MediaAppUSA

'ജീവിതത്തിന്റെ പുസ്തകം' - ഒരുവിചാരണ (ഭാഗം മൂന്ന്)- ഡോ.എം.എം.ബഷീര്‍

ഡോ.എം.എം.ബഷീര്‍ Published on 09 October, 2013
 'ജീവിതത്തിന്റെ പുസ്തകം' - ഒരുവിചാരണ (ഭാഗം മൂന്ന്)- ഡോ.എം.എം.ബഷീര്‍
 'ജീവിതത്തിന്റെ പുസ്തക'ത്തില്‍ ക്രിത്രിമമായ ഭാഷയും ശൈലിയുമാണ് ആദ്യന്തം കാണുന്നത്. നേരേചൊവ്വേ ഭാഷ ഉപയോഗിക്കുവാന്‍ അറിയാത്തതുകൊണ്ടല്ല; വൈകാരികമൂര്‍ച്ഛകളില്‍ ഹിസ്റ്റീരിയപോലെ ഭാഷ ബാധിച്ചുകയറുകയാണ്. അപരിചിതങ്ങളും അര്‍ത്ഥശൂന്യങ്ങളുമായ പദങ്ങള്‍, വ്യാകരണവിരുദ്ധപ്രയോഗങ്ങള്‍, വികലവും അര്‍ത്ഥവ്യക്തത നല്കാത്തതുമായ വാക്യങ്ങള്‍, വളച്ചുകെട്ടുകളിലൂടെ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്നു എന്ന നാട്യം - ഇതൊക്കെ നിറഞ്ഞ ഒരുതരം മണിപ്രവാളം. ദുശ്ശ്രവം, ച്യുതസംസ്‌ക്കാരം, അപ്രയുക്തം, നിരര്‍ത്ഥകം, ഗ്രാമ്യം, നേയാര്‍ത്ഥം, അവാചകം, അശ്ലീലം, സന്ദിഗ്ധം, അനുചിതാര്‍ത്ഥം - തുടങ്ങിയ പദദോഷങ്ങളും ക്ലിഷ്ടം, വിരുദ്ധബന്ധം, വിസന്ധി, അധികപദം, സമാപ്തപുനരാത്തം, സങ്കീര്‍ണ്ണം, ഗര്‍ഭിതം, അസ്ഥാനസ്ഥപദം, ഭഗ്നപ്രക്രമം, അക്രമം - തുടങ്ങിയ വാക്യദോഷങ്ങളും ഈ ഗ്രന്ഥത്തില്‍ എവിടെയും കാണാം. അപരിചിതങ്ങളായ പദങ്ങള്‍ സൃഷ്ടിക്കുന്ന അര്‍ത്ഥശൂന്യമായ ലോകം അന്ധവും അമൂര്‍ത്തവുമാണ്. ചില ഉദാഹരണങ്ങള്‍ നോക്കുക:
    ഉജ്വലജ്വലനം ആളി (പുറം 20), മൊഴിയില്‍ സ്പര്‍ശവിരലുകള്‍ നീട്ടി (പുറം 24),               മദ്യാരംഭം (പു 39), ബാഷ്പപ്രസരിതനായി (പു 40),  അശ്രദ്ധിച്ചു (പു 48), നിര്‍ല്ലോഭം  (പു 50 നിര്‍ല്ലോപം എന്ന അര്‍ത്ഥത്തില്‍), ശ്ശഡുങ്ങനെ മനസ്സിലാക്കിയത് (പു 51),  വെള്ളം ദാഹിക്കുന്നുണ്ടല്ലോ എന്നു ചിന്തിച്ച് (പു 53), പുരുഷവിരലുകള്‍ (പു 61),  ഓരോ ചോദ്യങ്ങള്‍ക്കും പ്രുറം 61), നവഅദ്ധ്വാനി (പുറം 84), വൈഷമ്യച്ചിരി (പുറം 114),   അതിഭാരസ്വരം (പുറം 116), ജ്ഞാനനൈരാശ്യ വൃദ്ധം (പുറം 117), അശ്രദ്ധിച്ച് നിന്നു  (പുറം 123), അധരങ്ങളില്‍ നനസ്മിതം പാറി (പുറം 135), മനോഹാരിത്വങ്ങള്‍   (പുറം 161), സമപ്രായഅറിവോടെ (പുറം 162), നിര്‍ഗ്ഗമിപ്പിച്ചജലമയത്വം (പുറം 163),  ഉത്സാഹത്തീറ്റിക്കല്‍ (പുറം 165), ധൈര്യക്കൂസായ്മ (പുറം 170), ഭാരഭാവം (പുറം 171),  പരവശചര്‍മ്മം (പുറം 202), വന്‍തിരാഔത്സിക്യത്തോടെ (പുറം 187), മുന്‍വിധിയില്ലാ   തുറസ്സോടെയുള്ള കാണല്‍ (പുറം 187), സുഖസത്താപ്രലോഭനം (പുറം 187),    പലപ്പോഴും ഇപ്പോള്‍  (പുറം 189), കൈത്തണ്ടയുടെ നെയ്മൃദു കഷ്ണിച്ചുകൊണ്ട്  (പുറം 191), നെറ്റിയുടെ സ്വര്‍ണ്ണിമ (പുറം 191), പര്‍വ്വതിച്ചുവന്നിരുന്ന ക്ഷോഭം  (പുറം 196), തമാശിച്ചു ചോദിച്ചു (പുറം 225), അട്ടസഹജം (പുറം 230), അവളിലേക്കുദൃ   തിപ്പെട്ടു (പുറം 231), തിരിഞ്ഞൊന്നു നോക്കപ്പെടാത്ത ആധിയില്‍ (പുറം 281),   ശ്യാമളയുടെ ഇനച്ചില്‍ (പുറം 284), ഉത്തേജനഊക്ക് (പുറം 285), അവളുടെ പശമകളെ   (പുറം 285), ശങ്കാമാത്രസുഗന്ധത്തോടെ (പുറം 286), ഏതോ വാല്മീകിഭാവത്തില്‍   (പുറം 290), പശപശപ്പുള്ള കൂറ്റ് (പുറം 291), പിടുപിടുങ്ങനെ (പുറം 296), 'അതിനെന്താകള്‍' (പുറം 303), തുടര്‍നിഷ്‌ക്കളങ്കത (പുറം 314), ആണ്‍ജ•ആര്‍ത്തികള്‍ (പുറം 332),   ഛിദ്രകലാകാരി (പുറം 335), ദുഃഖിയും പരിഭവിയുമായ     (പുറം 331), ബീജപീഡാപരിഹാരാര്‍ത്ഥം (പുറം 331), ആത്മവിശ്വാസപ്പെട്ടു (പുറം 348),     ഷള്‍ഗ്‌വ്യം കളിച്ചു (പുറം 348), ആദ്യമനപ്പിടിത്തം (പുറം 363), കല്ലവില്‍ (പുറം 380),     അതികഷ്ടവദനം (385),  അനുതാപം നനപ്പിച്ച അവള്‍ (പുറം 392), ശുടുശുടുങ്ങനെയുള്ള ഡയലോഗുകള്‍   (പുറം 403), സത്യോ•ുഖജീവിതം അനുഭൂതീകരിക്കാന്‍ (പുറം 421), ബിയ്യത്തിലെ കെട്ടുവരെ ഓടടാ ഓടി (പുറം 428), കൂടതല്‍ക്കൂടുതല്‍ അടിമ  കിടത്തുകയാണ്  ചെയ്തത് (435), വികാരഇമ്പം പ്രുറം 444), പ്‌ളവിക്കുന്ന പൊക്കത്തിന്റെ സൗകര്യം കൊണ്ട് (പുറം 465), സാവധാനിക്കുന്നത് (പുറം 474), അടങ്ങറ കരയാന്‍തുടങ്ങി  (പുറം 481),  അമ്‌ളസ്വരത്തില്‍ പറഞ്ഞു (പുറം 481), ആശ്‌ളേഷാംഗ്യത്തോടെ  (പുറം 482), ഊര്‍ജ്ജിച്ചൊരുങ്ങി (പുറം 483),

    ഭാഷാപദങ്ങള്‍ എടുത്തു ചാമ്പിയിരിക്കുന്നത് നോക്കൂ! മൗലൂദ്, തൗദീസ്, ഇസ്സത്ത് - തുടങ്ങിയ കുറേ അറബിപ്പദങ്ങള്‍ അവിടവിടെ കാണാം. അര്‍ത്ഥം അറിഞ്ഞ് ഉചിതമായി പ്രയോഗിച്ചാല്‍ നന്ന്. പക്ഷേ, പലേടത്തും അങ്ങനെയല്ല കാണുന്നത്. തൗദീസല്ല തൗഹീദാണ്. മൗലൂദ് എന്നു പറയുമെങ്കിലും മൗലിദ് ആണ്. അര്‍ത്ഥം ജ•ദിനം, തൗഹീദ് എന്നാല്‍ ഏകദൈവവിശ്വാസം. ഇസ്സത്ത് - അഭിമാനം എന്നര്‍ത്ഥം. തിരുവനന്തപുരത്തെ തുണിക്കട കാരാള്‍ക്കടയല്ല കറാല്‍ക്കടയാണ്. (പുറം 171) കറാല്‍ എന്നാല്‍ കണിശം എന്നര്‍ത്ഥം. കുണുങ്ങിപ്പൊന്തിക്കൊണ്ട്, വെള്ളക്കൊടുമയില്‍ അമൃതം വിങ്ങിക്കൊണ്ട്, ഇടനടുവില്‍ മുങ്ങാമൂഴിക്ക് പ്രലോഭിപ്പിച്ചുകൊണ്ട്, മുലമുനകളില്‍ തവിട്ടമ്പികള്‍ പ്രകാശിപ്പിച്ചുകൊണ്ട്, മൊട്ടിട്ട ഞെട്ടുകള്‍ വെകിളിയടിച്ചുകൊണ്ട്, അത്ഭുതച്ചുണ്ടുകള്‍, അന്തംവിട്ട കണ്ണുകള്‍, ഇലാസ്തികമായ കാതുകള്‍, തരംഗിണിക്കുന്ന കൈകള്‍, ഗന്ധസര്‍വ്വസ്വമായ കക്ഷങ്ങള്‍, വെണ്ണയോലും തുടകള്‍ - ഓരോമുലകളും നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി എന്നും ഓരോരോ അവയവങ്ങളും ആധികാരികമായി സ്ഥാപിക്കപ്പെട്ടു എന്നുമൊക്കെ പറഞ്ഞാല്‍ എന്താണ് മനസ്സിലാക്കേണ്ടത്? (പുറം 332) മലയാളഭാഷ     മരിക്കുന്നുണ്ടെങ്കില്‍, അത് ഇവിടെത്തന്നെയാണ്, ഇവിടെത്തന്നെയാണ്!

    ചില വാക്യങ്ങള്‍ നോക്കുക:
    1) ''തന്റെ ഡാഡി ജീവിച്ചിരിക്കുന്നു എന്ന ഓരോ അദ്ഭുതക്കുന്നിനിടയിലും വിശ്വാസ    മാകായ്കയുടെ നിമ്‌നതകള്‍ താണ്ടി അഞ്ജു നൊണ്ടി.'' (പുറം 23)
    2) ''അരുതാതരുതാതെ നിരന്തരമായൊഴുകുന്ന കണ്ണുനീര്‍ പ്രായപൂര്‍ത്തിയായൊരു     സ്ത്രീയൂടെ വദനത്തെപ്പോലും അസാദ്ധ്യമാക്കി.'' (പുറം 24)
    3) ''കേട്ട വാക്കുകള്‍ വീണ്ടും വീണ്ടും മനസ്സില്‍ പ്രതിധ്വനിച്ച് ഗോവിന്ദവര്‍മ്മരാജ      ചോദ്യചിന്ഹപ്പെട്ടു.'' (പുറം 101) 
    5) ''ഒന്നാമതായി മുന്‍പരിചയമില്ലെങ്കിലും പാര്‍ട്ടി മേലാളരെ കണ്ടാല്‍ ഒരു അതിബാ    ഷ്പമുള്ള സൗഹൃദച്ചിരി വായില്‍നിന്നയാള്‍ വമിപ്പിക്കും.'' (പുറം 103)
    4) ''ചായയും മുറുക്കും കൊണ്ടുവന്ന് മുന്നില്‍ വെച്ചിട്ടും അയാള്‍ കപ്പ് സോസറുക    ളുടെ ചിത്രപ്പണിയും അവളുടെ മുഖവും മാറിമാറി നോക്കിയിരുന്നപ്പോള്‍ ശില്‍പ്പ       കപ്പെടുത്ത് ചുണ്ടില്‍ കയറ്റി ദ്രാവകം അങ്ങ് കുടിപ്പിച്ചു.'' (പുറം 114)
    5) ''ബ്രാഞ്ചില്‍ ഇപ്പോള്‍ നല്ല ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ഷിപ്പാണെന്നതിന്റെ താളമവര്‍     വരുംവഴിക്ക് പിക് ആന്റ് ഈറ്റില്‍ കയറി കട്‌ലറ്റടിച്ച് പെരുഞ്ജീരകം ചവയ്ക്കു    ന്നതിന്റെ സൗഹൃദവായകളില്‍ പ്രകടമായി.'' (പുറം 119)
    6) ''സന്ദേഹത്തിന്റെ നെറ്റിത്തടവും പരിചപിടിച്ചുനില്‍ക്കുന്ന മാംസപേശികളും പാലം     തകര്‍ന്ന മുലമദ്ധ്യവുമായിരുന്നു പിന്നീടവളുടെ സ്ഥായിഭാവങ്ങള്‍.'' (പുറം 125)
    7) ''...മിമിക്രി ചെയ്യുമ്പോഴുള്ള അരോചകമാണ് അത് ഇന്ദിരയില്‍ ഉണ്ടാക്കിയത്.''     (പുറം 169)
    8) ''എത്രത്തോളം ഭാര്യയെ ആളുകള്‍ക്ക് പിരിചപ്പെടുത്തുകയോ ജനങ്ങള്‍ക്ക് മുന്നില്‍     പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നോ അത്രത്തോളം ഷറഫുദ്ദീന്‍ ആഹ്‌ളാദപ്പെട്ട് വിങ്ങുക     പതിവായിരുന്നു.'' (പുറം 259)
    9) ''അബോധഗതങ്ങള്‍ ഒട്ടുനേരം നീണ്ടുനിന്നു. '' (പുരം 333)
    10) ''ഹരിതകം വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ സഖാവിന്       പ്രധാനസംഘാടക സമര്‍പ്പിച്ച മല്ലികപ്പൂ ബൊക്കെയാണ് ദിനേന മണക്കപ്പെട്ട്          മേശവലിപ്പില്‍ ഇരുന്നതും, പിന്നീടാ ഉണക്കച്ചപ്പിന്റെ ദൃശ്യം തന്നെ ആരാധകനില്‍       പരിമളപൂരം നിറച്ചതും..''  (പുറം 367) 
    11) ധാരാളം സമയെമെടുത്ത് വിജയന്‍ ആശ്ചര്യപ്പെട്ടു. (പുറം 375) 
    12) ''ആരോ തന്നെ കണ്ടെന്ന സംശയം ചിപ്പി മാറാനുള്ള കൊടുചോദനയെ പോക്കി     വാതിക്കല്‍തന്നെ അയാളെ സ്തംഭിതാനാക്കി.''  (പുറം 383)
    13) ''...അവളുടെ മുഖവഴികളിലൂടെ സമൃതിെപ്പണ്ണുങ്ങള്‍ പ്രായശ്ചിത്തയാത്ര നടത്തി.''     (പുറം 388)
    14) ''സംസത്തിന്റെ വിശുദ്ധി കണ്ണുകളില്‍ കണ്ണാടിച്ചു. ആള് മൊത്തം പുഞ്ചിരിയില്‍     പൂത്തു. ശ്വാസോച്ഛാസത്തിന്റെ ദൃഢതയും ഉറപ്പും മാറിടത്തെ സഫാമര്‍വായായി         രൂപകപ്പെടുത്തി.'' (പുറം 417) 
    15) ''അമ്മയുടെ കനിവും നര്‍ത്തകിയുടെ വശ്യവും കുഞ്ഞിന്റെ കൃസൃതിയും മേളിച്ചി    രുന്ന പ്രിയങ്കരമായ മിഴികളായിരുന്നില്ലേ ഇവ...'' (പുറം 430)
    16) ''കൊങ്കിണിയില്‍ അവള്‍ അബോധപ്പെട്ടു ചോദിച്ചു.'' (പുറം 452)
    17) ''ബാങ്കിലേക്കു മടങ്ങിയിരുന്നെങ്കിലും ഒരുതുടം നിശ്വാസച്ചുഴലിയായി ശില്പയും     അവിടെ ആത്മപ്പെട്ടു.'' (പുറം 475) 

    ചെറിയവാക്യങ്ങളാണ് എടുത്തുകാട്ടിയിരിക്കുന്നത്. അര്‍ത്ഥം പിടികിട്ടാത്ത പദങ്ങളും വ്യാകരണവിരുദ്ധമായ പ്രയോഗങ്ങളും ശൈലീഭംഗങ്ങളും സ്വയംകൃതവിചിത്രപദാവലികളും വാക്യസംരചനകളും വേണ്ടുവോളമുണ്ട്. ചിലേടത്ത് മുന്നിലെ ഖണ്ഡികകള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുന്നു. (പുറം 365, 366 നോക്കുക.) പരിഹാസവും പുച്ഛവും കലര്‍ന്ന ഭാഷയും ശൈലിയും ആദ്യന്തം കാണാം. ചിലപ്പോള്‍ അത് എല്ലാമൂല്യങ്ങള്‍ക്കും എതിരായി മാറുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ലൈംഗികതയുടെ ആഭാസകരമായ ചിത്രീകരണം ഓക്കാനമുണ്ടാക്കുന്ന ക്രിത്രിമശൈലീരൂപങ്ങളിലൂടെയാണ് തികട്ടത്തികട്ടി വരുന്നത്. കഥകൃത്ത് സ്വയം സ്വരൂപിച്ചെടുക്കുന്ന പദങ്ങളും വാക്യങ്ങളും നിരന്തരം വന്നുനിറയുന്നു. ലൈംഗികതയുടെ ആലസ്യത്തില്‍പ്പെട്ട്, അതില്‍ താല്പര്യമുള്ള വായനക്കാര്‍ എങ്ങോട്ടോ ഒഴുകിപ്പോകുന്നു. അര്‍ത്ഥം  അന്വേഷിക്കുന്ന വായനക്കാര്‍ വായന അവസാനിപ്പിക്കുന്നു. അവ്യവസ്ഥിതത്വം ജീവിതത്തിലായാലും ഭാഷാസന്ദര്‍ഭങ്ങളിലായാലും അരാജകത്വം സൃഷ്ടിക്കും. 'പ്രകരണശുദ്ധി' കവികള്‍ക്കു മാത്രം വേണ്ട ഒരുഗുണമല്ല; നോവലെഴുതുന്നവര്‍ക്കും വേണം. പ്രകരണശുദ്ധി കൃതിയിലാകെ പാലിക്കേണ്ട ഔചിത്യം തന്നെയാണ്. ലളിതഭാഷയില്‍, വളച്ചുകെട്ടില്ലാതെ, സുതാര്യതയോടെ, കാപട്യമില്ലാതെ മനുഷ്യജീവിതസങ്കുലികളെ ആവിഷ്‌ക്കരിക്കാന്‍  സാധിക്കണം. അതിനെത്തന്നെയാണ് മഹാകവി പ്രകരണശുദ്ധി എന്നു പറഞ്ഞത്.
    'ജീവിതത്തിന്റെ പുസ്തകം' ശില്പത്തിലും സംവിധാനക്രമതത്ത്വത്തിലും പൊരുത്തപ്പെടാതെ നില്ക്കുന്ന വികലമായ ഒരുഘടനയാണ് കാഴ്ചവെക്കുന്നത്. മുന്നൊരുക്കമോ  പ്‌ളാനോ പദ്ധതിയോ ഇല്ലാതെ, കുറേയേറെസ്ഥലം അപഹരിച്ച് വീര്‍ത്ത് പന്തലിച്ചുനില്ക്കുന്ന, വീടാണ് ഓര്‍മ്മയിലെത്തിക്കുന്നത്. നോവലെഴുതാന്‍ ഒരുബ്‌ളൂപ്രിന്റ് വേണമെന്ന് നോവലെഴുത്തുകാര്‍ എന്നാണ് മനസ്സിലാക്കാന്‍ പോകുന്നത്? 'കുറ്റവും ശിക്ഷയും', 'കാരമസോവ്  സഹോദ•ാര്‍' പോലുള്ള നോവലുകള്‍ അഞ്ചും ആറും പ്രാവശ്യം വെട്ടിത്തിരുത്തി മാറ്റിയെഴുതിയിരിക്കുന്ന നോട്ടുബുക്കുകള്‍ കാണുമ്പോള്‍, ആ മഹാസാഹിത്യകാരനെ നമസ്‌ക്കരിക്കാനല്ല, പ്‌ളാനും പദ്ധതിയുമില്ലാതെ തടിച്ചനോവലുകളെഴുതിവിടുന്ന നമ്മുടെ ധീരശാലികളെ   ദണ്ഡനംചെയ്യാനാണ് തോന്നുന്നിപ്പോകുന്നത്!
    'ജീവിതത്തിന്റെ പുസ്തകം' രണ്ടുമൂന്നിടത്ത് അവസാനിക്കുന്നു. സുശീലപ്പെണ്ണ് മരിക്കുന്നിടത്ത് അവസാനിച്ചു. സുശീല മരിക്കുന്നതിനു തൊട്ടുമുമ്പ് കോടമ്പാക്കത്തുനിന്ന് ഇറക്കുമതിചെയ്ത സിനിമാനടിയുടെ സഹായത്തോടെയാണ് പിന്നെ നിരങ്ങിനീങ്ങുന്നത്. സുബൈദയും വര്‍മ്മയും തമ്മില്‍ വിവാഹിതരായതോടെ വീണ്ടും അവസാനിക്കുന്നു. അവിടെയും  നിറുത്താതെ മാധവന്‍കുട്ടി എന്ന എഴുത്തുകാരനെ കൊണ്ടുവന്ന് വീണ്ടും വലിച്ചുനീട്ടുന്നു. എന്നാല്‍, വര്‍മ്മയുടെ കുടുംബത്തെ വിട്ടുകളയുകയും ചെയ്തു. നോവല്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന   അവര്‍ എവിടെപ്പോയി? അവര്‍ക്കെന്തുപറ്റി? നോവലല്ലേ, ജീവിതമല്ലല്ലോ, അതിനെക്കുറിച്ചൊന്നും ചോദിക്കരുത് എന്നാണോ? കഥയില്‍ ചോദ്യമില്ല എന്ന ആ കാലം കഴിഞ്ഞിരിക്കുന്നു. നോവലില്‍ പ്രയോഗിക്കുന്ന ഒരുവാക്കിന്, ഒരുവാക്യത്തിന് കഥാകൃത്ത് മറുപടിപറയേണ്ടതുണ്ട്. സ്വന്തം ബാദ്ധ്യതയില്‍നിന്ന് നോവലിസ്റ്റിന് രക്ഷപ്പടാനാവില്ല. പദംമുതല്‍ ശില്പംവരെ എല്ലാഘടകങ്ങളും തമ്മില്‍ പാരസ്പര്യവും യുക്തിബന്ധവും വേണം. പ്രധാനപ്പെട്ട ഇതിവൃത്തമായ ഗോവിന്ദവര്‍മ്മരാജയുടെ ജീവിതകഥയെ തകിടംമറിച്ചുകൊണ്ട് സഖാവ് വിജയന്റെ ഇരട്ടപ്രണയകഥ മുഴച്ചുനില്ക്കുന്നു. രണ്ടിനെയും അധഃകരിച്ചുകൊണ്ട് സിനിമാനടിയുടെ ജീവിതകഥ കയറിവരുന്നു. എല്ലാം ചേര്‍ന്ന് പരസ്പരം ബന്ധമില്ലാത്ത ഒരു സിനിമാക്കഥ രൂപപ്പെട്ടുവരുന്നു. യുക്തിക്കു നിരക്കാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ശാരദയുടെ നാടുവിട്ടുപോയ സഹോദരന്റെ കഥകൂടി പറയേണ്ടതല്ലേ? അവന്റെയും വര്‍മ്മയുടെയും രൂപസാദൃശ്യത്തെപ്പറ്റി സൂചിപ്പിക്കുകയെങ്കിലും വേണ്ടേ? ശാരദ അയാളെ അനുജനായി സ്വീകരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? വര്‍മ്മയുടെ തമിഴ്‌പ്പേച്ചിന് യുക്തിയുണ്ടോ? ഫൈബര്‍ വള്ളക്കാരും ഓടക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വര്‍മ്മയ്ക്ക് വെടിയേറ്റതായി പറയുന്നു. ഇഴഞ്ഞു  നീങ്ങിയ നോവലിനെ എവിടെയെങ്കിലും ഒന്നവസാനിപ്പിക്കാന്‍ കഥാകൃത്ത് കണ്ടെത്തിയ ഒരെളുപ്പവഴിയായിരുന്നില്ലേ അത്? നോവലിന്റെ ക്രിയാകാലം   ആറു മാസം മാത്രമാണ്. ആ ക്രിയാകാലത്തില്‍ ഒതുങ്ങാതെ സംഭവങ്ങള്‍ വഞ്ചിതഗര്‍ഭിണിയുടെ പള്ളപോലെ വീര്‍ത്തുനില്ക്കുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞടുപ്പിലോ  സ്വഭാവരൂപീകരണത്തിലോ കഥകൃത്ത് ശ്രദ്ധിച്ചിട്ടേയില്ല. നോവലില്‍ പാത്രസൃഷ്ടി എന്ന ഒരുഘടകമുണ്ട് എന്നും എഴുത്തുകാരന്റെ മൂല്യനിര്‍ണ്ണയം അവിടെയാണ് തുടങ്ങുന്നത് എന്നും നോവലെഴുത്തുകാര്‍ മനസ്സിലാക്കണം. അത്തരത്തില്‍ ഈ നോവലിനെ വിശകലനം ചെയ്ത് വിലയിരുത്തിയാല്‍ നോവലും നോവലിസ്റ്റും തമ്മാടിക്കുഴിയിലാണ് ചെന്നുവീഴുക! കിടപ്പുമുറിയെക്കാള്‍ വലിപ്പവും വിസ്തീര്‍ണ്ണവും വഴുക്കലുമുള്ള ടോയ്‌ലറ്റില്‍ തെന്നി, കഥാകൃത്ത് തലയടിച്ചുവീണ് ആംനീഷ്യ ബാധിച്ചുകിടക്കുന്ന ദയനീയചിത്രം!
(തുടരും...)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക