Image

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് Published on 07 October, 2013
ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്
എനിക്ക് മകള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക് അമ്മയുടെ പേരാണ് ഇട്ടത്- അന്ന. പഴമയില്‍ പുതുമ കണ്ടെത്താനാണ് ഇതെന്ന് ചിലര്‍ പറഞ്ഞു. ഏക വാസ്തവം അമ്മ മാത്രമായിരുന്നു. ഡല്‍ഹിയില്‍ പഠിക്കുന്ന മകള്‍ക്ക് ആദ്യമൊക്കെ പേരിനോട് ഈര്‍ഷ്യയായിരുന്നു. ടീച്ചറും കൂടെ പഠിക്കുന്നവരും 'അണ്ണ' എന്നാണ് വളിച്ചു തുടങ്ങിയത്. ഹിന്ദിക്കാര്‍ക്ക് അന്നയേക്കാള്‍ കൂടുതല്‍ പരിചിതം അണ്ണയാണല്ലോ. പേരുമാറ്റാന്‍ പല രൂപത്തിലുള്ള പ്രയോഗങ്ങള്‍ അവള്‍ നടത്തിനോക്കിയിട്ടുണ്ട്. ഇതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിനു മുന്‍പില്‍ അവള്‍ തോറ്റു പിന്‍വാങ്ങി. ഇന്ന് അവള്‍ക്ക് അന്ന പ്രിയപ്പെട്ടതാവുമ്പോള്‍ എനിക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം.

അമ്മയുടെ ഭക്ഷണത്തിന്റെ രുചി വേറൊന്നിനുമില്ലെന്ന് എന്‍രെ മൂത്ത ജ്യേഷ്ഠന്‍ ഇട്‌യ്ക്കിടയ്ക്ക് പറയും. ഏട്ടത്തിയമ്മയ്ക്ക് ഇതത്ര പിടിക്കാറുമില്ല. അതുപോലെ ഉണ്ടാക്കാന്‍ അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടാവണം. എങ്കിലും രുചി അതുപോലെ ആകുന്നില്ല. ഉസ്താദ് ഹോട്ടലില്‍ പറഞ്ഞതുപോലെ സ്‌നേഹം ചാലിച്ചാണ് അമ്മ ഉണ്ടാക്കുന്നതെന്ന് ഏട്ടത്തിയമ്മ സ്വന്തം മകനിലൂടെ തിരിച്ചറിഞ്ഞു. എന്റെ നാട്ടില്‍ അവലോസ്‌പൊടിയും അവലോസ് ഉണ്ടയും പ്രചാരത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണമായി കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്. വീട്ടില്‍ ആര് കയറിവന്നാലും  അമ്മ വെച്ചുനീട്ടുന്നത് അവലോസ് ഉണ്ടയാണ്. കൊഴുക്കട്ടയും അടയുമാണ് അമ്മയുടെ ഇഷ്ടപ്രയോഗങ്ങള്‍. നെയ്യപ്പത്തിന്റെ കാര്യത്തിലും പ്രാവീണ്യം പുറത്തെടുക്കും. അതിഥികള്‍ വരുമ്പോള്‍ സത്കരിക്കാന്‍ പണ്ടൊക്കെ നെയ്യപ്പമുണ്ടാക്കി ചില്ലുഭരണയില്‍ നിറച്ച് പത്തായത്തിനുള്ളില്‍ ഒളിച്ചുവെക്കുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ അമ്മയില്ലാത്തപ്പോള്‍ കയറിയിറങ്ങി ചില്ലുഭരണി കാലിയാക്കും. അതിഥികള്‍ക്കു നല്‍കാനായി പത്തായം തുറന്ന് നോക്കുമ്പോഴാണ് പൊട്ടു പൊടിയുമില്ലാതെ ഭരണി ശൂന്യമായി കാണുന്നത്. ഇതിനൊന്നും അമ്മ ദേഷ്യപ്പെട്ടിട്ടില്ല.

എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ വീട്ടില്‍ പശുവുണ്ടായിരുന്നു. അതിനെ കറക്കുന്നതാകട്ടെ അമ്മയും. കൊടുംമഴയില്‍പോലും ചെളി ചവിട്ടി തൊഴുത്തില്‍പോയി പശുവിനെ കറന്നുകൊണ്ടുവരും. അതിലൊരു പാതി പുറത്തുകൊടുത്താണ് തന്റെ സമാന്തര ബാങ്ക് അമ്മ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും അമ്മയ്ക്ക് രക്ഷയായത് ഈ ബാങ്കാണ്. നിര്‍ധനരായ പലരും അടുക്കളപ്പുറത്തു വന്നാല്‍ എന്തെങ്കിലും കൊടുത്ത് അവരുടെ വിശപ്പടക്കും. ചേട്ടത്തിയുടെ കഞ്ഞിവെള്ളം കുടിച്ചാണ് വളര്‍ന്നത് എന്ന് അവരില്‍ പലരും പറയുമ്പോള്‍ അഭിമാനം തോന്നും. പണ്ടൊക്കെ അമ്മയുടെ ഏറ്റവും ഇഷ്ടപ്പെട്ട കറി ചക്കക്കുരുവും മാങ്ങയുമായിരുന്നു. ഇതിലൊന്നും പ്രത്യേക നൈപുണ്യം ഉണ്ടായിരുന്നതുകൊണ്ടല്ല ഇത് ദിവസേനയെന്നോണം ഉണ്ടാക്കിയിരുന്നത്. അന്ന് യാതൊരു ചെലവുമില്ലാത്ത ചേരുവയായിരുന്നു എന്ന ഒറ്റക്കാരണമായിരുന്നു അതിനുപിന്നില്‍. ഇമിഷ്ടിച്ചു നീങ്ങുന്ന ഒരു കാലഘട്ടത്തില്‍ എന്റെ അമ്മയ്ക്ക് തുണയായത് ചക്കക്കുരുവും മാങ്ങയുമായിരുന്നു. ഇതൊക്കെയാണെങ്കിലും അത്താഴം കഴിക്കാതെ ഞങ്ങളെയാരെങ്കിലും അമ്മ ഉറക്കിയിരുന്നില്ല. വൈകീട്ട് എന്തു കഴിച്ചാലും രാത്രി അല്പം ചോറ് കഴിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണ്. "അത്താഴപ്പഷ്ണിക്കാരുണ്ടോ എന്ന് ചോദിച്ച് കണ്ണട സഞ്ചി വരും" എന്നു പറഞ്ഞു പേടിപ്പിച്ചാണ് ഞങ്ങളെ രാത്രിഭക്ഷണം കഴിപ്പിച്ചിരുന്നത്. 'കണ്ണട സഞ്ചി' എന്താണെന്ന് അമ്മയ്ക്ക് ഇന്നും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോഴും ഞാന്‍ ഈ കാര്യം എടുത്തു ചോദിച്ചു. പിള്ളാരെ പിടിക്കാന്‍ വരുന്ന ഒരാളിനെയായിരിക്കണം അമ്മ ഉദ്ദേശിച്ചിട്ടുണ്ടാവുക.

ഒരു മാതിരിപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും മരുന്ന് അമ്മയുടെ കൈയിലുണ്ട്. അതൊക്കെ പറമ്പിലെ തുളസി തുടങ്ങി പലയിനം ചെടികളും വള്ളികളുമാണ്. ഇന്നേവരെ എന്റെ ചാച്ചനെ അമ്മ കുറ്റം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ചിന്തയുടെ തലത്തില്‍ അവര്‍ വിരുദ്ധധ്രുവങ്ങളായിരുന്നു. അമ്മ മുടങ്ങാതെ പള്ളിയില്‍ പോകുന്ന ദൈവഭയമുള്ള ഒരു സാധാരണ സ്ത്രീ. ചാച്ചനാകട്ടെ പള്ളിയെയും പട്ടക്കാരെയും നിഷേധിച്ച കമ്മ്യൂണിസ്റ്റുകാരുടെ സഹചാരിയും ഇതിലൊന്നും അവര്‍ക്ക് പരാതിയോ പരിഭവമോ ഉണ്ടായില്ല. മക്കള്‍ പള്ളിയില്‍ പോയിക്കാണാന്‍ അമ്മയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതാണ് ഏറ്റവും വലിയ കാര്യമെന്ന് അവര്‍ ധരിക്കുന്നുമില്ല. ഈ അടുത്തകാലം വരെ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ഭിത്തിയില്‍ ക്രിസ്തുവിന്റെ സ്ഥാനം. പേരക്കിടാങ്ങളെ നിര്‍ബന്ധിച്ച് അമ്മ പ്രാര്‍ത്ഥനക്കിരുത്തും. ഇവരില്‍ കുസൃതിക്കാരിയായ ദീപ്തി അമ്മയെ കുഴക്കാന്‍ ഒരു സംശയം ചേദിച്ചു: “അമ്മച്ചീ, ഇവരിലാരാണ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുക?” ഒരു സെക്കന്‍ഡ് നേരംപോലും അമ്മയ്ക്ക് ആലോചിക്കാനുണ്ടായിരുന്നില്ല. "നീയങ്ങ് പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ക്ക് ആവശ്യമുള്ളത് ഓരോരുത്തരും എടുത്തുകൊള്ളും." യുക്തി പ്രയോഗത്തില്‍ കേമിയെന്നു കരുതിയിരുന്ന ദീപ്തി പിന്നെ പ്രാര്‍ത്ഥന കഴിയുന്നതുവരെ വാ തുറന്നില്ല.

പള്ളിയും പള്ളിക്കൂടവുമായി അതിര്‍ത്തി പങ്കുവെച്ചുകൊണ്ടാണ് എന്റെ വീട്. തൊട്ടുമുന്‍പില്‍ പ്രധാന നിരത്താണ്. വഴിയിലൂടെ ഏത് അപരിചിതര്‍ നടന്നുപോയാലും അമ്മ വിടില്ല. “നീ ഏതാടീ പെണ്ണേ?” ഈ ചോദ്യം വിശദമായ സംവാദത്തിലേക്കായിരിക്കും നയിക്കുക. പറഞ്ഞുവരുമ്പോള്‍ ആ വ്യക്തിയുടെ പലരേയും അമ്മയ്ക്ക് നല്ല പരിചയം. പതിറ്റാണ്ടുകള്‍ പിന്നിലേക്ക് ഊളിയിട്ട് തിരിച്ചുവരുമ്പോള്‍ അമ്മയ്ക്ക് എന്തെന്നില്ലാത്ത സംതൃപ്തി. വീട്ടിലെ പുതുതലമുറക്കാര്‍ക്കൊന്നും ഇത് അത്ര പിടിക്കില്ല. കാലഘട്ടങ്ങളുമായി പൊക്കിള്‍ക്കൊടി ബന്ധം നിലനിര്‍ത്തുന്നതിങ്ങനെയാണെന്ന് അവരുണ്ടോ അറിയുന്നു.

അമ്മയുടെ മുലപ്പാലിനും സ്‌നേഹത്തിനും ഏറ്റവും കൂടുതല്‍ പ്രാപ്തനായത് മക്കളില്‍ ആരെങ്കിലും ആയിരുന്നില്ല. ചാച്ചന്റെ അനുജന്റെ മകന്‍ സിറോഷിന് പിറന്നുവീണ ഉടന്‍ അമ്മ നഷ്ടപ്പെട്ടു. പിന്നീട് അവന്റെ അമ്മയും ലോകവും എന്റെ അമ്മമായി മാറി. എന്റെ അനുജന്‍ ജിമ്മിയുടെ മുലപ്പാല്‍ കുടി അവന്‍ നിര്‍ത്തിച്ചു. അമ്മയ്ക്കുമേലുള്ള സമ്പൂര്‍ണ്ണ അധികാരം ഞങ്ങള്‍ 'സീറോ മുട്ട' എന്നു വിളിയ്ക്കുന്ന സിറോഷ് കൈക്കലാക്കി. തൊട്ട അയല്‍പക്കത്തുള്ള സീറോഷിനെ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കില്‍ അമ്മയ്ക്ക് ഇന്നും സ്വസ്ഥതയില്ല. പെണ്ണും കൈക്കുഞ്ഞുമായി പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് വഴിമാറുമ്പോള്‍ അമ്മയോടുള്ള അവന്റെ സ്‌നേഹം കുറയരുതേ എന്നു മാത്രമാണഅ ഞങ്ങളുടെ പ്രാര്‍ത്ഥന.

എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഏതാനും ദിവസം തിരുവനന്തപുരത്ത് എന്നോടൊപ്പം അമ്മ താമസിച്ചു. പച്ചമണ്ണില്‍ ചവുട്ടിയില്ലെങ്കില്‍ അമ്മയ്ക്ക് ശ്വാസമെടുക്കാന്‍ കഴിയില്ലെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഒരു വിധത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ അമ്മയോട് അയല്‍പക്കത്തുള്ളവര്‍ മകന്റെ കാര്യം ചോദിച്ചു. "അവനെന്തായാലും പട്ടിണികിടക്കില്ല" അത്യാവശ്യം അടുക്കളയില്‍ കയറി പെരുമാറാനുള്ള എന്റെ കഴിവാണഅ അമ്മയ്ക്ക് സന്തോഷം പകര്‍ന്നത്. എന്റെ ജോലിയുടെ പ്രത്യേകതകളൊന്നു അമ്മയെ സ്വാധീനിച്ചതേയില്ല. എന്റെ അനുജന്‍ സി.എ. പാസ്സായപ്പോള്‍ അത് വിശദീകരിച്ചുകൊടുക്കാന്‍ ശ്രമിച്ചു. "ഇതിലൊക്കെ എന്തിരിക്കുന്നു, അവന്‍ സ്വന്തം കാലില്‍ നില്‍ക്കാറായി എന്നു പറഞ്ഞാല്‍ പോരേ," ഇത്രയും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പിന്‍വാങ്ങിയപ്പോള്‍ ഞാന്‍ വലിയൊരു തത്ത്വം ഉള്‍ക്കൊള്ളുകയായിരുന്നു. മകന്‍ പറക്കാറായി എന്നു മാത്രം അറിയുന്നതിലാണ് അമ്മയുടെ താല്‍പര്യം. അതിനപ്പുറത്തായി അമ്മയുടെ മനസ്സില്‍ മറ്റൊന്നുമില്ല. കുട്ടികളൊക്കെ ഒരു നിലയ്‌ക്കെത്തുന്നതുവരെ അമ്മ ഒരു ദിവസംപോലും അസുഖമായി കിടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കിടന്നാല്‍ അതോടെ കാര്യങ്ങള്‍ താളംതെറ്റുമെന്ന് അവര്‍ക്കറിയാമായിരിക്കണം. 'താങ്ങാനാളുണ്ടെങ്കിലേ തളര്‍ച്ചയുള്ളൂ' – അമ്മ എടുത്തു പ്രയോഗിക്കുന്ന മറ്റൊരു പഴമൊഴിയാണ്. ഉന്തി മരംകയറ്റിയാല്‍ കൈവിടുമ്പോള്‍ താഴെ എന്ന പഴമൊഴിയും ഞങ്ങളെ തുടര്‍ച്ചയായി വേട്ടയാടിയിരുന്നു.

യൗവനത്തില്‍ വിധവയായ ഒരു സ്ത്രീയുടെ വികാരവിക്ഷോഭങ്ങലെക്കുറിച്ച് മക്കള്‍ക്കറിവുണ്ടാവില്ല. മക്കളുടെ അറിവില്ലായ്മ പലതും സഹിച്ചാണ് അമ്മ തന്റെ കുടുംബത്തെ മുന്നോട്ട് നയിച്ചത്. പെട്ടെന്നൊരുനാള്‍ മൂത്ത മകന്‍ മാറി താമസിച്ചപ്പോള്‍ പോലും അമ്മ ചഞ്ചലയായില്ല. മകന്റെ ശൗര്യമൊക്കെ തീരുമെന്നും പുതിയ അറിവുകള്‍ക്കൊപ്പം തന്റെ സ്‌നേഹം തിരിച്ചറിയുമെന്നും ആ സാധു സ്ത്രീ വിശ്വസിച്ചു. അത് ശരിയുമായിരുന്നു. ഇന്ന് അമ്മയുടെ അടുത്ത് ഇരിക്കുമ്പോഴാണ് എന്റെ മൂത്ത ജ്യേഷ്ഠന് ഏറ്റവും കൂടുതല്‍ ആശ്വാസം ലഭിക്കുന്നത്. ഒരു പേരക്കിടാവ് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചപ്പോള്‍ മറ്റൊരു ജ്യേഷ്ഠന്‍ ഉടക്കി. കല്യാണത്തിന് അമ്മ പോയതില്‍ പ്രതിഷേധിച്ച് ദിവസങ്ങളോളം അമ്മയെ കാണാന്‍ വന്നില്ല. അമ്മക്കിതിലൊന്നും പരിഭവമില്ല. മക്കളൊക്കെ അമ്മയുടെ നിലയിലെത്തുമ്പോള്‍ ഇതൊക്കെ തിരിച്ചറിയുമെന്ന വിശ്വാസമാകാം കാരണം.

ദൈവത്തിന്റെ ഭൂമിയിലെ സ്പര്‍ശമാണ് അമ്മയെന്ന് ഭാവാത്മകമായി പറയുന്നവരുണ്ട്. അമ്മയുടെ സ്പര്‍ശമാണ് ദൈവമെന്ന് കരുതുന്നതാണ് ശരി. കെട്ടിവന്ന പെണ്ണുങ്ങള്‍ക്കൊക്കെ പലപ്പോഴും അമ്മയെക്കുറിച്ച് ചില്ലറ പരാതികളും പരിഭവങ്ങളും ഉണ്ടാവുക സ്വാഭാവീകം. ഓരോരുത്തരുടെയും രീതികള്‍ വെവ്വേറെയാണല്ലോ. എത്ര നല്ല അലമാരിയുണ്ടെങ്കിലും എന്റെ അമ്മ കല്യാണത്തിനു കിട്ടിയ ചെറിയ ഒരു പെട്ടിയിലേ തുണികള്‍ വെക്കൂ. ഇന്നേവരെ തന്റെ ഒരു തുണിയും ഇസ്തിരിയിടുന്നത് കണ്ടിട്ടില്ല. അലക്കിയുണക്കുന്ന തുണി മടക്കി തലയണക്കീഴില്‍ വെചച് പിന്നീട് തന്റെ ഏക സമ്പാദ്യമെന്ന് വിശ്വസിക്കുന്ന പഴയ പെട്ടിയില്‍ തിരുകും. ഒരു ചുളിവുമില്ലാതെ അത് അവിടെ എങ്ങനെയിരിക്കുന്നുവെന്ന് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “ഈ അമ്മച്ചിയുടെ കാര്യം..” എന്നു പറഞ്ഞ് എന്റെ ഭാര്യ തുടങ്ങുമ്പോള്‍ ഞാന്‍ ഇടപെടും. “അമ്മയെക്കുറിച്ച് മാത്രം നീ ഒന്നും പറയണ്ട. എനിക്കറിയാവുന്ന അമ്മയെ നിങ്ങള്‍ക്കാര്‍ക്കുമറിയില്ല.” ഇനിയെന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് സമനില തെറ്റുമെന്നറിഞ്ഞുകൊണ്ട് ഭാര്യ മറ്റൊരു വിഷയത്തിലേക്ക് കടക്കും.

കുഞ്ഞ് ജനിക്കുമ്പോഴാണ് ഒരമ്മയും ജനിക്കുന്നത്. ഒരുപക്ഷേ, കുഞ്ഞിനേക്കാള്‍ വലിയൊരു സൃഷ്ടിപരത അമ്മയുടെ ജന്മത്തിനുണ്ട്. നമ്മുടെ സുഖദുഃഖങ്ങളില്‍ മനസ്സുചാലിക്കുന്ന മറ്റൊരാളുണ്ടാവില്ല. അമ്മയുടെ മരണമായിരിക്കും അമ്മയുടെ കൂട്ടില്ലാതെ നമ്മള്‍ അനുഭവിക്കുന്ന ആദ്യത്തെ ദുരന്തവും. അത്തരമൊരു ദുരന്തം ഉണ്ടാകരുതേ എന്നായിരിക്കും ആരുടെയും പ്രാര്‍ത്ഥന. ഏന്തിവലിഞ്ഞ് പാതിവഴിയില്‍ നിന്ന് ശ്വാസമെടുത്ത് പള്ളിയിലേക്ക് പോകുന്ന കുറിയ രൂപം ദൈവത്തിന്റെ സ്പര്‍ശമാകുന്നത് വെറുതെയല്ല.

 അവസാനിച്ചു
Part-1
http://www.emalayalee.com/varthaFull.php?newsId=61720

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്
ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസും അമ്മ അന്നമ്മയും

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

സിറോഷിനൊപ്പം

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

ദൈവം എന്നെ തൊടുന്നതുപോലെ( ഭാഗം രണ്ട്)- ജോണ്‍ ബ്രിട്ടാസ്

Join WhatsApp News
Nirmala Joseph 2013-10-11 14:54:39
“ ദൈവം എന്നെ തൊടുന്നതു പോലെ ”
ജോണ്‍ ബ്രിട്ടാസ് സ്വന്തം അമ്മയെക്കുറിച്ച് എഴുതിയ ലേഖനം വായിച്ചു.
ഒത്തിരി ഒത്തിരി അമ്മമാര്‍ക്ക് അര്‍ഹതപ്പെട്ട, എന്നാല്‍ അവര്‍ കേള്‍ക്കാന്‍ കൊതിച്ചിട്ടും , അതിനു ഭാഗ്യമില്ലാതെ പോയ, ഒത്തിരി ഒത്തിരി മക്കള്‍ പറയാന്‍ മറന്ന, അവര്‍ക്കു കഴിയാതെ പോയ ഹൃദയത്തിന്റെ ഭാഷയാണ്, ജോണിന്റെ ഈ കുറിപ്പ്
ഒരുപാടു മക്കള്‍ക്ക് ഈ വാക്കുകള്‍ ഒരു പശ്ചാത്താപ ജപം ആകുമ്പോള്‍, അനേകം അമ്മമാര്‍ക്ക് കിട്ടുന്ന ഒരു സാന്ത്വന സ്പര്‍ശനമാകുന്നു ഈ വാക്കുകള്‍.
“ എന്റമ്മയെ ഞാന്‍ സ്‌നേഹിച്ചിരുന്നു., അംഗീകരിച്ചിരുന്നു “ എന്നു പറയുവാന്‍ കാത്തിരിക്കാതെ, സ്വന്തം അമ്മയെ അറിഞ്ഞ്, സ്‌നേഹിച്ച് അംഗീകരിച്ചതിലൂടെ , ജോണ്‍ ബ്രിട്ടാസ് അനേകം അമ്മമാരെയാണ് ആദരിച്ചിരിക്കുന്നത് .
ആ തുറന്നു പറച്ചിലിലൂടെ അനേകം അമ്മമാര്‍ക്ക് ‘മകനും ‘ ആയിരിക്കുന്നു ലേഖകന്‍.
ഇങ്ങനെയുള്ള ഒരമ്മയ്ക്കും ഒരു മകനും എല്ലാവിധ നന്മകളും സര്‍വ്വേശ്വരന്‍ നല്‍കട്ടെ.
നിര്‍മ്മല ജോസഫ് തടം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക