ന്യൂയോര്‍ക്ക്: കേരളത്തിലെ ഏറ്റവുമധികം പ്രവാസികള്‍ അധിവസിക്കുന്ന തിരുവല്ല മണ്ഡലം
തന്നെ പ്രവാസി മണ്ഡലമായി പരീക്ഷിക്കുവാന്‍ ന്യൂയോര്‍ക്കിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
കൂടിയ യോഗത്തില്‍ തീരുമാനമെടുത്തു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്കിയ സാഹചര്യത്തില്‍
പ്രവാസികള്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഇടത്, വലത് മുന്നണികള്‍ അധികാരത്തില്‍ വന്നപ്പോഴും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍
പിന്നോട്ടുപോയ സാഹചര്യത്തില്‍ പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതിന്
പ്രവാസി പ്രാതിനിധ്യം അനിവാര്യമായിരിക്കുന്നു. അതിന്റെ തുടക്കമെന്ന നിലയില്‍ തിരുവല്ല
നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ശ്രീ
ഫിലിപ്പ് മഠത്തില്‍ വിഷയം അവതരിപ്പിക്കുകയും, യോഗം അംഗീകരിക്കുകയും ചെയ്തു.
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് ജേക്കബ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ
യോഗത്തില്‍ സക്കറിയാ കരുവേലി സ്വാഗതം പറഞ്ഞു. വര്‍ഗീസ് രാജന്, കുഞ്ഞ് മാലിയില്‍,
രാജു ഏബ്രഹാം, സജി താമരവേലില്‍, കുര്യന് പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനിയന്
ചക്കാലപടിയില് നന്ദി പ്രകടിപ്പിച്ചു.