"പണമില്ലായ്മയാണ് എല്ലാ തിന്മകളുടേയും ഉത്ഭവം"-ബര്‍ണാഡ് ഷാ. ഗള്‍ഫ് എന്ന മാസ്മര വലയത്തില്‍ കുടുങ്ങി ജീവിതം കരുപ്പിടിപ്പിക്കാനായി ഇറങ്ങുന്നവരുടെ നിരക്കിന് ഇന്നും കുറവും ഇല്ല എന്നുതന്നെ പറയാം. ഒരായിരം റ്റി.വി. വാര്‍ത്തകളും, പത്രവാര്‍ത്തകളും, നേരിട്ടു തന്നെ കേട്ടിട്ടുള്ള കദനകഥകളും ഒന്നും തന്നെ ഈ ആവേശത്തിനൊരു കുറവും വരുത്തിയിട്ടില്ല. ചില ഒറ്റപ്പെട്ട കേസുകള്‍ വെച്ച് പൊതുവെ ഒരു ധാരണയില്‍ എത്തുന്നത് ശരിയല്ല. അടിസ്ഥാനപ്രശ്‌നം വേറെയാണ്. തൊഴിലില്ലായ്മ, പണത്തിന്റെ ആവശ്യകത, കുടുംബത്തിന്റെ പ്രാരാബ്ധം, ഇതെല്ലാം വിദേശത്ത് പോയി ജീവിച്ച് ജോലി ചെയ്യുക എന്ന തീരുമാനത്തിലെത്തിചേരുന്നു.
ഒരു മുഖവുര
80% വിസ ഉള്ളവരില്‍ 20% പേര്‍ക്ക് പേപ്പറുകള്‍ ഇല്ലാത്തവരുമാണ്, ബാക്കി 20% മാത്രം നേരായ വഴിയില്‍ വന്ന് ഇവിടെ അല്ലലില്ലാതെ കഴിയുന്നു. എംബസിയുടെ കാര്യം ഇനി മുതല്‍ കര്‍ക്കശമാണ്. പക്ഷെ ഇന്നെവരെയുള്ളവരുടെ കാര്യത്തില്‍ ഒരു പോക്കുവരവോ, കണക്കോ ഇല്ല. നിയമപരമായി നമ്മള്‍ പോകുമ്പോള്‍ എല്ലാം തന്നെ പ്രശ്‌നങ്ങള്‍ ആണ്. നല്ല രീതിയില്‍ വരുന്ന സ്ത്രീകള്‍ക്കുമാത്രം ഇതു ബാധിക്കയുള്ളൂ. സ്ത്രീകള്‍ വിചാരിച്ചാല്‍ തിരികെ നാട്ടില്‍ എത്തിച്ചേരാം എന്നൊരു ഭാഗം കൂടിയുണ്ട്. വയനാട്ടില്‍ നിന്നുള്ള ഒരു എന്‍ജിനീയറിന്റെ കൂടെ ദുബായിലേക്കു പോകാനുള്ള കരാറുണ്ടാക്കി. പെണ്‍വാണിഭം ആണെന്നറിഞ്ഞു കൊണ്ടുതന്നെയാണ്. ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത് എന്നാണ് സുശീല പറയുന്നത്.
നാട്ടിലെ കൂലിപ്പണിക്കെന്ന പോലെ കണിക്കൂറു കണക്കിനു പേശി വാങ്ങാന്‍ ഇവര്‍ ഒരു ദാക്ഷിണ്യവും കാണിക്കാറില്ല. എന്നിട്ടും, അതേ പോലെ ജോലിക്കാരികളാല്‍ കബളിക്കപ്പെടുന്നവരും, മോഷണം നടത്തുന്നവരും ധാരാളമാണ്. ശരീരക്ഷീണം, അസുഖം, എന്നീ നമ്പറുകള്‍ അടിച്ച്, ഗള്‍ഫ് കണ്ട് മടങ്ങാന്‍ വരുന്നവരാണ് ഇവരില്‍ ചില സ്ത്രീകള്‍. മൂന്നു മാസം കൂടുമ്പോള്‍ പോലും നാട്ടിലേക്ക് കാശയക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്, മിക്കവരും. ഒരു വര്‍ഷം പോലും ആകാതെ നാട്ടിലേക്കു പോകേണ്ടി വന്നാല്‍, പ്രാരാബ്ധത്തിന്റെ പേരും പറഞ്ഞ് RS 3500/- വരെ കടം മേടിച്ചിട്ട് നാട്ടില്‍ പോകുന്നവരുണ്ട്. എന്നെങ്കിലും നമ്മള്‍ തന്നെ, ഇവരെ നാട്ടില്‍ നിന്നു കൊണ്ടുവരും എന്ന ഊഹത്തില്‍ ആണ് ഇതൊക്കെ.
ഒരു ഹൗസ് വൈഫിന്റെ വിമര്‍ശനം
ഇതിനൊക്കെ ഒരു മറുവശം കൂടിയൊക്കെയുണ്ട്. വീടുകളില്‍ നില്‍ക്കുമ്പോള്‍ ഇവര്‍ കത്തിച്ചും പൊട്ടിച്ചു കളയുന്ന സാധനങ്ങള്‍ക്കു കണക്കില്ല. മിക്‌സി, പാത്രങ്ങള്‍ എന്നു വേണ്ട, നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്. ഇതിനൊക്കെ ആരാണുത്തരവാദി? എന്നാല്‍ ഇതിനൊക്കെ പുറമെ, ജോലിചെയ്യുന്ന വീടുകളില്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന ദുരിതങ്ങളും മറ്റു അറിയാതെ പോകുന്നു എന്ന മറുവശം കൂടിയുണ്ട്.
സര്‍ക്കാരിന്റെ നിലപാട്
ഗള്‍ഫില്‍ എന്നല്ല, ഇന്‍ഡ്യയില്‍ നിന്നു വീട്ടുജോലിക്കായി പോകുന്ന സ്ത്രീകളുടെ കാര്യം ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടെയെത്തുന്ന ഒട്ടുമിക്ക ജോലിക്കാരികള്‍ക്ക് എംബസിയും മറ്റും നല്‍കുന്ന നിയമപരമായ സഹായം കൊണ്ട് ആര്‍ക്കാണ് പ്രയോജനം? അല്ലെങ്കില്‍ എംബസികള്‍ എന്തു സഹായം ആണ് ഈ സ്ത്രീകള്‍ക്ക് നല്‍കുന്നത്? ഒന്നും തന്നെയില്ല എന്നു തീര്‍ത്തും പറയാവുന്ന സാഹചര്യത്തിലേക്ക് എത്തി നില്‍ക്കുകയാണ് നാം. പ്രത്യേകിച്ച് മന്ത്രിമാരും മറ്റും വന്ന് ഉണ്ടാക്കുന്ന പുതിയ നിയമസംഹിതകള്‍ ഒക്കെത്തന്നെ ഇവരെയൊക്കെ രക്ഷിക്കാനും സംരക്ഷിക്കാനുമാണെന്നാണ് വെപ്പ്. നാട്ടില്‍ നിന്നും വരുന്ന മന്ത്രിമാരേയും എം.എല്‍.എ.മാരേയും എഴുന്നെള്ളിച്ചു. തീറ്റിച്ചു, പടമെടുത്തു, നടക്കുന്നതിനിടയില്‍ ഈ പ്രശ്‌നപരിഹാരങ്ങള്‍ അല്ലെങ്കില്‍ അവയെ സംബന്ധിക്കുന്ന സംസാരങ്ങളും, പരാതിക്കാരെ കാണുക എന്നിവ, പരാതിക്കടലാസുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.
സാധാരണക്കാരായ മനുഷ്യരുടെ സാമാന്യബോധത്തിനതീതമായ കുതിരപ്പന്തയങ്ങള്‍പോലെയാണ്. പല സര്‍ക്കാര്‍ വക പരിപാടികളും, ഒത്താലൊത്തു പോയാല്‍ പോയി. വിദേശത്ത് എത്തിച്ചേരുന്ന ഇന്ത്യക്കാരായ പണക്കാര്‍ക്ക് പല പദവികളും അവാര്‍ഡുകളും കൊടുത്തോളൂ, എന്നു കരുതി വിദേശത്തു ഇത്തരം ജോലിചെയ്യുന്ന, ഇന്ത്യക്കാരായ പാവപ്പെട്ടവരുടെ മുഖത്ത് തുപ്പണമെന്നില്ലല്ലോ! അവരൊഴുക്കിയ വിയര്‍പ്പിന്റെ നീരില്‍ ഒരു നാലഞ്ച് മന്ത്രിമാരുടെ വീടുകളെങ്കിലും മുങ്ങിപ്പോവും. പാവപ്പെട്ടവരായ, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്ന ഒരു സമീപനം ആണ് ഇന്നും നിലനില്‍ക്കുന്നത്. പിന്നെ അത്യാസന്നനിലയില്‍ എത്തിചേരുന്ന ഏതെങ്കിലും ഒരു ജോലിക്കാരിയെ എംബസിക്കു കൈമാറിയാല്‍, ആ പേരും പറഞ്ഞ് ഒരാഴ്ചത്തേക്ക് റ്റി.വി ചാനലുകാര്‍ വഴി, മന്ത്രിമാര്‍ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളുടെ ഒരു എഴുന്നെള്ളിപ്പും ഘോഷയാത്രയും. സര്‍ക്കാരിന്റെ വക ചിലവിനുള്ള കാശും നഷ്ടപരിഹാരവും മന്ത്രിയുടെ കോളിനോസ് പുഞ്ചിരിയോടെ നല്‍കപ്പെടുന്നു.
ഒരു ഹൗസ്‌മെയിഡിന്റെ തിരച്ചില്‍
ജോലിക്കൂടുതലും കുഞ്ഞുങ്ങളുടെ വളരെ നാളത്തെ കരച്ചിലും, ബേബി സിറ്ററുടെ അടുത്തു നിന്നു, കൊണ്ടുവരുന്ന വിട്ടുമാറാത്ത പനിയും ചുമയും. പല കുടുംബങ്ങലേയും ഹൗസ്‌മെയ്ഡ് എന്ന പരിഹാരത്തില്‍ എത്തിച്ചേരാന്‍ നിര്‍ബന്ധിതരാക്കുന്നു. നാട്ടില്‍ ഒരു ഫോണ്‍ വിളിയുടെ ഭാഗമായി കണ്ടുകിട്ടുന്ന ഏജന്റു പറഞ്ഞ അഡ്രസ്സില്‍ എത്തിക്കുന്നു. രണ്ടു ദിവസത്തെ മെഡിക്കല്‍ ടെസ്റ്റുകള്‍ക്കു ശേഷം ദയനീയമായി പരാജയപ്പെട്ട നാട്ടുകാരിയെന്നും കൂട്ടി അമ്മായിഅപ്പന്‍ തിരികെ നാട്ടിലേക്ക്. കൂടെ മൂന്നു ദിവസം പാവത്തിന് ആരോഗ്യത്തെയും ഗള്‍ഫ് നാടുകളിലെ കൃത്യനിഷ്ടമായ ജോലികളെപ്പറ്റിയും, മൂന്നു ദിവസത്തെ ജോലിക്കാരിയുടെ കത്തി.
അടുത്ത പരീക്ഷണം
അത്യുത്സാഹിയായ ഒരു ഏജന്റ് മുഖേന നമ്മള്‍ കുറെ അധികം പേരെ, അവരുടെ വിഷയവിവരപട്ടിക പാസ്‌പ്പോര്‍ട്ട് കോപ്പികള്‍ എന്നിവ അടക്കം നമ്മുടെ മുന്നിലെത്തുന്നു. കണ്ടുമുട്ടുന്നു. പരിചയപ്പെടുന്നു, ഇവരില്‍ നമ്മുക്ക് ഇഷ്ടപ്പെടുന്നവരുടെ, മെഡിക്കല്‍ ശരിയാകണം എന്നില്ല. പിന്നെ നമ്മുടെ അടുത്ത വീട്ടിലെയോ പരിചയത്തിലോ ഉള്ള ആരുടെയെങ്കിലും, മെഡിക്കല്‍ ഒരിക്കലും ഈ എജന്റ്മാരുടെ അടുത്ത് ‘approve' ആകുകയില്ല. അതിനു പകരമായിട്ടാണ് യാതൊരു പരിചയവും ഇല്ലാത്ത ഏതൊ ഒരു നാട്ടുകാരിയെ നമ്മുടെ വീട്ടില്‍ കുട്ടികളെ നോക്കാനും വീടു സംരക്ഷിക്കാനുമായി നാം ‘approve' ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. അതു കൊള്ളാവുന്ന ഒരുത്തിയായാല്‍ നമ്മുടെയും കുഞ്ഞുങ്ങളുടെയും മുന്‍ജന്മസുകൃതം, അല്ലെങ്കില്‍ അതുങ്ങളുടെ കാര്യം 'കട്ടപ്പൊഹ'
എങ്ങനെ ഒരു 'വാസന്തി' നമ്മുടെ വീട്ടില്‍ എത്തിച്ചേരുന്നു. എയര്‍പ്പോര്‍ട്ടില്‍ വെച്ച് മാത്രം ആദ്യമായി, സ്വന്തം കാശുമുടക്കി( ഏതാണ്ട് 6000 ദിഹറാം) കൊണ്ടുവന്ന ജോലിക്കാരികളെ കണ്ടുമുട്ടുന്ന, ഭാഗ്യവാന്മാരും ഇല്ലാതില്ല. ഒരു 'climetize' ചെയ്യാന്‍ രണ്ടു ദിവസം, ചൂട്, ആവി, പരവേശം. നാട്ടില്‍ നിന്നു വന്നു കഴിഞ്ഞുള്ള ‘adjustment time‘കഴിഞ്ഞു കഴിയുമ്പോള്‍ വീട്ടുകാരെ miss ചെയ്യുന്ന ഒരു ഭാഗം തുടങ്ങുന്നു. അടച്ചുമൂടി ഫ്‌ളാറ്റില്‍, മനുഷ്യസഹവാസം ഇല്ലാതെ പകല്‍ മുഴുവന്‍ ഇരിക്കുന്നതിന്റെ ‘depression'. ഇതും കഴിയുമ്പോള്‍ ഇതൊക്കെ ആലോചിച്ചു കൂട്ടിയതിന്റെ തലവേദനയും, കിടപ്പും. പിന്നെ ജോലി എപ്പോള്‍ ചെയ്യും? ഇതിനൊക്കെ ഒരു മറുവശം കൂടിയുണ്ട്, അതുംകൂടി ഇതിന്റെ കൂടെ പറയട്ടെ! മിക്‌സി, പ്ലേറ്റുകള്‍ എന്നിങ്ങനെ ഒരൊ ദിവസവും പൊട്ടിച്ചും, കത്തിച്ചും ചീത്തയാക്കുന്നതിനു ഒരു കണക്കും ഇല്ല. ഇതിനൊക്കെ ആരാണ് ഉത്തരവാദി? വിസയും, താമസിക്കാനുള്ള സ്ഥലം കൊടുത്തു എന്ന ഒരൊറ്റ ഉത്തരവാദിത്വത്തിന്റെ, പേരില്‍ വീട്ടുജോലികള്‍ ചെയ്യും.
ഹൗസ്‌മെയ്ഡ് എന്ന വാക്കിന്റെ ദുരുപയോഗം
ഇന്ന് ഗള്‍ഫ് നാടുകളില്‍ നടക്കുന്ന ഒട്ടുമുക്കാലും പെണ്‍വാണിഭത്തിന്റെ ഏതെങ്കിലും ഒരറ്റം ചെന്നെത്തുന്നത്, ഒരു 10 ഹൗസ്‌മെയ്ഡ് വിസ തരപ്പെടുത്തിയ ഏതെങ്കിലും ഒരു ഏജന്റിന്റെ അടുത്തായിരിക്കും. 10 സ്ത്രീകളെ ഒരുമിച്ച് ഗള്‍ഫില്‍ എത്തിച്ചാല്‍ 1 വര്‍ഷം കൊണ്ട് നല്ല ലാഭം കൊയ്യുന്ന ചേട്ടന്മാര്‍ ധാരാളം. ബോംബെ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഏജന്റ്മാര്‍ വഴി എത്തുന്ന സ്ത്രീകളുടെ എണ്ണം ഏറെയാണ്.
ഹൗസ് മെയ്ഡിന്റെ വിസ്താരം
വയനാട്ടില്‍ നിന്നുള്ള ഒരു ഏജന്റിന്റെ കൂടെ വിശ്വസിച്ച് ബോംബെയിലോ മദ്രാസിലോ എത്തുന്ന ഓരോ സ്ത്രീകള്‍ക്കും, ഭാഗ്യം ഉണ്ടായാല്‍ ഒരു നല്ല വീട്ടുകാരുടെ കൂടെ എത്തിച്ചേരാം. ദുബായിലും, ഒട്ടുമിക്ക ഗള്‍ഫ് നാടുകളിലും പെണ്‍വാണിഭത്തിന്റെ വിവരങ്ങളും മറ്റും അറിഞ്ഞോണ്ടു തന്നെ ഈ ജോലിക്ക് ഇറങ്ങിത്തിരിക്കുന്നവരും ഉണ്ട്. പക്ഷെ ഇവിടെ വന്നു കഴിയുമ്പോള്‍ സ്വയം മാനസികാവസ്ഥക്കു മാറ്റം വരുത്തി, കുടുംബത്തെ ഓര്‍ത്ത്, എന്തും വരട്ടെ എന്നു കരുതി, എല്ലാം സഹിക്കാന് തയ്യാറാകുന്നവരും ഉണ്ട്. ഏതെങ്കിലും അറബിവീട്ടില്‍ ജോലിക്കായി നില്‍ക്കുന്നവര്‍ക്ക് ഈ വക കാര്യങ്ങള്‍ ഒന്നും നടപ്പില്ല. വന്നു കേറുന്ന ദിവസം തന്നെ എയര്‍പ്പോര്‍ട്ടില്‍ സ്‌പോണ്‍സറുടെ ഗുണദോഷവും, പിന്നെ ഭാഷ അറിയാതെ നില്‍ക്കുന്നതിന്റെ അന്ധാളിപ്പും ഒന്നും വകവെക്കാതെയുള്ള ഉപദേശമാണ് മുറി ഇംഗ്ലീഷില്‍ പിന്നെ വരുന്നത് ഒരു മലയാളി ഡ്രൈവര്‍ കം മംദൂപ്പ് ആണെങ്കില്‍ ഭാഗ്യം. പേടിപ്പിക്കലിന്റെ ആക്കം വളരെ പരിതാപകരമായിരിക്കും. നോക്കിയും കണ്ടും നിന്നാല്‍ ഞാനും സഹായിക്കാം എന്നൊരു വാഗ്ദാനവും കൂടിയുണ്ടാകും. ഈ വാഗ്ദാന സമ്മതത്തിനു പിന്നീടു വളരെ അധികം പിഴ നല്‍കേണ്ടി വരും. പിന്നെ വീടിന്റെ സ്ഥിതിഗതികളും ഇവിടുത്തെ ആള്‍ക്കാരെപ്പറ്റിയും ഒരു വിവരണം. അക്കൂട്ടത്തില്‍ ആരെയൊക്കെ നോക്കിയും കണ്ടും നില്‍ക്കണം, വീട്ടിലെ കുട്ടികളെയും, ആണുങ്ങളെയും, സ്ത്രീകളും മറ്റും അടങ്ങുന്ന എല്ലാവരെപ്പറ്റിയും.
ഒരു അറബി വീട്ടിലെ തുടക്കം
ചെന്നുകയറി ഒരു പരിചയപ്പെടലിന്റെ മുഹൂര്‍ത്തം കഴിഞ്ഞു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ജോലിയും തുടങ്ങും. പെട്ടിയും തുണിയും വെക്കാനുള്ള മുറു, മറ്റു ഫിലിപ്പീനോ, ശ്രീലങ്കന്‍, നേപ്പാളീ, ജോലിക്കാര്‍ കാണിച്ചു കൊടുക്കും. അറബിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ചും, ചിലപ്പോള്‍ ഒരു പോര്‍ട്ടോ ക്യാബിന്‍ മുറിയായിരിക്കും. അല്ലെങ്കില്‍ ഒരു കട്ടിലില്‍ മറ്റൊരു ജോലിക്കാരിയുടെ കൂടെ സ്ഥലപരിമിതി കാരണം ഷെയര്‍ ചെയ്യേണ്ടി വരും. ജോലി രാവിലെ 5 മണി മുതല്‍ രാത്രി 1 മണിവരെയുണ്ടാകും. ആഹാരത്തിനു ഒരു പഞ്ഞവുമില്ല, കഴിക്കാന്‍ ഇഷ്ടം പോലെയുണ്ട്. അതിനു ഒരു കുറവും ഇല്ല. പക്ഷെ വിശ്രമം കമ്മിയായിരിക്കും, ആഹാരം കഴിക്കാനിരിക്കുന്ന സമയം മാത്രം എവിടെയെങ്കിലും ഒന്നിരിക്കാം. കുളിച്ച് കഴിച്ച് രാത്രി 1 മണിയോടെ കിടന്നാല്‍, 5 മണിക്ക് എഴുന്നേറ്റേ പറ്റൂ. രാവിലത്തെ ചായ, കാപ്പി, ഓരോ മുറിയുടെ മണിയടി അനുസരിച്ചു, മുറികളില്‍ എത്തിക്കണം, ഈദ്, റംസാന്‍, എന്നീ വിശേഷദിവസങ്ങളില്‍ പറയുകയും വേണ്ട. ദിവസം മുഴുവനും ജോലിയും തുടക്കലും തൂക്കലും, നാലഞ്ചു കാറും വണ്ടിയും കഴുകിത്തുടക്കണം. വൈകീട്ടു 5 മണിക്കു മുന്‍പേ നോമ്പു തുറക്കാനുള്ള എല്ലാ വിഭവങ്ങളും ഉണ്ടാക്കണം. പിന്നെ 7മണിക്ക്, എല്ലാ ചേര്‍ന്നുള്ള വിഭവസമൃദ്ധമായ ഒരു തീന്മേശയായിരിക്കണം. ചില വീടുകളിലെ സ്ത്രീകള്‍ നേരത്തെ തന്നെ എന്തൊക്കെ വേണമെന്ന് പറയും. ഈദിന്റെ സമയം എല്ലാ ജോലിക്കാര്‍ക്കും സന്തോഷമുള്ള ഒരു സമയമാണ്. ജോലി നടക്കുന്നതിനിടയില്‍ കൊണ്ടുക്കൊടുക്കുന്ന ചായുടെയും, അടുക്കളയില്‍ വന്നു കഴിച്ചു പോകുന്ന ഭക്ഷണത്തിനിടയില്‍, കാശായും തുണികളായും മറ്റും ധാരാളം സമ്മാനങ്ങള്‍ വീട്ടുജോലിക്കാര്‍ക്കു കൊടുക്കണം എന്നുണ്ട്. ഏയര്‍പ്പോര്‍ട്ടില്‍ വെച്ചു, നമ്മുടെ പ്രാരാബ്ദവും സുരക്ഷയും വാഗ്ദാനം ചെയ്ത ഡ്രൈവറുടെ ഒരിക്കലും തീരാത്ത ഉപദേശവും, കഴുകന്റെ നോട്ടവും ചിലപ്പോള്‍ ഉപദ്രവങ്ങളും ദിവസംപടി കൂടിക്കൊണ്ടിരിക്കും. നാട്ടിലാണെങ്കില്‍ മുറ്റമടിക്കുന്നതിനിടയില്‍ ചൂലിന്റെ കെട്ടൊന്നു മുറുക്കിക്കെട്ടുന്ന ഭാവ്തില്‍ ഒന്നു വിരട്ടാം. ഇവിടെ അതും പറ്റില്ലല്ലോ! സഹിച്ചു സഹിച്ചു സഹികെട്ട്, താടിക്കിട്ട് നല്ല തട്ടുവച്ചു കൊടുക്കുന്നവരും, നിവൃത്തികേടുകൊണ്ട് എന്തും ഏതും സഹിക്കുന്നവരും ഇല്ലാതില്ല.
പടി പടിയായ പരിചയം
ഇന്നത്തെക്കാലത്ത്, ഈ ജോലിക്കാരികള്‍ സര്‍വൈവല്‍ എന്ന തന്ത്രം പഠിച്ചു. ഇന്ന് പഴയകാലം പോയി എന്നു തന്നെ പറയാം. ജീവിക്കാന്‍ ഓരോ സ്ത്രീയും പഠിച്ചു. വര്‍ഷങ്ങളായി കാണുന്ന പത്രവാര്‍ത്തകളും, റ്റി.വി.യും മറ്റും, ഈ സ്വരക്ഷയ്ക്കുള്ള വഴി കണ്ടെത്താന്‍ സഹായിക്കുന്നു. ഓരോ നാട്ടില്‍ നിന്ന് ഏതെങ്കിലും സ്‌പോണ്‍സറുടെ വിസയില്‍ ഇവിടെയെത്തുന്നവര്‍, ഒരു അറബി വീട്ടിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ എല്ലാത്തിനും ഒരു ചിട്ടയായി. ഒട്ടു മുക്കാല്‍ സ്ത്രീകളും അവരവരുടെ കാര്യങ്ങള്‍ സ്വന്തമായിത്തന്നെ തീരുമാനിക്കാന്‍ തുടങ്ങുന്നു. ഇതിനിടെ എവിടെയെങ്കിലും വെച്ച്, ഒരു നാഥനെ കണ്ടെത്തുന്നു, താമസസൗകര്യം അതുവഴി ശരിയായാല്‍ പിന്നെ ജീവിതം കുശാല്‍. ഒറ്റയ്ക്കും പെട്ടെക്കുമായി താമസിക്കുന്ന ഒരു പാപ്പാനെ കിട്ടിയാല്‍ താമസം അവിടേയ്ക്കും, അവരുടെ ജോലികള്‍ മുഴുവനും ചെയ്ത്, ആഹാരവും പാകം ചെയ്യുന്നു, ഇത് ഒരു വഴി കുടുംബമായി താമസിക്കുന്നവരുടെ കൂടെയും താമസിച്ച്, അവര്‍ ജോലിക്കു പോകുന്ന സമയത്ത്, അവരുടെ അനുവാദത്തോടെ മറ്റു രണ്ടു മൂന്നു വീടുകളില്‍ക്കൂടി ജോലി ചെയ്യുന്നു. ഇത് മറ്റൊരു വഴി പുറത്തു കടകളില്‍ കാണുന്നവരുമായുള്ള സംസാരത്തിനിടെ അല്ലെങ്കില്‍ വീട്ടിലെ ഡ്രൈവറുടെ തന്നെ പരിചയക്കാരനെ പരിചയപ്പെടുന്നു. അവര്‍ തമ്മില്‍ ഒരു കരാറിലെത്തുന്നു. 5000 ദിറ്ഹം, അല്ലെങ്കില്‍ 650 ഒമാനി റിയാലോളം കൊടുത്ത് അറബിയുടെ കയ്യില്‍ നിന്നും വിസയും പാസ്‌പോര്‍ട്ടും സ്വന്തം കൈക്കലാക്കുന്നു. ഇതിനിടെ ഒരു താമസ സൗകര്യവും ഏര്‍പ്പാടാക്കും ഇവര്‍. ഇതും അല്ലെങ്കില്‍ മറ്റൊരു പുരുഷന്റെ കൂടെ ബോയ്ഫ്രണ്ട് എന്ന ചെല്ലപ്പേരോടു കൂടിയ ഒരാളുണ്ടാകും കൂട്ടിന്. ഇതിനിടെ എപ്പോഴെങ്കിലും നടന്നു പോകുന്നവഴിയില്‍ പോലീസ് പിടി കൂടിയാല്‍ ഒരു ചോദ്യമുണ്ടായാല്‍ അതിനു തക്കമറുപടി റെഡിമണിയായി വരും കടയില്‍ പോയതാ സാധനം മേടിക്കാന്‍, കൂടെ മടിയില്ലാതെ ലേബര്‍കാര്‍ഡും കാണിക്കും. അത്രതന്നെ. ഇതില്‍ കൂടുതല്‍ അന്വേഷണം ഒന്നും ഇല്ല, ഇവിടുത്തെ പോലീസിന്.
ഒരു പാപ്പാനെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ജീവിതം സ്വസ്ഥം. പിന്നങ്ങോട്ടുള്ള കലാകേളികള്‍ വിവരണാവഹം അല്ല. ജീവിക്കാനുള്ള ഒരു വഴി ഉണ്ടാക്കുക എന്ന സഹതാപാര്‍ഹമായ വാചകക്കസര്‍ത്തിലൂടെ ആരെയും വീഴിക്കാന്‍ പോന്ന ഈ സാമര്‍ത്ഥ്യക്കാരി, ഒരു 3, 4 വീടുകളില്‍ പാര്‍ട്ട് റൈം പണി ഒപ്പിക്കും. പിന്നെ ഒരു മൊബൈല്‍, അതു വഴി സകല വാര്‍ത്താവിനിമയവും നടത്തും. മിക്കവാറും മിസ്സ്ഡ് കോളുകളായിരിക്കും. സ്വന്തം വരുമാനവും ചിലപ്പം നിയന്ത്രിക്കണമല്ലൊ! അതിനല്ലെ നമ്മളിവടെ വന്നു കഷ്ടപ്പെടുന്നത്, എന്ന ഒരു സെന്റി ഡയലോഗ് കാച്ചും ഇതിനിടെ കൂടെ നാട്ടില്‍ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാത്തവര്‍, മുറി ഇംഗ്ലീഷും, നല്ല വൃത്തിയായി അറബിയും സംസാരിക്കും. നല്ല സാമര്‍ത്ഥ്യത്തോടെ, ഓരോ കാശും മിച്ചം വെച്ച്, നല്ല രീതിയില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍ ധാരാളമായി ഒമാനിലും, യു.ഇയിലും കാണാം. വിസ എന്ന വലിയ കടമ്പയ്ക്ക്, ഒരു പരിധിവരെ, കടുംപിടുത്തങ്ങള്‍ നടക്കാത്ത രണ്ടു രാജ്യങ്ങളാണിവ.
നിയമത്തിന്റെ വഴി
നിങ്ങള്‍ നിയമപരമായി വരുമ്പോള്‍ മാത്രമാണ് പൊതുമാപ്പും നിയമനടപടികളും പോക്കുവരവും ബാദ്ധ്യതയാകുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെന്നും, എടുത്തുപയോഗിക്കാനായിട്ട് ഉണ്ടായിരിക്കുന്ന എംബസിയും, സ്‌പോണ്‍സറും വിസയും ഉള്ളവര്‍ക്ക് മാത്രമാണ് ഇവിടെ പ്രശ്‌നങ്ങളുടെ നൂലാമാലകള്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്നു എന്നു കരുതുന്ന ഒരു നല്ല ശതമാനം ആള്‍ക്കാരും ഈ നേരവഴി സ്വീകരിക്കാറില്ല. സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും മിഥ്യാബോധം മാത്രമാണിത്. പട്ടിണികൊണ്ട്, നിവൃത്തികേട്, പണത്തിന്റെ കുറവ് മറ്റും അനുഭവിച്ചു മടുത്തു കിടക്കുന്നവരായിരിക്കും ഇതില്‍ ഒട്ടുമുക്കാലും സ്ത്രീകള്‍. അല്ലെങ്കില്‍ വന്നധികം തികയാത്തവരും പെട്ടെന്നുള്ള അടച്ചും മൂടിയുമുള്ള ഗള്‍ഫ് ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാവത്തവരുമായിരിക്കും. മാദ്ധ്യമങ്ങളിലും റ്റി.വി.യിലും മറ്റും നാം കാണുന്ന വസ്തുതകള്‍, ഒരു പരിധിവരെ മാത്രമേ സത്യമുള്ളൂ. ഇവയ്‌ക്കെല്ലാം ഒരുമറുപുറം കൂടിയുണ്ട്.
പരിഹാരം! എങ്ങനെ? ആര്? എവിടെ?
ഒറ്റക്ക് തടുക്കാന് കഴിയാത്ത ചില സാഹചര്യങ്ങള്‍ നേരിടുമ്പോള്‍, സഹായത്തിനായി ഗവണ്‍മെന്റ്, കാര്യാലയങ്ങള്‍ എന്നിവയ്ക്ക് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് പരാതി നല്‍കാം. പത്രങ്ങളിലും, റ്റി.വി.യിലും മറ്റ് മീഡിയ വഴിയും, ജനങ്ങളെ കൂടുതല്‍ ജാഗ്രരൂപര്‍ ആക്കുക എന്നതാണു മറ്റൊരു വഴി. രാജ്യത്തെ എല്ലാ പത്രങ്ങള്‍ക്കും ക്ലിപ്പുകളും, ചിത്രങ്ങളും വിവരങ്ങളുടെ രൂപരേഖ നല്‍കുക, അതുവഴി 100ല്‍ 10 പേരെയെങ്കിലും രക്ഷിക്കാന്‍ സാധിച്ചാല്‍ അത്രയെങ്കിലും സമൂഹത്തിനും വേണ്ടി ചെയ്യാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യം. അത്രമാത്രം, അതുകഴിഞ്ഞാല്‍ വീണ്ടും അതേ പടി കഥകള്‍, സ്ത്രീ പീഡനങ്ങള്‍, നിയമം കിട്ടാതെ ജയില്‍ വാസവും, നൂറു കുറ്റങ്ങളുമായി അടുത്ത ഒരു മന്ത്രിയുടെ വിരുന്നിനായി, റ്റി.വി. ചാനലുകാരുടെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്ന ജീവിതങ്ങള്‍ ഏഴുകടലിനപ്പുറം.