Image

അനാചാരം: ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 16 August, 2013
അനാചാരം: ഡോ.എന്‍.പി.ഷീല
സൂര്യനു കീഴിലുളള സമസ്ത ജീവജാലങ്ങള്‍ക്കും കര്‍മ്മം ചെയ്യാന് അതാതിന്‍രെ കാലമുണ്ട്. പ്രകൃതിയിലേക്ക് നോക്കിയാല്‍ ഇക്കാര്യം ഗ്രഹിക്കാം. സൃഷ്ടിയുടെ മകുടമെന്ന് വിശേഷിപ്പിക്കുന്ന മനുഷ്യനാണ് ഇവിടെ പ്രകൃതം.(ശ്രദ്ധാവിഷയം)

ആചാര്യന്മാര്‍ മനുഷ്യജീവിതത്തിലെ നാലുഘട്ടങ്ങള്‍ ആശ്രമചതുഷ്ടമായി പറയാറുണ്ട്. ബ്രഹ്മചര്യം, ഗാര്‍ഹസ്ത്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ ക്രമാനുഗതമായിട്ടാണ്. പലപ്പോഴും ആദ്യത്തേതില്‍ നിന്ന് അവസാനത്തിലേക്കുള്ള ചാട്ടം പലര്‍ക്കും പിഴക്കാറുണ്ട്. അസിധാരവ്രതം എന്ന അഗ്നിപരീക്ഷയില്‍ വിജയം നേടുന്നവരേ അതിന് അര്‍ഹരാകയൂള്ളൂ. വീതരാഗികളായ തപോധനന്മാര്‍പോലും ഉന്നത സോപാനത്തിലെത്തി കാലിടറി നിലം പതിച്ച ചരിത്രമുണ്ട്, അതവിടെ നില്‍ക്കട്ടെ.

തിരുവള്ളൂവര്‍ തന്‍ന്റെ ജീവിത നിരീക്ഷണത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സന്യാസിയാണെന്നു ഭാവിക്കയും മാനസികമായി ഭൗതികസുഖങ്ങളില്‍ തൃഷ്ണ പുലര്‍ത്തുകയും ചെയ്യുന്നവര്‍ കാപട്യരാണ്.

"സ നിത്യസന്യാസീ യ: ന ദ്വേഷ്ടി, ന കാംക്ഷതി"( ഒന്നിനെയും ദ്വേഷിക്കാതെയും കാഷിക്കാതെയും രമിക്കുന്നവന്‍ നിത്യസന്യാസി എന്നു ഭഗവത് ഗീത-5-3) യിലും പറഞ്ഞിരിക്കുന്നു.

കപടാചാരം ലോകമെമ്പാടും ആധിപത്യം പുലര്‍ത്തുന്ന ഈ കലിയുഗത്തില്‍ 'കുടാ ഒഴുക്കണം' അഥവാ അനാചാരം ത്യജിക്കണമെന്നു പറയുന്നത് എത്രത്തോളം സംഗതമാണ് എന്നതില്‍ ശങ്കയുണ്ട്, എന്നു പറയുന്നതില്‍ ഭേദം ശങ്കയേതുമില്ല എന്നു പറയുന്നതാണ്. യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്നാണല്ലോ തിരുവെഴുത്തിന്റെയും നിലപാട്.

മനസില്‍ വഞ്ചനയും പുറമെ ചക്കരവാക്കുമായി നടക്കുന്ന നാട്യശിരോമണികള്‍ക്കുള്ളതാണ് അകത്തു കത്തിയും പുറത്തു മുത്തിയും എന്ന പഴഞ്ചൊല്ല്. ഈ ചൊല്ല് സോളാര്‍ തട്ടിപ്പിലെ ജഗജില്ലികള്‍ക്കും യോജിക്കും. തട്ടിപ്പിരനായ ഒരാള്‍ സാക്ഷിക്കുന്നത് ഇവരുടെ മധുര ഭാഷണ ചാതുര്യത്തില്‍ ഏതു വമ്പനും വീണുപോകുമെന്നാണ്. എവിടെ നോക്കിയാലും ഇത്തരക്കാരുടെ 'രാജഭരണമാണ്' കാണുക. പൂച്ചസന്യാസികളെക്കൊണ്ട് ലോകം നിറഞ്ഞിരിക്കയാണ്. പച്ചവെള്ളവും ചവച്ചേ കുടിക്കൂ എന്ന മട്ടിലുള്ള സാധുക്കളുടെ കയ്യിലിരുപ്പ് ശതകങ്ങള്‍ക്കു മുമ്പുതന്നെ തിരുവള്ളൂര്‍ ബോധവാനായിരുന്നു. പഞ്ചഭൂത നിര്‍മ്മിതമായ മനുഷ്യശരീരത്തിലെ(അഗ്നി, ജലം, വായു, ആകാശം, ഭൂമി) പഞ്ചഭൂതങ്ങലെ (മണ്ണ്, പെണ്ണ്, ഭക്ഷണം മുതലായവയില്‍ ആര്‍ത്തിയുള്ളവര്‍) നോക്കി പരിഹസിക്കുമത്രെ.

കൂടാതെ സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച്, ആട്ടിന്‍ തോലണിഞ്ഞ ചെന്നായെപ്പോലെ മറ്റുള്ളവരെ ചതിക്കാന്‍ നടക്കുന്നവന്‍ തനിക്കു മറ്റുള്ളവര്‍ക്കു- സമൂഹത്തിനു തന്നെയും- എന്തു ഗുണം ചെയ്യും? ഇപ്പോള്‍ ആന്തരാ സന്യാസികള്‍ വിരളം, സന്യാസി വേഷക്കാര്‍ എമ്പടിയും എന്നതാണ് സ്ഥിതി! അധാര്‍മ്മികളായ ഇവറ്റകള്‍ക്ക് കുംഭിപാകനരകത്തിലും ഇടം ലഭിക്കയില്ല.

ആത്മനിയന്ത്രണം എന്തെന്നും ഏതെന്നുമറിയാതെ സന്യാസവേഷം കെട്ടി നടക്കുന്നവര്‍ പശു പുലിത്തോലണിഞ്ഞു വിളവുമേയുന്നതുപോലെയാണെന്ന് തിരുവള്ളൂവര്‍ പറയുന്നതിന്റെ പൊരുള്‍ മറ്റൊന്നുമല്ല, മനസ്സാ സന്യാസം വരിക്കുന്നവനാണ് സന്യാസി: രാഗദ്വേഷഭാവന ഉള്ളില്‍ കുടികൊള്ളുന്നവന് സന്യാസം അകലെ, അകലെ വേഷത്തില്‍ കാര്യമില്ല, മനസ്സിലിരുപ്പാണ് പ്രധാനം. വേഷം കെട്ടല്‍ വെറുമൊരു മറയും തന്ത്രവുമാണ്. ഇപ്പോള്‍ അതാണ് പ്രബലമായി കാണപ്പെടുന്നതും.
കാമാസക്തിയില്‍ നിന്നും മോചനം നേടാത്തവന്‍ സന്യാസം സ്വീകരിക്കാനേ പാടില്ലെന്നു തിരുവള്ളൂവര്‍ കര്‍ശനമായി വിലക്കുന്നു. ജ്ഞാനികള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിവുള്ളവരാണല്ലോ. വര്‍ത്തമാനകാല സ്ഥിതികള്‍ അദ്ദേഹം പ്രവചിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. വേഷം കാണിച്ച് സാധുക്കളെ വിഭ്രമിപ്പിക്കുന്ന കപട സന്യാസിമാര്‍, സന്യാസ ധര്‍മ്മത്തിനുതന്നെ അപമാനവും തീരാക്കളങ്കവുമാണ്. നിഷ്‌കളങ്കരെ വെട്ടില്‍ വീഴ്ത്തുന്ന ഇക്കൂട്ടരുടെ കര്‍മ്മഫലം ഫയാനകമായിരിക്കും. ദുരിത വാരിധി നടുവില്‍ നിസ്സഹായരായി നക്ഷത്രമെണ്ണേണ്ട ഗതികേട്! ജന്മമെടുത്ത ഒരുവനും കര്‍മ്മഫലത്തില്‍ മോചനമില്ലല്ലോ. 'വിതയ്ക്കുന്നതു കൊയ്യുമെന്നും , ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കുമെന്നുമുള്ള അനുഭവം നിഷേധിക്കുകവയ്യ'!

ആശകളെല്ലാം പരിത്യജിച്ചുവെന്നും, താന്‍ ലോകത്തിനു മാതൃകയാണെന്നു പറഞ്ഞു വീമ്പടിക്കുന്ന തഥാകഥിത പരിത്യാഗികളെപ്പോലെയുള്ള കാട്ടുകള്ളന്മാര്‍ ലോകത്തു വേറെ കാണുകയില്ല.
ഇവര്‍ വേറൊരു വന്‍ പറ്റിപ്പുകൂടി നടത്തുന്നുണ്ട്. ഗുണികളും സല്‍ക്കാര പ്രിയരുമായ ഗൃഹസ്ഥാശ്രമികലെ സന്ദര്‍ശിച്ച് അവരുടെ ആതിഥ്യം സ്വീകരിക്കുകയും, ദക്ഷിണ വാങ്ങുകയും ചെയ്യുന്നത് തങ്ങളുടെ മുജ്ജന്മ കര്‍മ്മ പരിപാകമാണെന്ന് വിശ്വസിച്ച് ഒടുവില്‍ തങ്ങല്‍ കബളിപ്പിക്കപ്പെട്ടുവെന്നു ബോധ്യമാകുമ്പോള്‍ കുണ്‍ഠിതപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം സ്വയം വഞ്ചിക്കയും മറ്റുള്ളവര്‍ക്കു സ്വര്‍ഗ്ഗം പതിച്ചു കൊടുക്കുമെന്ന് വിശ്വസിച്ച് വിഡ്ഢികളാക്കുകയും ചെയ്ത്  ഖലകുലവര ന്മാരെന്ന പദവിക്ക് അര്‍ഹരാകുകയും ചെയ്യുന്നു.

ഒന്നോര്‍ക്കണം, കുന്നിക്കുരുപോലെ ഭംഗിയുള്ള നിറത്തില്‍ വസ്ത്രം ധരിക്കയും അതിന്റെ അഗ്രഭാഗത്തുകാണുന്ന കറുപ്പുപോലെ അന്തരംഗത്തില്‍ കാമക്രോധലോഭമോഹാദികള്‍ സംഭരിച്ചുവയ്ക്കുകയും ചെയ്യുന്ന പെരുങ്കള്ളന്മാരെ തുലനം ചെയ്യാന്‍ വാക്കുകള്‍ അസമര്‍ത്ഥങ്ങള്‍ തന്നെ എന്നു പറയേണ്ടിവരുന്നു.

ഇവര്‍ ദേശാടനപക്ഷികളെപ്പോലെ ഉലകം ചുറ്റി നടക്കുകയും തീര്‍ത്ഥാടനം നടത്തുകയും യഥാര്‍ത്ഥ താപസന്മാരെപ്പോലെ പൂജാദികര്‍മ്മങ്ങള്‍ ചെയ്യുകയുമൊക്കെ സ്ഥിരം പരിപാടികളാക്കി തങ്ങള്‍ സിദ്ധന്മാരാണെന്ന് അണികളെക്കൊണ്ട് പ്രചരിപ്പിക്കുന്ന സൂത്രത്തിലും പിന്നിലല്ല.

തിരുവള്ളൂവര്‍ ഒരു സാധാരണ ഉദാഹരണംകൊണ്ട് ഇവരുടെ പ്രവൃത്തിയെ വിലയിരുത്തുന്നു.
അമ്പ് ആകൃതിയില്‍ വളവില്ലാത്തതും വീണ ആകൃതിയില്‍ വളവുള്ളതുമാണ്. എന്നാല്‍ അമ്പുകൊണ്ടാല്‍ ഉണ്ടാകുന്ന ഫലം മാരകമാണ്. വീണയില്‍ നിന്നു പുറപ്പെടുന്ന സ്വരമോ ആനന്ദദായകവും. കാഴ്ചയുടെയോ വേഷത്തിന്റെയോ അടിസ്ഥാനത്തില്‍ നാം ഒന്നിനെയും വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല, പക്ഷേ അനര്‍ത്ഥവും ഭവിക്കും. വ്യക്തിയുടെ പ്രവൃത്തി നോക്കി വിലയിരുത്താനാകും വിവേകം അഭ്യസിക്കണം- നേടണം എന്നു സാരം.

തലമുണ്ഡനം ചെയ്തും, കാഷായ വസ്ത്രം ധരിച്ചും മുഗ്ഗോപി വരച്ചും മറ്റും വേഷം കെട്ടിയാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെങ്കില്‍ സ്വര്‍ഗ്ഗം ലഭിക്കുമെങ്കില്‍ പ്രാചീന കവി കബീര്‍ദാസ് പറയുന്നത്, ഇവരേക്കാള്‍ സ്വര്‍ഗ്ഗത്തിന് അര്‍ഹരായിട്ടുള്ളത് ശരീരമാസകലം മുണ്ഡനം ചെയ്യപ്പെടുന്ന ചെമ്മരിയാടുകളായിരിക്കും. എത്ര ക്രൂരമായ പരിഹാസം.

തിരുവള്ളൂവരും പറയുന്ന ആശയം ഒന്നു തന്നെ. സന്യാസി വേഷം കെട്ടി ജഡയും വളര്‍ത്തി രുദ്രാക്ഷവും അണിഞ്ഞ് കമണ്ഡലവും അണിഞ്ഞ് കമണ്ഡലുവും കയ്യിലേന്തി, ഭിക്ഷാം ദേഹികളായി 'ഫാന്‍സിഡ്രസ്' മത്സരാര്‍ത്ഥിയെപ്പോലെ. അഭിനയിക്കുന്നവര്‍ നയവഞ്ചകരും സാമൂഹ്യദ്രോഹികളുമാണ്. അവരില്‍ നിന്ന് ഓടിയകലുക!


അനാചാരം: ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക