മരണം കള്ളനെപ്പോലെ ഓര്‍ക്കാപ്പുറത്ത് വരുമെന്നു പറയാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമല്ല. മൃതദേവതയെ കണ്ടുകൊണ്ടു കിടക്കുന്നവരുണ്ട്. റിബുവിന്റെ മരണം വീട്ടുകാരും നാട്ടുകാരും പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു. എന്നാല്‍ മരണവാര്‍ത്ത അത്ര സുഖമുള്ള ഒന്നല്ലല്ലൊ. എങ്കിലും എല്ലാവരും ഉള്ളാലെ ആശ്വസിച്ചു. ദുഃഖമോചനമായി- പാവം മനു! എത്ര കാലമായി ഈ ക്ലേശസഹനം തുടങ്ങിയിട്ട്. സുദീര്‍ഘമായ ഇരുപത്തിയെട്ടു വിധുരന്‍/വര്‍ഷം, അതും വിധുര്യനെപ്പോലെ.
ഈ വിവാഹം നടക്കാന്‍ കാരണം ഫാക്ടറില്‍ തന്നെ ജോലിയുള്ള ഒരു എഞ്ചീനിയറാണ്. അദ്ദേഹത്തിന്റെ ഭാര്യ സെന്റ് തെരേസാസില്‍ ലക്ച്ചററാണ്. റിബുവിന് ചെറുപ്പത്തില്‍ പോളിയോ വന്ന് കാലിനല്‍പും ബലക്കുറവുണ്ട്. ബൈബിളിലെ റബേക്കയെ വെല്ലുന്ന സൗന്ദര്യമുള്ള റിബുവിന്റെ ഈ ചെറിയൊരു കുറവ് മനു കാര്യമാക്കിയില്ല. കുലീന കുടുംബം, പരമ്പരാഗതമായി തന്നെ പേരുകേട്ട തറവാട്, മൂന്നുനാലു സഹോദരന്മാരുടെ അഞ്ചാമത്തെ പഞ്ചവര്‍ണ്ണക്കിളി. കടഞ്ഞെടുത്ത ശരീരം! ഒന്നാന്തരം ഗായിക. ശാസ്ത്രീയ സംഗീതത്തില്‍ നിഷ്ണാത. . നല്ല ശാരീരം. ബ്രഹ്മാവ് സകലതും പൂര്‍ണ്ണമായി കൊടുത്ത ചരിത്രമില്ലല്ലൊ.
ഇതൊക്കെയാണെങ്കിലും കാലിന്റെ അസ്വാധീനം പറഞ്ഞ് വീട്ടുകാര്‍ എതിര്‍ത്തു. യാദൃശ്ചികമായാണ് റിബുവിനെ കാണാന്‍ വിസിറ്റേഴ്‌സ് എന്ന വ്യാജേന പ്രസന്ന കുമാറും മനുവും ഹോസ്റ്റലില്‍ വന്നത്. സരോജയും ഒപ്പമുണ്ടായിരുന്നു. ഷോപ്പിംഗിനിറങ്ങിയപ്പോള്‍ റിബുവിനെയും ഒന്നു സന്ദര്‍ശിക്കാമെന്ന് കരുതി. സരോജ വാര്‍ഡന്‍ വിലാസിനിയോട് പറഞ്ഞു. റിബുവിനെ കാണാന്‍ വന്നതാണ് ഒന്നു വിളിക്കാമോ?
നിങ്ങള്‍ ഇരിക്ക്. അടുത്ത റൂമാണ് കുട്ടിക്കു കൊടുത്തത്. സ്റ്റെപ്പ് കേറെണ്ടെന്നു കരുതി. എന്തുനല്ല കുട്ടി. പക്ഷേ ഈശ്വരന്‍ അല്‍പം ഫിശുക്കു കാട്ടി… വാര്‍ഡന്‍ മിസ് വിലാസിനി പരിതപിച്ചു. സരോജ കൂടെയുള്ളവരെ പരിചയപ്പെടുത്തി. വാര്‍ഡന്‍ മേശപ്പുറത്തിരുന്ന കാളിംഗ് ബെല്‍ അമര്‍ത്തി. അറ്റന്റര്‍ കുട്ടിവന്ന് എത്തിനോക്കി.
റൂം 11 ലെ ടീച്ചര്‍ക്ക് വിസിറ്റേഴ്‌സ് ഉണ്ട്. വരാന്‍ പറ. രണ്ടു മൂന്നു മിനിറ്റിനകം റിബു വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. കുളികഴിഞ്ഞ് തലമുടി ഉണക്കാന്‍ അഴിച്ചിട്ടിരിക്കുകയാണ്. ചുരുണ്ടു നീണ്ട സമൃദ്ധമായ കേശം. യാതൊരു വിധ മേക്കപ്പുമില്ല. തനി ഗ്രാമീണ സുന്ദരി.
സരോജ- ഹസ്ബന്റിനെ കേട്ടറിയാമല്ലോ. അദ്ദേഹം, ഇദ്ദേഹം- ഇത് പ്രസന്നന്‍. അത് ഞങ്ങളുടെ ഫാമിലി ഫ്രണ്ട് മനു. ക്വാര്‍ട്ടേഴ്‌സില്‍ തന്നെ.
റിബു മന്ദഹസിച്ചു. വെറുതെ വീടെവിടെന്നും, പഠിച്ചതെവിടെന്നുമൊക്കെ കുശലം ചോദിക്കുന്നതിനിടെ വാര്‍ഡന്‍ കാപ്പിക്ക് ഏര്‍പ്പാട് ചെയ്യ്തത്. ഒരു പെണ്‍കുട്ടി കൊണ്ടുവന്നു. റിബുവിനും ഒരു കപ്പുണ്ട്.
മിസ് ഞാന്‍ ചായ കുടിച്ചിരുന്നു. അതു സാരമില്ല കുട്ടി. എല്ലാവരുടെയും കൂടെ, ഒരു കപ്പുകൂടിയാവാം.
ഇനി കടയിലൊക്കെ കയറി അങ്ങെത്തുമ്പോള്‍ ഒരു നേരമാകും. പെണ്ണുങ്ങളെയും കൊണ്ട് കടയില്‍ കയറിയാലത്തെ കാര്യം പറയുകേം വേണ്ട. സരോജയെ നോക്കി പ്രസന്നന്‍ കളിയാക്കി.
സരോജ ഒരു ചിരി പാസാക്കി മറുപടി പറയുന്നതിനു പരം എന്നാല്‍ ഞങ്ങളിറങ്ങട്ടെ റിബു. റിബു പതുക്കെ തലയാട്ടി. ഒ.കെ. പറഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഗര്‍ഭിണിയായാല്‍ കാലിന്റെ ബലക്കുറവ് പ്രശ്‌നമാകും എന്നാണ് മനുവിന്റെ അമ്മയുടെ ഭയം. നിനക്ക് കൂടെ 16, 18 എന്നു നടക്കുന്ന ഒരാളെയേ കിട്ടത്തൊള്ളോ? മനുവിന്റെ ചേട്ടന്റെ പരിഹാസം. പക്ഷെ അതൊന്നും മനുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ വിലപ്പോയില്ല. അദ്ദേഹം കാല്‍ വിസ്മരിച്ച് ആഢ്യത്വം സ്ഫുരിക്കുന്ന ആ മുഖതേജസ്സിലാണ് മിഴിയൂന്നിയത്. ഉയര്‍ന്ന ഉദ്യോഗവും മറ്റൊരാകര്‍ഷണമായിരുന്നിരിക്കാം. ഉണ്ണിയെ കാണുമ്പോള്‍.. എന്നല്ലേ ചൊല്ല്.
പക്ഷേ അവരുടെ ഭയമെല്ലാം അസ്ഥാനത്തായിരുന്നു. ബാങ്ക് ലോണെടുത്ത് ഒന്നാന്തരമൊരു വീട് പണിയിച്ചതും മോളും മോനുമായി രണ്ടു കുട്ടികളും, കോളേജില്‍ വരാനും പോകാനും വാഹന സൗകര്യം- എല്ലാം എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടായിരുന്നു. പലര്‍ക്കും സിസേറിയാനിരുന്നപ്പോള്‍ റിബുവിനു നോര്‍മല്‍ ഡലിവറി. ബേബിസിറ്റര്‍ പ്രശ്‌നം എല്ലാവര്‍ക്കുമുണ്ടായപ്പോള്‍ റിബു അതിലും ഭാഗ്യവതി. മനുവിന്റെ അമ്മതന്നെ വന്ന് ആ ചുമതല ഏറ്റെടുത്തു.
ഭാഗ്യചക്രം എവിടെയൊ ഒന്നുടക്കി. വിധി ഒന്നും നിര്‍വിഘ്‌നം അനുവദിക്കില്ലല്ലൊ. അത് വിധിയുടെ ക്രൂര വിനോദം.
പതുക്കെ പതുക്കെ ശ്വാസം മുട്ടലായിട്ടാണ് രോഗം റിബുവിനെ സൈ്വരം കെടുത്തിയത്. മുമ്പ് താമസിച്ച സ്ഥലത്തിനു ചുറ്റും മഴപെയ്താല്‍ വെള്ളം കെട്ടി നില്‍ക്കും, അത് ആരോഗ്യത്തിനും കുരുന്നു കുഞ്ഞുങ്ങള്‍ക്കും ഭീഷണിയാണെന്നു പറഞ്ഞാണ് അശോകപുരത്തെ കുന്നില്‍ പ്രദേശത്ത് വീടുപണിയിച്ച് താമസമാക്കിയത്. എന്നിട്ടും കാലക്കേടു കൊണ്ടേ പോകൂ എന്ന മട്ടില്‍ ഒപ്പം കൂട്ടി.
ക്രമേണ നുറുങ്ങു വൈദ്യവും ചെറിയ ചികിത്സയും ഫലിക്കാതെ വന്നപ്പോള്‍ വലിയ ഡോക്‌ടേഴ്‌സിനെ സമീപിച്ചു. ശ്വാസം മുട്ടലോടൊപ്പം വിട്ടുമാറാത്ത ചുമയും. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കോളജ് അധികാരികള്‍ക്കും എന്തിന്, സ്റ്റുഡന്‍സിനുപോലും റബേക്കാ മിസ് ഒരു സഹതാപപാത്രമായിത്തീര്‍ന്നു.
നോട്ട്‌സ് ഡിക്‌റ്റേക്ട് ചെയ്യാന്‍ സഹപ്രവര്‍ത്തകരും സമര്‍ത്ഥരായ വിദ്യാര്‍ത്ഥിനികളും സഹകരിച്ച് കാര്യങ്ങള്‍ ഒരുവിധം കുഴപ്പമില്ലാതെ നീങ്ങി. പക്ഷേ, എത്രനാള്‍? ഏതാണ്ട് ഫുള്‍ പെന്‍ഷന്‍ കിട്ടുമെന്നായപ്പോള്‍ ആരും പറയാതെതന്നെ റിട്ടയര്‍മെന്റ് എടുത്തു.
എനിക്ക് തോന്നുന്നത് സംഗതി കൂടുതല്‍ വഷളായത് അതോടെയാണ് എന്നാണ്. കുട്ടികള്‍ പഠിക്കുന്നു. ഭര്‍ത്താവിനു ജോലി. ഇാവിലെ മുതല്‍ വൈകുന്നതുവരെ ഒറ്റയ്ക്ക് മിഴുങ്ങസ്യാന്നു പറഞ്ഞു കഴിച്ചുകൂട്ടുക ആര്‍ക്കും പറ്റും. പ്രത്യേകിച്ച് കോളജിന്റെ ആനന്ദപ്രദമായ അന്തരീക്ഷം- യുവത്വം തിളക്കുന്ന കുട്ടികളുടെ സഹവാസം, സഹപ്രവര്‍ത്തകരുടെ കരുതല്‍, അവരിലാരുടെയെങ്കിലും താങ്ങോടെ പള്ളിയിലേക്ക്, മീറ്റിംഗ് ഹാളിലേക്ക്- എല്ലാം അന്യമായി. ഇപ്പോള്‍ ദിവസങ്ങള്‍, ആഴ്ചകള്‍ , മാസങ്ങള്‍ തന്നെയും നീളുന്ന ആശുപത്രി വാസം, സിസ്റ്റേഴ്‌സ് സമയം നോക്കി മരുന്നു കൊടുക്കും. സഹായി ഹോം നേഴ്‌സ്, ഭക്ഷണം, കുളി ആദിയായവയ്ക്കു മാത്രം. അവര്‍ക്കിടയില്‍ സൗഹൃദം അകലെ, അകലെ. വീട്ടിലെത്തിയാല്‍ ഈ സഹായി 9-5 ഡ്യൂട്ടി മാത്രം. അതാതു കാര്യങ്ങള്‍ക്കു വരും പോകും. ശേഷം സമയം ഭര്‍ത്താവിനാണു ഡ്യൂട്ടി. ആരോടായാലും സംസാരിക്കാന്‍ വിമ്മിട്ടം തടസ്സം….
മരണവാര്‍ത്തയറിഞ്ഞ് ഒരാഴ്ച കഴിഞ്ഞു ഞാന്‍ വിളിച്ചു. ഏകനായി മൂകനായി ഇരിക്കയായിരുന്നു. ആളും അരങ്ങും അപ്പോഴേയ്ക്ക് ഒഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ എല്ലാം ഒരു ഹാജരുവയ്ക്കല്‍ ചടങ്ങ്. മിണ്ടാനോ പറയാനോ പോയിട്ട് ഒന്നു ചിരിക്കാന്‍ കൂടി മറന്നുപോയ സമൂഹം.
അമേരിക്കയില്‍ നിന്നുള്ള വിളി ആള്‍, ഒട്ടും പ്രതീക്ഷിച്ചതല്ല, എങ്കിലും, ഹലോയ്ക്ക് പകരം മനുവല്ലേ എന്നു ചോദിച്ചതും എന്റെ ശബ്ദം തിരിച്ചറിഞ്ഞു. പിന്നെ മരണദിവസം വീല്‍ചെയറില്‍ ലിവിംഗ് റൂമില്‍ വന്നു പതിവില്ലാതെ അല്‍പം സംസാരിച്ചതും പിന്നെ കിടക്കണമെന്നു പറഞ്ഞു, കൊണ്ടുപോയി കിടത്തി, രാത്രി കഴിക്കേണ്ട മരുന്നുമായി ചെന്നപ്പോള്‍ ഇരുപത്തെട്ടു കൊല്ലത്തെ മരുന്നെടുത്തു കൊടുക്കലിനു തിരശ്ശീല വീണിരുന്നു. എന്നാടായി പറഞ്ഞു, 28 വര്‍ഷം മരുന്നെടുത്തു കൊടുത്തു ഞാന്‍ ക്ഷീണിച്ചു, അപ്പോള്‍ ഇത്രകാലം വിഷം കഴിച്ച പ്രഭ(അതാണ് പ്രിയപ്പെട്ടവര്‍ വിളിക്കുന്നത്) എത്രമാത്രം സഹിച്ചെന്നോര്‍ക്കുമ്പോഴാണ്…
ഞാന്‍ പിള്ളേരുടെ കാര്യമൊക്കെ ചോദിച്ചു വിഷയം മാറ്റി. മരണം സൃഷ്ടികള്‍ക്ക് തീര്‍ച്ചപ്പെട്ടതാണ്. ആശ്ലേഷിച്ചണച്ചു കൂട്ടിക്കൊണ്ടു പോകും. മാര്‍ക്കണ്‌ഡേയന്‍ മാത്രമേ ഇതിന് ഒരപവാദമായി കേട്ടിട്ടുള്ളൂ. അയാളും പ്രളയക്കെടുതിയില്‍ മഹാവിഷ്ണുവിന്റെ ഉദരത്തില്‍ കയറിയിറങ്ങി ഒരു പുനര്‍ജ്ജന്മം നേടിയെന്നു പുരാണം. അതിരിക്കട്ടെ, പറയാന്‍ വന്നതിതാണ്.
മരണം സുനിശ്ചിതമെങ്കിലും മരണത്തെ മുഖാമുഖം കണ്ട് വര്‍ഷങ്ങളോളം അങ്ങനെ ഏതാണ്ട് ശവപേടകത്തില്‍ കിടക്കുംപോലെ വിധി കാത്തു മൃതികാത്തു കിടക്കുകയെന്നത് അസഹ്യം, അതിന്ത്യം!
എന്നാല്‍ റിബുവിന് വിധി കരുതിവച്ചത് അതായിരുന്നു. എങ്കിലും പ്രിയപ്പെട്ടവരുടെ മനസ്സില്‍, കീര്‍ത്തനങ്ങള്‍ ആലപിക്കുമായിരുന്ന സുന്ദരിയും, സുശീലയും ഗുണങ്ങള്‍ മാത്രം പറയാറുമുള്ള 'പ്രഭ' പ്രഭവീശി നില്‍ക്കുന്നു, മരിക്കാത്ത ഓര്‍മ്മകളുമായി…