Image

`ദേശസ്‌നേഹി' (ഡോ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം-9

സുധീര്‍ പണിക്കവീട്ടില്‍ Published on 10 April, 2013
`ദേശസ്‌നേഹി' (ഡോ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം-9
(ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ Sojourner's Rhapsodies In Alphabetical Order' എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിലെ "Patriot' എന്ന കവിതയെക്കുറിച്ചുള്ള നിരൂപണം)

സുധീര്‍ പണിക്കവീട്ടില്‍

ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്ന്‌ കേട്ടാലൊ തിളക്കണം ചോര ഞരമ്പുകളില്‍... ഇത്‌ മലയാളത്തിലെ അഭിവന്ദ്യനായ ഒരു പഴയ കവിയുടെ അഭിപ്രായം. വാസ്‌തവത്തില്‍ അത്‌ വായിച്ച്‌ ചോര തിളച്ചവര്‍ ഇപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന്വര്‍ ഉണ്ടായിരുന്നു/ഉണ്ടായിരിക്കാം. എന്നാല്‍ ഇക്കാലത്ത്‌ ആ ചോര അങ്ങനെ തിളക്കുന്നില്ലെന്നാണ്‌ അമേരിക്കന്‍ മലയാളി കവി ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ ` Patriot' എന്ന കവിത സൂചിപ്പിക്കുന്നത്‌.

കവിതയിലെ `പട്രിയോട്ട്‌' എന്ന പദം കൊണ്ട്‌ അമേരിക്ക യുദ്ധങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയ ഒരു മിസ്സൈലിനെയാണ്‌ ഉദ്ദേശിക്കുന്നത്‌. അതേസമയമാ പദത്തിനര്‍ഥം `ദേശസ്‌നേഹി' എന്നുമുണ്ട്‌. അമേരിക്കയില്‍ ജീവിക്കുന്നത്‌ കൊണ്ട്‌ അദ്ദേഹം കവിതയില്‍ അമേരിക്ക എന്ന രാജ്യവും അതിന്റെ വിദേശനയവും തന്റേതായ നിഗമനങ്ങളെ പ്രബലപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ട്‌.

കവിത തുടങ്ങുന്നത്‌ ഒരു കടങ്കഥയിലൂടെയാണ്‌.. (when all patriots are missiles and the missiles miss a patriot, will the last patriot be safe to operate the lost missile) എല്ലാം ദേശസ്‌നേഹികളും പ്രക്ഷേപണാസ്ര്‌തങ്ങളാകുമ്പോള്‍, ആ പ്രക്ഷേപണാസ്ര്‌തങ്ങള്‍ ഒരു ദേശസ്‌നേഹിയെ തൊടാതെ ഉന്നം തെറ്റി നഷ്‌ടപ്പെട്ട്‌ പോകുമ്പോള്‍, അവസാനത്തെ ദേശസ്‌നേഹി നഷ്‌ടപ്പെട്ട പ്രക്ഷേപണാസ്‌ത്രത്തെ പ്രവര്‍ത്തിപ്പിക്കാന്‍ സുരക്ഷിതനായിരിക്കുമോ? രണ്ടും ഒന്നാകുമ്പോള്‍ പിന്നെ അത്‌ പ്രവര്‍ത്തിക്കേണ്ട ആവശ്യം വരുന്നില്ലെന്ന്‌ വേണമെങ്കില്‍ നമുക്ക്‌ ഉത്തരം പറയാം. അതിന്റെ ശരിയായ ഉത്തരം തേടി പോകുന്നതിനു മുമ്പ്‌ വായനക്കാരന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്‌. പ്രക്ഷേപണാസ്ര്‌തത്തെ ദേശസ്‌നേഹികളോട്‌ കവി താരതമ്യം ചെയ്യുന്നു.ല്‌പദേശസ്‌നേഹി എന്നാല്‍ നമ്മുക്കൊക്കയറിയാം. സ്വന്തം നാടിനെപ്പറ്റി പറയുമ്പോള്‍ ചോര തിളക്കുന്നവന്‍, സ്വന്തം നാടിനു വേണ്ടി ജീവന്‍ നല്‍കുന്നവന്‍ അങ്ങനെ ഉദാത്തമായ അനവധി വിശേഷണങ്ങള്‍ ഈ ഉല്‍ക്രുഷ്‌ട വ്യക്‌തികള്‍ക്കുണ്ട്‌. അവര്‍ പ്രക്ഷേപണാസ്‌ത്രങ്ങളായെങ്കില്‍ എന്ന്‌ കവി ഉപയോഗിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം തേടുമ്പോള്‍ പ്രക്ഷേപണാസ്‌ത്രങ്ങള്‍ എന്താണെന്ന്‌ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. ഏതോ ശാസ്‌ത്രജ്‌ഞന്‍ രൂപകല്‍പ്പന ചെയ്‌ത ഒരു മാരകായുധമാണത്‌. ഒരു സ്വിച്ച്‌ അമര്‍ത്തുമ്പോള്‍ എവിടെ പോയി വീഴണമെന്ന്‌ മുന്‍ കൂട്ടി തീരുമനിച്ച്‌ പ്രോഗ്രാം ചെയ്‌ത പോലെ അത്‌ ചെന്നു്‌ വീഴുന്നു. അതിന്റെ ജീവന്‍ അതിനെ കൈകാര്യം ചെയ്യുന്നവരുടെ കയ്യിലാണു. ആരോ തള്ളി വിടുമ്പോള്‍ കത്തിജ്വലിച്ച്‌ എവിടെയോ പോയി വീണു നശിച്ച്‌ പോകുന്ന ഒരു ഉപകരണം. ദേശത്തിനു വേണ്ടി ചോര തിളച്ച്‌ നടക്കുന്നവരും ആ പ്രക്ഷേപണാസ്‌ത്രങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്ന്‌ കവിതയില്‍ പിന്നീട്‌ നല്‍കുന്ന അറിവുകളിലൂടെ നമ്മള്‍ മനസ്സിലാക്കും. അത്‌ മനസ്സിലാക്കുമ്പോള്‍ പലരുടേയും ചോര അങ്ങനെ തിളക്കില്ലെന്നാണു കവി സ്‌ഥാപിക്കുന്നത്‌.

ദേശസ്‌നേഹം സ്വന്തം മാതൃഭൂമിയോടുള്ള സ്‌നേഹമാണെന്ന്‌ ഓരോ പൗരനും അവരവുടെ രാജ്യത്ത്‌ വച്ച്‌ മനസ്സിലാക്കുന്നു. ആഗോളീകരണത്തിന്റെ സ്വാധീനത്തില്‍ ഇപ്പോള്‍ പലരും അവരുടെ മാതൃഭൂമികള്‍ കൈമാറുന്നു. അപ്പോള്‍ ഒരിക്കല്‍ തന്റെ മാതൃഭൂമിയായിരുന്നത്‌ ഇപ്പോള്‍ അല്ലാതാകുന്നു. തന്മൂലം ഈ ദേശസ്‌നേഹം കുറയാമെന്നും കവി സൂചിപ്പിക്കുന്നുണ്ട്‌. കവിതയിലെ തുടക്കത്തിലെ കടങ്കഥ ഒരു പക്ഷെ മേല്‍പറഞ്ഞ യാഥാര്‍ഥ്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. സ്വന്തം മാതൃഭൂമി നഷ്‌ടപ്പെട്ടവന്‍ അവനു ഒരു മിസ്സൈല്‍ കയ്യില്‍ കിട്ടിയാല്‍ അവന്‍ ആര്‍ക്ക്‌ നേരെ പ്രയോഗിക്കും. ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ കവിതകള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം അദ്ദേഹം ഉള്ളടക്കം ചെയ്യുന്ന വിഷയത്തിന്റെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും കൂട്ടി വായിച്ചുകൊണ്ട്‌ ഒരു പുതിയ ആശയത്തെ സമര്‍ഥിക്കുന്നു എന്നാണ്‌.

ആയിരത്തിഒന്ന്‌ രാവുകള്‍ എന്ന കലാസൃഷ്‌ടിയെ കുറിച്ച്‌ കവി പരാമര്‍ശിച്ചിരിക്കുന്നത്‌ വളരെ ഹൃദ്യമാണ്‌. ആയിരത്തിയൊന്നു രാവുകളിലൂടെ ഒരു മൊഞ്ചത്തി പെണ്ണു സാഡിസം എന്ന രോഗത്തിനു അടിമയായ ഒരു സുല്‍ത്താനെ കഥ പറഞ്ഞ്‌ രസിപ്പിക്കുമ്പോള്‍ അമേരിക്കയുണ്ടാക്കിയ പാട്രിയോട്ട്‌ എന്ന മിസ്സൈല്‍ ഏത്‌ നിമിഷവും അറേബ്യയില്‍ വീഴാന്‍ തയ്യാറായി നില്‍ക്കയാണു. കഥയിലെ ജിഞാസയും രസവും നഷ്‌ടപ്പെട്ടാല്‍ സുന്ദരിയുടെ തല സുല്‍ത്താന്‍ വെട്ടും.. ആ ഒരു രംഗം അമേരിക്കയുടെ ഇറാക്കുമായുള്ള യുദ്ധവുമായി കവി ബന്ധിപ്പിച്ചിരിക്കുന്നത്‌ വായനക്കാരന്റെ ഭാവനക്കും ചിറക്‌ നല്‍കുന്ന വിധമാണ്‌. കാരണം യുദ്ധവ്യവസ്‌ഥകള്‍ ഇറാക്ക്‌ മാനിക്കാതെ വരുമ്പോള്‍ `മിസ്സൈലുകള്‍' ആ രാജ്യത്ത്‌ ചെന്നു വീഴുമെന്ന്‌ നിശ്‌ചയം. കഥ പറയുന്നവളുടെ തല പോകുന്ന പോലെ.

സുല്‍ത്താന്റേയും സുല്‍ത്താന്റെ സഹോദരന്റേയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോട്‌ ലൈംഗിക വിശ്വസ്‌തത പുലര്‍ത്തിയില്ല എന്ന കാരണാത്താല്‍ ഓരോ രാത്രിയില്‍ ഓരൊ കന്യകമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തി പുലരുമ്പോള്‍ അവരെ കൊന്നു കളയുക എന്ന ന്യായം നടപ്പില്‍ വരുത്തിയവനാണ്‌ സുല്‍ ത്താന്‍. ആ കഥക്ക്‌ കവിതയില്‍ പ്രസക്‌തിയുണ്ട്‌. ഇറാക്കില്‍ ഒരു ഭരണാധികാരി അദ്ദേഹത്തിന്റെ കര്‍മ്മപരിപാലനത്തില്‍ അധര്‍മ്മം കലര്‍ത്തിയത്‌കൊണ്ട്‌ ആ രാജ്യത്തിലെ പ്രജകള്‍ എല്ലാവരും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കണമെന്ന നീതി ശരിയല്ല.

സ്വന്തം രാജ്യത്തെ സ്‌നേഹിക്കാനും അതിനായി ജീവന്‍ അര്‍പ്പിക്കാനും ആഹ്വാനം ചെയ്യുന്ന ദേശീയഗാനങ്ങള്‍ വികലമായി വ്യാഖാനിക്കപ്പെടുമ്പോള്‍ പൗരന്മാരില്‍ ദേശ സ്‌നേഹം ഭ്രാന്തമാകുന്നു. ഏഴു തരം കൂദാശകളിലെ ഒന്നായ പാശ്‌ച്‌താപം (penance-confession) സ്വീകരിച്ചതിനു ശേഷം എങ്ങനെയെങ്കിലും ജയിക്കാനുള്ള ഒരു മാനസികാവസ്‌ഥ ഒരാളില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. വാസ്‌തവത്തില്‍ ദേശസ്‌നേഹം തലക്കടിക്കുമ്പോള്‍ കൊലപാതകം പാതകമല്ലാതായ്‌ തീരുന്നു. ശത്രുരാജ്യത്തിലെ പ്രജകളെ കൊന്നൊടുക്കുന്നത്‌ പുണ്യമായി കരുതുന്നു. തന്മൂലം അവര്‍ കൊല്ലാതിരിക്കണമെന്ന പ്രമാണം വിസ്‌മരിക്കുന്നു ജുഡിത്തിന്റെ പുസ്‌തകത്തില്‍ (സുന്ദരിയായ ഒരു ജൂത വിധവ) അവള്‍ അവളുടെ വിശ്വസ്‌ത്യയായ ദാസിയുമായി പോയി ശത്രു രാജ്യത്തെ യുദ്ധതലവന്റെ തല വെട്ടി വരുന്നതിനെക്കുറിച്ച്‌്‌ പറയുന്നുണ്ട്‌. യുദ്ധതലവനെ തന്റെ സൗന്ദര്യം കൊണ്ട്‌ ഭ്രമിച്ച്‌ പൊള്ളയായ വഗ്‌ദാനങ്ങളില്‍ മയക്കി അദ്ദേഹത്തെ വിശ്വാസത്തിന്റെ വാള്‍മുനയില്‍ അറത്തെടുത്തു. അവര്‍ ഈശ്വരവിശ്വസിയായിരുന്നു, ഇ്ര്രസായേല്‍ ജനതക്ക്‌ ദൈവവിശ്വസം പോരായെന്ന്‌ ശങ്കിച്ചിരുന്നവരാണവര്‍.. എന്നാല്‍ യുദ്ധകാര്യം വന്നപ്പോള്‍ ശത്രുവിനെ കൊല്ലുക അല്ലെങ്കില്‍ കീഴടക്കുക എന്ന മനസ്സിന്റെ ഉറപ്പ്‌ അവര്‍ പ്രായോഗികമാക്കി. തികഞ്ഞ ഈശ്വരവിശ്വാസിയായിട്ടും! ജയിക്കാനുള്ള അദമ്യമായ ആവേശം ചിലപ്പോള്‍ പ്രത്യാഘാതങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അത്‌ കൊണ്ടാണ്‌ കൂദാശകള്‍ കൈകൊണ്ടിട്ടും ദേശ സ്‌നേഹത്തിന്റെ ലഹരിയില്‍ കൊല ചെയ്യുന്നത്‌. അത്‌ കൂദാശകളില്‍ ഒന്നിനു വിപരീതമാണ്‌ ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതകളിലെ അന്തര്‍ധാരകളിലേക്ക്‌ കടന്ന്‌ ചെക്ലുമ്പോള്‍ അറിവിന്റെ ബ്രഹത്തായ ഒരു ലോകമാണു കാണുക. വളരെ ശ്രദ്ധയോടെ നിരീക്ഷണം നടത്തുമ്പോളാണു്‌ നമുക്ക്‌ കവിതയിലെ ഇതിവൃത്തങ്ങളെക്കുറിച്ച്‌്‌ ഒരു ഉള്‍ക്കാഴ്‌ച കിട്ടുന്നത്‌.

അറേബ്യയിലെ മണലാരണ്യങ്ങളുടെ വിജനതയില്‍ പതിച്ച്‌ എന്നന്നേക്കുമായി നഷ്‌ടപ്പെടുന്ന ഒരു ദേശസ്‌നേഹിയെപറ്റി (patriot-missile) കവിതയില്‍ പ്രതിപാദിക്കുന്നുണ്ട്‌. അതേസമയം പ്രക്ഷേപണാസ്‌ത്രങ്ങളേയും ദേശസ്‌നേഹികളായി ചിത്രീകരിച്ചിട്ടിട്ടുണ്ട്‌. അപ്പോള്‍ ദേശസ്‌നേഹികള്‍ അന്യദേശത്ത്‌ അനാഥരായി കൊല്ലപ്പെടാന്‍ അല്ലെങ്കില്‍ വിസ്‌മരിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്‌, ആരാണു ദേശസ്‌നേഹി? ദേശസ്‌നേഹി എന്നാല്‍ സ്വന്തം രാജ്യത്തോട്‌ സ്‌നേഹവും, അര്‍പ്പണബോധവുമുള്ളവന്‍. ഒരു ചോദ്യം ഇവിടെ ഉയരുന്നു. നമ്മള്‍ എന്തിനാണു മാതൃഭൂമിയെ സ്‌നേഹിക്കുന്നത്‌ , എങ്ങനെയാണ്‌ നമ്മള്‍ നമ്മുടെ അര്‍പ്പണബോധം പ്രക്‌ടിപ്പിക്കേണ്ടത്‌. കവി ജോയ്‌ ടി കുഞ്ഞാപ്പു രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ ദേശീയപതാക കൊണ്ട്‌ പുതപ്പിക്കുന്നതും, ആവേശത്തോടെ ദേശീയ ഗാനം പാടുന്നതും പരാമര്‍ശിക്കുന്നുണ്ട്‌. വീരമരണം പ്രാപിച്ചവരെ വീരാളിപ്പട്ട്‌ കൊണ്ട്‌ പുതപ്പിക്കുക എന്ന ഒരു രീതി പഴയ കാലത്ത്‌ നിലവിലിരുന്നിരുന്നു. (The colored stripes of dignity drapes the corpse of a patriot)
ദേശസ്‌നേഹത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ സമാധാനിക്കുന്നത്‌ അവര്‍ ചെയ്‌ത അപരാധങ്ങള്‍ക്ക്‌ വേണ്ടി ദേശസേവ ചെയ്യാന്‍ എടുത്ത ശപഥത്തിന്റെ ബലത്തില്‍ കുമ്പസരിച്ചുവെന്നാണ്‌. ആ ഒരു സമാധാനം കൊല്ലാനുള്ള ഒരു മൗന സമ്മതം പോലെ ദേശസ്‌നേഹികളുടെ ഹ്രുദയത്തില്‍ വേരൂന്നുന്നു. (The sacraments taken in oath to confirm the belief of confession) പൂര്‍വ്വികര്‍ ചെയ്‌ത തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാകുന്നു അതെല്ലാം ശരിയെന്ന ധാരണയില്‍. ഇവിടെയാണ്‌ പൂര്‍വ്വികര്‍ ചെയ്‌ത വിഢിത്വങ്ങളുടെ ആവര്‍ത്തനം സംഭവിക്കുന്നത്‌.

അമേരിക്കക്കാരെ സമ്പന്ധിച്ചാണെങ്കില്‍ അവര്‍ പറയുന്ന്‌ അവരുടെ പൂര്‍വ്വികര്‍ ഉറങ്ങുന്ന ഭൂമി, തീര്‍ഥാടകരുടെ അഭിമാനമായ ഭൂമി എന്നൊക്കെ. ഇങ്ങനെ ചിന്തിക്കുന്നത്‌ വിഡ്‌ഡിത്വമാണെന്ന്‌ കവി വിവക്ഷിക്കുന്നുണ്ട്‌. ഞാന്‍ എന്റെ പൂര്‍വ്വികര്‍ ജീവിച്ച പോലെ ജീവിച്ച്‌ മരിക്കുമെന്ന്‌ പറയുമ്പോള്‍ അവര്‍ക്ക്‌ പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന ധ്വനിയുണ്ട്‌. അധികാരത്തിന്റെ സന്തതിയാണു വിഢിത്വം. കല്‍പ്പിക്കാനുള്ള അധികാരം പലപ്പോഴും ചിന്തിക്കാനുള്ള കഴിവുകേടുണ്ടാക്കുന്നു എന്ന്‌ രണ്ട്‌ തവണ പുലിസ്‌റ്റര്‍ ബഹുമതി നേടിയ ബാര്‍ബാര ടക്ക്‌മാന്‍ പ്രസ്‌താവിക്കുകയുണ്ടായി. അതെസമയം കപട ദേശഭക്‌തിയുള്ളവരെപ്പറ്റി സാമുവല്‍ ജോണ്‍സന്‍ പറഞ്ഞു. ദുഷ്‌ടന്മാരുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ദേശ്‌സ്‌നേഹമെന്നു, അത്‌കൊണ്ടാണു കവി ഈ കവിതയിലൂടെ വായനക്കാരന്റെ ചിന്തകളുടെ വാതായനങ്ങള്‍ തുറക്കുന്നത്‌.

ഈ കവിത ദേശസ്‌നേഹത്തെക്കുറിച്ചല്ലെന്ന്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. കവി `ദേശസ്‌നേഹികളെ' കുറിച്ചാണു പറയുന്നത്‌. അതിനായി തിരഞ്ഞെടുത്ത ബിംമ്പം അമേരിക്ക ഉപയോഗിക്കുന്ന ഒരു മിസ്സൈലിന്റെ പേരാണ്‌. അത്‌ വളരെ അര്‍ഥവത്തായിയെന്ന്‌ കവിത വായിച്ചു തീരുമ്പോള്‍ മനസ്സിലാകും. രണ്ടാമതായി ഈ കവിതയില്‍ പൂര്‍വ്വികരുടെ മൂഢത്വത്തെ അല്ലെങ്കില്‍ അവരുടെ തെറ്റിദ്ധാരണയെ പരാമര്‍ശിക്കുന്നുണ്ട്‌. പണ്ട്‌ ചെയ്‌തതെല്ലാം ശരിയെന്ന്‌ ധരിച്ച്‌ അതിനെ പിന്തുടരുന്നത്‌ അഭികാമ്യമല്ലയെന്ന്‌ കവി പറയുന്നു. (in the jarring marching songs vaporize the egoistic libido, and, the patriot falls prey to the eternal folly of forefathers!) ഒരു യോദ്ധവിന്റെ മരണാനന്തര ചടങ്ങുകളും, പതാക പുതപ്പിക്കലും, വീറോടെ ദേശിയ ഗാനം പാടുന്നതും, ജവാന്മാര്‍ എടുക്കുന്ന പ്രതിജ്‌ഞയും
എല്ലാംഭൂതകാല നടപടിക്രമങ്ങള്‍ അതേപ്പടി അനുകരിക്കയാണു ചെയ്യുന്നത്‌. അത്‌കൊണ്ട്‌ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന്‌ പ്രത്യക്ഷത്തില്‍ കാണുമ്പോള്‍ ദോഷപരിഹാരത്തിനു ശ്രമിക്കാന്‍ കവി ഉദ്‌ബോധിപ്പിക്കുന്നു. കൂടാതെ ഓരോ വ്യക്‌തിയും ജീവിതത്തില്‍ എടുക്കുന്ന ദൈവീകമായ തീരുമാനങ്ങള്‍ പലപ്പോഴും ദേശസ്‌നേഹവുമായി ബന്ധപ്പെട്ടു വരുമ്പോള്‍ അതില്‍ നിന്നും വ്യതിചലിക്കേണ്ടി വരുന്നു എന്നും ഒരു സൂചന തരുന്നുണ്ട്‌. ഇംഗ്ലീഷ്‌ ഐഛിക വിഷയമായി പഠിക്കുന്നവര്‍ക്കും, പഠിച്ചവര്‍ക്കും ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതകള്‍ അളവറ്റ വിജ്‌ഞാന സമ്പത്ത്‌ നല്‍കുമെന്നതില്‍ സംശയമില്ല.

ശുഭം
`ദേശസ്‌നേഹി' (ഡോ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം-9
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക