Image

പൂച്ച (കഥ: ലൈല അലക്‌സ്)

ലൈല അലക്‌സ് Published on 19 September, 2013
  പൂച്ച (കഥ: ലൈല അലക്‌സ്)
    എനിക്ക് പുച്ചകളെ ഇഷ്ടമല്ല. ഈ വെറുപ്പ് എന്തുകൊണ്ട്; എങ്ങനെ, എന്നു മുതല്‍, എന്നൊന്നും കൃതമായി എനിക്കറിയില്ല. എനിക്ക് ഓര്‍മ്മയുള്ള കാലം മുതലേ ഈ ജന്തുക്കളുമായി ഞാന്‍ അത്ര അടുപ്പത്തിലല്ല.
ഇവ എന്റെ അടുത്തു വരുന്നതും എന്റെ ശരീരത്തില്‍ മുട്ടിയുരുമ്മുന്നതും എന്റെ മടിയില്‍ കയറുന്നതും മറ്റും എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യ. ഇവയിലൊന്നിലെ ദൂരത്തെങ്ങാനും മറ്റും എനിക്ക് ഓര്‍ക്കാന്‍കൂടി വയ്യ. ഇവയിലൊന്നിനെ ദൂരത്തെങ്ങാനും കണ്ടാല്‍ മതി എനിക്ക് കലികയറും.
എന്നാല്‍, എന്റെ കുടുംബത്തില്‍ മറ്റാര്‍ക്കും ഈ വെറുപ്പില്ല. എന്നുമാത്രമല്ല, അവറ്റയോട് ഇഷ്ടംകൂടാന്‍ കിട്ടുന്ന ഒരു അവസരവും അവരാരും കളയാറില്ലായിരുന്നു. എന്റെ മനോഭാവം അറിയാവുന്നതുകൊണ്ട് വീട്ടില്‍ അവയെ കൊണ്ടുവരികയോ വളര്‍ത്തുകയോ ചെയ്യാന്‍ മുതിര്‍ന്നിരുന്നില്ല എന്നു മാത്രം…
എറിക്കിനും ഈ വക ജന്തുക്കളോട് പ്രത്യേക മമതയൊന്നും ഉണ്ടായിരുന്നില്ല. എറിക്കിനെ പരിചയപ്പെട്ട നാളുകളില്‍ത്തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ ഇഷ്ടങ്ങളിലെ സമാനത. സത്യത്തില്‍, അതാണ് എന്നെ അയാളിലേക്ക് അടുപ്പിച്ചതും. അതിഥിയായി അയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ ചെന്നപ്പോഴൊക്കെയും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.; എന്റെ അഭിരുചിക്കിണക്കിയ ഫര്‍ണിച്ചറുകള്‍, കര്‍ട്ടനുകള്‍… എന്തിന്, അയാള്‍ വായിച്ചിരുന്ന പുസ്തകങ്ങള്‍ പോലും എനിക്കു പ്രിയപ്പെട്ടവ…
ഞങ്ങളുടെ ഇഷ്ടങ്ങള്‍ ഒരുപോലെ ആയിരുന്നതിനാല്‍, ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ 'നോ പെറ്റ്‌സ്' പോളിസിയുള്ള ഈ കോംപ്ലക്‌സ് തിരഞ്ഞെടുക്കാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. മൃഗങ്ങളോട് പൊതുവേ ഇഷ്ടമില്ലാത്ത ഞങ്ങള്‍ക്ക് ആ പോളിസി തികച്ചും സ്വീകാര്യമായിരുന്നു.
അങ്ങനെ സ്വസ്ഥമായി കഴിയുമ്പോഴാണ്, ഒരു ദിവസം, പാര്‍ക്കിംഗ് ലോട്ടില്‍ ഞാന്‍ അതിനെ കണ്ടത്. സാധാരണപോലെ രാവിലെ, ഓഫീസിലേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. എന്നെ കാത്തിരിക്കുന്നതു പോലെയായിരുന്നു ആ പുച്ചയുടെ ഇരിപ്പ്. എന്റെ കാറിനടുത്ത്, ഡ്രൈവര്‍ സൈഡിലായി, ഞാന്‍ കാറില്‍ കയറുന്നതു തടയാനെന്നപോലെ എന്നെ തുറിച്ചുനോക്കി ഇരിക്കയായിരുന്നു അത്.
ദൂരെനിന്നു കണ്ടപ്പോഴേ ഞാന്‍ അടുത്തുകിടന്ന വടിയെടുത്ത് അതിനെ എറിയുന്നതായി ഭാവിച്ചു. തികഞ്ഞ അവജ്ഞയോടെ തലതിരിച്ച് എന്റെനേരെ ഒന്നു നോക്കിയിട്ട് ആ പൂച്ച അവിടെത്തന്നെയിരുന്നു. ഇപ്രാവശ്യം, ഞാന്‍ കൈയിലിരുന്ന വടി അതിന്റെ നേരെ എറിയുകതന്നെ ചെയ്തു. ഗൗരവത്തില്‍ എന്റെനേരെ നോക്കുന്നതു തുടര്‍ന്നതല്ലാതെ അത് അവിടെ നിന്നും അനങ്ങിയില്ല.
എനിക്ക് കലികയറി.
അവിടെ അടുത്തുണ്ടായിരുന്ന റോസ്ബുഷിന് അതിരുവച്ചിരുന്ന ഇഷ്ടികകളിലൊരെണ്ണം ഇളകിയെടുത്ത ഞാന്‍ അതിന്റെ തലയ്ക്കുതന്നെ എറിഞ്ഞു. എന്റെ ഉന്നം തെറ്റിയില്ല.
ങ്യാ#ാ#ാവോ… എന്ന് ഉച്ചത്തില്‍ അലച്ചുകൊണ്ട് അതു ചാടിയോടി….
“ഓ…. ദ പുവര്‍ തിങ്… യു ഹാവ് ഹര്‍ട് ഇറ്റ് ബാഡ്‌ലി…”
നാദിയയുടെ ശബ്ദം തിരിച്ചറിയാന്‍ പ്രയാസം ഉണ്ടാവില്ല എനിക്ക്. അടുത്തൊരു കാറിന്‍മേല്‍ ചാരിനില്‍ക്കുകയായിരുന്ന അവളെ ഞാന്‍ അതുവരെയും കണ്ടിരുന്നില്ല.
“ഡിഡ് യൂ സീ ദാറ്റ് ക്യാറ്റ്….” ഞാന്‍ അവളോടു ചോദിച്ചു.
അവള്‍ ഉവ്വ് എന്നോ, ഇല്ല എന്നോ പറഞ്ഞില്ല. ആ കാറിന്മേല്‍ ചാരിയുള്ള അലസമായ നില്‍പ്പ് തുടര്‍ന്നു. ഞാന്‍ ചെയ്തതു ദ്രോഹമായിപ്പോയി എന്ന കുറ്റപ്പെടുത്തല്‍ അവളുടെ മുഖത്തുണ്ടായിരുന്നു.
നാദിയയോളം സൗന്ദര്യമുള്ള ഒരാളും ആ കോംപ്ലക്‌സില്‍ ഇല്ലായിരുന്നു. പാല്‍പോലെ വെളുത്ത നിറം, പച്ചകലര്‍ന്ന പളുങ്കുകണ്ണുകള്‍, ഒതുങ്ങിയ ശരീരം, തലോടാന്‍ തോന്നിപ്പിക്കുന്ന പട്ടുപോലെ തിളങ്ങുന്ന ചര്‍മ്മം… അവിടെ താമസമാക്കിയ ആദ്യദിവസങ്ങളിലേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു.
“ഈസ് ഇറ്റ് യുവേഴ്‌സ്? ഞാന്‍ അവളോട് ചോദിച്ചു.
 “ഓ നോ… മേ ബി എ സ്‌ട്രേ…” അവള്‍ പറഞ്ഞു.
“ഓ…നോ. ഇറ്റ് ലുക്ഡ് വെരി വെല്‍ ഫെഡ് ആന്‍ഡ് വെല്‍ ഗ്രൂംഡ്… ഡഫനിറ്റ്‌ലി സംബഡീസ് പെറ്റ്” എനിക്ക് ഉറപ്പായിരുന്നു.
മൃഗങ്ങളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത ആ കോംപ്ലക്‌സില്‍ അങ്ങനെയൊരു പൂച്ചയെ ആരെങ്കിലും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്നായിരുന്നു എന്റെ നിലപാട്.
കടും ചുവപ്പുചായം പുരട്ടിയ നേര്‍ത്ത ചുണ്ടുകള്‍ തമ്മില്‍ അകറ്റി, കൂര്‍ത്ത ചെറിയ കോമ്പല്ലുകള്‍ പുറത്തുകാട്ടി അവള്‍ മൊഴിഞ്ഞു: “ദെന്‍ റിപ്പോര്‍ട്ട് ഇറ്റ് ദു ദ അസോസിയേഷന്‍ …ലെറ്റ് ദെം ഡീല്‍ വിത് ഇറ്റ്…”
അലസമായി ചുമല്‍ കുലുക്കിക്കൊണ്ട്, അവള്‍ നടന്നുനീങ്ങി.
ഞാന്‍ റിപ്പോര്‍ട്ട് ചെയ്യാനൊന്നും പോയില്ല. അവള്‍ പറഞ്ഞതുപോലെ, അലഞ്ഞുതിരിഞ്ഞു വന്നതാണെങ്കില്‍ അതു തനിയെ പൊയ്‌ക്കൊള്ളുമല്ലോ എന്നു കരുതി.
പിറ്റേദിവസവും ഞാന്‍ അതിനെ കണ്ടു. എന്റെ കാറിനടുത്തായിരുന്നില്ല എന്നേയുള്ളൂ. ദൂരെയായി, പാര്‍ക്കിംഗ് ലോട്ടിന്റെ ചുറ്റുമതിലിന്‍മേനല്‍, എന്നെ തുറിച്ചുനോക്കിക്കൊണ്ട് ആ പൂച്ച ഇരിപ്പുണ്ടായിരുന്നു. ദൂരെയായിരുന്നതു കൊണ്ട് അത് എന്നെ അത്ര അലട്ടിയില്ല. ഞാന്‍ കാറില്‍ കയറി ഓടിച്ചു പോയി.
എന്നിരുന്നാലും അന്നു വൈകുന്നേരം ഞാന്‍ എറിക്കിനോടു പറഞ്ഞു:
“സംബഡി ഇസ് കീപിങ് എ ക്യാറ്റ്.”
“കുഡ് ബി എ സ്‌ട്രേ…” നാദിയ പറഞ്ഞതു തന്നെ അയാളും പറഞ്ഞു.
“എനിക്കു തോന്നുന്നില്ല…. അലഞ്ഞുതിരിഞ്ഞു നടക്കുന്നതൊന്നുമല്ല . അതിനെ ഒന്നു കാണണം…. നല്ല ആഹാരവും ശ്രദ്ധയും കൊടുത്ത് ആരോ വളര്‍ത്തുന്നതാ… രോമങ്ങള്‍ ചീകിമിനുക്കി… ഒരു സുന്ദരി…”
“റിപ്പോര്‍ട്ട് ഇറ്റ് ദു ദ അസോസിയേഷന്‍, ഇഫ് ഇറ്റ് ബോദേഴ്‌സ് യു…” എറിക്ക് പറഞ്ഞു.
അടുത്ത ദിവസവും അതിനടുത്ത ദിവസവും അങ്ങനെ മുറതെറ്റാതെ അതിനെ കണ്ടുതുടങ്ങിയപ്പോള്‍ ഞാന്‍ കോണ്ടോമിനിയം അസോസിയേഷന്‍ ഓഫീസില്‍ വിളിച്ച് പരാതിപ്പെട്ടു.
“ദേര്‍ ഇസ് എ ക്യാറ്റ് വാണ്ടറിങ് ഇന്‍ ദ പാര്‍ക്കിംഗ് ലോട്ട്…”
അവരെന്തെങ്കിലും നടപടി എടുത്തിരിക്കണം, ഞാന്‍ അതിനെ പിന്നെ കണ്ടില്ല.
കുറെയേറെ ദിവസങ്ങള്‍ക്കുശേഷം ഒരു ശനിയാഴ്ച, ബാല്‍ക്കണി വൃത്തിയാക്കുമ്പോഴാണ് ഞാന്‍ ആ രോമങ്ങള്‍ കണ്ടത്.
കണ്ടോ …പൂച്ചരോമങ്ങള്‍… ഇതാ പൂച്ച തന്നെ… ഞാന്‍ എറിക്കിനോടു പറഞ്ഞു.
“ങേ… ഏതു പൂച്ച?”
“ആ സുന്ദരി പൂച്ച… ഞാനന്നു പറഞ്ഞില്ലേ?”
“നീ അതു റിപ്പോര്‍ട്ട് ചെയ്തില്ലേ ഇതുവരെ?” എറിക്ക് ചോദിച്ചു.
“ചെയ്തു, കുറച്ചു ദിവസം കാണാഞ്ഞപ്പോള്‍ അവര്‍ എന്തെങ്കിലും നടപടി എടുത്തിരിക്കും എന്നാണ് കരുതിയത്…”
“ദെന്‍ കാള്‍ എഗെന്‍…” അയാള്‍ അകത്തേക്ക് പോയി.
പിറ്റേന്ന് നാദിയയെ കണ്ടപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു: “ദാറ്റ് ക്യാറ്റ് ഇസ് സ്റ്റില്‍ എറൗണ്ട്… ഐ സോ ക്യാറ്റ് ഹെയര്‍ മൈ ബാല്‍ക്കണി…”
വിട്ടുകള നേരിയ ചുണ്ടുകള്‍ക്കിടയിലൂടെ ആ ചെറിയ കോമ്പല്ലുകള്‍ എനിക്ക് കാണാമായിരുന്നു.
അവള്‍ കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി, കാല്‍വിരലുകള്‍ നിലത്തൂന്നി മുന്നോട്ടാഞ്ഞ് മൂരിനിവര്‍ന്ന് കോട്ടുവായിട്ടുകൊണ്ട് നടന്നുനീങ്ങി… 'നിനക്ക് വേറെ എന്തു ചെയ്യാന്‍ കഴിയും…'  എന്ന്  ഒരു വെല്ലുവിളി എനിക്ക് അവളുടെ ആ അലസമായ നടപ്പില്‍ വായിക്കാമായിരുന്നു.
നോ… ഇത് അങ്ങനെ വിടുകയില്ല… ഐ ആം ഗോയിങ് ടു കാള്‍ ദ അസോസിയേഷന്‍ ആന്‍ഡ് ഡിമാന്‍ഡ് സം ആന്‍സേഴ്‌സ്…”  ഞാന്‍ അവളോട് പറഞ്ഞു.
 ആയിടയ്ക്കാണ് രണ്ടാഴ്ചത്തെ ട്രെയിനിങ്ങിനായി എനിക്ക് ഡെന്‍വര്‍ലിലേക്ക് പോകേണ്ടിവന്നത്. ഓഫീസില്‍ നിന്ന് അല്‍പ്പം വിട്ടുനിന്നപ്പോഴേക്കും എന്റെ മേശപ്പുറത്തെ ഫയല്‍ക്കൂമ്പാരം ആകാശം മുട്ടിയിരുന്നു. അവയ്ക്ക് തീര്‍പ്പുണ്ടാക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ പൂച്ചക്കാര്യം പാടേ മറന്നു. വീട്ടിലെ കാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എറിക്ക് ഒന്നുരണ്ടു തവണ ചോദിക്കുകകൂടി ചെയ്തു.
“ഹേയ്, റിമംബര്‍ മീ!?..?”
തിരക്കുകള്‍ അല്‍പ്പം ഒഴിഞ്ഞ ഒരു ദിവസം വീടുവൃത്തിയാക്കുമ്പോഴാണ് പിന്നെ ഞാന്‍ ആ പുച്ചയെ ഓര്‍ക്കേണ്ടിവന്നത്. ലീവിങ് റൂമിലെ കാര്‍പ്പെറ്റ് തൂത്തപ്പോള്‍ അതില്‍ നിറയെ പാല്‍പോലെ വെളുത്ത പട്ടുരോമങ്ങള്‍
എറിക്ക്… വാട്‌സ് ദിസ്? ഞാന്‍ ദേഷ്യം അടക്കാന്‍ പാടുപെടുകയായിരുന്നു.
എന്ത്.” വളരെ നിസ്സാരമായി അയാള്‍ എന്നോടു ചോദിച്ചു.
“നീ അറിയാതെ ഇത് ഇവടെ വരില്ല…” എന്റെ ശബ്ദം സാധാരണയിലേറെ പൊങ്ങിയിരുന്നു അപ്പോഴേക്കും.
"വാട്‌സ് യുവര്‍ പ്രോബ്ലം? വൈ ഡു യു ഹെയ്റ്റ് ദോസ് ബ്യൂട്ടിഫുള്‍ ക്രീച്ചേഴ്‌സ്?" ഒരു മയവുമില്ലാതെ അയാള്‍ എന്നോടു ചോദിച്ചു. എന്നിട്ട്, വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി.
അങ്ങനെയൊരു മറുപടി ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെയൊരു ദിവസം, ഞങ്ങളുടെ കിടക്കറയില്‍ ആ രോമങ്ങള്‍ കണ്ടപ്പോള്‍ എറിക്കിനുണ്ടായ മാറ്റം എനിക്ക് ഉറപ്പായി.
അടുത്ത യൂണിറ്റിലെ പാറ്റിനോട് ഞാന്‍ അതു പറയുകയും ചെയ്തു.
“ദിസ് ഇസ് ഡ്രൈവിങ് മി ക്രേസി…”
കുറെയേറെനേരം എന്ന സഹതാപത്തോടെ നോക്കിയിരുന്നിട്ട് പാറ്റ് പറഞ്ഞു: "പ്രശ്‌നം ഗുരുതരമാണല്ലോ… നീ തന്നെ കൈകാര്യം ചെയ്‌തേ മതിയാവൂ…”
അന്നു ഞാന്‍ ഏറെ ശ്രദ്ധിച്ചു: പാര്‍ക്കിംഗ് ലോട്ടിലും കഫേറ്റീരിയയിലും എല്ലാം. അവിടെയെങ്ങാനും കാണാനുണ്ടോ എന്ന്. ഒരിക്കല്‍പ്പോലും ഞാന്‍ നേരില്‍ കണ്ടില്ല. എങ്കിലും അത് അവിടെയൊക്കെത്തന്നെ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. കാര്‍പെറ്റില്‍, സോഫയില്‍, കിടപ്പറയില്‍, എന്തിന്, എന്റെ കിടക്കയില്‍ വരെ ഞാന്‍ ആ വരവിന്റെ അടയാളങ്ങള്‍ കണ്ടു.
എന്തെങ്കിലും ചെയ്‌തേ മതിയാവൂ, എന്നു ഞാന്‍ തീരുമാനിച്ചു.
ഓഫീസില്‍നിന്നു വന്ന് വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകാറുള്ള കറകറ ശബ്ദം കേള്‍ക്കാതിരിക്കാന്‍ വാതില്‍പ്പൂട്ടുകള്‍ക്ക് ഞാന്‍ എണ്ണയിട്ടു. വീട്ടിനുള്ളില്‍, ശബ്ദം കേള്‍പ്പിക്കാതെ, കള്ളനെപ്പോലെ ഞാന്‍ പതുങ്ങി നടന്നു. എപ്പോഴെങ്കിലും അത് എന്റെ കൈയില്‍ വന്നുപെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
എന്തോ മണ്ടന്‍ കാരണം പറഞ്ഞ് എറിക്ക് അവധിയെടുത്ത് വീട്ടിലിരുന്ന അന്ന് കരുതിക്കൂട്ടിത്തന്നെയാണ് ഞാന്‍ നേരത്തേ വന്നത്. ബുളറ്റ് നിറച്ച സ്മിത് ആന്‍ഡ് വെസന്‍ സെമി ആട്ടോമാറ്റിക്, പെട്ടെന്ന് ആര്‍ക്കും കാണാനാവാത്ത വിധം ജാക്കറ്റിന്റെ പോക്കറ്റില്‍ ഞാന്‍ കരുതിയിരുന്നു. അല്‍പ്പംപോലും ശബ്ദം കേള്‍പ്പിക്കാതെ, വാതില്‍ തുറന്ന് അകത്തുകയറി, പെരുവിരലൂന്നി നടന്ന് മുകളിലത്തെ കിടപ്പുമുറിയിലേക്ക് ഞാന്‍ ചെന്നു.
എന്റെ ഊഹം തെറ്റിയില്ല.
എറിക്കിന്റെ നെഞ്ചോടു പറ്റി, പാല്‌പോലെ വളുത്ത നിറമുള്ള, പട്ടു പോലെ തിളങ്ങുന്ന ചര്‍മ്മമുള്ള ആ സുന്ദരി…
പച്ചകലര്‍ന്ന ആ പളുങ്കുകണ്ണുകളില്‍ എന്റെ പ്രതിച്ഛായ വീഴ്ത്തിയ ഭയം, കടുംചുവപ്പുചായം പുരട്ടിയ നേര്‍ത്ത ചുണ്ടുകളില്‍ നിന്ന് നിലവിളിയായി പുറത്തേക്കു വീഴും മുമ്പേ, ഞാന്‍ അവരുടെ നേരെ തുരുതുരെ നിറയൊഴിച്ചു.




Join WhatsApp News
cmc 2013-09-24 10:55:42
The gun shot killed the story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക