MediaAppUSA

ആര്‍ഷഭാരതം പൊക്കിപ്പിടിക്കുന്ന... (ഡോ. എന്‍.പി. ഷീല)

Published on 30 October, 2013
ആര്‍ഷഭാരതം പൊക്കിപ്പിടിക്കുന്ന... (ഡോ. എന്‍.പി. ഷീല)
കഴിഞ്ഞ നൂറ്റാണ്ടിലും അതിനു മുമ്പും ആര്‍ഷഭാരതം എന്നു നാം ഊറ്റംകൊള്ളുന്ന ഭാരതത്തില്‍ തീണ്ടല്‍, തൊടീല്‍, സതി, നരബലി, ബാല വിവാഹം ഇത്യാദി ഒട്ടേറെ ആചാരങ്ങള്‍ നടന്നിരുന്നു. വിദേശികള്‍ ഭരണം പിടിച്ചെടുത്തതോടെ നമ്മള്‍ പറഞ്ഞു പരത്തുകയും ആഭിമാനിക്കുകയും ചെയ്യുന്നത്ര ആര്‍ഷമല്ല ഇവിടം എന്ന്‌ അവര്‍ക്ക്‌ തോന്നുകയാല്‍ ആവിധ അനാചാരങ്ങള്‍ ഒക്കെയും നിഷ്‌കാസനം ചെയ്യാന്‍ അവരെടുത്ത കര്‍ശന തീരുമാനങ്ങള്‍ നിലവില്‍ വന്നു. എങ്കിലും ഗോപ്യമായി അങ്ങിങ്ങായി ഇത്തരം ചില വിക്രിയകള്‍ നടന്നിരുന്നു. എങ്കിലും സതി, ബാലവിവാഹം തുടങ്ങിയ വിക്രിയകള്‍ അങ്ങിങ്ങായി അരങ്ങേറുന്നുണ്ടെന്നുള്ള വാസ്‌തവം നിഷേധിക്കവയ്യ.

എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ അച്ഛനമ്മമാരുടെ മടിയില്‍ ഇരുത്തി വിവാഹം കഴിപ്പിക്കുകയെന്ന നേരമ്പോക്കില്‍ ഒരു വിഭാഗം ഏര്‍പ്പെടുമ്പോള്‍, വേറൊരു കൂട്ടര്‍ `കൂമ്പാള' ഉടുത്തു നടക്കുന്ന ഒരു ബാലികയെ കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന ഒരുവനു വേളി കഴിച്ചുകൊടുക്കും. ബാലിക വളര്‍ന്ന്‌ തമിഴ്‌ ഭാഷയില്‍ പറഞ്ഞാല്‍ `പരുവപ്പെണ്‍' ആകുമ്പോഴേക്കും പടുവൃദ്ധന്‍ സിദ്ധി കൂടിക്കഴിയും. പിന്നെ ആ വിധവയുടെ നരകയാതന ആരംഭിക്കുകയായി. അവള്‍ ബാഹ്യലോകവുമായുള്ള ബന്ധം വിച്ഛേദിച്ച്‌ മൃതപ്രായയായി ഇഹലോകവാസം വെടിയും. അതല്ലെങ്കില്‍ മൃതപ്രായനായ കിഴവനോടൊപ്പം ബലാല്‍ അഗ്നി പ്രവേശം നടത്തിക്കും.ഏതുവിധേനയായാലും ജീവിക്കാന്‍ അവകാശമില്ല!

ഇതാ മൂഷികസ്‌ത്രീ വീണ്ടും മൂഷികയായകാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നു. ഒരിടത്ത്‌ ഫെമിനിസം കൊടിപാറിക്കുമ്പോള്‍ മറുവശത്ത്‌ അബലകള്‍ മൂകരാക്കപ്പെടുന്നു. അവരുടെ പ്രതിക്ഷേധം ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുന്നു.

കുറച്ചുനാള്‍ മുമ്പ്‌ ഒരു മുസല്യാര്‍ വളരെ ആവശ്യമായ ഒരു ഡിമാന്റുമായി രംഗപ്രവേശം ചെയ്‌തത്‌ ജനം മറന്നുകാണാനിടയില്ല. കക്ഷിക്ക്‌ മിനിനം ഡിമാന്റേയുള്ളൂ. ഭാര്യ മാസന്തോറുമുള്ള മുറപ്രകാരം സഹശയനത്തില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ തന്റെ അടിയന്തര ആവശ്യത്തിനായി മറ്റൊരു വിവാഹം കൂടിയേ തീരൂ. ഗ്രഹപ്പിഴയ്‌ക്ക്‌ രണ്ടുപേര്‍ക്കും ഒരേ തീയതികളില്‍ ഈ അത്യാഹിതം സംഭവിച്ചാല്‍ മറ്റൊരു വിവാഹം. അങ്ങനെയങ്ങനെ വിവാഹപട്ടിക നീളുമ്പോഴത്തെ സ്ഥിതി എന്താകും എന്നൊരു മണ്ടന്‍ചോദ്യം ആവശ്യക്കാരനോട്‌ ഞാന്‍ ചോദിച്ചു. ഇക്കരെയിരുന്ന്‌ ഞാന്‍ ചോദിച്ച ചോദ്യത്തിന്‌ ഇക്കരെ വരുമ്പോള്‍ നിന്നെ ഞാന്‍ എടുത്തോളാം എന്നായിരുന്നു മറുപടി.

സത്യത്തില്‍ മനുഷ്യനെ മൃഗത്തോട്‌ ഉപമിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. കാരണം ഭക്ഷണം ഉള്‍പ്പടെയുള്ള അവരുടെ ആവശ്യങ്ങള്‍ പ്രകൃത്യാനുസൃതവും നീതിയുക്തവുമാണ്‌. ഒന്നുരണ്ട്‌ ചെറിയ ഉദാഹരണങ്ങള്‍.

പാമ്പ്‌ ഇര വിഴുങ്ങിയാല്‍ പിന്നെ മാസങ്ങളോളം ആഹാരിക്കുകയില്ല. പട്ടിക്ക്‌ ഒറ്റനേരം വയര്‍ നിറഞ്ഞാല്‍ മതി. മേഞ്ഞുകൊണ്ട്‌ നില്‍ക്കുന്ന മൃഗങ്ങള്‍ക്കിടയില്‍ നിന്ന്‌ ഹിംസ്രജന്തുകള്‍ കയ്യില്‍ കിട്ടുന്ന ഒന്നിനെ വകവരുത്തി ഭക്ഷിച്ച്‌ തൃപ്‌തിയാകുമ്പോള്‍ ശേഷിച്ചത്‌ അവിടിട്ടിട്ടുപോകും. നിലനില്‍പിന്റെ പ്രശ്‌നം മാത്രം. അപ്പോഴും മറ്റ്‌ മൃഗങ്ങള്‍ നിര്‍ഭയം തങ്ങളുടെ സ്ഥാനത്ത്‌ മേഞ്ഞുകൊണ്ട്‌ നില്‍ക്കും. മനുഷ്യന്‍ മാത്രം കൊല്ലാന്‍ വേണ്ടി കൊല നടത്തുന്ന വിചിത്ര ജീവി. അതവിടെ നില്‍ക്കട്ടെ.

ഇപ്പോള്‍ കാലഹലം സൃഷ്‌ടിക്കുന്ന കൗമാര വിവാഹത്തിന്റെ പൊരുളെന്ത്‌? ഏതെങ്കിലും പെണ്‍കുട്ടികള്‍ ഇരിക്കപ്പൊറുതിയില്ലാതെ പരുഷന്മാരെ ഈയൊരാവശ്യം പറഞ്ഞ്‌ തൊന്തരവ്‌ ചെയ്യുന്നുണ്ടോ? അതോ ലോകത്ത്‌ ജനപ്പെരുപ്പം പോരാത്തതിന്‌ സൃഷ്‌ടികര്‍മ്മം നിര്‍വഹിക്കേണ്ടത്‌ തങ്ങളുടെ കടമയാണെന്ന കര്‍ത്തവ്യബോധപ്രേരിതമായ മുറവിളിയോ? അതുമല്ലെങ്കില്‍ പെണ്‍കുട്ടികളുടെ ക്ലേശം കണക്കിലെടുത്ത്‌ പരസഹായഹസ്‌തം നീട്ടാനുള്ള വെമ്പലോ? ആവശ്യമറിഞ്ഞ്‌ സഹായം ചെയ്യുക പുരുഷധര്‍മ്മമല്ലയോ. വകതിരിവില്ലാത്തവര്‍ എടങ്കോലിടുകയോ?

മതേതര രാഷ്‌ട്രമെന്ന്‌ പറയപ്പെടുന്ന ഒരു രാജ്യത്ത്‌ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത ഓരോ പൗരനും സമൂഹത്തിനും സമുദായങ്ങള്‍ക്കുമുണ്ട്‌. ഒരു വാഭാഗത്തിനും കേമത്തം അല്ലെങ്കില്‍ പ്രത്യേകതയോ പ്രത്യേക നിയമമോ വേണമെന്നു ശഠിക്കുന്നതു തന്നെ കുറ്റകരമാണ്‌, ഭരണാധികാരികള്‍ക്ക്‌ നട്ടെല്ലില്ലാതെ പോയാല്‍ ഓരോരുത്തരുടേയും ശാഠ്യത്തിനും വഴങ്ങേണ്ടിവരും. ചിലര്‍ തങ്ങളുടെ കസേരയിലുള്ള പിടിവിട്ടു പോകാതിരിക്കാന്‍ ഏതു വങ്കത്തരത്തിനും കൂട്ടുനില്‍ക്കും.

ഒരു പ്രത്യേക സമുദായത്തില്‍പ്പെടുന്ന പെണ്‍കുട്ടികളുടെ വിവാഹ പ്രായം തീരുമാനിക്കേണ്ടത്‌ സമുദായമോ രക്ഷകര്‍ത്താക്കള്‍ പോലുമോ അല്ല. നിയമം അനുശാസിക്കുന്നത്‌ ഓരോ വ്യക്തിയുടേയും സുരക്ഷയെ കരുതിയാണ്‌. ടീനേജ്‌ ശാരീരികമായും മാനസീകമായും പക്വത വരുന്ന പ്രായമാണ്‌. കേവലമൊരു പെണ്‍കുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചാല്‍ അതിനെ നേരേചൊവ്വേ വളര്‍ത്താനുള്ള പക്വതയോ പ്രായമോ ഇല്ലാതെ ഒരപൂര്‍വ്വ വസ്‌തുവായി വളര്‍ന്നാല്‍ പോരല്ലോ? വീടിനും നാടിനും കൊള്ളാവുന്നവരെയാണല്ലോ സൃഷ്‌ടിച്ച്‌ പരിപാലിക്കേണ്ടത്‌. കുറഞ്ഞ പക്ഷം 20-21 വയസെങ്കിലുമാകാതെ ശരിയായ ഒരു തീരുമാനമെടുക്കാന്‍ അവര്‍ക്കാവില്ല. ഒരു മതസ്ഥാപകരും ബാലവിവാഹം നടത്തണമെന്ന്‌ അനുശാസിച്ചതായി അറിവില്ല. ആകെക്കൂടി റോമിന്‍- അറബി യുദ്ധകാലത്ത്‌ ഭടന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ അനാഥരായ സ്‌ത്രീകളുടെ സംരക്ഷണം കഴിവുള്ള സുമനസുകള്‍ ഏറ്റെടുത്താന്‍ നന്നായിരിക്കും എന്നൊരാഗ്രഹം സ്‌ത്രീകളുടെ അരക്ഷിതാവസ്ഥയില്‍ മനമലിഞ്ഞ നബി പ്രവാചകന്‍ പറഞ്ഞതോടെ `പത്തുകെട്ടാത്തവന്‍ പന്നി' എന്നൊരു വ്യാഖ്യാനവും, മടുക്കുമ്പോള്‍ മൂന്നുപ്രവശ്യം `തലാക്‌' പറഞ്ഞ്‌ ഉപേക്ഷിക്കലും! പോരേ പൂരം! ഫലം സംരക്ഷിക്കലായില്ല. ജനസഖ്യം വര്‍ധിക്കലും, സാധു സ്‌ത്രീകള്‍ സങ്കടക്കടലില്‍ മുങ്ങുകയും! ഇപ്പോഴും അറബി കല്യാണത്തിന്റെ കഥയിതു തുടരുന്നു.

ആഫ്രിക്ക, ഇന്ത്യ, സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യ എന്നീ രാജ്യങ്ങളിലാണ്‌ ബാലവിവാഹം പ്രാബല്യത്തില്‍ ഉണ്ടായിരുന്നതും ഉള്ളതും. ഇതിനെതിരേ കഴിഞ്ഞയിടെ യുണൈറ്റഡ്‌ നേഷനില്‍ ഒരു ബില്ലു കൊണ്ടുവന്നപ്പോള്‍ ആര്‍ഷഭാരതം വോട്ടിംഗില്‍ നിന്നു വിട്ടുനിന്നത്‌ അനുക്തസിദ്ധം. സ്ഥാപിത താത്‌പര്യ സംരക്ഷണമാണല്ലോ അടുത്തകാലത്തായി നമ്മുടെ മുഖമുദ്ര.

ഇപ്പോഴിതാ ടീനേജു പെണ്‍കുട്ടികളെ പിടിച്ചിട്ടു കെട്ടിച്ചിട്ട്‌ പ്രസവിപ്പിച്ചില്ലെങ്കില്‍ 'സുകൃതക്ഷയം' എന്ന നിലയും വന്നു ചേര്‍ന്നിരിക്കുന്നു. ഇതു തുടക്കം മാത്രം. കലികാലവൈഭവം. കൂടുതല്‍ കാണാന്‍ മാലോകര്‍ ഉന്മിഷിത്താവുക. അതോടൊപ്പം വിവാഹപ്രായമെത്താത്ത പെണ്‍കുട്ടികളെ അവരുടെ നിസ്സഹായതയില്‍ നിന്നു രക്ഷിക്കാന്‍ സജ്ജനങ്ങളെ ത്രാണനം ചെയ്യാനും ഒരു ഖഡ്‌ഗി (കല്‍ക്കി) അവതരിക്കട്ടെ!

കണ്ണീരിന്റെ താഴ്‌വരിയില്‍ നിന്നുള്ള ഈ വിലാപ ശബ്‌ദം ഉയരങ്ങളിലേക്ക്‌ ഉയരട്ടെ!
ആര്‍ഷഭാരതം പൊക്കിപ്പിടിക്കുന്ന... (ഡോ. എന്‍.പി. ഷീല)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക