കല്യാണ ശേഷം തമ്മില്‍ കണ്ടാല്‍ പിന്നത്തെ ചോദ്യം 'വിശേഷം' ഉണ്ടോയെന്നാണ്. ഏതാനും വര്‍ഷം കഴിഞ്ഞു കാണുമ്പോള്‍ ചോദിക്കുന്നത് കുട്ടികള്‍ എത്രയെന്നാരിക്കും. അല്ലാതെ ബാങ്കു ബാലന്‍സിനെക്കുറിച്ചോ വീടു വാങ്ങിയതോ വെച്ചതോ ഒന്നുമായിരിക്കില്ല. ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടാകുന്ന വിമ്മിഷ്ടം ചില്ലറയല്ല.
ദാമ്പത്യ ജീവിതത്തിലെ ദുരന്തം ത്രിവിധമാണ്. ദമ്പതികള്‍ തമ്മില്‍ മനപൊരുത്തമില്ലാതിരിക്കുക, അനപത്യത, മക്കള്‍ പ്രതീക്ഷയ്‌ക്കൊത്തു വരാതിരിക്കുക.
സമ്പത്തില്ലെങ്കിലും സന്താനങ്ങള്‍ ഗുണികളാണെങ്കില്‍ അതു തന്നെ സമ്പത്തും മഹാഭാഗ്യവും. ഗാന്ധിജിയെ ഗ്രാവണനെന്ന മുനികുമാരന്റെ കഥ ഏറെ സ്വാധീനിച്ചിരുന്നു.(വാല്‍മീകി രാമായണം, അയോദ്ധ്യാ കാണ്ഡം സ:63) നമുക്കുമുണ്ട് വേറെയും സത് സന്താനങ്ങള്‍. രാജ്യത്തിനുവേണ്ടി ജീവിത ത്യാഗം ചെയ്ത, മീശ മുളച്ചു തുടങ്ങിയിട്ടേയുള്ള ഭഗത് സിംഗ്, രാജഗുരു തുടങ്ങഇയ ധീരദേശാഭിമാനികള്‍ … അക്കഥ പിന്നീട്.
കുടുംബത്തിനു കണ്‍ഠകോടാലിയാകുന്ന മക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണല്ലൊ. മുഖ്യകാരണം വളര്‍ത്തുദോഷം തന്നെ. ദൈവദത്തമായി കുഞ്ഞുങ്ങളെ ശിക്ഷണത്തില്‍ വളര്‍ത്താത്തതാണ് സമൂഹത്തില്‍ ക്ഷുദ്ര ജീവികളുടെ സംഖ്യ വര്‍ദ്ധിക്കാന്‍ കാരണം. പിത്രുഹന്താക്കളും ഇക്കൂട്ടത്തിലുണ്ട്. അവരവിടെ നില്‍ക്കട്ടെ. നമുക്കു സത് സന്താനങ്ങളെക്കുറിച്ച് തിരുവള്ളൂവര്‍ എന്തു പറയുന്നു എന്നു നോക്കാം.
പെരുമവറ്റുള്‍ യാമറിവതില്ലൈ
അറിവറിന്ത മക്കട്‌പേറല്ല, പിറ-
എന്നു പറഞ്ഞാല്‍ ലഭ്യമാകുന്ന നേട്ടങ്ങളില്‍ വച്ച്, വിവേകികളും ജ്ഞാനികളുമായ സന്താനങ്ങളുടെ ലബ്ധിയില്‍ക്കവിഞ്ഞ് നാം മറ്റൊന്നും അറിയുന്നില്ല.
പ്രഭുത്വം, പ്രസിദ്ധി, കണക്കറ്റ ധനം, അധികാരം എന്നിവയൊന്നും സത് സന്താനങ്ങളോട് കിടപിടിക്കുന്നതല്ലെന്ന് സാരം.
ആചാര്യന്‍ തുടര്‍ന്നു പറയുന്നു. മറ്റുള്ളവരെക്കൊണ്ട് ദുഷ്‌പേരു കേള്‍പ്പിക്കാത്ത സദ്ഗുണ സമ്പന്നന്‍മാരായ മക്കളെ ലഭിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് ജന്മ ജന്മാന്തരങ്ങളിലും കഷ്ടകാലം വരുന്നതല്ല.( തിരുവള്ളുവര്‍ പറയുന്ന ഏഴു ജന്മങ്ങള്‍ ദേവന്‍, മനുഷ്യന്‍, മൃഗം, ഇഴജന്തുക്കള്‍, ജലജീവികള്‍, പക്ഷികള്‍, സസ്യങ്ങള്‍)
ഒരാളുടെ യഥാര്‍ത്ഥ സമ്പത്ത് സത് സന്താനങ്ങള്‍ തന്നെയാണ്. അവര്‍ അധ്വാനിച്ചു സമ്പാദിക്കുന്ന സ്വത്തിന് അവരവരുടെ കര്‍മ്മഫലമനുസരിച്ച് മാതാപിതാക്കളും അര്‍ഹരാകും. അതനുഭവിക്കാനുള്ള ഭാഗ്യവും അവര്‍ക്കുണ്ടാകും.
മക്കളുടെ കൊഞ്ചും മൊഴികള്‍ അവര്‍ക്കു കര്‍ണ്ണാനന്തകരവും അവരുടെ മൃദുലവും നിഷ്‌കളങ്കവുമായ കരങ്ങള്‍കൊണ്ട് അവര്‍ അളിച്ചു പിളിച്ചിട്ട ഭക്ഷണവും മാതാപിതാക്കള്‍ക്ക് അമൃത്തേത്താണ്.(സന്യാസിയെങ്കിലും തിരുവള്ളുവരുടെ വാക്കുകള്‍ അനുഭവൈകവേദ്യമായി തോന്നുന്നു..)
അവരുടെ മൃദു സ്പര്‍ശം മാതാപിതാക്കള്‍ക്ക് പുളകോദ്ഗമകാരിയും നിര്‍വ്വൃതി ദായകവുമാണ്. സംഗീതത്തിന്റെ ഉദാത്ത തലങ്ങളെപ്പോലും അധഃകരിക്കാന്‍ പോന്നതാണ് കുഞ്ഞുങ്ങളുടെ നാദസുധ.
മക്കളെ വിദ്യാസമ്പന്നരാക്കുകയാണ് പിതാവിന്റെ ധര്‍മ്മം. അവര്‍ വിദ്വല്‍ സഭയില്‍ ശ്ലീഘനേടുകയും പ്രഥമസ്ഥാനം അലങ്കരിക്കുന്നതും അതിനവരെ യോഗ്യരാക്കുന്നതും അതില്‍ അഭിമാനം കൊള്ളുന്നതും മാതാപിതാക്കള്‍ തന്നെ. എന്നാല്‍ അവരുടെ നന്മയിലും വിശുദ്ധിയിലും ബുദ്ധിശക്തിയിലും നിന്ന് പ്രയോജനം നേടുന്നത് സമൂഹമാണ്.
മകന്‍ പിതാവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. തന്നെ ഈ നിലയില്‍ പോറ്റി വളര്‍ത്താന്‍ ക്ലേശം സഹിച്ച- അദ്ദേഹത്തിന് ക്ലേശമായി തോന്നുകയില്ലെങ്കിലും - പിതാവിന് തന്നെച്ചൊല്ലി അഭിമാനിക്കാന്‍ കഴിയത്തക്കവിധം അവന്റെ എല്ലാ പ്രവര്‍ത്തികളിലും മാന്യത പുലര്‍ത്തണം.
ബൈബിളിലും മകനെ ശിക്ഷണത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതില്ലാതിരുന്നാല്‍ വീടിനും നാടിനും ഉണ്ടാകുന്ന കെടുതികളെക്കുറിച്ചും പരാമര്‍ശമുണ്ട്.
പ്രഭാ-30 നാടിനും വീടിനും ഉതകാത്ത മക്കളുടെ ജനനം ഒരു ശാപം തന്നെയാണ്. അങ്ങിനെ ശാപിത താപിത നിലയില്‍ മക്കള്‍ എത്തിച്ചേരുന്നതിന്റെ കാരണക്കാര്‍ മാതാപിതാക്കള്‍ തന്നെയാണ്. അങ്ങിനെയുള്ള ദമ്പതികള്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതിയാകും. ഭാവിക്കു ഭീഷണിയായ ജനസംഖ്യാ വര്‍ദ്ധന തടയാന്‍ തങ്ങളുടെ 'നിരോധ്' സഹായകമാകും എന്ന ക്രഡിറ്റ് നിങ്ങള്‍ക്ക് സ്വന്തം!