ലോകമാകെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മാതൃക, ഈ കാലത്തിനിടയില്‍ കേരളം തന്നെ
നേടിയെടുത്ത പല `നേട്ട'ങ്ങളാലും റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇന്ന് കേരളം അത്ര ഒരു
`മോഡല്‍' സമൂഹമല്ല. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികാസം, രാഷ്ട്രീയബോധം തുടങ്ങി
പല കാരണങ്ങളായിരുന്നു കേരള മാതൃകയുടെ നെടുംതൂണുകള്‍. ഈ മേഖലകളിലൊന്നും കേരളം
പുരോഗമനപരമെന്ന് പറയാവുന്ന ചുവടുവെപ്പുകള്‍ നടത്തിയിട്ടില്ല. അപ്പോഴും നാം
അഹങ്കരിച്ചിരുന്ന ഒരു കാര്യം, നമ്മുടെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്.
എന്തുകാര്യത്തിനും അമേരിക്കയെയും യൂറോപ്പിനെയും കുറ്റം പറയുന്ന ശീലമുള്ള
മലയാളികള്‍, സ്വന്തം കുടുംബങ്ങളുടെ പൂമുഖത്തിരുന്ന് അമേരിക്കന്‍ യൂറോപ്പ്
കുടുംബങ്ങളുടെ ശൈഥില്യത്തെയും അവിടത്തെ സ്‌ത്രീ പുരുഷബന്ധങ്ങളിലെ
പൊരുത്തക്കേടുകളെയും പരിഹസിച്ചുകൊണ്ടിരുന്നു. എന്നാല്‍, മനുഷ്യബന്ധങ്ങളെ ഏറ്റവും
യുക്തിസഹജമായി പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയും അതുവഴി ഏറ്റവും സത്യസന്ധമായ
സ്‌ത്രീപുരുഷബന്ധങ്ങള്‍ നിലനില്‍ക്കുന്നതുമായ സമൂഹങ്ങളാണിവ എന്ന് മലയാളികള്‍
മനസ്സിലാക്കിയില്ല. ഏറ്റവും പുതിയ സാമൂഹികശാസ്‌ത്രപാഠങ്ങള്‍ നല്‍കുന്ന സൂചനയും
ഇതാണ്. ഈ പാഠം പഠിക്കാന്‍ കേരളം ഇനിയും നൂറ്റാണ്ടുകള്‍ ജീവിക്കേണ്ടിവരും. അതിന്റെ
സൂചനകളാണ്, ഗുരുവായൂരിലെയും ഓച്ചിറയിലെയും ക്ഷേത്രനടകളില്‍ ഒഴുകിപ്പരക്കുന്ന
ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കണ്ണീര്‍ക്കടലുകള്‍
പറയുന്നത്.
തൊഴാനെന്നുപറഞ്ഞ് വയോധികകളായ അമ്മമാരെ കൂട്ടിക്കൊണ്ടുവന്ന്,
പൂച്ചക്കുട്ടിയെയും പട്ടിക്കുട്ടിയെയും റോഡുവക്കില്‍ കൊണ്ടിടുന്നതുപോലെ,
ക്ഷേത്രനടയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്നത്, ആ അമ്മമാര്‍ പ്രസവിച്ച്
പോറ്റിവളര്‍ത്തി വലിയ നിലയിലാക്കിയ മക്കളും അവരുടെ ഭാര്യമാരും
പേരക്കുട്ടികളുമൊക്കെയാണ്. സ്വന്തം മക്കളുടെ മുന്നില്‍വച്ചാണ് ഈ മക്കള്‍, സ്വന്തം
അമ്മമാരെ ക്ഷേത്രനടയില്‍ ഉപേക്ഷിച്ചുപോരുന്നത്. തങ്ങളുടെ മക്കളും
വളര്‍ന്നുവലുതായാല്‍, തങ്ങളെയും ഇങ്ങനെ ഏതെങ്കിലുമൊരു വഴിവക്കില്‍
കൊണ്ടുവന്നിടുമെന്ന, ജീവിതത്തിന്റെ സാമാന്യയുക്തി പോലും ഈ മക്കള്‍ക്ക്
അന്യമാണെന്നുതോന്നുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് വനിതാ
കമീഷനും പൊലീസും നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മാത്രം
ഇരുനൂറിലേറെ ഉപേക്ഷിക്കപ്പെട്ട അമ്മമാരുണ്ടെന്നാണ് കണ്ടെത്തിയത്. ഇവര്‍ പറഞ്ഞ
കഥകള്‍ അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് വനിതാ കമീഷന്‍ അംഗങ്ങള്‍
പറയുന്നു. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മക്കള്‍ തെരുവിലുപേക്ഷിച്ച കഥയുമായി ചില
അമ്മമാര്‍ ഗുരുവായൂരിലുണ്ടെന്ന് വാര്‍ത്തകളില്‍ കണ്ടു. ഗുരുവായൂരിലെ
ആശ്രമങ്ങളിലൊന്നായ സാന്ദീപനിയില്‍ കഴിയുന്ന അമ്മമാര്‍ ആരും സ്വന്തം വീട്ടിലേക്ക്
മടങ്ങിപ്പോകണമെന്ന ആഗ്രഹമുള്ളവരല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ അമ്മമാരുടെ ജീവിതം മലയാളി കുടുംബങ്ങള്‍ക്കുണ്ടെന്ന് പറയപ്പെടുന്ന സകല നന്മകളെയും
വെറും കെട്ടുകഥയാക്കുന്നതുകൂടിയാണ്.
വയോധികരായ മാതാപിതാക്കളെ വീടുകളില്‍
ആദരിച്ചിരുന്ന കാലമുണ്ടായിരുന്നു. സ്‌നേഹിക്കാനും പങ്കുവയ്‌ക്കാനും പരസ്‌പരം
മനസ്സിലാക്കാനുമുള്ള കഴിവ് അന്നത്തെ ആളുകള്‍ക്കുണ്ടായിരുന്നു. മുത്തശ്ശനും
മുത്തശ്ശിയും കൊച്ചുമക്കള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന കാലം ഇന്നത്തെ കുട്ടികളുടെ
സ്വപ്‌നത്തില്‍ മാത്രമാണുള്ളത്. കൂട്ടുകുടുംബത്തിന്റെ ആ നന്മകള്‍ ഇന്നത്തെ
അണുകുടുംബങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. സ്വന്തം മക്കളെ സ്വന്തം മാതാപിതാക്കളുമായി
ഇടപഴകാന്‍ അനുവദിക്കാത്ത മക്കളും ഇന്നുണ്ട്. ആര്‍ക്കും വേണ്ടാത്ത
പുരാവസ്‌തുക്കളായി മാറിയിരിക്കുകയാണ് കേരളീയ വീടുകളിലെ
വയോജനങ്ങള്‍.
ഗുരുവായൂരില്‍ വനിതാ കമീഷന്‍ നടത്തിയ അന്വേഷണം പല
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സ്വത്ത്
തട്ടിയെടുത്തശേഷമാണത്രേ മിക്ക അമ്മമാരെയും ക്ഷേത്രനടയില്‍ `നടതള്ളി'യിരിക്കുന്നത്.
അമ്മമാര്‍ ജീവിച്ചിരിക്കുന്നത് മക്കള്‍ക്ക് സ്വത്ത് ഭാഗം വെക്കാനും മറ്റും
തടസമാണെന്ന് പറയുന്നു. അപ്പോള്‍ അവരെക്കൊണ്ട് അറിയാതെ തന്നെ പ്രമാണങ്ങളില്‍
ഒപ്പിട്ടുവാങ്ങി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നു. തിരിച്ചുചെന്നാലും
സ്വത്തില്ലാതെ നിര്‍ധനരായ ഇവര്‍ സ്വീകരിക്കപ്പെടുകയുമില്ല. മകനും ഭാര്യയും തമ്മില്‍
അമ്മയെച്ചൊല്ലിയുണ്ടാകുന്ന വഴക്കാണ് അമ്മമാരെ അഗതികളാക്കുന്ന മറ്റൊരു കാരണം.
വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഇന്ന് പല വീടുകളിലും വലിയൊരു ബാധ്യതയാണ്.
വന്‍തുക സ്‌ത്രീധനവും മറ്റും നല്‍കി വീട്ടിലത്തെുന്ന മരുമകള്‍ക്ക് ഭര്‍ത്താവിന്റെ
മാതാപിതാക്കളെ ശുശ്രൂഷിക്കാനുള്ള ബാധ്യതയില്ല. ഹോം നഴ്‌സുമാരെ വെക്കാന്‍ ഇവരുടെ
വ്യാജമായ അഭിമാനബോധം അനുവദിക്കുകയുമില്ല. അപ്പോള്‍ ഇവരെ ഉപേക്ഷിക്കുകയല്ലാതെ
മറ്റൊരു വഴിയുമില്ല.
ഗുരുവായൂരിലെ കദനകഥകളുടെ വാര്‍ത്ത കണ്ട്
അന്വേഷണത്തിനിറങ്ങിയ വനിതാ കമ്മീഷന്‍ ശേഖരിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്.
തെക്കന്‍ കേരളത്തിലും ഈ പ്രവണത കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു. ഓച്ചിറയിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രസന്നിധിയാണ് വൃദ്ധരെ നട
തളളുന്ന കേന്ദ്രമായി മാറിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. കോഴിക്കോട് ഫറോക്ക്
സ്വദേശിനിയായ വൃദ്ധയായ ഒരമ്മയെ ഒരു കാല്‍ തളര്‍ന്നതിനത്തെുടര്‍ന്ന്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കള്‍ ഇവിടെ കൊണ്ടുവന്നു തള്ളി. നാട്ടില്‍
തിരിച്ചെത്തിയ മക്കള്‍, അമ്മ ഓച്ചിറയില്‍ ഭജനമിരിക്കാന്‍ പോയെന്ന കഥ
പ്രചരിപ്പിച്ചു. അങ്ങനെ വര്‍ഷങ്ങളായി ആ അമ്മ ഈ ക്ഷേത്രപരിസരത്ത് അനാഥയായി
കഴിയുന്നു. ബന്ധുക്കള്‍ ഓച്ചിറയില്‍ ഭജനയിരിക്കാന്‍ കൊണ്ടുവന്ന 77കാരിയായ ജഗദമ്മ
എന്ന അമ്മയും ഓച്ചിറയില്‍ കഴിയുന്നു.
മാവേലിക്കരയില്‍ ഒറ്റയ്‌ക്ക്
താമസിച്ചിരുന്ന വീട്ടമ്മയെ പുഴുവരിച്ച് മരിച്ച നിലയില്‍ കണ്ടത്തെിയ വാര്‍ത്ത ഈ
അടുത്ത നാളുകളില്‍ പത്രങ്ങളില്‍ വന്നിരുന്നു. പുഴുവരിച്ചു തുടങ്ങിയ മൃതദേഹത്തിന്
ഏഴു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വിദേശത്തായിരുന്ന മകന്‍ അമ്മയെ ഫോണില്‍
വിളിച്ചിട്ടു കിട്ടാതായപ്പോള്‍ അയല്‍പക്കത്തെ ബന്ധുവിനെ അന്വേഷിക്കാന്‍ പറഞ്ഞയച്ചു.
തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തെിയത്. ഇവരുടെ ഏകമകള്‍
കുടുംബസമേതം കോട്ടയത്താണ് താമസം. എന്നാല്‍ മകള്‍ അമ്മയെ കാണാനത്തെിയിട്ട്
മാസങ്ങളായി. കരുനാഗപ്പള്ളിയില്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്‌ക്ക് വാടകവീട്ടില്‍
താമസിക്കുകയായിരുന്ന 55 വയസ്സുള്ള സ്‌ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍
കണ്ടെത്തിയതും സമീപകാലത്താണ്. ഇവരുടെ മകള്‍ കുടുംബ വീടിനടുത്താണ് താമസം. മകന്‍
കുടുംബസമേതം വിദേശത്തും. മക്കളുടെ പ്രവാസമാണ് ഈ അമ്മമാരെ അനാഥകളും ഒടുവില്‍
മരണത്തിന്റെ ഇരകളും ആക്കിയതെന്ന് കാണാം. കുടുംബത്തിലെ ആണ്‍തരികള്‍ കുടുംബം
പുലര്‍ത്താന്‍ വിദേശത്തേക്ക് പോകുമ്പോള്‍ മാതാപിതാക്കളുടെ സംരക്ഷണം ആര്
ഏറ്റെടുക്കും എന്നത് വലിയ ചോദ്യമാണ്. ഇപ്പോഴത്തെ കുടുംബവ്യവസ്ഥയില്‍, വിവാഹം
കഴിച്ചയച്ച മകളുടെ ഭര്‍ത്താവിന്റെ ഔദാര്യമല്ലാതെ മറ്റൊന്നും അവര്‍ക്ക്
ലഭിക്കുകയില്ല. അതിന് ആ വയോധികര്‍ സ്വന്തം ആത്മാഭിമാനം തന്നെ വിലയായി
നല്‍കേണ്ടിവരും. അതിനേക്കാള്‍ അഭിമാനകരം അനാഥമന്ദിരങ്ങളും അല്ലെങ്കില്‍ മരണം
തന്നെയാണെന്ന് ഇവര്‍ തീരുമാനിക്കുന്നതില്‍ തെറ്റ്
പറയാനാകില്ല.
ജീവിതവുമായി ബന്ധപ്പെട്ട ഈയൊരു ദുരവസ്ഥക്ക് എന്താണ് പരിഹാരം.
അതില്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിനും പൊലിസിനും വനിതാകമീഷനുമൊക്കെ പരിമിതികളുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച്‌ഏപ്രില്‍ മാസത്തില്‍ ലേഖകന്‍ നാട്ടിലായിരുന്നപ്പോള്‍ അറിഞ്ഞ
സംഭവം തൃശൂരിലാണ് നടന്നത്. മകന്‍ ഉപേക്ഷിച്ച ഒരമ്മയെ പൊലീസ് ഇടപെട്ട് മകന്റെ
അടുത്തേക്കുതന്നെ തിരിച്ചയച്ചു. ആ അമ്മ തിരികെ വീട്ടിലെത്തിയ ശേഷം എങ്ങനെ
ജീവിക്കുന്നു എന്നറിയില്ല. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തിരിച്ചെത്തിയ ശേഷം
അവര്‍ എങ്ങനെ ആ വീട്ടില്‍ കഴിയുന്നു എന്ന് അന്വേഷിക്കാന്‍ പൊലീസിന് ആകില്ല
എന്നാണറിയാന്‍ കഴിഞ്ഞത്. ഒരിക്കല്‍ ഉപേക്ഷിച്ച മകനും ഭാര്യയും തന്നെയാണ് ആ
വീട്ടിലുള്ളത്. ഒരുപക്ഷേ, ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അശരണയായി കഴിഞ്ഞതിനേക്കാള്‍
ദുരിതത്തിലായിരിക്കും ചിലപ്പോള്‍ ആ അമ്മയുടെ പുനര്‍ജീവിതം. അത് പക്ഷേ,
മാധ്യമങ്ങള്‍ ഇനി റിപ്പോര്‍ട്ട് ചെയ്യാനിടയില്ല. കാരണം, അത് അടഞ്ഞുകഴിഞ്ഞ
അധ്യായമാണ്.
തൃശൂരില്‍ തന്നെ സ്വന്തം മകളും ഭര്‍ത്താവുമടങ്ങുന്ന
കുടുംബത്തോടൊപ്പം ജീവിക്കുന്ന, അമേരിക്കയിലുള്ള എന്റെ ഒരു സുഹൃത്തിന്റെ അമ്മയെ
കാണാന്‍ ഞാന്‍ പോയിരുന്നു. സത്യത്തില്‍ എനിക്കുപോലും അസൂയതോന്നി ആ അമ്മയുടെ ജീവിതം
കണ്ടപ്പോള്‍. അമേരിക്കയിലും കുറെ നാള്‍ ഈ അമ്മ ഉണ്ടായിരുന്നു, സ്വന്തം മക്കളോടും
മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പം. തൃശൂരിലും വളരെ പ്രസന്നവതിയായി ആ അമ്മ മറ്റൊരു
മകളുടേയും മരുമകന്റേയും പരിചരണത്തില്‍ ജീവിക്കുന്ന കാഴ്‌ച അമ്മമാരെ നടതള്ളുന്ന
മലയാളികള്‍ കണ്ടു പഠിക്കേണ്ടതാണ്.
ക്ഷേത്രനടകളില്‍ നടതള്ളുന്ന ഓരോ
അമ്മമാരുടെയും ജീവിതങ്ങളെ അടഞ്ഞ അധ്യായങ്ങളാക്കി മാറ്റാനേ ഇപ്പോഴത്തെ പൊലിസ്
നടപടികള്‍ക്ക് കഴിയൂ. ഇതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകണമെങ്കില്‍
കുടുംബത്തിന്റേയും വ്യക്തികളുടെയും മനോഭാവത്തില്‍ തന്നെ കാതലായ മാറ്റം വരണം. അതിന്
സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കണം. സാമൂഹികമായ മാറ്റം സംഭവിക്കണം എന്നര്‍ത്ഥം.
കുട്ടികളുടെ സാമൂഹിക വിദ്യാഭ്യാസത്തിന് ഇതില്‍ പ്രധാന പങ്കുണ്ട്. കാരണം, ഇന്നത്തെ
കുടുംബങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികളാണ് നാളത്തെ മുതിര്‍ന്ന
മക്കളായിത്തീരുന്നത്. അവര്‍ക്കുമുന്നില്‍ മാതൃകാ മാതാപിതാക്കളായി ജീവിക്കുക
എന്നതാണ് ഇതിനുള്ള ഒരു പരിഹാരം. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്ന അച്ഛനെയും
അമ്മയെയും കണ്ടുവളരുന്ന മക്കള്‍ക്കേ ആ മാതൃക സ്വന്തം ജീവിതത്തിലും പകര്‍ത്താനാകൂ.
ജീവിതത്തില്‍ നാം പാലിക്കേണ്ട മൂല്യങ്ങള്‍ സ്വന്തം കുടുംബങ്ങളിലെങ്കിലും
സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായാല്‍ അത് ആ കുടുംബങ്ങള്‍
ഉള്‍പ്പെടുന്ന സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കും. അങ്ങനെ മാത്രമേ ഗുരുവായൂര്‍
നടയില്‍ അമ്മമാര്‍ ചൊരിഞ്ഞ കണ്ണീരിന് നമുക്ക് പ്രായശ്ചിത്തം
ചെയ്യാനാകൂ.
എന്നാല്‍, ഇത്തരത്തിലൊരു സാമൂഹിക മാറ്റത്തിന്റെ നേരിയ ലാഞ്ചന
പോലും മലയാളി കാണിക്കുന്നില്ലെന്നാണ് കേരളത്തില്‍ ജീവിക്കുമ്പോഴുള്ള അനുഭവം.
ആര്‍ത്തിക്കും മല്‍സരത്തിനും കമ്പോളത്തിനുമെല്ലാം കീഴടങ്ങി ജീവിക്കുന്ന ഒരു
സമൂഹമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. അവിടെനിന്ന് ഇത്തരമൊരു മാറ്റം
അസംഭവ്യമാണ്. ക്ഷേത്രനടയില്‍ നടതള്ളുന്നത് പിടിക്കപ്പെടുമെന്നുകണ്ടാല്‍, സ്വന്തം
അമ്മമാരെ ആരുമറിയാതെ കൊന്നുകളയുന്ന ഒരു സമൂഹമായി മലയാളി മാറുമോ എന്നാണ് ഇനി
കാണാനുള്ളത്. അത്തരമൊരു `പാരമ്പര്യ'ത്തിന്റെ സന്തതിപരമ്പരകളാണല്ലോ മലയാളികള്‍.
`ദൈവത്തിന്റെ സ്വന്തം നാടി'നെ സൃഷ്ടിച്ച സാക്ഷാല്‍ പരശുരാമന്‍ തന്നെ മാതൃഹത്യ എന്ന
`മാതൃക' നമുക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആ `മാതൃക'
പിന്തുടരുന്നതില്‍ ഒരു ആത്മാഭിമാനക്കുറവും മലയാളിക്ക് ഉണ്ടാകേണ്ടതില്ല. മലയാളിയെ
സംബന്ധിച്ച് മാതൃഹത്യ ഒരിക്കലും ഒരു പാപമല്ലതന്നെ.
because I loved my mother and I am greateful to her.God have mercy on these poor mothers