HOTCAKEUSA

തബീഥ (കഥ: ലൈല അലക്‌സ്)

ലൈല അലക്‌സ് Published on 03 August, 2013
തബീഥ (കഥ: ലൈല അലക്‌സ്)
പ്രിയ ലേഖാ,
തുടക്കത്തിലേ പറയട്ടെ, കൂട്ടുകാരിയുടെ കളിവാക്കായി ഇതിനെ കാണരുത്. സാധാരണവും അസാധാരണവുമായ ജീവിതത്തിന്റെ പല മുഖങ്ങളും അതിന്റെ എല്ലാ സ്‌നിഗ്ദ്ധതയോടും അല്ലെങ്കില്‍ ബീഭല്‍സതയോടും കാണുന്ന പ്രഗല്‍ഭയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മനുഷ്യശരീരം കീറിമുറിച്ച് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സര്‍ജന്‍ എഴുതുന്നതായിതന്നെ കരുതുക.. നിങ്ങള്‍, യുക്തിക്ക് നിരക്കുന്നതം അല്ലാത്തതുമായ ഒട്ടേറെ ജീവിത അനുഭവങ്ങളെക്കുറിച്ച് അറിവുള്ള വ്യക്തിയായതിനാലാണ് ഞാനിത് പറയാന്‍ മുതിരുന്നത്. എന്തെങ്കിലും അന്വേഷിക്കാനോ, കേസെടുക്കാനോ അല്ല(അല്ലെങ്കില്‍ തന്നെ ഇതിനുള്ള വകുപ്പ് ഏതു പീനല്‍കോഡിലുണ്ട്?)

കഥ(അങ്ങനെ പറയുന്നത് ശരിയല്ല, എങ്കിലും ആ വാക്ക് ഉപയോഗിക്കാനാണ് എനിക്ക് ഇഷ്ടം) തുടങ്ങുന്നത് ഞാന്‍ പുതിയതായി വാങ്ങിയ വീട്ടിലേക്ക് മൂന്നുവര്‍ഷം മുമ്പ് താമസത്തിനെത്തിയതു മുതലാണ്. അമേരിക്കയില്‍, പ്രത്യേകിച്ചും വടക്കേ അമേരിക്കയുടെ മെട്രോകളില്‍ ഭൂതപ്രേത പിശാചുക്കളും മാന്ത്രിക താന്ത്രിക അനുഷ്ഠാനങ്ങളും നോവലുകളിലും ടി.വി.ചാനലുകളിലും മാത്രമേയുള്ളൂ എന്ന് ഉറച്ചുവിശ്വസിക്കുന്ന ഭൂരിപക്ഷത്തിന്റെ കൂടെയാണ് ഞാന്‍ എന്നു നിനക്ക് അറിയാമല്ലേ.

അവിടെ, എന്റെ അയല്‍ക്കാരി കരീബിയന്‍ വംശജയായ കോഫി നിറമുള്ള, നാല്‍പ്പതു നാല്‍പ്പത്തിയഞ്ചു വയസ്സുള്ള തബീഥ. അടുത്ത വീട്ടിലെ താമസക്കാരിയെ പരിചയപ്പെടാന്‍ തബീഥ വന്നത് അവരുടെ അനുസരണയുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഡിക്കിനേയും കൂട്ടിയാണ്.

“മൈ പാര്‍ട്‌നര്‍…മൈ ലവ്… റിച്ചാര്‍ഡ് ഹേലി” അങ്ങനെയാണ് തബീഥ വളര്‍ത്തുനായയെ പരിചയപ്പെടുത്തിയത്. ആ പരിചയപ്പെടുത്തല്‍ കേട്ടപ്പോള്‍, പെണ്‍കോന്തന്‍മാരായ ചില ഭര്‍ത്താക്കന്മാരെക്കുറിച്ച് നമ്മള്‍ പറയാറില്ലേ, കഴുത്തിലൊരു ബെല്‍റ്റില്ലെന്നേയുള്ളൂ എന്ന്… എന്തോ ആ രംഗമാണ് എന്റെ മനസ്സിലേക്കു വന്നത്. എനിക്ക് ചിരി പൊട്ടി.

ഓ….തബീഥയെ വേണ്ടപോലെ പരിചയപ്പെടുത്തിയില്ല. ആള്‍ ചില്ലറക്കാരിയല്ല… യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി പ്രൊഫസറാണ്. പോരെങ്കില്‍ പാരാസൈക്കോളജിയില്‍ ഡോക്ടറേറ്റുമുണ്ട്. ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെമിസ്ട്രിയും പാരാസൈക്കോളജിയും തമ്മില്‍ പൊരുത്തപ്പെടുന്നതെങ്ങനെയെന്ന് അത്ഭുതം തോന്നുന്നുണ്ടോ? മനുഷ്യശരീരത്തിലെ കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍, മസ്തിഷ്‌കകോശങ്ങളെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള പഠനം പാരാസൈക്കോളജിയിലെ താല്‍പ്പര്യമായി പരിണമിച്ചത് തബീഥ വിശദമായി പറഞ്ഞുതരൂ.

ക്രമേണ ഞങ്ങളുടെ പരിചയം വളര്‍ന്നു. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് നടക്കാനിറങ്ങി. ചിലപ്പോള്‍ ഷോപ്പിംഗിനു പോയി. അല്ലെങ്കില്‍ ലോണിലെ കസേരകളില്‍ വൈനോ, ജിന്നോ നുനഞ്ഞുംകൊണ്ട് സിനിമകളെക്കുറിച്ചും ബുക്കുകളെക്കുറിച്ചും ഗ്ലോബല്‍വാമിംഗിനെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തു. തബീഥയ്ക്ക് അറിയാത്തതായി ഒന്നുമില്ലെന്ന് എനിക്കു തോന്നി. പ്രത്യേകിച്ച്, മാന്ത്രിക താന്ത്രിക വിധികളിലും അവയുടെ പ്രയോഗങ്ങളിലുമുള്ള തബീഥയുടെ ജ്ഞാനം അതിശയിപ്പിക്കുന്നതായിരുന്നു. പരകായ പ്രവേശം പോലെയുള്ള വിദ്യയെക്കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വാ പൊളിച്ചുപോയി. കാരണം അത്തരം ക്രിയകളൊക്കെ മാന്ത്രിക നോവലുകളില്‍ മാത്രം വായിച്ചിട്ടുള്ള ഭാവനാസൃഷ്ടികളാണെന്നാണ് ഞാന്‍ അതുവരെയും കരുതിയിരുന്നത്. തബീഥയെപ്പോലെ ഉന്നതവിദ്യാഭ്യാസവും പദവിയുമുള്ള ഒരാള്‍, അത്തരം കര്‍മ്മങ്ങളെക്കുറിച്ച് അത്ര ഗഹനമായും ഗൗരവമായും സംസാരിക്കുന്നത് എനിക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി; ഭീതിയും.

തബീഥ, ദുര്‍മന്ത്രവാദത്തെക്കുറിച്ചും ആഭിചാരകര്‍മ്മങ്ങളെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ വിഷയം മാറ്റും. എങ്കിലും പലപ്പോഴും സംഭാഷവിഷയങ്ങള്‍ തെന്നിമാറി, മന്ത്രവാദത്തിലേക്കും കരീബിയന്‍ ദ്വീപുകളുടെ വൂഡു അനുഷ്ഠാനങ്ങളിലേക്കും തിരിയും. എന്റെ പേടി മനസ്സിലാക്കിയിട്ടെന്നപോലെ ഡിക്ക് അത്തരം അവസരങ്ങളില്‍ തബീഥയുടെ കാല്‍ക്കീഴില്‍നിന്നു മാറി എന്റെയുടുത്തേക്ക് വരും. ആ നായയുടെ ഉടലും അപ്പോഴൊക്കെ ഭയത്താലെന്നപോലെ വിറയ്ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

അന്ന്, ഏറെനേരം തബീഥ സംസാരിച്ചത് ദുര്‍മന്ത്രവാദത്തിലെ ശത്രുനിഗ്രഹത്തെയും ശിക്ഷാവിധികളെയും കുറിച്ചായിരുന്നു. ശത്രുക്കളുടെ ആത്മാക്കളെ മൃഗശരീരങ്ങളില്‍ തളച്ചിടുന്നതിനുള്ള വിധികളെക്കുറിച്ച് അവള്‍ പറയുമ്പോള്‍ ഭയം എന്റെ നട്ടെല്ലിലൂടെ അരിച്ചുകയറിയതും മിണ്ടാന്‍പോലുമാവാത്ത ഒരുതരം സ്തംഭനാവസ്ഥയിലേക്ക് ഞാന്‍ വീണുപോയതും എങ്ങനെയാണ് വിവരിക്കേണ്ടത് എനിക്കറിയില്ല.

ഒരല്‍പ്പം ധൈര്യത്തിനായി, ആശ്വാസത്തിനായി, ഞാന്‍ ചുറ്റും നോക്കി. ഡിക്കിന്റെ കണ്ണുകളിലും എനിക്ക് കാണാമായിരുന്നു അതേ ഭയം. അമാനുഷികവും പൈശാചികവുമായ ശക്തികളെ തിരിച്ചറിയാന്‍ ജന്തുക്കള്‍ക്കുള്ള കഴിവിനെപ്പറ്റിയൊന്നും വാദിക്കാനൊരുങ്ങുകയല്ല ഞാന്‍. അവന്റെ കണ്ണുകളിലെ ഭയം എനിക്ക് പകല്‍പോലെ വ്യക്തമായിരുന്നു. വാല്‍ താഴ്ത്തി, തലതറയോടു ചേര്‍ത്ത് ഞെട്ടിവിറയ്ക്കുന്ന ഉടലുമായി അവന്‍ എന്റെ കാലുകള്‍ക്കു പിന്നിലൊളിച്ചു. ഏറെക്കഴിഞ്ഞ്, തബീഥ പോകാനിറങ്ങിയപ്പോള്‍, ഡിക്ക് അവളോടൊപ്പം പോകാന്‍ വിസമ്മതിച്ച്, എന്റെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി. “ഇവിടെ വാ..” ഒരു ദാക്ഷിണ്യവുമില്ലാതെ തബീഥ വിളിച്ചു.

ആ നായയും തബീഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുകൂടി നീ അറിയണം. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് പറയട്ടെ. “മൈ പാര്‍ട്‌നര്‍ … മൈ ലവ്” എന്നൊക്കെയാണ് തബീഥ അവനെ പരിചയപ്പെടുത്തുന്നതെങ്കിലും അവര്‍ തമ്മിലുള്ളബന്ധത്തില്‍ സ്‌നേഹത്തിന്റെയോ കരുതലിന്റെയോ ലാഞ്ചനപോലും ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. സ്വന്തം ജീവനുകൂടി ഉടമയായ യജമാനനോട് ഒരു അടിമയ്ക്ക് ഉണ്ടാവുന്ന സമ്പൂര്‍ണ്ണ വിധേയത്വമാണ് ആ നായയില്‍ ഞാന്‍ എപ്പോഴും കണ്ടിട്ടുള്ളത്. തബീഥയാകട്ടെ ഒരിക്കലും സ്‌നേഹത്തോടെ ഒരു വാക്കുപോലും അതിനോടു പറയുന്നതും ഞാന്‍ കേട്ടിട്ടില്ല. എന്നല്ല, ഏതവസരത്തിലും അതിനെ തല്ലുകയും തൊഴിക്കുകയും, വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹിച്ച്, ലാളിച്ച് പോറ്റി വളര്‍ത്തുന്ന പെറ്റ് ലവേഴ്‌സിന്റെ നാട്ടില്‍, തബീഥ ഡിക്കിനോടു കാണിക്കുന്ന ക്രൂരത എന്നെ അത്ഭുതപ്പെടുത്തുകയും അതിലേറെ വിഷമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഉപദ്രവിക്കാനായി മാത്രം എന്തിന് ഈ നായയെ വളര്‍ത്തുന്നു” എന്നു ഞാന്‍ അവളോട് ചോദിച്ചിട്ടുമുണ്ട്.

“ങും… നിനക്കറിയില്ല ഇവനെ... ദിസ് അണ്‍ഫെയ്ത്ഫുള്‍ ഡോഗ്…” എന്നു പറഞ്ഞുകൊണ്ട് തബീഥ അവന്‍ റെ തലയില്‍ കൊട്ടും. അപ്പോള്‍ അവളുടെ കണ്ണുകളില്‍ ഏതോ വന്യമായ വിജയത്തിന്റെ തിളക്കം കാണാം. ദൈന്യതയോടെ ഡിക്ക് തന്റെ മുഖത്തേക്ക് നോക്കും. അപ്പോള്‍ ആ കണ്ണുകള്‍ ഒരു മൃഗത്തിന്റേതല്ലെന്ന് എനിക്കു തോന്നും. ഞാന്‍ നോട്ടം മാറ്റും.

അന്ന്, എന്റെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി ഒളിച്ച ഡിക്കിനെ തബീഥ ചെവിക്കുപിടിച്ച് പുറത്തിറക്കി, ആഞ്ഞുതൊഴിച്ചു. “നടക്ക്… വീട്ടിലേക്ക്…” അവള്‍ ആജ്ഞാപിച്ചു. വാല്‍ താഴ്ത്തി, തല താഴ്ത്തി, അവന്‍ തബീഥയോടൊപ്പം പോയി. രാത്രിയില്‍, ഏതോ ദുഃസ്വപ്നത്തിന്റെ ബാക്കിയാണെന്നാണ് ആദ്യം കരുതിയത്. ആരോ എന്റെ കാലുകളില്‍ കെട്ടിപ്പിടിച്ചു കരയുന്നതായി എനിക്കു തോന്നി. ഏങ്ങലടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കണ്ണുനീരിന്റെ ചൂടുള്ള നനവ് എന്റെ കാലുകളില്‍…

ഞെട്ടലോടെ ചാടിയെഴുന്നേല്‍ക്കുമ്പോള്‍, ഡിക്ക്… “ഹോ…പേടിപ്പിച്ചു കളഞ്ഞല്ലോ…” ഞാന്‍ ആശ്വാസത്തോടെ നിശ്വസിച്ചു. “നീ വന്നതു നന്നായി. നിന്റെ യജമാനത്തിയുടെ വൂഡു അനുഷ്ഠാനങ്ങള്‍ കേട്ട് പേടിച്ച് എന്റെ ജീവന്‍ പോകാറായിരിക്കയാ… എന്നെയെങ്ങാനും പട്ടിയോ പൂച്ചയോ ആക്കിക്കൂടെ കൂട്ടിയാലോ എന്നോര്‍ത്ത്..”

ഞാന്‍ പറഞ്ഞതു മനസ്സിലാക്കിയിട്ടെന്നതുപോലെ ഡിക്ക് എന്റെ മുഖത്തേക്ക് നോക്കി. അവന്റെ തൊണ്ടയില്‍നിന്നും ഹൃദയം പൊട്ടിയുള്ള തേങ്ങല്‍പോലെ ഒരു മുരള്‍ച്ച…

“എന്താടാ… എന്തുപറ്റി?” ഞാന്‍ അവന്റെ തലയില്‍ തലോടി. അവന്‍ തല കുടഞ്ഞുകൊണ്ട് എന്റെ അടുത്തുനിന്നും മാറിപ്പോയി.

പിറ്റേന്ന്, ഞാന്‍ തബീഥയോടു പറഞ്ഞു: “ഡിക്ക് വിസിറ്റഡ് മീ ലാസ്റ്റ് നൈറ്റ്.”

“വാട്ട്..?” തബീഥ ക്രുദ്ധനായി അലറി. തബീഥയുടെ ഭാവംകണ്ട് ഞാന്‍ ഞെട്ടി.

“എന്താ തബീഥാ.. എന്തുപറ്റി നിനക്ക്?”

പണിപ്പെട്ട് കോപം അടക്കിക്കൊണ്ട് തബീഥ പറഞ്ഞു: “ഐ ആം സോറി. ഞാന്‍ വേറെ എന്തോ ഓര്‍ക്കുകയായിരുന്നു.”

അപ്പോഴും അവളുടെ കണ്ണുകളിലെ കോപാഗ്നി എരിഞ്ഞടങ്ങിയിരുന്നില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു.
“ഇറ്റ്‌സ് ആള്‍ റൈറ്റ്…” എന്ന് ഞാന്‍ തബീഥയോടു പറഞ്ഞെങ്കിലും, ആ ക്രോധം വളരെ അസാധാരണമായി എനിക്കു തോന്നി.

ഒക്കെ കേട്ടുകൊണ്ട് നില്‍ക്കയായിരുന്ന ഡിക്കിന്റെ കണ്ണുകളിലെ ഭാവമാണ് എന്നെ അമ്പരിപ്പിച്ചുകളഞ്ഞത്. കൊടിയ അപരാധനത്തില്‍ പിടിക്കപ്പെട്ട കുറ്റവാളിയുടെ ഭാവം. ഭീകരമായ ശിക്ഷാവിധി കാത്തുനില്‍ക്കുന്നവന്റെ ദൈന്യത..സത്യമായിട്ടും ഒരു മൃഗത്തിന്റെ കണ്ണുകള്‍ ആയിരുന്നില്ല അവ…

അന്ന്, തബീഥയുടെ വീട്ടില്‍നിന്നും ഏറെനേരം ഡിക്കിന്റെ മോങ്ങല്‍ കേട്ടു. അവള്‍ അവനെ തല്ലിച്ചതച്ചിരിക്കണം. പിന്നെ ഞാന്‍ കാണുമ്പോള്‍ അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു. പിന്‍കാലുകളില്‍ ഒന്ന് മടക്കിപ്പിടിച്ചിരിക്കയും.

ഞാന്‍ തബിഥയോടു പറഞ്ഞു: “ഇതിനെ ഇങ്ങനെ തല്ലിയാല്‍ നിന്നെ എസ്.പി.സി. എ.ക്കാര്‍ പിടിച്ച് ശിക്ഷിക്കും.”

ങും..ങും…ഈ നന്ദികെട്ട ശവത്തിലെ തല്ലുന്നതിനോ..? തികഞ്ഞ അവജ്ഞയോടെ തബീഥ മൂളി. അപ്പോഴും അവളുടെ ക്രൗര്യം നിറഞ്ഞ കണ്ണുകള്‍ ഡിക്കിന്റെമേല്‍ തറഞ്ഞിരിക്കുകയായിരുന്നു.
എനിക്ക് വല്ലായ്മ തോന്നി. തബീഥയുടെ ക്രൂരത, ദുര്‍മന്ത്രവാദം പോലെയുള്ള വിഷയങ്ങളിലെ താല്‍പ്പര്യം എല്ലാം എന്നെ ഭയപ്പെടുത്തി…തബീഥയുമായുള്ള ചങ്ങാത്തം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് അവിടെനിന്നും ദൂരെ എവിടേക്കെങ്കിലും പോകണമെന്ന് ഞാന്‍ തീരുമാനിച്ചു.
അന്ന്, രാത്രിയിലും ഡിക്ക് എന്നെത്തേടി എത്തി. പഠനമുറിയില്‍ എന്തോ വായിച്ചുകൊണ്ടിരിക്കയായിരുന്ന എന്റെ കാല്‍ക്കല്‍ ചുരുണ്ടുകൂടി. ഞാന്‍ അവന്റെ പരിക്കേറ്റ കാലില്‍ തലോടിക്കൊണ്ട് ചോദിച്ചു.

“നീയെന്തിനാ ഇങ്ങനെ അവളുടെ അടികൊണ്ട് ഇവിടെ കിടക്കുന്നത്? എവിടേക്കെങ്കിലും ഓടിപ്പോയിക്കൂടേ?”

അവന്‍ തലപൊക്കി എന്നെ നോക്കി. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിന്റെ നിസ്സാഹായവസ്ഥ എനിക്ക് അവന്റെ ഭാവത്തില്‍ വായിക്കാമായിരുന്നു.

“നീ എന്റെ കൂടെ പോര്…ഞാന്‍ ഇവിടം വിടാന്‍ തീരുമാനിച്ചിരിക്കയാണ്..” ഞാന്‍ അവനോടു പറഞ്ഞു: ആശയുടെ തിരിനാളം അവന്റെ കണ്ണുകളില്‍ മിന്നി. അവന്‍ ചാടിയെഴുന്നേറ്റ്, രണ്ടു മുന്‍കാലുകളും പൊക്കി എന്റെ മടിയില്‍ വച്ചു. അവന്റെ നനഞ്ഞ മൂക്കുകൊണ്ട് എന്റെ നെറ്റിയിലും കവിളിലും ഉമ്മവയ്ക്കാന്‍ തുടങ്ങി.

“ഹാ…മാറെടാ…” ഇക്കിളിയുടെ അസഹ്യതയോടെ ഞാന്‍ അവനെ പിടിച്ചുതള്ളി. ചിരിച്ചുകൊണ്ട് അവന്‍ നിലത്തേക്ക് ചാടി.

പെട്ടെന്ന്, എന്റെ വീടിന്റെ കാളിംഗ്‌ബെല്‍ മുഴങ്ങി.

ഇതാരാ ഈ രാത്രിയില്‍ എന്നോര്‍ത്തുകൊണ്ട് വാതില്‍ തുറന്നപ്പോള്‍ തബീഥയായിരുന്നു.

“ഡിക്ക് ഇവിടെയില്ലേ? ഇറക്കിവിട് അവനെ....”

കോപത്തോടെ അനുവാദത്തനു കാത്തുനില്‍ക്കാതെ, അവള്‍ എന്‌റെ കിടപ്പുമുറിയിലേക്ക് കടന്നു. മുറിയുടെ മൂലപറ്റി തല തറയോടു ചേര്‍ത്തു വാല്‍ അനക്കാതെ കിടക്കുകയായിരുന്നു ഡിക്ക്. അവന്‍ വിറയ്ക്കുന്നത് എനിക്കു കാണാമായിരുന്നു.

“അവിശ്വസ്തനായ നായേ… എന്റെ കാല്‍ക്കീഴില്‍നിന്നും രക്ഷപ്പെടാമെന്ന് നീ കരുതിയോ? ഇത്രയായിട്ടും നീ പഠിച്ചില്ലേ?” എന്നാക്രോശിച്ചുകൊണ്ട് തബീഥ അവന്റെ തലയില്‍ ചവിട്ടി. ഡിക്ക് ഉച്ചത്തില്‍ മോങ്ങി.

“മിണ്ടരുത്.. കൊന്നുകളയും ഞാന്‍…” അവള്‍ അവനെ പിടിച്ചുവലിച്ചു കൊണ്ടുപോയി.

അവള്‍ പറഞ്ഞതുപോലെ പറ്റിക്കുകയും ചെയ്തു. അധികം വൈകാതെ ഒരു വെടിയൊച്ച ഞാന്‍ കേട്ടു.

രാവിലെ, മുനിസിപ്പാലിറ്റിയുടെ വാഹനം വന്ന് പട്ടിയുടെ മൃതശരീരം കൊണ്ടുപോയി. വളര്‍ത്തുനായ ആക്രമണസ്വഭാവം കാട്ടിയപ്പോള്‍ കൊല്ലേണ്ടിവന്നു എന്ന് തബീഥ മുന്‍സിപ്പാലിറ്റി ജീവനക്കാരോടു പറയുന്നത് അപ്പോഴവിടെ ഉണ്ടായിരുന്ന ഞാന്‍ നേരിട്ടുകേള്‍ക്കുകയും ചെയ്തു.

ലേഖാ, ഇനി എനിക്കു പറയാനുള്ളത് ക്ഷമയോടെ കേള്‍ക്കണം. ഡിക്കിന്റെ ദാരുണമായ അന്ത്യം എന്നെ വല്ലാതെ സങ്കടപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറുതെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലോടിച്ചുകൊണ്ടിരിക്കയായിരുന്നു ഞാന്‍. പലവട്ടം നോക്കിയിട്ടുള്ള തബീഥയുടെ വെബ്‌സൈറ്റിലാണ് ഞാന്‍ ചെന്നുപെട്ടത്. തബീഥ… യൂണിവേഴ്‌സിറ്റി പ്രൊഫസര്‍… പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പേരുകള്‍ക്കുശേഷം എഴുത്തുകാരിയെക്കുറിച്ചുള്ള ലഘുവിവരണത്തില്‍, അശാലത്തില്‍ മരണമടഞ്ഞ അവരുടെ ഭര്‍ത്താവിനെക്കുറിച്ചും പരാമര്‍ശം…. തബീഥ വളരെക്കുറച്ചുമാത്രമേ ഭര്‍ത്താവിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ. അയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി എന്തോ ബന്ധമുണ്ടായിരുന്നെന്നോ മറ്റോ… വിഷമിപ്പിക്കേണ്ട എന്നു കരുതി ഞാന്‍ കൂടുതലൊന്നും ചോദിച്ചിട്ടുമില്ല. എന്തുകൊണ്ടോ അവരുടെ ഭര്‍ത്താവിനെക്കുറിച്ചും അയാളുടെ മരണത്തെക്കുറിച്ചും കൂടുതല്‍ അറിയണമെന്ന് എനിക്ക് തോന്ന്.

ഞാന്‍ അന്വേഷിച്ചു… വിശദമായി… യൂണിവേഴ്‌സിറ്റിയിലെ തബീഥയുടെ സഹപ്രവര്‍ത്തകരോടു ചോദിച്ച് അവളുടെ ഭര്‍ത്താവിന്റെ പേര് റിച്ചാര്‍ഡ് ഹേലി എന്നായിരുന്നു എന്നും അയാള്‍ വീട്ടിലെ നീന്തല്‍ കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചുകിടക്കുകയായിരുന്നു എന്നും ഞാന്‍ മനസ്സിലാക്കി.
 
ആത്മഹത്യയാവും എന്നായിരുന്നു പൊതുവെ ഉള്ള നിഗന്മം. അയാളുടെ മരണത്തിനുശേഷമാണ് തബീഥ. അവളുടെ ഓമനയായ നായയെ ഡിക്ക് എന്നു വിളിച്ചുതുടങ്ങിയതെന്നും അവര്‍ എന്നോടു പറഞ്ഞു. നായയ്ക്ക് ഭര്‍ത്താവിന്റെ പേരിടുന്നതിലെ അനൗചിത്യം ചൂണടിക്കാട്ടിയ എന്നോട് അവര്‍ ചോദിച്ചു: “മനുഷ്യര്‍ പല വിധത്തിലല്ലേ ദുഃഖം പ്രകടിപ്പിക്കുന്നത്?”

എന്തോ, ആ അന്വേഷണം അങ്ങനെയങ്ങ് അവസാനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെയും മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസിലെയും സുഹൃത്തുക്കളുടെ സഹായത്തോടെ, ഞാന്‍ അയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെടുത്തു… അതില്‍ ആ മരണത്തെക്കുറിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നീന്തല്‍ക്കുളത്തില്‍ മരിച്ചുകിടന്ന റിച്ചാര്‍ഡ് ഹേലി മുങ്ങിമരിച്ചതല്ല. മര്‍ദ്ദനത്തിന്റെയോ, വിഷം ഉള്ളില്‍ ചെനനതിന്റെയോ, ഏതെങ്കിലും രോഗലക്ഷണമോ ആ മൃതദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ല.  മരണകാരണം എന്താണെന്ന് ആ ശരീരം കീറിമുറിച്ച് പരിശോധിച്ച ഡോക്ടര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. മരണകാരണം തികച്ചും അജ്ഞാതം.

ആ റിപ്പോര്‍ട്ടിന്റെ ഒരു വശത്തായി, ആ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പെന്‍സില്‍കൊണ്ട് കുറിച്ചിട്ടിരിക്കുന്ന വാക്കുകളാണ് എന്നെ ഏറെ സംഭ്രമിപ്പിച്ചത്. “ദിസ് ഈസ് നോട്ട് ഹ്യൂമന്‍ ബ്ലഡ്… ഇത് ഏതോ മൃഗത്തിന്റെ രക്തമാണ്.”

തബീഥ തന്റെ വളര്‍ത്തുനായയെ ഭര്‍ത്താവിന്റെ പേരുചൊല്ലി വിളിച്ചതിനു പിന്നില്‍ എന്താണ്?
റിച്ചാര്‍ഡ് ഹേലി എന്ന് മുഴുവന്‍ പേരും ഡിക്ക് എന്ന് വിളിപ്പേരുമുള്ള തബീഥയുടെ നായ… ആ നായയുടെ കണ്ണുകളിലെ ഭയം… ദൈന്യത…

ആ നായയോട് അവള്‍ കാട്ടിയിരുന്ന ക്രൂരത…

എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം?

കേസന്വേഷണങ്ങള്‍ക്കിടിയില്‍, യുക്തിക്ക് നിരക്കുന്നതും അല്ലാത്തതുമായ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള നിനക്ക് എന്തു തോന്നുന്നു?

എന്ന്,

എല്‍…


തബീഥ (കഥ: ലൈല അലക്‌സ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക