു നിന്നു പോരാടി ഈ ലോക ജീവിതം പ്രതിനിമിഷം കലുഷ മാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ ഗുരു ദേവദര്‍ശനത്തിലേക്ക്‌ ഒരു മടക്ക യാത്രയാണ്‌ പ്രതിവിധി.

നമുക്ക്‌ ദര്‍ശനത്തിനോ ആദര്‍ശങ്ങള്‍ക്കോ ക്ഷാമമില്ല. ബുദ്ധനും കൃഷ്‌ണനും, ക്രിസ്‌തുവും നബി തിരുമേനിയും മാര്‍ക്‌സും മുതല്‍ ശ്രീനാരായണ ഗുരുവരെ എത്രയെത്ര ക്രാന്തദര്‍ശികള്‍; എന്തെന്തു തത്ത്വസംഹിതകള്‍. ഒന്നും വേരോടിയില്ല. നാലു വേദങ്ങളും ആറു ശാസ്‌ത്രങ്ങളും പിരിവും ഉള്‍പ്പിരിവുകളുമുള്‍പ്പെടെ എത്രയെത്ര ഉപനിഷത്തുകള്‍ വേറെയും- വിതക്കാരുടെ പിഴവോ മണ്ണിന്റെ പുഷ്‌ടിദോഷമോ അല്ല കാരണം. മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയും, അഹന്തയും മത്സരബുദ്ധിയും അധര്‍മ്മത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു ധര്‍മ്മമാകുന്ന ഗോവിന്റെ മൂന്നു കാലുകളും നഷ്‌ടപ്പെട്ടു . ശേഷിക്കുന്നതും അനുദിനം നഷ്‌ടപ്രായമായിക്കൊണ്ടിരിക്കുന്നു. ഈ വികട പരിത:സ്ഥിതിയിലാണ്‌ ഗുരു ദര്‍ശനത്തിന്റെ പ്രസക്തി. ഗുരുവിന്റെ ധര്‍മ്മമാര്‍ഗ്ഗം അതീവലളിതമാണ്‌. പണ്ഡിതനും പാമരനും ഒരു പോലെ ഗ്രാഹ്യമായവ. അവിടത്തെ വചനങ്ങള്‍ ശ്രവിക്കുക.
`ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ: സര്‍വ്വത്ര വിജയീ
ഭവതു ശ്രേസേ ന്രുണാം'
(ധര്‍മ്മം തന്നെയാണ്‌ പരമമായ ദൈവം, മഹത്തായ ധനവും അതുതന്നെ ധര്‍മ്മം എല്ലായിടത്തും വിജയിച്ചരുളുന്നു. അതു മനുഷ്യര്‍ക്ക്‌ ശ്രേയസ്സ്‌ കൈവരുത്തട്ടെ)

ഈ തത്വം സര്‍വ്വാത്മനാ സ്വീകരിക്കുന്നവര്‍ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്ന്‌ ഒരിക്കലും വ്യതിചലിക്കയില്ല മനസാ, വാചാ, കര്‍മ്മണാ, ഇതര ജീവജാലങ്ങള്‍ക്ക്‌ ഹാനി വരുത്തുകയുമില്ല.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ഒട്ടൊന്നുമല്ല സജ്ജനങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌ ലോകത്തു നടമാടുന്ന സകല ഹീനകൃത്യങ്ങളുടെയും മൂലകാരണം മതമല്ല, മതവിദ്വേഷമാണെന്ന്‌ സൂക്ഷ്‌മ വിചന്തനത്തില്‍ വ്യക്തമാകും. മനുഷ്യരുടെ സാഹോദര്യവും ഈശ്വരന്റെ ഏകത്വവുമാണ്‌ മതങ്ങളെല്ലാം വിളംബരം ചെയ്യുന്നത്‌. അതാണ്‌ `സര്‍വ്വമതസാരവുമേകം' എന്നു ഗുരു ലളിതമായി പറഞ്ഞുവച്ചത്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം , മനുഷ്യന്‌ എന്ന സൂക്തം പ്രസിദ്ധമാണല്ലോ മതപ്പോരുകളും മദപ്പോരുകളും കണ്ട ആ യതിവര്യന്‍ സമൂഹ നന്മക്കും സമുദായ അഭിവൃദ്ധിക്കും വേണ്ടി തന്നാലായതെല്ലാം ചെയ്‌തു. എല്ലാക്കാര്യങ്ങളിലും ധര്‍മ്മത്തെ പ്രതിഷ്‌ഠിച്ചു . ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ഗുരുവിനെ അദ്ധ്യക്ഷനാക്കിയാണ്‌ ഡോ. പല്‍പു മുന്‍കൈ എടുത്തു സ്ഥാപിച്ചത്‌. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ധര്‍മ്മം എന്ന പദവും ശ്രദ്ധേയമാണ്‌.

നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഗുരിവിന്റെ ഭക്തര്‍ തന്നെ
`ധര്‍മ്മം' വേണ്ടത്ര വികലമാക്കിയിട്ടുണ്ട്‌

ഗുരു വിലക്കു കല്‍പിച്ചത്‌ മൂന്നേ മൂന്നു കാര്യങ്ങള്‍ക്കു മാത്രമാണ്‌. `മദ്യം ഉണ്ടാക്കരുത്‌, കൊടുക്കരുത്‌, കുടിക്കരുത്‌'.

എന്റെ അയല്‍വാസിയും നാരായണ ഭക്തയുമായിരുന്ന രമാദേവി - അവര്‍ ഞങ്ങളുടെ എല്ലാവരുടെയും അമ്മയായിരുന്നു-അവര്‍ പറയാറുണ്ട്‌- ജയന്തി ദിവസം നേതാക്കന്മാര്‍ നല്ലപോലെ മിനുങ്ങി വയറ്റില്‍ കള്ളുകുടവും നിറച്ചുകൊണ്ടാണ്‌ പതാക ഉയര്‍ത്തുന്നത്‌; അതിനുശേഷം കള്ളു ചെയ്യുന്ന കെടുതികളെക്കുറിച്ച്‌ തട്ടുതകര്‍പ്പന്‍ പ്രസംഗവും കാച്ചും. എന്നിട്ടൊരു ചിരിയുണ്ട്‌; അര്‍ത്ഥഗര്‍ഭമായ ആ ചിരി പലപ്പോഴും മന:കണ്ണിിറപ തെളിയു ; ജയന്തി ദിനത്തില്‍ വിശേഷിച്ചും .

നമ്മുടെ നാടിന്റെ മാത്രമല്ല, ഇപ്പോള്‍ ലോകമാകമാനം തന്നെ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ മനസ്സിലാകുന്നത്‌ നമ്മുടെ ജീവിതത്തിലെ ഹൃദ്യഭാവങ്ങള്‍ നിസ്‌തേജമായിക്കൊണ്ടിരിക്കുന്നു .ആദര്‍ശങ്ങളെ മുറുകെ പിടിക്കയും അവയുടെ സാക്ഷാത്‌കാരത്തിനായി സ്വയം സമര്‍പ്പണത്തിന്‌ സന്നദ്ധരാകുകയും ചെയ്യുന്ന യുവതലമുറ ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ്‌ ദൃഷ്‌ടിഗോചരമാകുന്നത്‌. ലക്ഷ്യ ബോധമില്ലാതെ അലയുന്ന ഒരു കൂട്ടം ; അവര്‍ക്ക്‌ ദിശാബോധം നല്‍കാന്‍ പ്രാപ്‌തരായ നേതാക്കള്‍ ഇല്ലെന്നേുള്ളതാണ്‌ അതിനു കാരണമായി ഞാന്‍ കാണുന്നത്‌ . (സാമാന്യസ്വഭാവമേ വിവക്ഷയുള്ളു, ആദര്‍ശസമ്പന്നരായ ചെറിയ ന്യൂനപക്ഷത്തെ വിസ്‌മരിക്കുന്നില്ല)

ഇരുട്ടിന്റെ സാന്ദ്രത തിട്ടപ്പെടുത്താനാവാത്ത ഒരു കാലത്താണ്‌ നാരായണ ഗുരു എന്ന സന്യാസിവര്യന്‍ മരുത്വാമലയിലും വേളി മലയിലും വര്‍ഷങ്ങളോളം തപം പുരിഞ്ഞ്‌ ആത്മശക്തിയാര്‍ജ്ജിച്ച്‌ സമുഹ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. ഗുരുരിന്റെ അരുവിപ്പുറം പ്രതിഷ്‌ഠ ചരിത്ര പ്രസിദ്ധമാണല്ലോ.

`ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന' മാതൃകാ വ്യവസ്ഥിതിയായിരുന്നു , ഗുരു സ്വപ്‌നം. ആ സ്വപ്‌ന സാക്ഷാത്‌കാരത്തിനായി അദ്ദേഹത്തിന്റെ പിന്‍ മുറക്കാരായ നാം ശ്രമിച്ചില്ലെന്ന്‌ മാത്രമല്ല, ആകാവുന്നത്ര ലജ്ജാകരമായ `കുട്ടീശ്വരവും' ഉണ്ടാക്കിതീര്‍ത്തും. ഇതെഴുതു മ്പോള്‍ ശിവഗിരി സംഭവവും എന്റെ മനസ്സിലുണ്ട്‌. ശാന്തമായി സമാധികൊള്ളുന്ന ഗുരുദേവ സന്നിധിയില്‍ പോലീസിന്റെ നായാട്ടുവരെ നാം കാര്യങ്ങള്‍കൊണ്ടെത്തിച്ചു.

ഇന്നും നാം പ്രായശ്ചിത്തത്തിന്‌ സന്നദ്ധരല്ലെന്നുള്ളതാണ്‌ ഖേദകരമായ വസ്‌തുത. ചേരിതിഞ്ഞ്‌ പരസ്‌പരം ചെളിവാരി യെറിയുന്ന ഏര്‍പ്പാടാണ്‌ ഇപ്പോഴും തുടരുന്നത്‌ വിവേകിതയുടെ ലക്ഷണമ#്‌ല,പ്രത്യുത കൃതഘ്‌നതയുടെ സുനിശ്ചിത ചിഹ്നമാണ്‌ .

ആര്‍ഷഭാരത ഹസംസ്‌കൃതിയില്‍ മതസമന്വയത്തിന്റെയും മതസഹി ഷ്‌ണുതയുടെയും അസംഖ്യം രജതരേഖകളുണ്ട്‌. അദൈ്വത ദര്‍ശനമാകട്ടെ, അതിന്റെ അനശ്വര പ്രഭാവമാണ്‌. പ്രത്യാശാ ഭരിതമായ ഈ ഭൂമിക സര്‍വ്വ മതങ്ങള്‍ക്കും സ്വീകാര്യ മായ സര്‍വ്വമതസമന്വയ സമീക്ഷ ഏകോപിപ്പിക്കാനുള്ള പ്രചോദനമേകുന്നു.

ഗമൂഹത്തിന്റെ ഇരുള്‍ നിറഞ്ഞ്‌ അന്തരാത്മാവിലേക്ക്‌ മനുഷ്യത്വത്തിന്റെ നെയ്‌ത്തിരിയുമായി കടന്നു വന്ന ശ്രീനാരായണ ഗുരു എന്ന യതിവര്യന്‍ അനുഷ്‌ഠിച്ച ത്യാഗ പൂര്‍ണ്ണവും ധീരവുമായ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച്‌ അറിയാനും അനുകരിക്കാനുമുള്ള യത്‌നത്തില്‍ നാം എത്രത്തോളം എത്തി നില്‍ക്കുന്നുവെന്ന്‌ ഒരു ആത്മശോധന നടത്താന്‍ ആ ഗുരുവിന്റെ ഡയന്തി ആഘോഷിക്കുന്ന സന്ദര്‍ഭത്തിലെങ്കിലും നാം സന്നദ്ധരാകേണ്ടതാണ്‌. നമുക്ക്‌ പിഴവു പറ്റിയെങ്കില്‍ അത്‌ തിരുത്താനുള്ള ഒരവസരമാക്കി ഇതു മാറ്റേണ്ടതുമാണ്‌ .`ഒന്നും ഗുണപ്പെടാന്‍ പോകുന്നില്ല' എന്ന നൈരാശ്യമാണ്‌ ചെകുത്താന്റെ പണിപ്പുരയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം.

ഗുണപ്പെടാതെ എവിടെപ്പോകാന്‍? ഗുണപ്പെടുത്തണം, അതു നമ്മുടെ ഇച്ഛാശക്തിയെയും തളരാത്ത കര്‍മ്മശേഷിയേയും ആശ്രയിച്ചിരിക്കുന്നു. പ്രത്യാശ കൈവെടിയാതിരുന്നാലെ ഇതു സാധ്യമാകു . ആകയാല്‍ ഒന്നോര്‍ക്കുക, ലോകനന്മക്കായി ഉദ്യമിക്കണമെങ്കില്‍ ത്യാഗബുദ്ധി കൂടിയേ കഴിയൂ.
കര്‍മ്മത്തെ നിര്‍വ്വചിക്കുമ്പോഴൊക്കെയും ഗുരു ധര്‍മ്മത്തിന്‌ ഊന്നല്‍ നല്‍കിയിരുന്നുവെന്ന കാര്യവും വിസ്‌മരിച്ചുകൂടാ. കൂട്ടത്തില്‍ ഈയൊരു സൂക്തവും

സ്വര്‍ണ്ണകാലം കഴിഞ്ഞില്ല
വരുന്നേയുള്ളു കാക്കുവിന്‍
എന്നാലതു വരുത്തേണ്ടത്‌
മനുഷ്യന്റെ കരത്താലെന്നുമോര്‍ക്കുവിന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക