സ്‌ത്രീക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍പ്പണബോധത്തോടെ നേതൃത്വം നല്‍കുന്ന,
ലോകത്തിലെ പത്ത് സ്‌ത്രീകള്‍ക്ക് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം ഓരോ വര്‍ഷവും
നല്‍കുന്ന ധീരതയ്‌ക്കുള്ള അവാര്‍ഡുകളില്‍ ഒന്ന് ഈവര്‍ഷം ഇന്ത്യയ്‌ക്ക്
ലഭിച്ചിരിക്കുന്നു. വാര്‍ത്ത കേട്ടപ്പോള്‍ ഉള്ളില്‍ നിറഞ്ഞത് അഭിമാനമാണ്. ഈ
അവാര്‍ഡിന് അര്‍ഹയായ ഇന്ത്യക്കാരി ആരെണെന്നറിഞ്ഞപ്പോള്‍ അഭിമാനം ആവിയായിപ്പോയി.
അപമാനംകൊണ്ട് തല താഴ്‌ന്നുപോയി.
2007-ല്‍ അന്നത്തെ യു.എസ് സെക്രട്ടറി
ഓഫ് സ്റ്റേറ്റ് ആയിരുന്ന കോണ്ടലീസ റൈസ് ആരംഭിച്ച ഈ അവാര്‍ഡ് ദാനത്തില്‍ ഇതിനകം
67 സ്‌ത്രീകള്‍ ജേതാക്കളായിട്ടുണ്ട്. (ഈവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഈജിപ്‌തുകാരി
സമിരാ ഇബ്രാഹിമിന് അവാര്‍ഡ് വിലക്കിയതുകൊണ്ട് ജേതാക്കളുടെ എണ്ണം 66 ആകും)
അതിലൊരാളാണ് ഈവര്‍ഷം ഇന്ത്യയില്‍ നിന്നുമുള്ള `നിര്‍ഭയ'.
അവാര്‍ഡിന്
അര്‍ഹയാകാനുള്ള യോഗ്യത വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ത്രീകളുടെ
മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹമായ അധികാരലബ്‌ദിക്കുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍
അസാധാരണമായ ധീരതയും നേതൃപാടവവും തെളിയിച്ചവരാകണം.' പല രാജ്യങ്ങളിലും ഈ അസാധാരണ
ഗുണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് യോഗ്യത തെളിയിച്ചിട്ടുള്ള ധീരവനിതകള്‍
നിരവധിയുണ്ട്. അവാര്‍ഡ് ജേതാക്കുളുടെ പ്രവര്‍ത്തന ചരിത്രം അതിനു തെളിവാണ്.
ഇവരില്‍ പലരും ശാരീരികമായ പീഢനങ്ങളേയും വധഭീഷണിയെപ്പോലും നിര്‍ഭയം
നേരിട്ടിട്ടുള്ളവരുമാണ്. മതപരവും സാമുദായികവുമായ ഒറ്റപ്പെടുത്തലുകളില്‍
തളരാത്തവരാണ്. വീട്ടുതടങ്കലും ജയില്‍വാസവും പലവട്ടം അനുഭവിച്ചിട്ടുള്ളവരാണ്.
പോലീസും പട്ടാളവും സ്‌ത്രീകള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങളെ പരസ്യമായി ചോദ്യം
ചെയ്‌തവരാണ്. ആഭ്യന്തര കലാപങ്ങളും സായുധ പോരാട്ടങ്ങളും മയക്കുമരുന്നു വില്‍പ്പനയും
വിഭാഗീയത സൃഷ്‌ടിക്കുന്ന രാജ്യങ്ങളില്‍ ജനകീയ ഐക്യം വളര്‍ത്തുന്ന മുന്നണി
പ്രവര്‍ത്തകരാണ്. 2013-ല്‍ ധീരതയ്‌ക്കുള്ള അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ട പത്തു
സ്‌ത്രീകളില്‍ ഒമ്പതു പേരും ഈ യോഗ്യതകള്‍ ഉള്ളവരാണ്. എന്നാല്‍ `നിര്‍ഭയ' മാത്രം
വേറിട്ടുനില്‍ക്കുന്നു.
ഈ അവാര്‍ഡിനായി ഇന്ത്യയില്‍ നിന്നും കണ്ടെത്തിയത്
കൂട്ടബലാത്സംഗത്തില്‍ മൃഗീയമായി കൊല്ലപ്പെട്ട, പേരു പുറത്തുപറയാന്‍ വിലക്കുള്ള, ഒരു
ഇരുപത്തിമൂന്നുകാരിയെയാണ്. പ്രതിരോധശക്തി തകര്‍ക്കപ്പെട്ട നിസഹായായ ആ യുവതിയുടെ
ദുരന്തം മന:സാക്ഷിയുള്ള ആരിലും അമര്‍ഷത്തിന്റെ തീജ്വാല ഉയര്‍ത്തും. പക്ഷെ, ആ യുവതി
ധീരതയ്‌ക്കുള്ള അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടോ? അതിനുള്ള `യോഗ്യത'
അവള്‍ക്കുണ്ടോ?
ജീവിതത്തിലൊരിക്കലെങ്കിലും സ്‌ത്രീ വിമോചനത്തിനുവേണ്ടി അവള്‍
പ്രവര്‍ത്തിച്ചിട്ടില്ല. സ്‌ത്രീകള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന വൈകാരികവും
ശാരീരികവുമായ കടന്നാക്രമണങ്ങള്‍ക്കെതിരേ പ്രതിക്ഷേധിച്ചിട്ടില്ല.
സ്‌ത്രീക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലും അംഗമായിട്ടില്ല.
അവയോട് സഹകരിച്ചിട്ടില്ല. സ്‌ത്രീകളുടെ മനുഷ്യാവകാശത്തിനുവേണ്ടി സമരം
ചെയ്‌തിട്ടുള്ള പലര്‍ക്കും നേരിടേണ്ടിവന്നിട്ടുള്ള അവഹേളനമോ, പീഢനമോ, ഭൃഷ്‌ടോ,
ജയില്‍വാസമോ, വധഭീഷണിയോ ഈ യുവതിക്ക് നേരിടേണ്ടിവന്നിട്ടില്ല. കാരണം, ആ
രംഗത്തൊന്നും അവള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ധീരപ്രവര്‍ത്തനങ്ങളിലൂടെ സ്‌ത്രീകളെ
ഉദ്ധരിക്കുന്ന ധീരവനിതകള്‍ക്കുള്ള അവാര്‍ഡിന് ഈ കുട്ടിക്ക് എന്താണ് യോഗ്യത?
മരണക്കിടക്കയില്‍ കിടന്ന് മൊഴി നല്‍കിയപ്പോള്‍ `എനിക്കു ജീവിക്കണം' എന്നും
`കുറ്റക്കാരെ ശിക്ഷിക്കണം' എന്നും, പറഞ്ഞതാണോ ധീരതയുടെ ലക്ഷണം? അതാണോ സ്‌ത്രീ
വിമോചനത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ആഹ്വാനം! ആ കുട്ടി അര്‍ഹിക്കുന്നത്
ധീരതയ്‌ക്കുള്ള അവാര്‍ഡല്ല, മനസാക്ഷിയുള്ള എല്ലാ നല്ല മനുഷ്യരുടേയും സഹതാപമാണ്. ആ
സഹതാപം ഇന്ത്യന്‍ ജനത ഒട്ടടങ്കം ധീരതയോടെ അറിയിച്ചുകഴിഞ്ഞു.
ധീരവനിതകളുടെ
പട്ടികയില്‍ ഒരു ഇന്ത്യക്കാരിയെക്കൂടി ഉള്‍പ്പെടുത്തണമെന്നുള്ള യു.എസ്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ താത്‌പര്യം സഫലമാക്കാന്‍ തികച്ചും
യോഗ്യതയുള്ള ആയിരക്കണക്കിന് സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഇന്ത്യയിലുണ്ട്.
സ്‌ത്രീകളുടെ ക്ഷേമത്തിനും മോചനത്തിനും വേണ്ടി അര്‍പ്പണ മനോഭാവത്തോടെ
പ്രവര്‍ത്തിക്കുന്ന ആയിരങ്ങളില്‍ ചിലരുടെ പേരുകള്‍: മേധാ പട്‌കര്‍, വന്ദനശിവ,
അരുന്ധതി റോയ്, മല്ലികാ സാരാഭായ്, സേഹ്‌ബാ ഹുസൈന്‍....ഈ ലിസ്റ്റ് വളരെ നീളും.
ഇവരില്‍ ചിലരുടെ വീക്ഷണങ്ങള്‍ ആവാര്‍ഡ് ദാതാക്കള്‍ക്ക് അരോചകമായേക്കാം. എങ്കില്‍,
സ്വീകാര്യമായവര്‍ നൂറുകണക്കിന് വേറെയുണ്ടല്ലോ? ഇവരെയെല്ലാം അവഗണിച്ചുകൊണ്ട്
ധീരതയ്‌ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ബലാത്സംഗത്തിന്റെ ഇരയെതന്നെ കണ്ടെത്തിയത്
ഇന്ത്യന്‍ ജനതയുടെ ദേശാഭിമാനത്തെ എത്തരത്തില്‍ അവഹേളിക്കുമെന്ന് പരിശോധിക്കേണ്ടത്
ഇന്ത്യയുടെ ഭരണകര്‍ത്താക്കളാണ്. `പാമ്പാട്ടികളുടേയും, തെരുവു പട്ടികളുടേയും,
ഭിക്ഷയാചിക്കുന്ന പട്ടിണി പാവങ്ങളുടേയും നാട്' എന്ന അവഹേളനത്തിന്റെ മാറാപ്പ്
ഇന്ത്യന്‍ ജനതയുടെ തോളില്‍ തൂക്കിയിട്ടിരിക്കുന്നവര്‍ക്ക് ഇനിമുതല്‍ ഒന്നുകൂടി
കൂട്ടിച്ചേര്‍ക്കാം. `ബലാത്സംഗത്തിന്റെ നാട്' എന്ന്. ആ ആരോപണത്തിനു തെളിവു
നല്‍കുന്ന ചരിത്ര സംഭവമായി വേണം ഈ അവാര്‍ഡിനെ വിവരമുള്ളവര്‍
വിലയിരുത്താന്‍.
ഡല്‍ഹി കൂട്ടബലാത്സംഗത്തിനുശേഷം നാള്‍ക്കുനാള്‍ നടന്ന
സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ജനതയുടെ സമുന്നതമായ സംസ്‌കാരത്തിന്റെ
സവിശേഷത ബോധ്യപ്പെടും. ഈ സംഭവത്തില്‍ പ്രാദേശിക നിയമപാലകര്‍ നിഷ്‌ക്രിയരായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഇരയില്‍ കുറ്റംചുമത്തി. കേന്ദ്ര ഭരണകൂടം നിസ്സംഗതപാലിച്ചു.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചില്ല. ജാതി-മത സംഘടനകള്‍ വികാരത്തിനു
തിരികൊളുത്തിയില്ല. പക്ഷെ, ജനങ്ങള്‍ പ്രതികരിച്ചു. ശക്തിയായി പ്രതിക്ഷേധിച്ചു.
രാഷ്‌ട്രീയ കക്ഷികളുടേയോ, മതസംഘടനകളുടേയോ പിന്തുണ കൂടാതെ ജനങ്ങള്‍ തെരുവിലിറങ്ങി.
നൂറുകണക്കിന്, ആയിരക്കണക്കിന്, പതിനായിരക്കണക്കിന്. അവരില്‍ അധികവും സ്‌ത്രീകളും
കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന സാധാരണക്കാരായിരുന്നു. ദിവസക്കൂലിയും
ശാപ്പാടും കൊടുത്ത് ഇവന്റ്‌മാനേജ്‌മെന്റുകാര്‍ ഇറക്കുമതി ചെയ്‌ത
പ്രകടനത്തൊഴിലാളികളായിരുന്നില്ല. ഡല്‍ഹി പോലീസ് വഴി വിലക്കി. പട്ടാളം തോക്കും
ജലപീരങ്കിയും പ്രയോഗിച്ചുനോക്കി. വിലക്കും ഭീഷണിയും നിഷ്‌ഫലമായി. പട്ടാളത്തിന്റെ
ആയുധബലത്തെ പരാജയപ്പെടുത്തിക്കൊണ്ട് ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയാറായി
സാധാരണ ജനങ്ങള്‍ ഡല്‍ഹിയും ഇന്ത്യ ആകെത്തന്നെയും രോഷമിരമ്പുന്ന
പ്രതിക്ഷേധക്കടലാക്കി മാറ്റി. ഇന്ത്യന്‍ ജനതയുടെ ആത്മധൈര്യം വിളംബരം ചെയ്യുന്ന
പ്രകടനമായിരുന്നു ആ നാളുകളില്‍ നടന്നത്. അവരുടെ ആത്മബലത്തിനിയാരുന്നു
ധീരതയ്‌ക്കുള്ള അവാര്‍ഡ് നല്‍കേണ്ടിയിരുന്നത്. അവരുടെ നിലയ്‌ക്കാത്ത മുറവിളിയാണ്
സ്‌ത്രീ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികളെ ഉണര്‍ത്തിയത്.
പക്ഷെ, അവാര്‍ഡുദാനക്കാര്‍ ഇന്ത്യന്‍ ജനതയുടെ ആത്മബലം ഉയര്‍ത്തിപ്പിടിച്ച
തീപന്തത്തിന്റെ ചൂടറിഞ്ഞില്ല, വെളിച്ചം കണ്ടില്ല. അവര്‍ക്കുത്സാരം ബലാത്സംഗത്തില്‍
കൊല്ലപ്പെട്ട ഇരയെ കണ്ടെത്തുന്നതിലായിരുന്നു!
ഈ അവാര്‍ഡുലബ്‌ദിയില്‍
ഇന്ത്യയിലെ ചില മാധ്യമങ്ങളും, ചുരുക്കം ചില സാമൂഹ്യ പ്രവര്‍ത്തകരും ഹര്‍ഷപുളകിതരായി
പ്രസ്‌താവനകളിറക്കി. അസ്ഥാനത്ത് ആലുകിളിര്‍ത്താല്‍ അതും ചിലര്‍ക്കു തണലാണ്. ആ
തണലില്‍ മയങ്ങുന്നവര്‍ക്ക് ഈ അവാര്‍ഡ് ഒരു പുതപ്പാണ്. പക്ഷെ, ഇന്ത്യയെ
കണ്ടെത്തുന്നവര്‍ക്ക്, ഇന്ത്യയുടെ ആത്മാവ് എന്തെന്ന് തിരിച്ചറിഞ്ഞവര്‍ക്ക്,
ഇന്ത്യന്‍ ജനതയ്‌ക്ക് ഈ അവാര്‍ഡ് ഒരു അപമാനമാണ്.