ഭാര്യയുടെ വക്കീല്‍നോട്ടീസു കിട്ടിയ ദിവസംതന്നെ സുനിതയുടെ ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞു. സുഹൃത്ത് ഫോണില്‍ മെസ്സേജ് ഇട്ടിരുന്നു. നേരിയ സന്തോഷത്തില്‍ ചിന്തകളാടിയപ്പോള്‍ ശരിയല്ലെന്ന് മനസ്സുപറഞ്ഞു.
ശരിയും തെറ്റും വേര്‍തിരിച്ചറിയുവാനുള്ള സമനില അപ്പോള്‍ ഉണ്ടായിരുന്നുവോ? ഒന്നു മാത്രം വ്യക്തമായിരുന്നു, ഭാര്യയുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍നോട്ടീസ് കിട്ടിയിരിക്കുന്നു. ജീവിതത്തില്‍ നേടിയതും സമ്പാദിച്ചതുമെല്ലാം ഭാഗിച്ചുകൊണ്ടൊരു വിവാഹമോചനം. കുട്ടികള്‍ ഇല്ലാത്തത് ഒരുവിധത്തില്‍ നന്നായി. അമ്മയുടെയും അഛന്റെയും സ്‌നേഹം പകുത്തെടുത്ത് സന്ദര്‍ശനങ്ങള്‍ തുല്യമായി വീതിച്ചുകൊണ്ടുള്ള ജീവിതം അവരുടെ സ്വന്തമായേനെ. അവര്‍ക്ക് പ്രായപൂത്തിയാവുംവരെ രണ്ടു രക്ഷകര്‍ത്താക്കള്‍ക്കിടയില്‍ ഞാണിന്മേല്ക്കളി നടത്തുന്ന വാരാന്ത്യങ്ങള്‍.
കൂട്ടിയിട്ടും കിഴിച്ചിട്ടും പൂജ്യത്തിലവസാനിച്ച ബന്ധം.വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഇടച്ചില്‍, പരമ്പരകളുടെ വൈരുദ്ധ്യം, തുല്യതയ്ക്കുവേണ്ടിയുള്ള മല്‍ത്സരം, എല്ലാം എന്റെ കണക്കുകൂട്ടലിനും അപ്പുറമായിരുന്നു.
ദു:ഖത്തിന്റെ കനല്‍ കെട്ടടങ്ങി ചാരം ശേഷിച്ച മനസ്സില്‍ മരവിപ്പുമാത്രം. സമയത്തില്‍ അഞ്ചുമണിക്കൂര്‍ പിന്നിലായ സുഹൃത്തിനെ വിളിക്കുമ്പോള്‍ അകാംക്ഷ പൊന്തുന്നുണ്ടായിരുന്നു.
'ഹാര്‍ട്ട്അറ്റാക്ക് ആയിരുന്നു. സുനിത വല്ലാത്ത ഷോക്കിലാണ്'.
വര്‍ഷള്‍ക്കുമുമ്പ് ഇതുപോലോരു സന്ധ്യയില്‍ അവനെന്നെ വിളിച്ചുപറഞ്ഞു.
'നീ വിശ്വസിക്കൂല്ല, ട്രെയിനില്‍വെച്ച് ഞാന്‍ സുനിതയെ കണ്ടു. . അവള്‍ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്നു.'
അപ്പോഴേക്കും ജീവിതപ്പച്ചയില്‍ മേഞ്ഞുനടന്ന് ഞാനൊരു ബ്രിട്ടീഷ് കൂട്ടുകാരിയെ കണ്ടെത്തിയിരുന്നു. ഏകാന്തത എന്നെ വീര്‍പ്പുമുട്ടിച്ചിരുന്നു.
അധരങ്ങളില്‍ ഊറിക്കൂടിയ പ്രേമത്തിന്റെ ഊഷ്മളതയില്‍ ക്രിസ്റ്റീന പറഞ്ഞു,
'നമുക്കീ ജന്മം ഒന്നിച്ചു ജീവിച്ചു തീര്‍ക്കണം. നല്ലൊരു ഭാര്യയാകുവാന്‍ ഞാന്‍ ശ്രമിക്കും.'
അവള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുവാന്‍ ശ്രമിച്ചു.
കാലം കഴിഞ്ഞപ്പോള്‍ കൊതിയും രുചിയും രണ്ടാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വീട്ടുകാരനും അവള്‍ വിരുന്നുകാരിയുമായിമാറിയ ബന്ധം ഉലഞ്ഞു.
അസ്ഥിത്തറവിട്ട് ഓര്‍മ്മകള്‍ എന്നെത്തേടിവന്നു. ഉറക്കം കെടുത്തി വവ്വാലുകളെപ്പോലെ തലക്കുമുകളില്‍ തൂങ്ങിക്കിടന്നു. കയ്യും കാലും വളര്‍ന്ന് സ്ത്രീരൂപങ്ങളായി.
പൗരാണികത മണക്കുന്ന വീടിന്റെ പൂമുഖത്ത് കാരണവന്മാരുടെ പടങ്ങളുടെയും കലമാന്‍ കൊമ്പുകളുടെയും ചുവട്ടില്‍ നിന്നുകൊണ്ട് അമ്മ തീര്‍ത്തു പറയുന്നു
'ഒരു ഹിന്ദുപെണ്ണിനെയും കൊണ്ട് ഈ വീടിന്റെ പടിചവിട്ടാന്‍ ഞാന്‍ സമ്മതിക്കില്ല'.
അമ്മയെന്ന വാക്കിന്റെ അര്‍ത്ഥവും അടുപ്പവും അന്നെനിക്കുനഷ്ടപ്പെട്ടു. പിന്നീടൊരിക്കലും ഞാനവയെ തേടിപ്പോയതുമില്ല.
മനുഷ്യനെ മനുഷ്യനായികാണാതെ വിശ്വാസത്തിന്റെ പേരില്‍ തരം തിരിക്കുന്ന മതത്തിനെ ഞാന്‍ വെറുത്തു. മതങ്ങളില്ലാതെ, മനുഷ്യര്‍ മാത്രമുള്ളൊരു ലോകത്തിലേക്കു പോകുവാന്‍ ശ്രമിച്ചപ്പോള്‍ സമുദായവും അമ്മയും എന്റെ ചുറ്റും കല്മതില്‍ കെട്ടി.
'വരുംതലമുറക്കുവേണ്ടി നിനക്കീ അതിരുകളും വിലക്കുകളും നന്ന്' അവരെന്നോട് പറഞ്ഞു.
'സ്‌നേഹമാണെന്റെ മതം. നിന്നിലാണെന്റെ വിശ്വാസം. നമ്മുക്ക് എവിടേക്കെങ്കിലും ഓടിപ്പോവാം' സുനിത കരയുകയായിരുന്നു.
കിടന്നുറങ്ങിയ മെത്തയേക്കാള്‍ മൃദുലമായിരുന്നു എന്റെ നട്ടെല്ലെന്ന് ലജ്ജയോടെയോര്‍ത്തു.
ഓര്‍മ്മകള്‍ ആളിപ്പടരുന്നു. മനസ്സുവേവുന്നു.
തകര്‍ന്ന ദാമ്പത്യത്തിന്റെ നാന്ദിയായി സ്വന്തം വീട്ടില്‍നിന്നും ഇറങ്ങിപ്പോരുമ്പോള്‍ ജീവിതം പരിഹാസത്തോടെ നോക്കി. നിനക്കിതുവരണം. മതത്തിന്റെ പേരില്‍ പണ്ടൊരു പെണ്‍കുട്ടിയെ നീ വേദനിപ്പിച്ചില്ലേ? സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കണമെന്നും വിശ്വസിക്കുന്നവരെ വഞ്ചിക്കണമെന്നും ഒരു ദൈവവും പറഞ്ഞിട്ടില്ലല്ലോ. നീയിപ്പോഴും ഒരു ഭീരു, ദു:ഖിക്കുന്നവളെ ആശ്വസിപ്പിക്കുന്നില്ല.
ലണ്ടനില്‍ ചന്നംപിന്നം മഴപെയ്യുന്ന ഒരുദിവസം ഞാന്‍ സുനിതയെ ഫോണില്‍ വിളിച്ചു.
'ഇത് ആന്റണി'
സുനിതയാണന്ന് ഉറപ്പുവരുത്തിയതിനുശേഷം പറഞ്ഞപ്പോള്‍ അവളുറ്റെ ശബ്ദത്തില്‍ ആശ്ചര്യം.
'വിവരങ്ങള്‍ അറിഞ്ഞു'
കരച്ചിലില്‍ അവസാനിച്ച സംഭാഷണം. ഞാന്‍ അവസാനമായി കേട്ട, വര്‍ഷങ്ങളുടെ പഴക്കമുള്ള, കരച്ചില്‍.
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു, ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു.പശ്ചാത്താപം മുന്നില്‍ പാറകളായി ഉയര്‍ന്നു. വാക്കുകള്‍ പാറക്കെട്ടുകളില്‍ തട്ടി പിന്നോട്ടുമറിഞ്ഞു. ഒന്നിനും കഴിയാതെ വന്നപ്പോള്‍ പറഞ്ഞു.
'പിന്നീടു വിളിക്കാം'.
വിവാഹമോചനത്തിനുശേഷം എന്റേതെന്ന് അവകാശപ്പെട്ടതെല്ലാം എടുത്തുകൊണ്ട് അവസാനമായി വീടുവിട്ടിറങ്ങിയപ്പോള്‍ ക്രിസ്റ്റീന പറഞ്ഞു.
'നമ്മള്‍ രണ്ടാളുടെയും സംസ്‌കാരങ്ങള്‍ക്കിടയില്‍ ഭൂഖണ്ഠങ്ങളുടെ വിടവുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം വികാരങ്ങള്‍ കുത്തിയൊലിച്ച് ബന്ധങ്ങള്‍ ഉറച്ചുനില്ക്കാതെ പോയത്.'
കണ്ണില്‍ നനവിന്റെ തിളക്കം. യാത്രപറയുമ്പോലെ അവളെന്റെ നെറുകയില്‍ ചുംബിച്ചു. വളരെ നാളുകള്‍ക്കുശേഷം ഞാന്‍ അമ്മയെ ഓര്‍ത്തു. അടുത്ത തലമുറയെ സൃഷ്ടിക്കാതിരുന്ന ഞങ്ങളുടെ ജീവിതത്തെയോര്‍ത്തു. അമ്മ കെട്ടിയ കല്മതിലുകള്‍ എനിക്കൊന്നും നേടിത്തന്നില്ല. ഓര്‍മ്മകള്‍ സൂചിമുനകളായി കുത്തിനോവിച്ചു.
എല്ലാം ഒരു നിമിത്തമെന്ന് സ്വയം ബോദ്ധ്യപ്പെടുത്തി. ഞാന്‍ വീണ്ടും ഏകനും സ്വതന്ത്രനുമായപ്പോള്‍ സുനിത ചിന്തകളെ കൂട്ടിയിണക്കുന്ന പട്ടുനൂലായി. മനസ്സ് പട്ടുനൂലില്‍ കെട്ടിയ പട്ടമായി പറന്നുകളിച്ചപ്പോള്‍ ധൈര്യം സംഭരിച്ച് സുനിതയെ വിളിച്ചു. ഇന്നലെകളുടെ വിടവുകള്‍ നികരുന്നു, വടുവുകള്‍ മായുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ടതിനെ തിരിച്ചെടുക്കുവാന്‍ ഞാന്‍ വെമ്പി.
'ന്യൂയോര്‍ക്കിലെ ജനപ്രളയത്തില്‍ ഞാനും ഒഴുകുന്നു. ഈ മഹാനഗരത്തിലെ ജനവനങ്ങള്‍ക്കിടയില്‍ ഞാനെപ്പോഴും ഒറ്റപ്പെടുന്നു'. ഒരിക്കല്‍ സുനിത പറഞ്ഞു.
എനിക്കും ഒറ്റപ്പെട്ടജീവിതം മടുത്തുതുടങ്ങിയിരുന്നു.
അടുത്തമാസം ന്യൂയോര്‍ക്കിലേക്കും അവിടെനിന്ന് കാലിഫോര്‍ണിയയിലേക്കും കമ്പനി എന്നെ വിടുന്നുവെന്നറിയിച്ചപ്പോള്‍ സന്തോഷിച്ചു. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയില്‍ സുനിതയെ നേരിട്ട് കാണാമല്ലോ.
'കണ്ടാല്‍ മനസ്സിലാവുമോ' എന്റെ മനസ്സില്‍ സന്ദേഹമായിരുന്നു.
'ഇത് ന്യൂയോര്‍ക്കാണ്, നെടുമ്പാശേരിയല്ലല്ലോ? എന്റെ മുഖം മറന്നിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ട്. വീണ്ടും കാണാമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'.
എയര്‍പോര്‍ട്ടില്‍ വന്നുകാണുന്നതിനുമാത്രം സുനിത താല്പ്പര്യം കാണിച്ചു.
എന്റെ മോഹങ്ങള്‍ വളര്‍ന്നു. സ്വപ്നങ്ങള്‍ കാടുകയറി. ചിന്തകള്‍ പലതും പണിതുയര്‍ത്തി, പുതിയൊരു വീട്, പുതിയൊരു ജീവിതം, അതില്‍ പരിചയമുള്ള മുഖം, പഴയ ശബ്ദങ്ങള്‍, പുതിയ ഗന്ധങ്ങള്‍.
ന്യൂയോര്‍ക്കില്‍നിന്നും കാലിഫോര്‍ണിയയിലേക്കുള്ള യാത്രക്കുമുമ്പായി് എയര്‍പോര്‍ട്ടില്‍ സുനിതയെയും കാത്തുനില്ക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളംതെറ്റി. ജനങ്ങള്‍ക്കിടയില്‍ കറുത്തമുടിയുള്ളവരെ കണ്ണുകള്‍ തേടി. നിമിഷങ്ങള്‍ മിനിറ്റുകളിലും, മിനിറ്റുകള്‍ മണിക്കൂറിലും ചെന്ന് മുന്നോട്ടോടി.
സുനിതയുടെ നമ്പറുകളില്‍ വിരലുകള്‍ ഓടിനടന്നു. വോയിസ് മെയില്‍ പലതവണ കേട്ടു.
പിടിച്ചുനിര്‍ത്തുവാനാവാതെ മുന്നോട്ടോടുന്ന സമയത്തെ ശപിച്ചു.സ്വന്തമല്ലാത്ത ഈ യാത്രയില്‍ എയര്‍ലൈന്‍സുകാരുടെയും എന്നെ സ്വന്തമാക്കിയ കമ്പനിയുടെയും സമയം പാലിക്കണമായിരുന്നു.
എന്തുസംഭവിച്ചുവെന്നറിയുവാന്‍ അവളുടെ അറിയില്ലാത്ത അഡ്രസ്സിലേക്ക് മനസ്സുകൊണ്ടു ഓടിയെത്തി. അപകടങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ അസ്വസ്ഥനാക്കി.
'ഫൈനല്‍ കോള്‍ ഫോര്‍ ബോര്‍ഡിങ്ങ്'.
മേഘപ്പാളികള്‍ക്കിടയിലൂടെ വിമാനം ഇരമ്പിയുയര്‍ന്നു. ഒരുപക്ഷെ ഞാന്‍ ഈ വഴി വീണ്ടും വരില്ലന്നുള്ള ചിന്ത മനസ്സിനെ കൊത്തിപ്പറിച്ചു.
കാലിഫോര്‍ണിയയില്‍ വിമാനം താഴ്ന്നപ്പോള്‍ സെല്‌ഫോണ്‍ ഓണാക്കി.
'ആന്റണീ, പ്ലെയിന്‍ ന്യൂയോര്‍ക്ക് വിട്ടതിനുശേഷമാണ് വിളിക്കുവാന്‍ ഭീരുത്വം അനുവദിച്ചത്. ഒരുകൂടിക്കാഴ്ച ഞാന്‍ ഭയന്നു. ഓര്‍മ്മകളുടെ പച്ചിലകള്‍ നമ്മുക്ക് ചുറ്റുമുള്ളപ്പോള്‍ കാര്‍ന്നുതിന്നുവാനൊരവസരം കിട്ടിയാല്‍?.........എനിക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു.'
പിന്നീട് പറഞ്ഞതൊന്നും കേട്ടില്ല. ഇന്നലകളുടെ മരണം മുന്നില്കണ്ടപ്പോള്‍ പ്ലെയിനിന്റെ അടഞ്ഞുകിടന്നവാതിലുകള്‍ ഒരിക്കലും തുറക്കുകില്ലെന്നെനിക്കു തോന്നി.
എയര്‍പോര്‍ട്ട് ബില്‍ഡിങ്ങ് വിട്ടിറങ്ങുമ്പോള്‍, കയ്യില്‍നിന്നുവിട്ട് പൊങ്ങിപ്പോവുന്ന ഹീലിയം ബലൂണിനെ നോക്കി ഒരു കൊച്ചുകുട്ടി കരയുന്നു. അവന്റെ അടുത്തുചെന്ന് തോളത്തുതട്ടിപറഞ്ഞു
'എനിക്ക് നിന്റെ വേദന മനസ്സിലാവുന്നുണ്ട് കുട്ടി'.
അവന് വേദനിക്കുമ്പോള്‍ ഉറക്കെ കരയാം.
മനോരമ വീക്കിലി, ഡിസംബര്‍ 2007