Image

പ്രസ് ക്ലബ് രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ പചോദനം

Published on 24 October, 2013
പ്രസ് ക്ലബ് രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ പചോദനം
ബോംബെ പ്രസ് ക്ലബില്‍ അംഗമായിരിക്കുമ്പോള്‍ മഹാരാഷ്ട്രക്കാരനായ ഒരു സുഹൃത്ത് കേരളത്തിലെ പ്രസ് ക്ലബുകളെപ്പറ്റി ചോദിച്ചു. കേരളത്തിലെ പ്രസ് ക്ലബുകള്‍ സജീവമാണെന്നു പറഞ്ഞപ്പോള്‍ സുഹൃത്തിനു അതിശയം. പത്രക്കാരെല്ലാം അത്രയ്ക്കു കുടിയന്മാരാണോ എന്നായിരുന്നു അടുത്ത ചോദ്യം! കേരളത്തിലെ പ്രസ് ക്ലബുകളില്‍ ബാറേയില്ല എന്നു പറഞ്ഞപ്പോള്‍ എങ്കില്‍ പിന്നെ{പസ് ക്ലബ് എന്തിനാണ് എന്ന എതിര്‍ ചോദ്യം.

മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ലക്ഷ്യമെങ്കിലും കുറഞ്ഞ വിലയില്‍ മദ്യം ലഭിക്കുന്ന ബാര്‍ നടത്തുന്ന സ്ഥലം എന്നതാണ് {പസ് ക്ലബിനെപറ്റിപൊതുവെയുള്ള വിവക്ഷ. കേരളത്തില്‍ പക്ഷെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റിയാണ് ജില്ലാതല പ്രസ് ക്ലബുകള്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഈ നിര്‍വചനത്തില്‍ വരുന്നില്ല.

പത്രക്കാരെ മടിയന്മാരാക്കുന്ന സ്ഥലം എന്നു പ്രസ് ക്ലബുകളെ ആക്ഷേപിക്കാറുണ്ട്. അവിടെ കൂടിയിരുന്ന് നടത്തുന്ന പരദൂഷണം ആണ് പലപ്പോഴും രാഷ്ട്രീയ വാര്‍ത്തകളായും മറ്റും പത്രത്താളുകളില്‍ നിറയുക. ഇന്ത്യയില്‍ കേസും മറ്റും പേടിക്കാനില്ലാത്തതിനാല്‍ എന്തും എഴുതാമെന്നതാണല്ലോ സ്ഥിതി.

കീരിയും പാമ്പും പോലെയുള്ള മാധ്യമങ്ങളിലെ ജീവനക്കാരാണ് പ്രസ് ക്ലബില്‍ വരുമ്പോള്‍ ഒന്നാകുന്നത്. കുറഞ്ഞപക്ഷം തങ്ങളെല്ലാം പേനയുന്തുന്ന തൊഴിലാളികളാണെന്ന ധാരണയില്‍ നിന്നുള്ള ഐക്യം.

കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റായിരിക്കെ മദ്രാസിലേക്ക് ജോലി മാറിയതോടെ യൂണിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്ന ലേഖകന്‍ അമേരിക്കയിലെത്തിയപ്പോള്‍ തന്നെ ഒരു പ്രസ് ക്ലബിനെപ്പറ്റി ആലോചിച്ചതാണ്. ജോര്‍ജ് തുമ്പയില്‍, തോമസ് മുളയ്ക്കല്‍, ജോയി ലൂക്കോസ്് തുടങ്ങിയവരുമായൊക്കെ ചര്‍ച്ച നടത്തുകയും ചെയ്തതാണ്. പക്ഷെ കൂടുതല്‍ പേരെ അന്ന് (90 കളുടെ മധ്യം) ക്ലബില്‍ ചേര്‍ക്കാനായി കണ്ടെത്താനായില്ല.

പക്ഷെ 2000-ത്തോടെ സ്ഥിതി മാറി. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ സജീവമായി. മലയാളം ടിവി സംപ്രേഷണം ആരംഭിച്ചു. ഇത്രയും കാലം വേദിയൊന്നും ലഭിക്കാതിരുന്നതിനാല്‍ എഴുതാതിരുന്നവര്‍ ഇന്റര്‍നെറ്റില്‍ സജീവമായി. ടിവി ചാനലുകളുമായി ബന്ധപ്പെട്ട് ഓരോ നഗരത്തിലും ഒട്ടേറെ പേര്‍ രംഗത്തു വന്നു.

അവരൊക്കെ പത്രപ്രവര്‍ത്തകരാണോ? അവരാണ് ശരിക്കുമുള്ള പത്രപ്രവര്‍ത്തകര്‍ എന്ന് മറുപടി. മുഖ്യധാരാ പത്രപ്രവര്‍ത്തകര്‍ക്ക് അത് ഒരു ജോലിയാണ്. ശമ്പളം കിട്ടുന്ന ജോലി.
അമേരിക്കയില്‍ ടിവിയും ഇന്റര്‍നെറ്റുമായി മല്ലടിക്കുന്നവര്‍ സ്വന്തം സമയം കളഞ്ഞ് കയ്യിലെ കാശും ചെലവാക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. മാധ്യമങ്ങളോടുള്ള സ്‌നേഹം ആണ് അവരെ ഇത്തരം അര്‍പ്പണ ബോധത്തിലേക്ക് നയിക്കുന്നത്. പലര്‍ക്കും നന്നായി എഴുതുവാന്‍ അറിയില്ലായിരിക്കാം. വ്യാകരണ തെറ്റോ, അക്ഷര തെറ്റോ എഴുത്തില്‍ ഉണ്ടാകാം. പക്ഷെ വിദൂര നാട്ടിലും അക്ഷരത്തോടുള്ള ആഭിമുഖ്യം കാട്ടുന്നവരാണവര്‍.

ഇന്ത്യാ പ്രസ് ക്ലബ് രൂപവത്കരിക്കാന്‍ പെട്ടെന്നുണ്ടായ {പചോദനം ഏഷ്യാനെറ്റില്‍ {പവര്‍ത്തിച്ചിരുന്ന സുനില്‍ ട്രൈസ്റ്റാര്‍, കൈരളിയിലെ ജോസ് കാടാപുറം എന്നിവരാണ്. മലയാളികളുടെ ഏതൊരു ചടങ്ങിലും ടിവിക്കാര്‍ ചെല്ലണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധം. ടിവിക്കാര്‍ കാമറമാനേയും കൂട്ടി ടോളും കൊടുത്ത് ദൂരെ സ്ഥലത്തുനിന്നു വന്നാലും ഒടുവില്‍ പരാതി മിച്ചം. നേതാവിന്റെ മകന്‍ കോഴിക്കാല് തിന്നുന്നത് പൂര്‍ണ്ണമായി കാണിച്ചില്ല എന്നു പറഞ്ഞായിരിക്കും വിമര്‍ശനം.
ഈ സാഹചര്യത്തിലാണ് കമ്പനിവക ശമ്പളമൊന്നുമില്ലാത്ത ടിവിക്കാര്‍ക്ക് സംഘാടകര്‍ ചെറിയൊരു തുക നല്‍കണമെന്ന ചിന്താഗതി ഉയര്‍ന്നത്. പ്രസ് ക്ലബ് പോലെ ഒരു സംഘടന വഴി അങ്ങനെയൊരു നിര്‍ദേശം വെച്ചാല്‍ അതില്‍ ദുരര്‍ത്ഥം കണ്ടെത്തില്ലെന്നും കരുതി. അവരുടെ അഭ്യര്‍ത്ഥന പ്രകാരം ജേക്കബ് റോയി, ടാജ് മാത്യു, ജെ. മാത്യൂസ്, റെജി ജോര്‍ജ്, ജോര്‍ജ് തുമ്പയില്‍, സിബി (കലാവേദി), ലേഖകന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം യോഗം ചേര്‍ന്നത്. അങ്ങനെ ഇന്ത്യാ പ്രസ് ക്ലബ് രൂപംകൊണ്ടു.

കേരളാ പ്രസ് ക്ലബ് എന്ന് പേരിട്ടാല്‍ കേരള എന്താണെന്ന് വിശീകരിക്കണം. അതൊഴിവാക്കാനാണ് ഇന്ത്യാ പ്രസ് ക്ലബ് എന്ന് നല്‍കിയത്. തുടങ്ങുമ്പോള്‍ രണ്ടു ലക്ഷ്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുക, പ്രൊഫഷണല്‍ രംഗത്ത് മികവു നേടുക.

അങ്ങനെ ഒന്നും രണ്ടും മാസം കൂടുമ്പോള്‍ പ്രസ് ക്ലബ് അംഗങ്ങള്‍ ഒത്തുചേരാനാരംഭിച്ചു. മറ്റ് നഗരങ്ങളിലും പ്രസ് ക്ലബ് ചാപ്റ്ററുകള്‍ രൂപംകൊണ്ടു.

മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനെ പങ്കെടുപ്പിച്ച് നടത്തിയ ആദ്യത്തെ സമ്മേളനത്തോടെ സംഘടനയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായി. ആദ്യ പ്രസിഡന്റായിരുന്ന ലേഖകനും, സെക്രട്ടറി റെജി ജോര്‍ജിനും (ഇപ്പോഴത്തെ നാഷണല്‍ പ്രസിഡന്റ്) ശേഷം ചിക്കാഗോയില്‍ നിന്ന് ജോസ് കണിയാലി പ്രസിഡന്റും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടാജ് മാത്യു സെക്രട്ടറിയും ആയതോടെ പ്രസ് ക്ലബ് കൂടതല്‍ ഉയരങ്ങളിലെത്തി. കൂടുതല്‍ ചാപ്റ്ററുകളും അംഗങ്ങളുമായി. ചിക്കാഗോയിലും ന്യൂജേഴ്‌സിയിലും നടന്ന സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്നും പ്രമുഖരെത്തി.

ദേശീയ തലത്തിലെ സമ്മേളനം നടക്കുമ്പോള്‍ തന്നെ ചാപ്റ്റര്‍ തലത്തിലുള്ള സമ്മേളനങ്ങളും മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന് അവാര്‍ഡ് നല്‍കാനായത് മറ്റൊരു നാഴികക്കല്ലായി.

പൊതുവെ രാഷ്ട്രീയമോ പരസ്പരം തല്ലുകൂടലോ ഇല്ല എന്നതാണ് പ്രസ് ക്ലബിന്റെ പ്രത്യേകത. അതിനു പല കാരണങ്ങളുണ്ട്.
വരുംകാലങ്ങളിലും നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മാതൃകയായി പ്രസ് ക്ലബ് നിലകൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക