മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നുകരയുന്ന മാനുഷരും
ഖേദിക്ക വേണ്ടെന്റെ
മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരു കൊല്ലം തികയുമ്പോള്‍
വരുന്നതുണ്ട്
തിരുവോണത്തുനാള്‍ വരുന്നതുണ്ട്
വത്സരമൊന്നാകും ചിങ്ങമാസം
ഉത്സവമാകും തിരുവോണത്തിന്.
ഓണം എന്നു കേള്‍ക്കുമ്പോഴേക്കും നമ്മുടെ
മനസ്സിലേക്ക് ഓടിയെത്തുന്ന മാവേലി തമ്പുരാന്റെ കഥയാണ് ഇത്.
പാട്ടുരൂപത്തിലുള്ളതോ, വാമൊഴിയായി കൈമാറി വന്നതോ ആയ കഥകളില്‍ എറ്റവും
പ്രസിദ്ധമായതും ഇതാണ്. പണ്ട് പ്രജാക്ഷേമതല്‍പ്പരനായ മഹാബലി എന്ന അസുര
ചക്രവര്‍ത്തി കേരളം വാണിരുന്നു. അദ്ദേഹത്തിന്റെ ആസ്ഥാനമായിരുന്നു തൃക്കാക്കര
എന്നൊരു ഐതിഹ്യമുണ്ട്. മറ്റൊന്ന് അമരത്വം പ്രാപിക്കാന്‍ യാഗം നടത്തിയ ബലിയുടെ
യാഗശാലയില്‍ വാമനരൂപത്തില്‍ വിഷ്‌ണു ഭഗവാന്‍ ധര്‍മ്മം ചോദിച്ചെത്തി. ഈരേഴുപതിനാലു
ലോകവും രണ്ടടി കാല്‍പാദങ്ങള്‍കൊണ്ടളന്ന് മൂന്നാമത് എവിടെ കാല്‍വയ്‌ക്കും എന്ന
വാമനന്റെ ചോദ്യത്തിന് സ്വന്തം ശരിസ് കാണിച്ചുകൊടുത്തു മഹാബലി. എല്ലാവര്‍ഷവും
ചിങ്ങമാസത്തിലെ തിരുവോണനാള്‍ പ്രജകളെ വന്ന് കാണാന്‍ അനുവാദം നല്‍കി.
മഹാബലിത്തമ്പുരാന്റെ തിരുവോണനാളിലെ ഈ വരവാണ് ഓണം.
കഥയും മിത്തും
എന്തുതന്നെയായിരുന്നാലും കേരളത്തിന്റെ ദേശീയോത്സവത്തിന് ചരിത്രത്തിന്റെ
പിന്‍ബലമുണ്ട്. തൃക്കാക്കര ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട ചരിത്രം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ക്കടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം
വരെ ഇരുപത്തെട്ടു ദിവസം നീണ്ട ഉത്സവമായിരുന്നു ഓണം. രാജഭരണകാലത്ത്, കേരളം
ഭരിച്ചിരുന്ന 56 രാജാക്കന്മാര്‍ ഒരുമിച്ചാണ് ഓണം ആഘോഷിച്ചിരുന്നതത്രെ! ഈരണ്ടു
രാജാക്കന്മാര്‍ചേര്‍ന്നാണ് ഉത്സവാഘോഷങ്ങള്‍ നടത്തിയിരുന്നത്. സമ്പന്നതയിലും
പ്രൗഢിയിലും മുന്‍പന്തിയില്‍ നിന്നിരുന്ന ഇടപ്പള്ളി രാജ്യത്തിന്റെ പ്രശസ്‌തി
നാടെങ്ങും വ്യാപിപ്പിക്കാന്‍ വേണ്ടിയുള്ള പ്രദര്‍ശന ഉത്സവം കൂടിയായിരുന്നു അന്നത്തെ
ഓണാഘോഷം. എറണാകുളം ജില്ലയിലെ കാക്കനാടാണ് തൃക്കാക്കര ക്ഷേത്രം സ്ഥിതി
ചെയ്യുന്നത്. എന്നാല്‍ ചരിത്രരേഖകളില്‍ തൃക്കാക്കര എന്ന സ്ഥലം ഇടപ്പള്ളി
രാജ്യത്തിലാണ്.
ഓണം ഒരു വിളവെടുപ്പുത്സവമാണ് എന്നതാണ് ഓണത്തെക്കുറിച്ചുള്ള
മറ്റൊരു സങ്കല്‌പം. മലയാള വര്‍ഷമായ കൊല്ലവര്‍ഷം തുടങ്ങുന്നത് ചിങ്ങത്തിലാണ്. മഴ
പെയ്‌ത് വിളവുകള്‍ ധാരാളമായി ലഭിക്കുകയും വര്‍ഷത്തിന്റെ ആദ്യമാസമായ
ചിങ്ങത്തിലേക്ക് കടക്കുകയും ചെയ്യുന്നതോടെ ആ ഒരു വര്‍ഷക്കാലം
സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകളാവണം എന്നും നന്മ നിറഞ്ഞ
നാളുകള്‍ക്കുവേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നാണ് ഓണത്തിന്റെ പിറവ് എന്നും മറ്റൊരു
മതമുണ്ട്. എന്തുതന്നെയായാലും ഓണാഘോഷവുമായി അഭേദ്യമായ ബന്ധമുള്ള തൃക്കാക്കര
ക്ഷേത്രം പത്തര ഏക്കറിലായി സ്ഥിതി ചെയ്യുന്നു. കൊച്ചി രാജാവ് തൃപ്പൂണിത്തുറ
ആസ്ഥാനമാക്കി ഭരണമാരംഭിച്ച് കോവിലകത്ത് താമസമാക്കിയപ്പോഴാണ് തൃപ്പൂണിത്തുറ
അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചത്. ആരംഭകാലങ്ങളില്‍ ഈ ആഘോഷയാത്ര
തൃപ്പൂണിത്തുറയില്‍നിന്ന് തൃക്കാക്കര ക്ഷേത്രം വരെ എത്തിയിരുന്നുവത്രെ. കാലം മാറി
രാജഭരണം അവസാനിച്ച നാളുകളില്‍ അത്തപ്പുറപ്പാട് എന്ന പേരില്‍ ഓണാഘോഷയാത്ര
തൃപ്പൂണിത്തുറയില്‍ മാത്രം ഒതുങ്ങിപ്പോയി.
മഹാബലിയും
തൃക്കാക്കരക്ഷേത്രവും
ഐതിഹ്യമെന്തായാലും തൃക്കാക്കര ക്ഷേത്രത്തില്‍
മഹാബലിക്കായി ഒരു ആസ്ഥാന മണ്‌ഡപമുണ്ട്. ബലിയുടെ ആരാധനാമൂര്‍ത്തി ഭഗവാന്‍
ഗൗരിശങ്കരന്‍ (പാര്‍വ്വതി സമേതനായ ശിവന്‍) ആയിരുന്നുവത്രെ. ശിവന്‍ പാര്‍വ്വതീ
സമേതനായിരിക്കുന്ന ശിവക്ഷേത്രവും തൃക്കാക്കര ക്ഷേത്രത്തിന്റെ മതിലിനു പുറത്ത്
തൊട്ടടുത്തായുണ്ട്. ഈ ശിവക്ഷേത്രത്തിനു മുമ്പിലായാണ് മഹാബലിയുടെ ആസ്ഥാന മണ്‌ഡപം.
ബലി വാമനനെ കാല്‍കഴുകി സ്വീകരിച്ചതെന്ന് പറയപ്പെടുന്ന ദാനോദക പൊയ്‌ക
ക്ഷേത്രത്തിന് വടക്ക് വശത്തായി സ്ഥിതി ചെയ്യുന്നു. ക്ഷേത്ര മതിലിനു പുറത്തുള്ള
കപില തീര്‍ത്ഥം കപില മഹര്‍ഷിയുടെ കമണ്‌ഠലുവില്‍ നിന്നും വീണ തീര്‍ത്ഥജലമാണ്
എന്നാണ് ഐതീഹ്യം. പാതാളത്തിലേക്ക് പോകുന്നതിനുമുമ്പ് മഹാബലിക്ക്
മഹാവിഷ്‌ണുവിന്റെ വിശ്വരൂപം കാണാന്‍ ആഗ്രഹമുണ്ടായത്രെ. ആ ആഗ്രഹം സാധിച്ചു
കൊടുക്കാനായി വിഷ്‌ണു തന്റെ ത്രിവിക്രമരൂപം കാണിച്ചുകൊടുത്തു. ആ ത്രിവിക്രമരൂപമാണ്
തൃക്കാക്കരയിലെ പ്രതിഷ്‌ഠ. അല്ലാതെ വാമനരൂപമല്ല. തിരുവോണ ദിവസം തൃക്കാക്കരയില്‍
എത്താന്‍ കഴിയാത്തവരാണ് സ്വന്തം വീടുകളില്‍ തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. ഈ
വീടുകളിലെല്ലാം തൃക്കാക്കരയപ്പന്‍ സന്ദര്‍ശനം നടത്തും എന്ന്
വിശ്വസിക്കുന്നു.
നാലാങ്കലിന്റെ `മഹാക്ഷേത്രങ്ങളി'ലൂടെ എന്ന ഗ്രന്ഥത്തിലും
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ `ഐതിഹ്യമാല'യിലും ഈ ക്ഷേത്രത്തെക്കുറിച്ച്
പരാമര്‍ശമുണ്ട്. സമ്പന്ന ക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കാക്കര ക്ഷേത്രം ഒരു കാലത്ത്
തകര്‍ന്നടിഞ്ഞ് തറക്കല്ല് മാത്രമായി കിടന്നിരുന്നു. ഇതിന് കാരണം
ബ്രാഹ്മണശാപമാണ് എന്നും രാജാക്കന്മാരുടെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ട്
നശിപ്പിക്കപ്പെട്ടതാകാം എന്നും പറയുന്നുണ്ട്. എന്നാല്‍ ഈ ക്ഷേത്രം നാല്‍പ്പത്
വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്. നാട്ടുകാരുടെയും വിശ്വാസികളുടെയും സഹായ
സഹകരണങ്ങളോടെ ഒരുകോടി രൂപ ചെലവിട്ട് തിരുവോണം ഓഡിറ്റോറിയം ഇതിനോട് ചേര്‍ന്ന്
പണിതു. ഗര്‍ഭഗൃഹവും തറയും മാത്രമുണ്ടായിരുന്ന ക്ഷേത്രം 1924ലാണ് പുതുക്കി പണിതത്.
ഇപ്പോള്‍ ഈ ക്ഷേത്രം കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലാണ്.
അത്തച്ചമയവും
ഓണാഘോഷവും
കൊച്ചി രാജവംശത്തിന്റെ ചരിത്രത്തില്‍ പ്രധാനമായിരുന്നു
ചിങ്ങത്തിലെ അത്തം നാളിലെ അത്തച്ചമയം. തൃക്കാക്കരയില്‍ 28 ദിവസം നീണ്ടു
നില്‍ക്കുന്ന ഉത്സവാഘോത്തില്‍ ചിങ്ങമാസത്തിലെ അത്തം നാളിലെ ഉത്സവത്തിന്റെ
നടത്തിപ്പ് കൊച്ചി രാജാവില്‍ നിക്ഷിപ്‌തമായിരുന്നു. ആ ദിവസം അദ്ദേഹം പരവാര സമേതം
തൃക്കാക്കരയിലേക്ക് എഴുന്നള്ളിയിരുന്നു. ഈ ചടങ്ങിനെയാണ് അത്തച്ചമയം എന്ന്
പറഞ്ഞിരുന്നത്. അത്തച്ചമയദിവസം ജാതിമത ഭേദമെന്യേ എല്ലാ പ്രജകളും മഹാരാജാവിനെ
ദര്‍ശിക്കുവാന്‍ എത്തിയിരുന്നു. ഈ സമയത്ത് രാജാവിന്റെ മുഴുവന്‍ ഉദ്യോഗസ്ഥരും
ഹാജരുണ്ടാകും. പ്രഭുക്കന്മാര്‍, ദിവാന്‍, നായര്‍ പടയാളികള്‍, പട്ടാളമേധാവികള്‍,
പട്ടോല മേനോന്‍ ഇവരെ കൂടാതെ കരിങ്ങാച്ചിറ പള്ളിയിലെ കത്തനാര്‍, നെട്ടൂര്‍ മുസ്ലീം
പള്ളിയിലെ ചുമതലക്കാരന്‍, ചെമ്പില്‍ അരയന്‍ എന്നിവരും രാജാവിനെ
വണങ്ങാനെത്താറുണ്ട്. രാജാവിന്റെ വലതു ഭാഗത്ത് ദിവാന്‍, ഇടതുഭാഗത്ത്
പാലിയത്തച്ചന്‍ പിന്നെ ഉദ്യോഗസ്ഥരുടെ ക്രമമനുസരിച്ച് ഓരോ ഭാഗത്തും,
അനുദ്യോഗസ്ഥര്‍ മറുഭാഗത്ത്. അന്നേദിവസം രാജാവുള്‍പ്പെടെ എല്ലാവര്‍ക്കും സവിശേഷ
വസ്‌ത്രങ്ങളായിരുന്നു. ആനയും അമ്പാരിയും മുത്തുക്കുടകളും കുതിരപ്പടയും ഉള്‍പ്പെടെ
പഞ്ചവാദ്യം മുതലായ എല്ലാ വാദ്യഘോഷങ്ങളോടുംകൂടി പരിവാരസമേതമായിരുന്നു രാജാവ്
എഴുന്നള്ളിയിരുന്നത്. തൃക്കാക്കരക്ക് പോകുന്നു എന്നാണ്
സങ്കല്‍പ്പം.
കൊച്ചി രാജാവ് തൃപ്പൂണിത്തുറയില്‍ വന്ന്
താമസമാക്കിയതിനുശേഷമാണ് അത്തച്ചമയഘോഷയാത്ര ആരംഭിച്ചത് എന്ന് പറയുന്നു. കാരണം
അതിനുമുമ്പ് അത്തച്ചമയഘോഷയാത്ര നടന്നതായി രേഖകളില്ല. തൃപ്പൂണിത്തുറ ഹില്‍പാലസ്
പണിയുന്നതിനുമുമ്പ് ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനു സമീപമായിരുന്നു രാജാവ്
താമസിച്ചിരുന്നത്. ഇതിനടുത്തുള്ള `കളിക്കോട്ട'യില്‍ നിന്നായിരുന്നു
അത്തപ്പുറപ്പാട്. 1880ല്‍ ഹില്‍ പാലസ് നിര്‍മ്മിച്ചതോടെ രാജാവിന്റെ
ഘോഷയാത്രപുറപ്പാട് അങ്ങോട്ടു മാറി. രാജാവ് എല്ലാവിധ ഒരുക്കങ്ങളോടുംകൂടി പരിവാര
സമേതം ഹില്‍പാലസിനുമുകളില്‍നിന്നും താഴെ ഇറങ്ങിവന്ന് ഘോഷയാത്ര
നിരീക്ഷിക്കുമായിരുന്നു. രാജഭരണം അവസാനിച്ചതോടെ അത്തച്ചമയം തൃപ്പൂണിത്തുറ
മുനിസിപ്പാലിറ്റി ഏറ്റെടുത്തു. ഇപ്പോള്‍ തൃപ്പൂണിത്തുറ ഗവ.ഗേള്‍സ്
ഹൈസ്‌കൂളിനടുത്തുനിന്നുമാണ് ഘോഷയാത്ര തുടങ്ങുന്നത്. പരീക്ഷിത്ത് തമ്പുരാനാണ്
രാജഭരണകാലത്തിന്റെ ഓര്‍മ്മയിലെ അവസാന അത്തച്ചമയം നടത്തിയത്.
ഇന്ന്
തൃപ്പൂണിത്തുറ അത്തച്ചമയം ഉദ്‌ഘാടനം ചെയ്യുന്നത് മന്ത്രിമാരാണ്. സംസ്ഥാന
സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍
എന്നിവരുടെയും നാട്ടുകാരുടെയും സംയുക്ത ഭാരവാഹിത്വത്തിലുള്ള അത്തച്ചമയവും ഓണാഘോഷ
പരിപാടികളുമാണ് ഇന്ന് നടക്കുന്നത്. കളിക്കോട്ട പാലസ് ഇപ്പോള്‍ കല്യാണ
മണ്‌ഡപമായി മാറി. ഹില്‍പാലസ് പുരാവസ്‌തു ഗവേഷണകേന്ദ്രമേറ്റെടുത്തു
സംരക്ഷിച്ചുപോരുന്നു. രാജാവിന്റെ ബംഗ്ലാവ് മലയാളികളുടെ ആഗോളവത്‌ക്കരണകാലത്തെ ഓണം
പോലെ ഓര്‍മ്മകളുടെ പിന്നാമ്പുറത്ത് നില്‍ക്കുന്നു. സംരക്ഷിക്കാനാരുമില്ലാതെ.
എല്ലാവിധ പ്രൗഢിയോടും പ്രതാപത്തോടും ഐശ്വര്യത്തോടുംകൂടി ഓണാഘോഷങ്ങള്‍ നടന്നിരുന്ന
കേരളത്തിന്റെ കഴിഞ്ഞകാലങ്ങള്‍ ഇനി എന്നെങ്കിലും തിരിച്ചുവരുമോ?