Image

പ്രവാസികളെ മറന്നുപോയ പ്രവാസികാര്യ വകുപ്പ്‌ (ഷോളി കുമ്പിളുവേലി)

Published on 01 June, 2013
പ്രവാസികളെ മറന്നുപോയ പ്രവാസികാര്യ വകുപ്പ്‌ (ഷോളി കുമ്പിളുവേലി)
ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പ്രവാസികളുടെ സംരക്ഷണത്തിനും, ഉന്നമനത്തിനും വേണ്ടിയാണ്‌ 2004-ല്‍ ഒരു വകുപ്പുതന്നെ കേന്ദ്രമന്ത്രിസഭയില്‍ രൂപീകരിച്ചത്‌. അതിന്റെ പിന്നില്‍ പ്രവാസികളുടെ, പ്രത്യേകിച്ച്‌ കേരളത്തില്‍ നിന്നുള്ളവരുടെ ദീര്‍ഘനാളത്തെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു. 2006-ല്‍ ശ്രീ വയലാര്‍ രവി പ്രവാസികാര്യ വകുപ്പിന്റെ ക്യാബിനറ്റ്‌ മന്ത്രിയായി നിയമിതനായി. തീര്‍ച്ചയായും അത്‌ ലോക മലയാളിക്ക്‌ അഭിമാനത്തിനും, പ്രതീക്ഷയ്‌ക്കും വകനല്‍കുന്നതായിരുന്നു.

വയലാര്‍ രവി ഒരുകാലത്ത്‌ കേരളത്തിന്റെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. കെ.എസ്‌.യു കെട്ടിപ്പെടുക്കുന്നതില്‍ തുടങ്ങി യൂത്ത്‌ കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ്‌ കമ്മിറ്റിവരെയെത്തി. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ ശക്തിയും സ്വാധീനവുമുള്ള വ്യക്തിത്വം, അദ്ദേഹം പ്രവാസികാര്യവകുപ്പ്‌ ഏറ്റെടുത്തപ്പോള്‍ ഓരോ മലയാളിയും അഭിമാനത്തിന്റെ കൊടുമുടിയേറി. നമ്മള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു.

പക്ഷെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ നിരാശാജനകമെന്ന്‌ ദുഖത്തോടെ പറയേണ്ടിവരും. കഴിഞ്ഞ ദിവസം കുവൈറ്റില്‍ നിന്നും നാടുകടത്തപ്പെട്ട നൂറോളം ഇന്ത്യക്കാര്‍ ഡല്‍ഹിയില്‍ എത്തി. അതില്‍ ഇരുപത്‌ പേര്‍ മലയാളികള്‍. പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉത്തരമായി പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി പറഞ്ഞതിങ്ങനെ: `ഞാനിതൊന്നും അറിഞ്ഞല്ല, നിങ്ങള്‍ (പത്രക്കാര്‍) പറഞ്ഞതല്ലേ, എംബസിയില്‍ വിളിച്ച്‌ അന്വേഷിച്ചേക്കാം'. എന്തൊരു ഔദാര്യം!!

കഴിഞ്ഞ രണ്ടുമാസത്തിലേറെയായി കുവൈറ്റില്‍ പ്രശ്‌നങ്ങളുണ്ട്‌. ആവശ്യത്തിനു ഭക്ഷണവും വെള്ളവും നല്‍കാതെ ജയിലുകളില്‍ കുത്തിനിറച്ചിരിക്കുന്നു. ഗള്‍ഫിലെ പത്രങ്ങളിലും, ഇന്ത്യയിലെ മാധ്യമങ്ങളിലും ഇത്‌ വാര്‍ത്തയായിരുന്നു. മന്ത്രി പത്രം വായിക്കില്ലെന്ന്‌ സമ്മതിച്ചുകൊടുക്കാം. പക്ഷെ, ഇന്ത്യക്കാരുടെ ചെലവില്‍, എംബസിയെന്നും, കോണ്‍സുലേറ്റുമെന്നും പറഞ്ഞ്‌ കുറച്ച്‌ ആളുകള്‍ അവിടെ തിന്നുകുടിച്ച്‌ സുഖിക്കുന്നുല്ലേ? എന്താണ്‌ അവരുടെ പണി? ഇന്ത്യന്‍ എംബസി അറിയാതെയാണോ ഇന്ത്യക്കാരെ നാട്ടിലേക്ക്‌ കയറ്റി അയയ്‌ക്കുന്നത്‌. ഇതൊന്നും വിദേശകാര്യ വകുപ്പോ, പ്രവാസികാര്യ വകുപ്പോ അറിഞ്ഞില്ല പോലും!! എന്തിനു പ്രവാസികാര്യവകുപ്പിനെ മാത്രമായി പറയണം, വിദേശകാര്യവകുപ്പിലെ സീനിയറായ സഹമന്ത്രി ശ്രീ. ഇ. അഹ്‌മദ്‌ മലയാളിയല്ലേ? നമ്മുടെ മറ്റൊരു അഭിമാനം! എന്തുനേട്ടമാണ്‌ പ്രവാസികളായ നമുക്ക്‌ നേടി തന്നത്‌? സൗദിയില്‍ നിതാഖത്ത്‌ പ്രശ്‌നം വന്നു. ആയിരക്കണക്കിന്‌ ഇന്ത്യക്കാരെ തിരിച്ചയച്ചു.ഇപ്പോഴും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ഓടിനടന്നതല്ലാതെ, ഫലപ്രദമായി എന്തു നടപടി സ്വീകരിച്ചു. സൗദിയില്‍ 14 വര്‍ഷം ജോലി ചെയ്‌ത വ്യക്തിയെന്ന നിലയില്‍, അവിടെ ചെറിയ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്‌. ഫിലിപ്പൈന്‍സ്‌ പോലുള്ള രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ അവരുടെ രാജ്യക്കാരുടെ ക്ഷേമം അന്വേഷിച്ച്‌ ലേബര്‍ ക്യാമ്പുകളും മറ്റും സന്ദര്‍ശിക്കുമ്പോള്‍, ഇന്നേവരെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ അത്‌ ചെയ്‌ത്‌ ഞാന്‍ കണ്ടിട്ടില്ല!! ഒരു വ്യക്തി മരിച്ചാല്‍ `ബോഡി' നാട്ടിലെത്തിക്കണമെങ്കില്‍ ഒരു മാസമെങ്കിലും എടുക്കും. അതാണ്‌ നമ്മുടെ എംബസിയുടെ പ്രവര്‍ത്തന മികവ്‌!!

പ്രവാസികളിലെ `ക്രീമിലെയര്‍' എന്നു പറയപ്പെടുന്ന അമേരിക്കയില്‍ താമസിക്കുന്ന നമ്മുടെ സ്ഥിതിയോ? നിസാരമായി ചെയ്‌തുതരുവാന്‍ സാധിക്കുന്ന ഒ.സി.ഐ കാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ട്‌ ഏതു മന്ത്രി തിരിഞ്ഞുനോക്കി? ചില നല്ല വ്യക്തികളും സംഘടനകളും ഇന്നും അതിനായി പരിശ്രമിക്കുന്നു. പക്ഷെ നമ്മള്‍ എയര്‍പോര്‍ട്ടില്‍ പോയി മാലയിട്ടും, ബൊക്കെ കൊടുത്തും സ്വീകരിച്ച നമ്മുടെ മന്ത്രിമാര്‍ക്ക്‌ ഇപ്പോള്‍ പ്രവാസി എന്നു കേള്‍ക്കുന്നതുതന്നെ അലര്‍ജിയാണത്രേ!!

ഇനിയെങ്കിലും നമ്മളെ സഹായിക്കാന്‍ താത്‌പര്യമില്ലാത്ത ഒരു മന്ത്രിയേയും `താങ്ങാന്‍' ആരും പോകരുത്‌. ജനാധിപത്യ രാജ്യത്ത്‌ ജനങ്ങളാണ്‌ യജമാനന്‍മാര്‍. ജനങ്ങളിലേക്ക്‌ ഇറങ്ങിവരാതെ ഒരു മന്ത്രിക്കും ദീര്‍ഘനാള്‍ മുന്നോട്ടുപോകുവാന്‍ സാധിക്കില്ല. ബൊക്കെയും പിടിച്ച്‌ എയര്‍പോര്‍ട്ടിലേക്ക്‌ ഓടുന്നതിനു പകരം സ്വന്തം കുഞ്ഞുങ്ങളോടൊത്ത്‌ ആ സമയം ചെലഴിക്കുക. പറന്നു നടക്കുന്ന ഈ മന്ത്രിമാരൊക്കെ തനിയെ ഇറങ്ങി നമ്മുടെ അടുത്തുവരും. ജനങ്ങളില്ലാതെ എന്തു ജനാധിപത്യം?
പ്രവാസികളെ മറന്നുപോയ പ്രവാസികാര്യ വകുപ്പ്‌ (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക