Image

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 10 May, 2013
അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
അമ്മയുടെ സ്‌നേഹം അനന്തമായ ഒരു പ്രവാഹമാണ്‌ യുഗയുഗാന്തരങ്ങളായി അമ്മമാര്‍ ഒഴുക്കുന്ന വാത്സല്യദുഗ്‌ധം നിറഞ്ഞ്‌ ഭൂമിയില്‍ ഒരു പാലാഴി തിരയടിക്കുന്നു. പ്രതിദിനം അതില്‍ നിന്നും കടഞ്ഞെടുക്കുന്ന അമൃതുണ്ട്‌ ഉണ്ണികള്‍ വളരുകയാണു. സൂര്യ രശ്‌മിപോലെ, അമൃതതരംഗിണി പോലെ, മഞ്ഞ്‌ പോലെ, മഴ പോലെ മമതയുടെ ആ അമൃതധാര പ്രക്രുതിയില്‍ അലിഞ്ഞിരിക്കുന്നത്‌കൊണ്ടാണ്‌ പ്രപഞ്ചം നിലനില്‍ക്കുന്നത്‌. പുരാതന ഭാരതത്തിലെ ആയുര്‍വേദ ശാസ്ര്‌തമനുസരിച്ച്‌ ഗര്‍ഭധാരണം മുതല്‍ ശിശു അമ്മയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്‌. അതിനെ സ്വത്വസംഭാഷണമെന്നാണ്‌പറയുന്നത്‌. സത്വം എന്നാല്‍ വെളിച്ചം. ശിശുവിന്റെ ആത്മാവിന്റെ വെളിച്ചവും, അമ്മയുടെ ആത്മാവിന്റെ വെളിച്ചവുമായി പരസ്‌പരം സമ്പര്‍ക്കം പുലര്‍ത്തികൊണ്ടിരിക്കുന്നു. പിറന്ന്‌ വീഴുന്ന ശിശു കേള്‍ക്കുന്നത്‌ അമ്മയുടെ ശബ്‌ദമാണു. കുഞ്ഞ്‌ പറയുന്നത്‌, പഠിക്കുന്നത്‌ അമ്മയുടെ ഭാഷയാണ്‌. അമ്മയുടെ സംരക്ഷണയില്‍ അമ്മ നല്‍കുന്ന മുലപ്പാലില്‍ ഒരു കുഞ്ഞ്‌ വളരുന്നു.എത്രയോ ദിവ്യമാണു മാത്രു-ശിശു ബന്ധം.എല്ലാ ജീവജാലങ്ങളിലും ഇതു പ്രകടമാണ്‌. അമ്മക്ക്‌ മക്കളോടുള്ള സ്‌നേഹം നിബന്ധനകളില്ലാത്തതാണ്‌. അതാണു അമ്മയെ ദേവതയാക്കുന്നത്‌.

ലോകത്തിലെ ഭൂരിപക്ഷം ഭാഷയിലും അമ്മയെ സൂചിപ്പിക്കുന്ന ശബ്‌ദം `മ' എന്ന്‌ ആരംഭിക്കുന്നു. ഉമിനീരൊലിപ്പിച്ചുകൊണ്ട്‌ പിഞ്ചിളം ചുണ്ടുകള്‍ ആ ശബ്‌ദം ഉരുവിട്ട്‌ നിര്‍വൃതികൊള്ളുന്നു. പ്രായമായ മനുഷ്യന്റെയും ചുണ്ടില്‍ എപ്പോഴും ഊറിവരുന്നതും ആ വാക്ക്‌ തന്നെ. അമ്മ എന്ന വാക്കില്‍ മുലപ്പാലിന്റെ മധുരമലിയുന്നു.സ്വഭാവ മഹിമയും കായിക ബലവുമുള്ളവരെ അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ എന്ന്‌ പറയുന്നത്‌ വളരെ ശരിയാണു. മാതാ-പിതാക്കള്‍ കാണപ്പെട്ട ദൈവങ്ങള്‍ എന്ന്‌ വേദങ്ങള്‍ പഠിപ്പിക്കുന്നു. ഒരാള്‍ സന്യാസം സ്വീകരിച്ച്‌ ഈ ലോകത്തിന്റെ ഗുരുവായി അവരോധിക്കപ്പെട്ടാലും അമ്മ കാണാന്‍ വരുമ്പോള്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നെണീറ്റ്‌ അമ്മയുടെ ചരണങ്ങളില്‍ സ്‌പര്‍ശിക്കുന്നു. അമ്മ മകനെ എപ്പോഴും അനുഗ്രഹിക്കുന്നു. എന്നാല്‍ പിതാവ്‌ മകനായ സന്യാസിയുടെ പാദങ്ങളില്‍ സ്‌പര്‍ശിക്കുന്ന സമ്പ്രദായം ഭാരതത്തില്‍ ഉണ്ട്‌. ആര്‍ഷ ഭാരതം അമ്മക്ക്‌ ശ്രേഷ്‌ഠമായ പദവിയാണു നല്‍കിയിരിക്കുന്നത്‌. ഇന്ദ്രനു ബ്രഹ്‌മജ്‌ഞാനം പകര്‍ന്ന്‌ കൊടുക്കുന്നത്‌ പാര്‍വ്വതിദേവിയാണ്‌ (ഉമ). പാര്‍വ്വതിയെ ദിവ്യ മാതാവായി കരുതുന്നു. ഭൂമിയിലെ എല്ലാ അമ്മമാരും ആ ദിവ്യ മാതാവിനു തുല്യരാണെന്ന്‌ കരുതിപോരുന്നു.

മാതൃദിനം എന്നപേരില്‍ ഒരു ദിവസം ആഘോഷിക്കുമ്പോള്‍ മാത്രുത്വത്തിന്റെ മഹത്വം ആ ദിവസത്തില്‍ ഒതുങ്ങുന്ന ഒന്നാണെന്ന്‌ ഇന്നത്തെ തലമുറ ആലോചിച്ചേക്കാം. അതിനു കാരണം പണ്ടത്തെപോലെ ഇപ്പോള്‍ കുട്ടികള്‍ക്ക്‌ അമ്മയുമായി നിതാന്ത സാമീപ്യമില്ലെന്നുള്ളതാണ്‌. കുഞ്ഞിന്റെ അവകാശമായ മുലപ്പാലും അവര്‍ക്ക്‌ കിട്ടുന്നില്ല. അമ്മയല്ലാതൊരു ദൈവമുണ്ടോ, ഈശ്വരനു എല്ലായിടത്തും ഒരേ സമയത്ത്‌ എത്താന്‍ കഴിയാത്തത്‌കൊണ്ട്‌ അദ്ദേഹം അമ്മമാരെ സൃഷ്‌ടിച്ചു എന്നൊക്കെ വാഴ്‌ത്തപ്പെട്ട അമ്മയുടേയും വാത്സല്യത്തിന്റെ അളവില്‍ കാലം പിശുക്ക്‌ കലര്‍ത്തുന്നതായി ആനുകാലിക സംഭവങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.,.
അമ്മയോട്‌ സ്‌നേഹം വേണമെന്ന സന്ദേശം ഈ ഒരു ദിവസം നടത്തുന്ന പ്രകടനങ്ങളിലും പ്രസംഗങ്ങളിലും മാത്രം നിറഞ്ഞ്‌ നിന്നാല്‍ അതിനു അധികം ആയുസ്സ്‌ കാണുകയില്ല. അത്‌ അവിരാമം, അനസ്യൂതം, അഭംഗുരം തുടരേണ്ട അമൂല്യ ബന്ധമാണു്‌. അമ്മയുടെ സ്‌നേഹവും ലാളനയും അനുഭവിക്കാന്‍ ഭാഗ്യമുള്ളവര്‍ അമ്മയെ എന്നും ഓര്‍ക്കുമെന്നതിനു സംശയമില്ല. അവര്‍ക്ക്‌ ഒരു ദിവസത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആവശ്യമില്ല.അതെസമയം ഇങ്ങനെ ഒരു ദിവസം നീക്കി വക്കുന്നത്‌കൊണ്ട്‌ ഇന്ന്‌ സമയത്തിന്റെ പുറകെ ഓടി തളരുന്നവര്‍ക്ക്‌ ആഘോഷിക്കാന്‍ ഒരവസരം കിട്ടുന്നു. ഒരു ദിവസമെങ്കിലും അമ്മയുടെ സ്‌നേഹ തണലില്‍, ഓര്‍മ്മകള്‍ അയവിറക്കി കഴിഞ്ഞ കാലങ്ങള്‍ വീണ്ടെടുത്ത്‌ ആശ്വസിക്കാന്‍ കുറേ നല്ല നിമിഷങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നു.

ഈ കുറിപ്പെഴുതുമ്പോള്‍ ഈ ലേഖകന്‍ അദ്ദേഹത്തിന്റെ മുത്തശ്ശിയെ ഓര്‍ക്കുന്നു. ശ്രീ ഒ.എന്‍.വി.കുറുപ്പിന്റെ `ഉപ്പ്‌' എന്ന കവിത ഇറങ്ങിയ കാലം. അത്‌ വായിച്ചപ്പോള്‍ അതിലെ മുത്തശ്ശിയില്‍ ഞാന്‍ എന്റെ മുത്തശ്ശിയെ കണ്ടു. കവിത മുത്തശ്ശിയെ വായിച്ചു കേള്‍പ്പിച്ചു. കഠിന പദങ്ങള്‍ ഒന്നുമില്ലാത്തത്‌ കൊണ്ട്‌ മുത്തശ്ശിക്ക്‌ മനസ്സിലാകും. പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍ പൂവ്വുപോലിത്തിരിയുപ്പുത്തരിയെടുത്താവി പാറുന്ന പൊടിയരിക്കഞ്ഞിയില്‍ തൂവി പതുക്കെ പറയുന്നു `മുത്തശ്ശി' ഈ വരികള്‍ മുത്തശ്ശി ആഹ്ലാദത്തോടെ കേട്ടു.അടുത്ത്‌ വന്ന വരികള്‍ വായിച്ചപ്പോള്‍ മുഖം മങ്ങി. തോട ഊരികളഞ്ഞ വലിയ കാതുകള്‍ ആട്ടി ഒന്നു കൂടി വായിക്കൂ എന്ന്‌ പറഞ്ഞു.

കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞ്‌ മറഞ്ഞ്‌പോകുമ്പോലെ മുത്തശ്ശിയുംനിന്നനില്‍പ്പിലൊരുനാള്‍ മറഞ്ഞുപോം, എങ്കിലും നിന്നിലെയുപ്പായിരിക്കുമേല്‌പമുത്തശ്ശിയെന്നും, എന്നുണ്ണിയെവിട്ടെങ്ങ്‌ പോകവാന്‍.
മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞു. മരിക്കുന്നതില്‍ മുത്തശ്ശിക്ക്‌ വിഷമമില്ല. മുത്തശ്ശിയുടെ ഉണ്ണിയെ വിട്ട്‌ പോകുന്നതിലാണ്‌ സങ്കടം. എങ്കിലും നിന്നിലെയുപ്പായിരിക്കുമേ മുത്തശ്ശിയെന്ന വരി മുത്തശ്ശിക്ക്‌ ആശ്വാസം നല്‍കി. അത്‌ കഴിഞ്ഞ്‌ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണു മുത്തശ്ശി ഉണ്ണിയെ വിട്ടു പോയത്‌. ഇതെഴുതുമ്പോള്‍ മുത്തശ്ശിയുടെ മുഖത്തെ അന്നത്തെ വിഷാദ ഭാവം എന്റെ മുന്നില്‍ നിറയുന്നു. ആകാശ നീലിമയിലേക്ക്‌ കണ്ണും നട്ട്‌ നിശ്ശബ്‌ദയായി ഇരുന്ന മുത്തശ്ശി. എത്രയോ ദുര്‍ബ്ബലമാണ്‌ മാത്രുഹൃദയം. ദുഃഖവും വേദനയുമായി വരുന്ന കാലത്തിന്റെ, വിധിയുടെ കൈകളെ പിടിച്ച്‌്‌ നിറുത്തുവാന്‍ ആ ഹ്രുദയം വെറുതെ ശ്രമിക്കുന്നു. പരാജയപ്പെടുമ്പോള്‍ വിതുമ്പി കരയുന്നു. മുത്തശ്ശി കോട്ടിയ പ്ലാവില കൊണ്ട്‌ കോരി കുടിച്ച ഉപ്പിട്ട കഞ്ഞിയുടെ രസം നാവിലൂറുന്നു അത്‌ എന്നില്‍ നിമിഷാര്‍ദ്ധത്തേക്ക്‌ ആനന്ദം പകരുന്നു. മുത്തശ്ശി കോട്ടിയ പ്ലാവിലകള്‍ ഇന്നില്ല.
ഇലകള്‍ നല്‍കിയിരുന്ന പ്ലാവും മുറിച്ചു കളഞ്ഞു. മുത്തശ്ശിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണും, മുത്തശ്ശിയെ ദഹിപ്പിച്ച സ്‌ഥലവും ഇപ്പോഴും മക്കളുടേയും, പേരക്കുട്ടികളുടേയും കാലൊച്ചകള്‍ കാതോര്‍ത്ത്‌ കിടക്കുന്നു. ഭാവന അധികമുള്ളവരുടെ മോഹം പോലെ ഞാനും ചില മാത്രകളില്‍ വെറുതെ മോഹിച്ചു പോകുന്നു. മരണദേവന്‍ ഒരു വരം കൊടുത്ത്‌ മുത്തശ്ശിയെ വീണ്ടും ഭൂമിയിലേക്ക്‌ കൂട്ടികൊണ്ട്‌ വന്നെങ്കില്‍ എന്ന്‌. മരണം ഒരു അനിവാര്യതയാണ്‌്‌. നമ്മള്‍, നമ്മള്‍ക്ക്‌ പ്രിയപ്പെട്ടവര്‍ എല്ലാവരും ഒരു ദിവസം ഇഹലോകവാസം വെടിയും. ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളില്‍ അവര്‍ പിന്നീട്‌ ജീവിക്കുന്നു. അത്‌ കൊണ്ട്‌ സ്‌നേഹത്തിന്റെ നാണയതുട്ടുകള്‍ നിര്‍മ്മിക്കാന്‍ എപ്പോഴും ഹൃദയത്തെ സജ്‌ജമാക്കുക. അമ്മമ്മാരെ സ്‌നേഹിക്കുക. ഒരു ദിവസം അവര്‍ നമ്മെ വിട്ട്‌ പോയാലും മായാത്ത ഓര്‍മ്മകളുടെ ലോകത്ത്‌ അവര്‍, നമുക്ക്‌ തൊട്ടുനോക്കാവുന്ന അത്ര അടുത്ത്‌ ഉണ്ടാകും. സ്‌നേഹം അനശ്വരമാണ്‌.

എല്ലാവര്‍ക്കും മാതൃദിന ശുഭദിന ആശംസകള്‍.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക