ജീവിതത്തിന്റെ ഏതെങ്കിലുമൊരു പ്രതിസന്ധി ഘട്ടത്തലില്‍ ജീവനൊടുക്കിക്കളയാമെന്ന് ആഗ്രഹിക്കാത്തവര്‍ കുറയും. ഇതെഴുതുന്നയാളും അതിന്നൊരപവാദമല്ല. പക്ഷേ, ആഗ്രഹം അത്രമേല്‍ തീവ്രമല്ലാതിരുന്നതുകൊണ്ടാവാം അതു പ്രവര്‍ത്തിയില്‍ എത്താതെപോയത്. ജീവിത കാമന അത്രമേല്‍ തീഷ്ണമായതിനാല്‍ എന്നും പറയാം. അതവിടെ നില്‍ക്കട്ടെ. വിഷയം അതല്ലല്ലൊ.
പണ്ടെന്നോ വായിച്ച ഒരു പുസ്തകം, ദസ്‌തെയ് വ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും ആണെന്നാണ് ഓര്‍മ്മ. അതിലെ ഒരു കഥാപാത്രം പറയുന്നത്- 'കരകാണാ കടലിലെ ഒരു പാറയില്‍ പറ്റിപ്പിടിച്ചിരുന്ന് ആയുഷ്‌ക്കാലം കഴിച്ചുകൂട്ടേണ്ടിവന്നാലും താന്‍ ആ നിലയില്‍ കഴിയാനാണ് ഇഷ്ടപ്പെടുന്നത്' സ്വന്തം പ്രാണനോട് മറ്റെന്തിനെയും കാള്‍ സ്‌നേഹമാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കൃത്രിമ ശ്വാസോച്ഛാസം വഴിയാണെങ്കിലും വേശി, ഒരു സെക്കന്റ് കൂടി ജീവിക്കണമെന്ന അതിമോഹം! അതുകൊണ്ട് തനിക്കു ഗുണമില്ല, അടുത്തവര്‍ക്ക് ബദ്ധപ്പാടും! ഇതിനെയാണ് ജീവസന്ധാരണവാസന എന്നു വിശേഷിപ്പിക്കാറുള്ളത്. ഏതു വിധേനയും ജീവന്‍ നിലനിര്‍ത്താനുള്ള അഭിവാഞ്ചം. മനുഷ്യ വര്‍ഗ്ഗത്തിന്റെ ഹൃദയ ചാപല്യവും ഭയവും ഉത്ക്കണ്ഠയും, മരണവിനാഴികയെക്കുറിച്ച് തന്നെയാണ്.
ദസ്‌തെയ് വസ്‌കിയുടെ മറ്റൊരു കഥാപാത്രം കിരിലോവ് പ്രഖ്യാപിക്കുന്നത് മനുഷ്യേച്ഛയുടെ പരമാധികാരം പ്രഖ്യാപിക്കുന്ന വീരകൃത്യമാണ് ആത്മഹത്യ എന്നാണ്.
ഷോപ്പന്‍ ഹവര്‍ തുടങ്ങിയ ചില ദാര്‍ശനികന്മാര്‍ ഇച്ഛാശക്തിയോടു ബന്ധപ്പെടുത്തി ആത്മഹത്യയെ നീതീകരിക്കുന്നുണ്ടെങ്കിലും ആത്മഹത്യ ചെയ്യാന്‍ ഭയന്നിട്ടോ ജീവനേച്ഛ അതിനെ കീഴ്‌പ്പെടുത്തിയിട്ടോ എന്തോ ദുര്‍വഹമായ ദുരിതങ്ങള്‍ സഹിച്ചും ജീവിതം തുടര്‍ന്നു പോകുന്നു.
ലോക സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെല്ലാം തന്നെ ആത്മഹത്യയെ പുച്ഛിച്ചു തള്ളുന്നവരാണ്. ട്രാജഡി പലതും എഴുതിയ ഷേക്‌സ്പിയറും പറയുന്നത് ആത്മഹത്യ കാപുരുഷന്മാരുടെ (ഭീരുക്കളുടെ) പ്രവര്‍ത്തിയാണെന്നാണ്(ഉദാ: ഹാംലറ്റ്).
ആത്മഹത്യയെ ഭയന്ന് ചത്തതിനൊക്കുമേ ജീവിച്ചരിക്കിലും എന്ന മട്ടില്‍ ജീവിതം തള്ളിനീക്കുന്ന വാഴപ്പിണ്ടികളും മണ്ണുണ്ണികളും ധാരാളം. ചെസ്റ്റര്‍ഫീല്‍ഡ് പറയുന്നത് മുടിയന്റെ പുത്രന്‍ മടിയന്‍ ആത്മഹത്യ ചെയ്ത് അവന്റെ അവിവേകത്തെ തൃപ്തിപ്പെടുത്തുമെന്നാണ്.
മലയാളത്തിന്റെ പൗരുഷമുള്ള കവി വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ ഈ വരികള്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകാണും.
"ഉയിരിന്‍ കൊലക്കുടു
ക്കാവും കയറിനെ
ഊഞ്ഞാലാക്കി തീര്‍ത്താലതല്ലെ ജയം"
'there are thousand sun beyond the clouds' എന്നു തന്നെയാണ് എന്റെയും അനുഭവജന്യമായ നിരീക്ഷണം. ഒന്നുമില്ലെങ്കിലും കടലിലെ പാറമേല്‍ ഏകാകിയായിരുന്ന് ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മനുഷ്യനെപ്പോലെ നീലാകാശവും നീലക്കടലും കാണുന്നതില്‍ ആനന്ദം കണ്ടെത്താന്‍ കവിയുന്നവര്‍ മൃത്യുവിന്റെ കൊടിപ്പടം താഴ്ത്താന്‍ കരുത്താര്‍ജ്ജിക്കുന്നു. ഈ പ്രത്യാശയാണ് അവനെ ജീവിക്കൂ ജീവിക്കൂ എന്നുല്‍ബോധിപ്പിക്കുന്നത്.
ഇനി, ആത്മഹത്യയെക്കുറിച്ചജനു സാമാന്യധാരണയെക്കുറിച്ചും അതിലുപരി നാമറിയാതെ ആത്മഹത്യയ്ക്ക് കളമൊരുക്കുന്നതിനെപ്പറ്റിയും ചിലതു സൂചിപ്പിച്ചുകൊള്ളട്ടെ.
കയറില്‍ തൂങ്ങിയോ, വിഷം കഴിച്ചോ, ട്രയ്‌നിന്റെ മുമ്പിലോ വെള്ളത്തില്‍ ചാടിയോ, ഞരമ്പു മുറിച്ചോ- ഏതെങ്കിലും വിധേന മനുഷ്യന്‍ സ്വയം ജീവനെടുക്കുന്നതിനെയാണ് നാം ആത്മഹത്യയെന്നു വ്യവഹരിക്കാറുള്ളത്. എന്റെ ജീവന്‍ എനിക്കിഷ്ടമുള്ളപോലെ എന്നൊരു മുഷ്‌ക്.
we have no rights to take our lives, which we are unable to recapture. ഒരു ഈശ്വര വിശ്വാസിയുടെ മാത്രം കോഡ് ഓഫ് ലിവിംഗ് അല്ലിത്. മാനവ ജാതിക്കു പൊതുവെയുള്ള ഒരു ജീവിത ദര്‍ശനമാണ്. ജന്തു വര്‍ഗ്ഗത്തില്‍ ചിലവ വംശം കണക്കറ്റു വര്‍ദ്ധിക്കുമ്പോള്‍ കൂട്ടത്തോടെപോയി ചാകുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഉണ്ടെങ്കില്‍ അത് സഹവാസനകൊണ്ടാകാം.
സൃഷ്ടിയുടെ മകുടമെന്നു വിശേഷിപ്പിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചാണ് ഇവിടെ വിവക്ഷ.
നിത്യശോകാര്‍ത്തനായിരിക്കുന്നത് നിഷ്ഫലം തന്നെ എന്നു കരുതി ജീവനൊടുക്കുന്നത് സ്വാര്‍ത്ഥപ്രേരിതമായസ്വേച്ഛയാലാണ്. വിധിയുടെ ആധിപത്യത്തിനു നേര്‍ക്ക് മനുഷ്യേച്ഛകാട്ടുന്ന നിഷേധവാസനയെന്നു പറയാം.
അസഹ്യമായ തേജോവധം(തേജോവധ: പ്രാണവധാത്ഗരീയന്‍) എന്ന് അഭിജ്ഞ വചനം) മാറാരോഗം, കൊടിയ ദാരിദ്ര്യം, കടക്കെണി, പ്രേമനൈരാശ്യം - ആദിയായ ഒട്ടനവധി കാരണങ്ങളാല്‍ ജീവനൊടുക്കുന്നവരുണ്ട്.
ഇവരില്‍ തേജോവധത്തിനിരകള്‍, പ്രേമ നൈരാശ്യക്കാര്‍, എന്നീ കൂട്ടര്‍ ദുര്‍ബ്ബല മനസ്സരാണ്. മാനാപമാനങ്ങളും അനിവാര്യം. സ്‌നേഹ നിഷേധവും സഹിക്കാന്‍ മനസ്സിനു കട്ടിവേണം. അടിയുറച്ച ആസ്തിക്യബോധം അഹം നിര്‍വ്വാഹമായി മാറ്റണം. ബ്രഹ്മജ്ഞാനിയാകണം. നിസ്തദ്രപരിശ്രമം കൊണ്ടു മാത്രമെ ഇതു സ്വായത്തമാക്കാനാകൂ. ഒരിക്കല്‍ സ്‌നേഹിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ച ഒരാളിന്റെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഉറവ വറ്റുകയില്ല. തന്റെ പ്രേമഭാജനം മറ്റൊരുവനോടോ, ഒരുവളോടോ രമിച്ചു കൂടുമ്പോള്‍ ആ വസ്തുവിനെ ചൊല്ലി ജീവിതം പാഴാക്കുന്നതില്‍ പരം വിഡ്ഢിത്തം വേറെയെന്തുണ്ട്. അപമാനം അഭിമാനി സഹിക്കില്ല, തീര്‍ച്ച, അതു സഹിക്കാന്‍ ആത്മീയമായി ഉയര്‍ന്ന പടികള്‍ താണ്ടി മനസ്സ് സാത്വിക ശോഭയാര്‍ജ്ജിക്കണം. അങ്ങനെയുള്ളവര്‍ സഹനത്തിന്റെ മുള്‍ക്കിരീടത്തിനുമേല്‍ വിജയകുടം ചൂടും. ജീവിതം ഒരു മുള്‍ക്കിരീടമാകുമ്പോള്‍ സേവനത്തിന്റെ കവാടം ആര്‍ക്കെന്നും എന്തിനെന്നുമില്ലാതെ തുറന്നിടാന്‍ അവര്‍ക്കു കഴിയും. അതിനു സമയമെടുക്കും.
പിന്നെ ദാരിദ്ര്യം, ആരോഗ്യവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ - ഏതു ജോലിയും സ്വീകാര്യമായവന്‍ ദാരിദ്ര്യത്തെ അകറ്റി നിര്‍ത്താന്‍ പ്രാപ്തനാണ്. പിന്നെ ശേഷിക്കുന്നത്. മാറാ രോഗം. ഇത്തരം നിര്‍ഭാഗ്യര്‍ക്ക് മരണം പ്രതിവിധിയാണ്. മൃത്യു ദേവത ഇങ്ങോട്ടു വന്നില്ലെങ്കില്‍ അങ്ങോട്ടു ചെന്ന് ആശ്ലേഷിക്കുന്നത് നല്ലതുതന്നെ എന്ന അഭിപ്രായം എനിക്കുമുണ്ട്. മേഴ്‌സി കില്ലിംഗ്- ദുരുപയോഗം ചെയ്യാത്ത പക്ഷം, മരണം കാത്തു കിടക്കുന്നവര്‍ക്കും അവരൊന്നു മരിച്ചു കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതൊരനുഗ്രഹമായിരിക്കും. മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങള്‍ തന്നെയുമോ നമുക്കു ബോണസായി ലഭിക്കുകയും ചെയ്യും. ഒരാശ്വാസ നിശ്വാസം അപ്പോള്‍ ഉയരാനും മതി.
വീണ്ടു വിചാരമില്ലാതെ ജീവനെടുക്കുകയും അത്തരം കൃതികള്‍ രചിക്കുന്ന എഴുത്തുകാരോടും എനിക്കും മമതയില്ല. അവര്‍ വായനക്കാരെ വഴിതെറ്റിക്കുന്ന അപരാധികളുമാണ്. നടന്ന സംഭവമാണെന്ന് പറഞ്ഞു ന്യായവാദം ചെയ്യുന്നവരും എഴുത്തുകാരന് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന ധാര്‍ഷ്ട്യം പറയുന്നതും വിവേകമില്ലായ്മയാണ്. മനുഷ്യന്‍രെ ഉത്തമ രുചികളെ ഉന്നമിപ്പിക്കുകയാണ് സാഹിത്യകാരന്റെ ലക്ഷ്യം എന്ന് അറിയാത്തതുകൊണ്ടും വരുന്ന ആപത്താണിത്. അറിവില്ലായ്മയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലല്ലൊ.
അടുത്തകാലത്ത് സുഹൃത്തുക്കളായ ചാക്കോയും ഗോവിന്ദപിള്ളയും തങ്ങള്‍ ജീവിതത്തിലെ കടമകളെല്ലാം നിര്‍വ്വഹിച്ച് കൃതകൃതരാണെന്ന് അവകാശപ്പെട്ട് മരണാനുമതി തേടി എറണാകുളം ഹൈക്കോര്‍ട്ടി#്‌ല അന്യായം ബോധിപ്പിച്ചു. ജഡ്ജിമാര്‍ മാസങ്ങളോളം മത വിശ്വാസങ്ങളെയും മതഗ്രന്ഥങ്ങളെയും ആസ്പദമാക്കി ചര്‍ച്ചകളും അന്വേഷണങ്ങളുമൊക്കെ നടത്തി, ഒടുവില്‍ വിധി പ്രസ്താവിച്ചത് ഇരുവര്‍ക്കും സ്വയം ജീവനെടുക്കാന്‍ അവകശമോ അധികാരമോ ഇല്ലെന്നായിരുന്നു. നാടൊട്ടുക്ക് കൗതുകമുളവാക്കിയ ഒരു കേസും വിധിയുമായിരുന്നതിനാല്‍ ഇതെക്കുറിച്ച് ഞാനും അറിയാനിടയായി. വിധികേട്ട് കുറച്ചു നാള്‍ ഇരുവരും അനങ്ങാതിരുന്നു. അതുകഴിഞ്ഞു കേട്ടത് ഗോവിന്ദപുള്ള ഒരു ദുര്‍ദിനത്തില്‍ ജീവനൊടുക്കിയെന്നാണ്. ഇത് ഒറ്റപ്പെട്ട സംഭവം.
ഇപ്പോള്‍ ഒറ്റതിരിഞ്ഞും, കൂട്ടമായും ആത്മഹത്യയുടെ കാലമാണ്. അമേരിക്കയിലും ഈയിടെയായി ഇതൊരു സാംക്രമിക രോഗം പോലെ ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു. അടുത്തിടെ ഇത്തരം ചില സംഭവങ്ങള്‍ നടന്നുവല്ലൊ. ഈ ലേഖനത്തിന്റെ സ്രോതസ്സുകളില്‍ ഒന്ന് അതാണ്. സ്പൂണ്‍ ഫെഡ് ആയ കുട്ടികള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തില്ലാതായിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍. മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ തുടഹ്ങിയവര്‍ക്കു കുട്ടികളെ ബോധവാന്മാരാക്കേണ്ടുന്ന ബാധ്യതയുണ്ട്. അവര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം പോരാ എന്നുകൂടി ഓര്‍ക്കുക. ജീവിത തുടുപ്പിലെ പടുകുഴികളിലൊന്നായ ആത്മഹത്യ എന്ന കെണിയില്‍പെടാതെ സമര്‍ത്ഥമായി രക്ഷപെടേണ്ടതെങ്ങനെയെന്ന് കാണിക്കാനുള്ള ഉത്തരവാദിത്വം സാഹിത്യകാരനുമുണ്ട്.
Read also