StateFarm

ദശാവതാരം ഒരു വീക്ഷണം (സുധീര്‍ പണിക്കവീട്ടില്‍)

Published on 06 July, 2013
ദശാവതാരം ഒരു വീക്ഷണം (സുധീര്‍ പണിക്കവീട്ടില്‍)
വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെക്കുറിച്ചാണ് കൂടുതലായി എഴുതപ്പെടുകയും പറയപ്പെടുകയും ചെയ്യുന്നതെങ്കിലും ശിവനും ബ്രഹ്മാവും, അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. അവതാരങ്ങളെ പോലെ അവര്‍ മനുഷ്യരെ രക്ഷിക്കയും ദുഷ്ടരെ സംഹരിക്കയും ചെയ്തിട്ടുണ്ടെങ്കിലും അതിനെ അവതാരങ്ങള്‍ എന്നതിനേക്കാള്‍ അവര്‍ എടുത്ത രൂപങ്ങള്‍ എന്ന് പറഞ്ഞ് വരുന്നു.വിഷ്ണുവിന്റെ തന്നെ വേറേയും അവതാരങ്ങള്‍ ഉണ്ട്. ഭാരതത്തിലെ പ്രമുഖ പൗരാണികശാസ്ത്രഞ്ജനായ ഡോക്ടര്‍ ദേവ്ദത്ത് പട്‌നായിക് ഹിന്ദുപുരാണങ്ങളെ കുറിച്ച് സംഗ്രഹിച്ചെഴുതിയ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നു "ലോകത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അവതാരങ്ങളുടെ രൂപവും ഭാവവും മാറുന്നുവെന്ന്.. ലോകം മാറിക്കൊണ്ടിരിക്കുന്നു. ഒപ്പം ജീവിത രീതിയും കാഴ്ചപ്പാടുകളും മാറുന്നു. സാമൂഹിക ഭദ്രത്ക്ക് വിട്ട്‌വീഴ്ച വരാതെ അതേ സമയം പുതിയ ആശയങ്ങളെ മാനിച്ചുകൊണ്ടാണു അവതാരങ്ങള്‍ ഉണ്ടായിട്ടുള്ളത്. ധര്‍മ്മത്തിനു നാശം വന്നുകൊണ്ടിരിക്കുമ്പോള്‍ ധര്‍മ്മം സ്ഥാപിക്കാന്‍ ഭഗവാന്‍ അവതരിക്കുന്നു എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെ ഒരു ക്രമസമാധാന സ്ഥാപനം മാത്രമായിരുന്നില്ല ഈ അവതാരങ്ങളുടെ ലക്ഷ്യം മറിച്ച് അവ നിലവിലുള്ള നിയമങ്ങളെ പുനര്‍നിര്‍വ്വചിക്കുകകൂടി ചെയ്തു.ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടി മാത്രമല്ല ഒരവതാരം എന്ന് അദ്ദേഹം സ്ഥാപിക്കുന്നു, ദേവതമാര്‍ക്കുണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളിലും ഈ അവതാരങ്ങള്‍ ഇടപെടാറുണ്ടെന്ന് ഡോക്റ്റര്‍ പട്‌നായിക്ക് കൂട്ടിചേര്‍ക്കുന്നു.

അതിനു ഉപോല്‍പലകമായി ലക്ഷ്മിദേവി, സീത, ദ്രൗപദി എന്നിവരുടെ കഥകള്‍ പറയുന്നു. ദുര്‍വ്വാസാവിന്റെ ശാപം മൂലം ജരാധര വരുകയും ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിദേവി ഇറങ്ങിപോവുകയും ചെയ്തപ്പോള്‍ അതെല്ലാം വീണ്ടെടുക്കാന്‍ പാലാഴി മഥനം ചെയ്യേണ്ടി വന്നു. അങ്ങനെ പാലാഴി കടയുമ്പോള്‍ മന്ഥര പര്‍വതം സമുദ്രത്തിലേക്ക് ആണ്ടുപോയത് വീണ്ടെടുക്കാന്‍ ഭഗവാന്‍ കൂര്‍മ്മമായി അവതരിച്ചു. മഥനം തുടര്‍ന്നപ്പോള്‍ കാമധേനു, ഉച്ചൈശ്രവസ്, ഐരാവതം,പാരിജാതം എന്നിവ പൊന്തി വന്നു. പിന്നീട് ലക്ഷിദേവിയും. ആ വരവിനെ "നാരായണീയ കര്‍ത്താവ് മേല്‍പ്പത്തൂര്‍ ഇങ്ങനെ വിവരിച്ചിരിക്കു ന്നു. "മധുവുണ്ണാന്‍ പറന്നടുക്കുന്ന വണ്ടൂകളുടെ ശബ്ദത്തോടുചേര്‍ന്ന വരണമാല്യം കൈകളിലേന്തിയ ദേവി കുചകുംഭങ്ങളുടെ ഭാരം മൂലം മന്ദം മന്ദം നടന്ന് മൃദുശിഞ്ജിതിമുണ്ടാക്കുന്ന മോഹനങ്ങളായ നൂപുരങ്ങളോടും വ്രീളാവിവശത ചേര്‍ന്ന വിശേഷസൗന്ദര്യത്തോടും കൂടെ അങ്ങയുടെ അരികിലെത്തി. (നാരായണീയം ഇരുപത്തിയെട്ടാം ശതകം :6) ഭൂമിദേവിയെ രക്ഷിക്കാന്‍ വരാഹമായി. സീതയെ രക്ഷിക്കാന്‍ ശ്രീരാമനായി. ദ്രൗപതിയുടെ മാനംകാക്കാന്‍ കൃഷ്ണനായി അങ്ങനേയും അവതാരങ്ങള്‍ സഹായിച്ചിരുന്നു.

അതേ സമയം മോഹിപ്പിക്കുന്ന സ്ത്രീരൂപത്തില്‍ അവതരിച്ച് അസുരന്മാരെ കബളിപ്പിക്കുന്നുമുണ്ട്. ദേവിമാരുടെ രക്ഷയും മാനവും സംരക്ഷിച്ച ദേവന്‍ തന്നെ ഒരു മോഹിനിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. അമൃത കലശം കൈക്കലാക്കിയ അസുരന്മാരുടെ മുമ്പില്‍ മോഹിനി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരെല്ലാം അമൃതകലശം മറന്ന് മോഹിനിയുടെ കുചകലശത്തില്‍ കൊതിപൂണ്ട് നിന്നു. ആധുനിക തേന്‍ കെണികളുടെ ഒരു പൂര്‍വ്വരൂപമാണു ഇവിടെ നടക്കുന്നത്. രാഗാഭിനയത്താല്‍ അസുരന്മാരെ വശത്താക്കി അമൃതകുംഭം അവര്‍ക്ക് വീതിക്കാമെന്ന ഉറപ്പില്‍ അവരില്‍ നിന്നും വാങ്ങി. അത് ദേവന്മാര്‍ക്ക് മാത്രം വിളമ്പി. എന്നാല്‍ മോഹിനിയെ നോക്കി കാമലഹരിയില്‍ മോഹാന്ധരായി അമ്പരപ്പോടെ ഇരുന്ന അസുരന്മാര്‍ അത് കണ്ടില്ല. രാഹു എന്ന അസുരന്‍ മാത്രം ദേവന്മാര്‍ക്ക് ഒപ്പം പന്തലില്‍ ഇരുന്ന് അമൃതുണ്ടെങ്കിലും സൂര്യ ചന്ദ്രന്മാര്‍ അത് ഒറ്റികൊടുത്തു. മതിപ്പിക്കുന്ന സ്ത്രീ സൗന്ദര്യത്തില്‍ മയങ്ങിപോകുമ്പോള്‍ കയ്യില്‍ വന്ന് ചേര്‍ന്ന അമൃത് നഷ്ടപ്പെടുന്ന അസുരന്മാര്‍ പിന്നെ ദേവന്മാരുമായി നിരന്തര കലഹത്തിനു ഒരുങ്ങുന്നു. ഈ കാലഘട്ടത്തിലും ഇതേപോലുള്ള സംഭവവികാസങ്ങളാണു നമുക്ക് ചുറ്റും അരങ്ങേറുന്നത്.

പരിണാമസിദ്ധാന്തമനുസരിച്ച് ഏകകോശ ജീവികളാണ് ആദ്യമുണ്ടാകുന്നത്. പിന്നീട് ബഹുകോശജീവികളുമുണ്ടായി. ആദ്യജീവന്‍ ആരംഭിച്ചത് ജലത്തിലായിരുന്നു എന്നും ശാസ്ര്തം പറയുന്നു. അങ്ങനെയെങ്കില്‍ പത്ത് അവതാരങ്ങള്‍ മനുഷ്യന്റെ ക്രമപരമായ വളര്‍ച്ചയുടെ ഒരു ചിത്രമാണു നമുക്ക് തരുന്നത്. ആദ്യാവതാരം ജലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നു. അത് മത്സ്യം, പിന്നെ കൂര്‍മ്മം അതിനു വെള്ളത്തിലും കരയിലും ജീവിക്കാം. പിന്നീട് മൃഗങ്ങളും പക്ഷികളും ഉണ്ടാകുന്നതിന്റെ പ്രതീകമായി വരാഹമായി ഭഗവാന്‍ അവതരിക്കുന്നു. പിന്നത്തെ അവതാരം ഒരു കുറിയ മനുഷ്യനാണു (വാമനന്‍).അതിനു ശേഷം അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു പ്രാക്രുത മനുഷ്യന്റെ രൂപത്തിലേക്ക് മനുഷ്യന്‍ പരിണമിച്ച് കഴിഞ്ഞു അവതാരങ്ങളില്‍ അപ്പോള്‍ പരശുരാമനാണു. തന്റെ പരശുമായി അദ്ദേഹം ക്ഷത്രിയനമാരെ ഉന്മൂലനം ചെയ്തു. പിന്നെ പശ്ചാത്ത്പിച്ചു. പിന്നെ പടിപടിയായി നാഗരികതയിലേക്കും കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിലേക്ക് മനുഷ്യന്‍ പുരോഗമിക്കാന്‍ തുടങ്ങി. ആര്‍ജ്ജവം, ധൈര്യം, ധര്‍മ്മനീതി എന്നെ ഗുണങ്ങളുമായി രാമന്റെ അവതാരമുണ്ടാകുന്നു. പിന്നീട് വന്ന കൃഷ്ണാവതാരം ഗീതോപദേശത്തിലൂടെ മനുഷ്യരെ കര്‍മ്മോന്മുഖരാക്കി. അവസാനത്തെ അവ്താരമായ കലി ഒരു വലിയ അഗ്നിബാധയിലൂടെ ഒരു കൂട്ടനാശമുണ്ടാക്കാന്‍ എത്തുമെന്നാണ്് വിശ്വാസികള്‍ കണക്ക് കൂട്ടുന്നത്.

ഓരോ അവതാരത്തിന്റെ പുറകിലും ഓരൊ കഥകള്‍ ഉണ്ടെന്നുള്ളതും രസാവഹമാണ്. ചില കഥകള്‍ മറ്റ് രാജ്യങ്ങളില്‍ പ്രചാരമുള്ള കഥകളുമായി സാമ്യമുള്ളതും നമ്മേ അതിശയിപ്പിക്കുന്നു. ഈ ഭൂമിയില്‍ ഒരു പ്രളയമുണ്ടായിരുന്നെന്നും ഒരു രക്ഷകന്‍ അപ്പോള്‍ വന്നെന്നും ലോകത്തില്‍ മിക്ക രാജ്യങ്ങളിലേയും പുരാണങ്ങളും ഇതിഹാസങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പ്രഥമാവതാരമായ മത്സ്യത്തെ കുറിച്ചു പറയുമ്പോള്‍ വിവരിക്കുന്ന പ്രളയത്തെക്കുറിച്ച് ലോകത്തിലെ മിക്ക രാജ്യങ്ങളിലേയും മതങ്ങളും സാഹിത്യവും അവിടെയുണ്ടായ പ്രളയത്തെപ്പറ്റി പറയുന്നുതായി കാണുന്നുണ്ട്. ബൈബിളിലെ നോഹയുടെ കഥയും മത്സ്യാവതാരത്തിലെ കഥയും ചേര്‍ന്നു നില്‍ക്കുന്നു. ആറാമത്തെ മന്വന്തരത്തിന്റെ അവസാനത്തില്‍ ബ്ര്ഹമാവില്‍ നിന്നും ഹയഗ്രീവനെന്ന അസുരന്‍ വേദങ്ങള്‍ മോഷ്ടിച്ചു.

അത് വീണ്ടെണ്ടുക്കാനാണു വിഷ്ണു മത്സ്യമായി അവതരിച്ചത്. കഥ ചുരുക്കത്തില്‍ - സത്യവ്രതന്‍ എന്ന റു്ഷി നദിജലത്തില്‍ തര്‍പ്പണം ചെയ്തുകൊണ്ടിരിക്കെ കൈകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഒരു ചെറുമീന്‍ കയ്യില്‍പ്പെട്ടു. അതിനെ നദിയിലേക്കിട്ടപ്പോള്‍ അത് മറ്റ് മത്സ്യങ്ങളെ കണ്ട് പേടിക്കുന്നത് കണ്ട് ഒരു പാത്രത്തില്‍ നിറച്ച് കൂടെ കൊണ്ട്‌പോയി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ട് മീന്‍ അസാധാരണ വലുപ്പം വച്ചു. അത് ഒരു സാധാരണ മീനല്ലെന്ന് മനസ്സിലാക്കിയ റുഷിയോട് മത്സ്യം പറഞ്ഞു. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഭൂമിയില്‍ പ്രളയമുണ്ടാകും. അപ്പോള്‍ ഒരു തോണി നിന്നെ സമീപിക്കും, ജീവജാലങ്ങളില്‍ ഓരോ ഇണകളെ കൂട്ടി നീ അതില്‍ കയറുക. സപ്തര്‍ഷികളും അതിലുണ്ടായിരിക്കും. പ്രളയാവസാനത്തില്‍ അസുരനെ കൊന്ന് വേദങ്ങള്‍ വീണ്ടെടുത്ത് ബ്രഹമാവിനെ ഏല്‍പ്പിക്കുന്നതോടെ അവതാരലക്ഷ്യം പൂര്‍ണ്ണമാകുന്നു. ഹിന്ദു വിശ്വാസപ്രകാരം ഇപ്പോള്‍ കലികാലമാണ്. ഇതിനുമുമ്പ് മൂന്ന് യുഗങ്ങള്‍ കഴിഞ്ഞു, അവ യഥാക്രമം സത്യയുഗം,ത്രേത യുഗം, ദ്വാപുര യുഗം എന്നിവയാണ്. സത്യയുഗത്തില്‍ നൂറ് ശതമാനവും സത്യധര്‍മ്മങ്ങള്‍ പുലര്‍ന്നിരുന്നു. ത്രേതായുഗത്തില്‍ അത് എഴുപത്തിയഞ്ചായി. ഈ യുഗത്തില്‍ അഗ്നിഹോത്രികള്‍ ഗാര്‍ഹപത്യം, ഗാര്‍ഹികമായ കര്‍മ്മങ്ങള്‍ക്ക്, ദാക്ഷിണാത്യം - പിത്രുകര്‍മ്മങ്ങള്‍ക്ക്, ആവഹനീയം, യാഗാദികര്‍മ്മങ്ങള്‍ക്ക് - എന്നീ അഗ്നികളെ ആരാധിച്ചിരുന്നു. ഈ മൂന്നു അഗ്നികളും യഞ്ജ്‌സംബന്ധിയായത്‌കൊണ്ട് ധാര്‍മ്മിക ജീവിതം മേന്മയുള്ളതായിരുന്നു. എന്നാല്‍ ദ്വാപുര യുഗം ആ വാക്കിന്റെ അര്‍ഥം പോലെ സംശയത്തിന്റെ യുഗമായിരുന്നു. അതില്‍ അമ്പത് ശതമാനം സത്യം പുലര്‍ന്നിരുന്നുള്ളു. കലിയുഗത്തില്‍ അത് ഇരുപത്തിയഞ്ച് ശതമാനമാണ്. ധാര്‍മ്മികമായി ജനങ്ങള്‍ അധ്:പതിക്കുമ്പോള്‍ ഹിന്ദു വിശ്വാസമനുസരിച്ച് ഈശ്വരന്‍ ഓരോ രൂപത്തില്‍ അവതരിക്കുന്നു. അവതാരങ്ങളെ കുറിച്ച് എല്ലാ മതങ്ങളിലും സൂചനയുണ്ട്. നോസ്റ്റ്രഡാമിന്റെ പ്രവചനമനുസരിച്ച്്- അന്ത്യനാളുകളില്‍ അവസാന വിധി നിര്‍ണ്ണയത്തിനായ് ദൈവം തിരിച്ചുവരും. ദുര്‍ജനങ്ങളെ തീയിലിടും, നല്ലവരെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കും.

അവതാരങ്ങള്‍ ഹിന്ദുമതത്തിനു നല്‍കിയത് മാത്രുകാപരമായ ജീവിതത്തിന്റെ ആവശ്യകത, സത്യത്തിനും, ധര്‍മ്മത്തിനു കൊടുക്കേണ്ട സ്ഥാനം, വ്യ്കതിപരമായ ഗുണങ്ങള്‍ എന്തെല്ലാം, സമൂഹ ജീവിതം, ഗുരുഭക്തി, ജീവിതത്തിലെ ഓരൊ വേഷവും ഭംഗിയാക്കേണ്ട ആവശ്യകത അങ്ങനെ അനവധി നന്മകളാണ്. മത്സ്യം മുതല്‍ പൂര്‍ണ്ണ മനുഷ്യന്‍ വരെയൂള്ള അവതാരങ്ങള്‍ മനുഷ്ര്യാശിയുടെ പുരോഗമനപരമായ വളര്‍ച്ചയുടെ പ്രതീകമാണ്. ഈ അവതാരകഥകള്‍ വിശ്വസിക്കുന്നവര്‍ക്ക് ആത്മീയശക്തിയും പ്രതിബന്ധനങ്ങളെ നേരിടാനുള്ള കരുത്തും ലഭിക്കുന്നു. പുല്ലിലും, പുഴുവിലും തൂണിലും തുരുമ്പിലും നാരായണന്‍ വസിക്കുന്നുണ്ട്., മറഞ്ഞിരിക്കുന്നുണ്ട്, എന്ന് പുത്രനായ പ്രഹ്ലാദന്‍ പറഞ്ഞപ്പോള്‍ അത് ധിക്കാരമായി കരുതി ഹിരണ്യകശിപു വാളെടുത്ത് തൂണില്‍ വെട്ടിയപ്പോള്‍ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടുവെന്നു പൂര്‍ണ്ണമായി വിശ്വസിക്കുന്നവര്‍ ഉണ്ട്. നരസിംഹം മൂര്‍ത്തി ഒരിക്കലും പ്രത്യക്ഷപ്പെട്ടില്ലായിരിക്കാം, പ്രത്യക്ഷപ്പെടുകയില്ലായിരിക്കാം പക്ഷെ വിശ്വസിക്കുന്ന മനസ്സുകളുടെ ശക്തി അവര്‍ക്ക് രക്ഷയേകുന്നു. 

ശുഭം

http://www.emalayalee.com/varthaFull.php?newsId=53872

http://www.emalayalee.com/varthaFull.php?newsId=54199

http://www.emalayalee.com/varthaFull.php?newsId=54099
ദശാവതാരം ഒരു വീക്ഷണം (സുധീര്‍ പണിക്കവീട്ടില്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക