Image

ശൂര്‍പ്പണഖ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 31 May, 2013
ശൂര്‍പ്പണഖ (പഴയ കാല കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
ബസ്‌..ബസ്‌..

ഒരാളുടെ ഉച്ചത്തിലുള്ള ഒച്ചയും, ഒരു ഓട്ടോറിക്ഷ ബ്രെയ്‌ക്കിടുന്ന ശബ്‌ദവും. (ബസ്‌ ഹിന്ദി വാക്കാണ്‌. മലയാളത്തില്‍ മതിയെന്നര്‍ത്ഥം. ഇവിടെ നിര്‍ത്തിയാല്‍ മതി എന്നു പറയുന്നതിനുപകരം അത്‌ ലോപിച്ച്‌ `മതി, മതി,' എന്നു പറയുന്നു.) പിന്നെ പൊട്ടിച്ചിരികള്‍ മുഴങ്ങുന്ന സംഭാഷണത്തിന്റെ അകമ്പടിയോടെ രണ്ടു പേര്‍ ഗെയ്‌റ്റ്‌ തുറക്കുന്ന ശബ്‌ദം. വടക്കെ ഇന്ത്യയിലെ ചാരം പകര്‍ന്നു നില്‍ക്കുന്ന ഒരു ശിശിര കാല സായാഹ്നമാണു സമയം. ചെറുപ്പത്തിലെ ഭര്‍ത്താവ്‌ മരിച്ചുപോയ ബംഗാളി സ്ര്‌തീ ഗെയ്‌റ്റ്‌ തുറന്ന്‌ വരുന്നവര്‍ തന്റെ വീട്ടിലേക്കല്ല താന്‍ വാടകക്ക്‌ കൊടുത്തിരിക്കുന്ന മുറിയിലേക്കാണെന്ന്‌ മനസ്സിലാക്കി അവരുടെ മുറിയിലേക്ക്‌ കയറിപോയപ്പോള്‍ മറ്റൊരു മുറി തുറക്കപ്പെട്ടു. വന്നു കയറിയവര്‍ പപ്പനും, ശശിയുമാണു. അവരെ കാത്തിരുന്ന മുഷിഞ്ഞയാള്‍ സുനി എന്നു വിളിക്കുന്ന സുനീത്‌ ആണു. വന്നപാടെല്‌പശശി പപ്പന്റെ മുറി ഹിന്ദിയെപ്പറ്റി വിശദീകരിക്ലു. ഓട്ടോ റിക്ഷകാരനോട്‌ വഴി പറഞ്ഞ്‌കൊടുക്കുമ്പോള്‍ വഴി എന്ന വാക്കിന്റെ ഹിന്ദി അറിയാന്‍ വയ്യാതെ `ആ വഴി ഹേ നാ..' എന്ന്‌ കൂട്ടിചേര്‍ത്ത്‌ ഓട്ടോറിക്ഷക്കാരനെ കറക്കിയെന്നും അല്ലെങ്കില്‍ വഴി തെറ്റിക്ലുവെന്നും ശശി പറയുമ്പോള്‍ മങ്ങാത്ത പ്രതിഭയുടെ ഉജ്‌ജ്വല രശ്‌മികള്‍ തിളങ്ങുന്ന തീഷ്‌ണമായ കണ്ണുകളില്‍ ഒരു നറും നിലാവിന്റെ കുളിര്‍മ്മ പകര്‍ത്തി ശശിയുടെ പരിഹാസം ആസ്വദിക്കുന്ന പപ്പനില്‍ പരിഭവം തീരെയില്ല.

എവിടെപ്പോയാലും അവിടെയെല്ലാം കുസ്രുതിത്തരങ്ങള്‍ ഒപ്പിച്ച്‌ മറ്റുള്ളവരെ ചിരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക കഴിവുള്ള വ്യക്‌തിയാണു പപ്പന്‍. സ്വയം വിഢ്‌ഢി ചമഞ്ഞ്‌ മറ്റുള്ളവരുടെ വിഡ്‌ഡിത്വം പുറത്തുകാട്ടുകയാണു പപ്പന്‍ ചെയ്യുന്നതെന്ന്‌ സുനി മാത്രം തിരിച്ചറിഞ്ഞിരുന്നു. പപ്പന്‍ ആദരവോടും സ്‌നേഹത്തോടും കൂടി സൂട്ടന്‍ (സുച്ചട്ടന്‍ എന്നത്‌ പപ്പന്‍ സ്‌റ്റൈലില്‍ ചുരുക്കിയത്‌) എന്ന്‌ വിളിക്കുന്ന സുനി, പപ്പന്‍ ശക്‌തനും പ്രാപ്‌തനും അതുല്യമായ വ്യക്‌തിത്വത്തിന്റെ ഉടമയുമാണെന്ന്‌ വിശ്വസിച്ചിരുന്നു. അത്‌ പുറത്ത്‌ കാണിക്കാതെ ശശിയുടേയും മറ്റുള്ളവരുടേയും കളി തമാശകളില്‍ അദ്ദേഹം പങ്കു കൊണ്ടു.

ജീവിതത്തെക്കുറിച്ച്‌ വലിയ വലിയ കാര്യങ്ങള്‍ പപ്പന്‍ പറഞ്ഞിരുന്നത്‌ തണുപ്പകറ്റാന്‍ ചൂടാക്കിയ കടുകെണ്ണ ദേഹത്തില്‍ തിരുമ്മിപിടിപ്പിക്കുമ്പോഴായിരുന്നു. ഒരു ഇരുപത്‌കാരന്റെ അധികം ഉറക്കാത്ത കയ്യിലെ മാംസപേശികളില്‍ ഒരു ഫയല്‍മാനെപോലെ ഞെക്കിയും അടിച്ചും ആരോഗ്യശ്രീമാനായി പപ്പന്‍ ഒരു തത്വജ്‌ഞാനിയെപ്പോലെ അപ്പോഴെല്ലാം വാ തോരാതെ സംസാരിച്ചു. ആ സംഭാഷണത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാതെ ശശി പപ്പന്റെ ശരീരസ്‌ഥിതിയേയും എണ്ണ വഴുക്കുന്ന കൈ കൊണ്ട്‌ മാറത്തും തോളത്തും അടിക്കുന്ന പ്രവര്‍ത്തിയേയും കളിയാക്കികൊണ്ടിരുന്നു എപ്പോഴും പപ്പനു ഒരു വേല വച്ചു കൊടുക്കുക എന്നത്‌ ശശിയുടെ വിനോദമായിരുന്നു. പപ്പന്‍ എണ്ണതേച്ച ആരോഗ്യം വര്‍ദ്ധിപ്പിക്കുമ്പോഴാണു ഒഴിഞ്ഞ സിഗരറ്റ്‌ പാക്കറ്റുകള്‍ ശശിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. പപ്പന്റെ പ്രസവകുളി കഴിയുമ്പോഴേക്കും നമുക്ക്‌ ഒന്നു നടന്ന്‌ വരാം, സിഗരറ്റ്‌ വാങ്ങിക്കുകയും ചെയ്യാമെന്ന്‌ പറഞ്ഞ്‌ ശശി സൂട്ടനെകൂട്ടി പുറത്ത്‌ കടക്കുകയും സൂട്ടന്‍ കാണാതെ സൂത്രത്തില്‍ വാതില്‍ പുറത്ത്‌ നിന്നും അടയ്‌ക്കുകയും ചെയ്‌തു. അതിനു ശേഷം അവന്‍ പുറത്ത്‌ നിന്നു വിളിച്ചു പറഞ്ഞു. ടാ പപ്പാ നീ കുളിച്ചിട്ട്‌ പാര്‍ക്കിലേക്ക്‌ വാ.. ഞങ്ങള്‍ അവിടെ കാണും.

വര്‍ഷങ്ങള്‍ പോയിട്ടും പ്രസിദ്ധി നഷ്‌ടപ്പെടാത്ത `മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി' എന്ന ഗാനവും പാടി പപ്പന്‍ ചിന്താമഗ്നനായി ശരീരത്തിലെ എണ്ണ വറ്റാന്‍ അക്ഷമനായി മുറിയില്‍ നടന്നു. പിന്നെ കുളിച്ച്‌ വസ്ര്‌തം മാറി പുറത്ത്‌ കടക്കാന്‍ നോക്കിയപ്പോള്‍ മുറി പുറത്ത്‌ നിന്നും അടച്ചിരിക്കുന്നു. പപ്പന്‍ ജനലിലൂടെ നോക്കി. അപ്പുറത്തെ വീട്ടിലെ പറമ്പില്‍ ഒരു ജോലിക്കാരി നില്‍ക്കുന്നുണ്ട്‌. ഒരു രാജസ്‌ഥാനി പെണ്‍കിടാവു്‌. അവള്‍ക്കാണെങ്കില്‍ മാര്‍വ്വാടിയല്ലാതെ ഹിന്ദി നല്ല വശമില്ല. പപ്പനാണെങ്കില്‍ ഹിന്ദി കമ്മിയാണ്‌. ഏതായാലും ആംഗ്യഭാഷ എല്ലാവര്‍ക്കും മനസ്സിലാകുമല്ലോ എന്ന്‌ പപ്പന്‍ ഓര്‍ത്തു. ഇവിടെ അപരിചിതനായ ഒരു പുരുഷന്‍ ഒരു സ്‌ത്രീയോടാണു ആംഗ്യം കാണിക്കുന്നത്‌ എന്ന്‌ ബുദ്ധിശാലിയായ പപ്പന്‍ ഓര്‍ത്തില്ല. സംഗതി അപകടകരമായത്‌ അവിടെയാണ്‌. പപ്പന്‍ ജനല വാതിലില്‍ തട്ടി ` ശ്ശു..ശ്ശു' ശബ്‌ദങ്ങള്‍ പുറപ്പെടുവിച്ച്‌്‌ പെണ്‍കുട്ടിയുടെല്‌പശ്രദ്ധ ആകര്‍ഷിക്ലു. അവള്‍ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ പപ്പന്‍ അവളെ കൈക്കാട്ടി വിളിക്ലു. താരുണ്യം തളിരിട്ട്‌ നില്‍ക്കുന്ന അവളുടെ പ്രായത്തില്‍ ആ വിളി ശ്രംഗാരലോലനായ ഒരാണിന്റെ ഇണയോടുള്ള ആവേശപ്രകടനമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അവള്‍ തലയിലേക്ക്‌ സാരി തലപ്പ്‌ വലിച്ചിട്ട്‌ `ചഹരഹെ ജൈസെ ജീല്‍ മെ ഹസ്‌ത ഹുവ കമല്‍.. (തടാകത്തില്‍ വിരിഞ്ഞ താമര പൂ പോലുള്ള മുഖം എന്നര്‍ത്ഥം) എന്നു പാടുന്ന ഗുരുദത്തിനെ നോക്കി വശ്യമായി മുഖം ചെരിക്കുന്ന വഹീദ റഹ്‌മാനെപോലെ നിന്നു. പപ്പന്‍ വീണ്ടും `ശ്ശു..ശ്ശു'' എന്ന്‌ വിളിച്ചു. ആംഗ്യ ഭാഷയില്‍ വീടിന്റെ വാതില്‍ തുറക്കാന്‍ കഥകളി മുദ്രകള്‍ കാണിച്ചു. കലാമണ്‌ഡലത്തിലെ വിദഗ്‌ദരായ കഥകളികാരെപോലും നാണിപ്പിച്ചുകൊണ്ട്‌ പപ്പന്‍ കഥകളിയാടുമ്പോള്‍ ആര്‍ത്തി പൂണ്ട രണ്ടു കണ്ണുകള്‍ ആ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ ആഗ്രഹങ്ങളും മോഹങ്ങളും ഭവാനറിയുന്നില്ലേ എന്ന്‌ പരാതി പറയുന്ന മനസ്സോടെ ഒരു സ്‌ത്രീരൂപം സ്വയം ആ കാഴ്‌ച്ച കണ്ട്‌ ആകാശക്കോട്ടകള്‍ കെട്ടി പുഞ്ചിരി തൂകി. ചെറുപ്പക്കാരന്റെ ആശ വളര്‍ത്തണമെന്നും ഇനിമുതല്‍ മന്മഥശാന്തിക്ക്‌ അവസരമായിയെന്നും ആ കാമിനി മനഃപ്പായസമുണ്ടു.

പപ്പന്റെ കഥകളി കണ്ട്‌ നാണിക്കുകയും കോരിത്തരിക്കുകയുമല്ലാതെ പെണ്‍കുട്ടി ജനാല വാതില്‍ക്കല്‍ വന്ന്‌ കാര്യം തിരക്കിയില്ല.പക്ഷെ വാതില്‍ പുറകില്‍ നിന്നും ഒരാള്‍ തുറന്നു കൊടുത്തു. പപ്പന്‍ പുറത്ത്‌ കടന്നു. ശശിയേയും സൂട്ടനേയും പാര്‍ക്കില്‍ പോയി കൂട്ടികൊണ്ട്‌ വന്നു. പപ്പന്റെ മുഖത്തെ പരിഭ്രമവും ചിന്തയും കണ്ട്‌ ശശി പതിവുപോലെ കളിതമാശകള്‍ തുടങ്ങി. കൂ മൗനം പാലിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച്‌ അല്ലെങ്കില്‍ മനുഷ്യ മനസ്സിന്റെ വ്യത്യസ്‌ത ഭാവങ്ങളെപ്പറ്റി ഒരു ചിന്ത പുറത്ത്‌ ചാടുന്നു എന്നാണു സൂട്ടന്റെ അഭിപ്രായം. എന്നാല്‍ മറ്റുള്ളവര്‍ പപ്പന്റെ മൗനത്തെ വെറും വട്ട്‌ എന്നു തള്ളി പറയുകയാണു പതിവു. വാതില്‍ പുറത്ത്‌ നിന്നും അടച്ചതില്‍ ക്ഷമിക്കണമെന്നും അതുമൂലം പപ്പനു എന്തെങ്കിലും വിഡ്‌ഡിത്വങ്ങള്‍ പറ്റിയോ എന്നും ചോദിച്ച്‌ ശശി അക്ഷമനായി നിന്നു. പപ്പന്‍ സത്യം പറഞ്ഞാലും ശശി അതിനു അവന്റേതായ ഒരു പരിവേഷം കലര്‍ത്തി മാറ്റികളയുക പതിവായിരുന്നു.

പപ്പന്‍ തന്റെ പ്രകാശിക്കുന്ന കണ്ണുകള്‍ വിദൂരതയിലേക്ക്‌ നട്ടും കൊണ്ട്‌ അടുത്ത വീട്ടിലെ രാജസ്‌ഥാനിപെണ്ണിനെ വാതില്‍ തുറക്കാന്‍ വിളിച്ചതും അവള്‍ വരാതിരുന്നതും വിശദീകരിച്ചു. `നീ ഹിന്ദി അറിയാന്‍ വയ്യാതെ എന്തെങ്കിലും പറഞ്ഞത്‌ അവള്‍ തെറ്റിദ്ധരിച്ചുകാണും. അടുത്ത വീട്ടിലെ പെന്തക്കോസ്‌തുകാരന്‍ ജോയ്‌ പറയുന്നപോലെ അവന്റെ പ്രാര്‍ഥനയുടെ ഗുണം കൊണ്ടാണു നമ്മളെല്ലാം ആപത്ത്‌ കൂടാതെ ഇവിടെ കഴിയുന്നത്‌ അല്ലെങ്കില്‍ ആ വീട്ടുകാര്‍ രംഗം കണ്ട്‌ വഴക്കിനും തല്ലിനും വന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു. സംഗതി പെണ്ണു കേസ്സാണു. ആഴ്‌ചയില്‍ ഒരു ദിവസം ഒഴിവു ആഘോഷിക്കാന്‍ വരുന്നത്‌ പെണ്ണുങ്ങളെ പ്രാപിക്കാനാണെന്ന്‌ ആളുകള്‍ പറയില്ലേ? സൂട്ടനും ദേവി ചേച്ചിക്കും അത്‌ മാനക്കേ ടാകില്ലേ? ദേവി ചേച്ചി നാട്ടില്‍ നിന്നും പ്രസവം കഴിഞ്ഞ്‌ വരുമ്പോള്‍ പിന്നെ താമസിക്കാന്‍ വേറേ വീടു അന്വേഷിക്കേണ്ടി വന്നേനേ. ഈ പപ്പനോട്‌ എത്ര തവണ പറഞ്ഞു മര്യാദക്ക്‌ ഹിന്ദി ക്ലാസ്സില്‍ പോയി ഹിന്ദി പഠിക്കാന്‍. ഓരോരോ വിഡ്‌ഡിത്വങ്ങള്‍ എഴുന്നെള്ളിക്കാന്‍ എന്തു സാമര്‍ഥ്യം. നീ കളിച്ച കഥകളി ഒന്നു കൂടി കാണട്ടെ. ശശി നിന്ന്‌ ചൊടിക്കാന്‍ തുടങ്ങി

അവന്‍ പറഞ്ഞതില്‍ ഒരു നീരസ്സവും കാട്ടാതെ അവന്റെ ആഗ്രഹം പോലെ പപ്പന്‍ അതിരസകരമായി കഥകളി ആടി കാണിച്ചു. ഭാഷ ഉപയോഗിക്കാതെ തന്നെ മനുഷ്യനു ആംഗ്യം കൊണ്ട്‌ മാത്രം ആശയവിനിമയം ചെയ്യാമെന്ന്‌ ഒരു ഗവേഷകന്റെ കണ്ടു പിടിത്തം പോലെ പപ്പന്‍ പ്രസ്‌താവിച്ചു. പപ്പന്റെ കഥകളി കണ്ട്‌ എല്ലാവരും ചിരിച്ചപ്പോഴാണു പപ്പന്‍ വീണ്ടും ഗൗരവം പൂണ്ടത്‌. സിഗരറ്റിന്റെ പുക ചുരുളുകളില്‍ എന്തൊക്കെയോ കാണുകയും കേള്‍ക്കുകയു ചെയ്യുന്ന പോലെ. പിന്നെ സ്‌നേഹമസ്രുണമായി ദേവിചേച്ചിയെപ്പറ്റി ചോദിച്ചു. പ്രസവിക്കുന്നത്‌ ആണ്‍കുട്ടിയാകുമെന്ന്‌ പറഞ്ഞു.

വാഴയിലകളില്‍ വെണ്ണ തേക്കുന്ന വെണ്ണിലാവില്‍ (ചന്ദ്രമതിയോട്‌ കടപ്പാട്‌) രാത്രി മനോഹരിയായിരുന്നു പ്രശാന്ത സുന്ദരമാണു ആ വീടിരിക്കുന്ന പ്രദേശം. അതിനു പഞ്ചവടി എന്ന്‌ പേരു അന്വര്‍ത്ഥമാണെന്നു പപ്പന്‍ പലപ്പോഴും പറയാറുണ്ട്‌. കാരണം അവിടെ സൂട്ടന്‍ എന്ന രാമനും ദേവിചേച്ചിയെന്ന സീതയും താമസിക്കുന്നു. അവരെ കാണാന്‍ ആഴ്‌ചതോറും പപ്പനും ശശിയുമയോദ്ധ്യയില്‍ നിന്നും വരുന്നു എന്ന സങ്കല്‍പ്പം. അതുകൊണ്ടാണു ദേവിചേച്ചി നാട്ടില്‍ പോകുമ്പോള്‍ തന്നെ ലക്ഷ്‌മണന്‍ എന്ന്‌ വിളിച്ചത്‌. രാമന്റെ കൂടെ എപ്പോഴും ഉണ്ടാകണമെന്ന്‌ പറഞ്ഞ്‌ത്‌. പപ്പന്‍ ഓര്‍മ്മകളില്‍ മുങ്ങി തപ്പി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

പപ്പന്‍ വലിയ കാര്യങ്ങള്‍ ഒരു വിഡ്‌ഡിത്വത്തോടെയാണു സാധാരണ പറയാറുള്ളത്‌. അതുകൊണ്ട്‌ ശശിയുടെ ചോദ്യത്തിനു മറുപടിയായി പപ്പന്‍ പറഞ്ഞു ഇത്‌ പഞ്ചവടി തന്നെ. എനിക്ക്‌ വാതില്‍ തുറന്ന്‌ തന്നത്‌ ശൂര്‍പ്പണഖയാണ്‌. ഞാന്‍ അവളോട്‌ രാമന്റെയടുത്തേക്ക്‌ പോകാന്‍ പറഞ്ഞില്ല. ഞാന്‍ അവളുടെ മൂക്കും മുലയും അരിഞ്ഞില്ല.രാവേറെ ചെല്ലുമ്പോള്‍ നിങ്ങളറിയാതെ അവളെ അനുഭവിക്കാന്‍ അങ്ങോട്ട്‌ ചെല്ലാമെന്ന്‌ ഏറ്റിരിക്കയാണ്‌. അത്‌കൊണ്ട്‌ നിങ്ങളൊക്കെ വേഗം ഉറങ്ങിക്കോ. ശശി അത്‌ കേട്ട്‌ പൊട്ടിച്ചരിച്ചുകൊണ്ട്‌ പറഞ്ഞു തുടങ്ങി. ഞാനീ പഞ്ചവടിയില്‍ നിന്നോടൊപ്പം വന്നിട്ട്‌ ഒരു മാനിനെ പോലും കണ്ടിട്ടില്ലല്ലോ? പിന്നെ നിനക്ക്‌ ഈ ശൂര്‍പ്പണഖ എങ്ങനെ പ്രത്യക്ഷപ്പെട്ടു. അടുത്ത വീട്ടിലെ ജോയി പ്രാര്‍ഥന കഴിഞ്ഞ്‌്‌ വന്നപ്പോള്‍ തുറന്നു തന്നതാകുമല്ലേ. പപ്പാ നിന്റെ വിഡ്‌ഡിത്വരങ്ങളൊക്കെ മഹത്വരമാണെന്നും അത്‌ ദുര്‍ഗ്രാഹ്യമായ എന്തിലേക്കോ വിരല്‍ ചൂണ്ടുന്നു എന്നൊക്കെ സുനി ചേട്ടന്‍ പറയും. ഞാന്‍ അതൊക്കെ വക തിരിവില്ലാത്തവന്റെ പൊള്ളത്തരം എന്നേ പറയു. ശൂര്‍പ്പ ണഖയാണല്ലോ നിനക്ക്‌ വാതില്‍ തുറന്ന്‌ തന്നത്‌. അവളുമായി നീ ഈ രാത്രി സംമ്പന്ധത്തിനു പോകുന്നുണ്ടല്ലോ? ഞാനും വരുന്നുണ്ട്‌.

വീണ്ടും സിഗരറ്റിനു തീ കൊളുത്തി പപ്പന്‍ പറഞ്ഞു `ചെറുപ്പത്തില്‍ വിധവകളാകുന്ന സ്‌ത്രീകള്‍ ആരും കാണാതെ രതിലീലകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എല്ലാ വിധവകളും അങ്ങനെ ആയിരിക്കണമെന്നില്ല. ശരീരത്തിന്റെ ആരോഗ്യസ്‌ഥിതി അനുസരിച്ചിരിക്കും. ഏണീറ്റ്‌ നടക്കാന്‍ ശേഷിയില്ലാത്തവള്‍ക്ക്‌ എല്ലാം വിരോധം. വാസ്‌തവത്തില്‍ ശരീരസ്‌ഥിതി അനുസരിച്ചാണു മനുഷ്യന്റെ സ്വഭാവവും. സദാചാരമെന്ന്‌ പറയുന്നത്‌ അവസര കുറവാണെന്ന്‌ ശുദ്ധഗതിക്കാരനായ ശായിപ്പ്‌ പറയുന്നു. Morality is lack of opportunity
. പപ്പന്റെ കണ്ണുകളില്‍ ഒരു ഗൂഢമന്ദ്‌സ്‌മിതം.

അത്‌ കേട്ട്‌ ശശിയും സൂട്ടനും പരസ്‌പരം നോക്കി. ഉടനെ തന്നെ ശശി അത്‌ ചിരിച്ചുതള്ളി പറഞ്ഞു. ഇവന്‍ ദേ വീണ്ടും ഓരോ നുണ പറയാന്‍ പോകുന്നു. ശൂര്‍പ്പണഖ വിധവയല്ല. അവള്‍ക്ക്‌ പുരുഷന്മാരെ ഇഷ്‌ടമാണു. അവള്‍ ആശയും അഭിനിവേശവും കൊണ്ട്‌ നിന്റെയടുത്ത്‌ വരാന്‍ നീ ശ്രീരാമന്റെ അനുജന്‍ ലക്ഷ്‌മണനല്ലല്ലൊ? ശശിയുടെ ബാലിശമായ വര്‍ത്തമാനം കേട്ട്‌ മീശയുടെ തുമ്പ്‌ ചുരുട്ടി വലിയ കണ്ണുകളില്‍ ഒരു സമുദ്രം അലയടിപ്പിച്ചു കൊണ്ട്‌ ശാന്തഗംഭീരനായി പപ്പന്‍ പുക വലിച്ചു കൊണ്ടിരുന്നു. പപ്പന്റെ സ്വഭാവശുദ്ധിയിലും ജീവിത മൂല്യങ്ങളിലും ഉറപ്പുള്ള സൂട്ടന്‍ പപ്പനോട്‌ ചോദിച്ചു എന്താണുണ്ടായത്‌.

പപ്പന്‍ ശാന്തനായി പറയാന്‍ തുടങ്ങി. ഞാനാ രാജസ്‌ഥാനി പെണ്ണിനെ ആംഗ്യഭാഷയിലും `ശ്ശ്‌ശ്ശ്‌' എന്നീ ശബ്‌ദങ്ങളിലും വിളിച്ച്‌ വാതില്‍ തുറക്കാന്‍ പറഞ്ഞിട്ട്‌ അവള്‍ വന്നില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോള്‍ വാതില്‍ തുറക്കുന്ന ശബ്‌ദം. ജപകുസുമം എണ്ണയുടേയും ഷിക്കക്കായി സോപ്പിന്റേയും സുഗന്ധം. എന്റെ പുറകില്‍ ബംഗാളി സ്ര്‌തീ. അവര്‍ ലജ്‌ജയില്‍ മുങ്ങി കാല്‍ വിരല്‍ കൊണ്ട്‌ - താമസമെന്തേ എന്നെഴുതുന്നു. ഒരു പൂ വിരിയുന്ന പോലെ മന്ദഹസിക്കുന്നു. ഒരു വളകിലുക്കത്തോടെ അവര്‍ പറയുന്നു. `ഞാന്‍ എല്ലാം കണ്ടു. എന്തിനാണു വെറുതേ അയല്‍ വീട്ടിലെ വേലക്കാരി പെണ്ണിനോട്‌ ശ്രുംഗരിക്കാന്‍ പോകുന്നത്‌. ഇതിനാണല്ലേ കൂട്ടുകാരോട്‌ വാതില്‍ പുറത്ത്‌ നിന്നും അടച്ചുപോകാന്‍ പറഞ്ഞത്‌. യജമാനത്തിയെ ചുംബിക്കാന്‍ അവസരമുള്ളപ്പോള്‍ വേലക്കാരത്തിയെ ചുംബിക്കുന്നവന്‍ മഠയനാണ്‌. ദാ അതാണെന്റെ മുറി. ഇന്ന്‌ രാത്രി ഞാന്‍ അത്‌ ചാരി വക്കുകയെയുള്ളു. പിന്നെ അവര്‍ ശകുന്തള നടക്കുന്ന പോലെ നടന്നു. ഒന്നു തിരിഞ്ഞു നോക്കി. `ഞാന്‍ കാത്തിരിക്കും, വരില്ലേ?' എന്ന്‌ പറയാതെ പറഞ്ഞ്‌ ഒരു സ്വപ്‌നം പോലെ എന്റെ കണ്മുന്നില്‍ നിന്നും മറഞ്ഞ്‌പോയി.

ശശിക്ക്‌ വിശ്വാസം വരാതെ അവന്‍ വായും പൊളിച്ചിരിക്കയാണു. ഒരു ഘനമുള്ള നിശ്ശബ്‌ദതയുടെ മറ അവിടെ പരക്കാന്‍ തുടങ്ങി. അത്‌ മാറ്റികൊണ്ട്‌ പപ്പന്‍ പറഞ്ഞു സൂട്ടന്‍, ദേവിചേച്ചി വരുമ്പോഴേക്കും ഇവിടെ നിന്നും മാറണം. ശൂര്‍പ്പണഖയെ വേദനിപ്പിക്കാന്‍ പോകയാണ്‌ ഞാന്‍. തുളസികതിരിന്റെ വിശ്ശുദ്ധിയോടെ എനിക്ക്‌ വേണ്ടി നാട്ടില്‍ എവിടേയോ ഒരു പെണ്‍കുട്ടി കാത്തിരിക്കുന്നുണ്ടാകും. എന്റെ ആദ്യരാത്രി അവളോടൊന്നിച്ചാകും. അല്ലാതെ ഈ ബംഗാളി സ്‌ത്രീയുമായി അത്‌ പങ്കിട്ട്‌ അതിന്റെ പവിത്രത ഞാന്‍ നശിപ്പിക്കുകയില്ല. ശൂര്‍പ്പണഖ കോപിച്ചാല്‍ എന്തുണ്ടാകുമെന്ന്‌ സൂട്ടനറിയാമല്ലോ. പാവം ദേവിചേച്ചി അതിനിരയാകരുത്‌. ഒരു പുരുഷന്റെ മുമ്പില്‍ വിശ്വാസപൂര്‍വ്വം കാമം പ്രകടിപ്പിച്ചത്‌ അയാള്‍ തിരസ്‌കരിക്കുകയോ അല്ലെങ്കില്‍ അത്‌ സാക്ഷാത്‌കരിക്കാന്‍ അയാള്‍ക്ക്‌ കഴിവില്ലാതെ വരുകയോ ചെയ്യുമ്പോള്‍ സ്ര്‌തീ ഒരു പ്രതികാരദുര്‍ഗ്ഗയാകുന്നു. പിന്നെ അവള്‍ എന്തു ചെയ്യുമെന്ന്‌ ദൈവത്തിനു പോലും അറിയില്ല. നമുക്ക്‌ ഇവിടെ നിന്നും മാറി പോകാം.

അപ്പോഴാണു എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട്‌ ശശി പറഞ്ഞത്‌. ജീവിതത്തില്‍ പലപ്പോഴും നമുക്ക്‌ ഓരൊ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. അപ്പോഴെല്ലാം നമ്മള്‍ മഹാന്മാര്‍ ചെയ്‌തതും ദൈവപുത്രന്മാര്‍ ചെയ്‌തതും മാത്രുകയാക്കാന്‍ നോക്കും. മനുഷ്ര്യരാശി പരാജയപ്പെടുന്നത്‌ അതുകൊണ്ടാവണം. ഇവിടെ കാര്യം നിസ്സാരം. ഭര്‍ത്താവ്‌ മരിച്ച സ്ര്‌തീയുടെ ഒരാഗ്രഹം. അവര്‍ ഇവനെ കൊല്ലാനോ ഉപദ്രവിക്കാനോ ഒന്നുമല്ലല്ലോ വിളിച്ചത്‌. Poor human instinct അതങ്ങു സാധിപ്പിച്ച്‌ കൊടുത്ത്‌ ആരുമറിയാതെ അവനവന്റെ പാടു നോക്കുന്നതിനുപകരം വീടു മാറ്റവും, തന്മൂലം ആളുകളുടെ ജിജ്‌ഞാസയും, അന്വേഷണവും, ദേവിചേച്ചിയുടെ മനസ്സില്‍ ആവശ്യമില്ലാത്ത ചിന്തകളും വരുത്തിവച്ച്‌ സൂട്ടനെപോലെയുള്ളവര്‍ക്ക്‌ ഒരു അഭിനവ രാമായണം രചിക്കാന്‍ എന്തിനു വഴിയൊരുക്കി കൊടുക്കുന്നു.

ലങ്കയിലേക്ക്‌ ചാടാന്‍ അവസരം നഷ്‌ടപ്പെടുമല്ലോ എന്നോര്‍ത്ത്‌ കുറെ കുരങ്ങന്മാര്‍ അപ്പോള്‍ ദുഃഖിക്കയായിരുന്നു.

ശുഭം.
Join WhatsApp News
Keeramutty 2013-06-03 10:02:28
ശൂര്‍പ്പണഖ by Sudhir

വായിച്ചു!!! വളരെ നന്നായിട്ട്(വിദഗ്ദ്ധമായി) ആസാനിപ്പിച്ചുട്ടുണ്ട്.

കീറാമുട്ടി
ഈറ്റില്ലം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക