നന്ദി ആരോടു ചൊല്ലേണ്ടു ഞാന്‍, മേശപ്പുറത്ത്
തലയും കുനിച്ചിരിക്കുന്ന ടര്‍ക്കിയോടോ, താങ്ക്‌സ് ഗിവിങ്ങ് ഡിന്നര്‍
ഒരുക്കുന്ന സുഹൃത്തുക്കളോടോ, അതില്‍ സംബന്ധിക്കാനെത്തിയിരിക്കുന്ന മറ്റ്
സുഹൃത്തുക്കളോടും കുട്ടികളോടുമോ?
വീണ്ടും ഒരു താങ്ക്‌സ്ഗിവിങ്ങ് കൂടി. മറുനാട്ടില്‍ താമസിക്കുന്ന മലയാളിക്ക്
താങ്ക്‌സ്ഗിവിങ്ങ് ഒരു പാരമ്പര്യമായിരിക്കുന്നു, ഓണമോ, വിഷുവോ, ഈസ്റ്ററോ
പോലെ. കാരണം അവന്റെ കുട്ടികള്‍ വളര്‍ന്നത് ഇവിടെയാണ്. തൊലി ഇരുണ്ടതാവാം,
മുടി കറുത്തതാവാം. പക്ഷെ കുട്ടികള്‍ ചിന്തിക്കുന്നത് അമേരിക്കനെപ്പോലെയാണ്.
അവര്‍ നേഴ്‌സറി ക്‌ളാസില്‍ ടര്‍ക്കിയുടെ ചിത്രം കളര്‍ചെയ്യുമ്പോള്‍,
പില്‍ഗ്രിംസും റെഡ് ഇന്ത്യന്‍സുമായി ക്‌ളാസില്‍ നാടകത്തിനു വേഷമിടുമ്പോള്‍,
സ്‌കൂളില്‍ ഒരുക്കുന്ന താങ്ക്‌സ്ഗിവിങ്ങ് ലഞ്ച് കഴിക്കുമ്പോള്‍,
താങ്ക്‌സ്ഗിവിങ്ങ് അവരുടെ രക്തത്തിലും അലിഞ്ഞ് ചേരുന്നു. സ്‌കൂള്‍ വിട്ട്
വീട്ടിലെത്തുമ്പോള്‍ അമ്മയോടുള്ള ചോദ്യം താങ്ക്‌സ്ഗിവിങ്ങിനുള്ള
ടര്‍ക്കിയും സ്റ്റഫിങ്ങും എന്നാണ് വാങ്ങുന്നത് എന്നാവും. അമ്മമാര്‍
കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആദ്യത്തെ ടര്‍ക്കി ഡിന്നര്‍
തയ്യാറാക്കുന്നു. ആദ്യമൊക്കെ ഉണ്ടാക്കുന്ന ടര്‍ക്കിയില്‍, കോഴി റോസ്റ്റ്
ചെയ്യുന്ന കാര്യത്തില്‍ മിസസ് കെ എം മാത്യു ഒരുകാലത്ത് പറഞ്ഞ രീതിയില്‍
മലയാളി ധാരാളം മസാല ചേര്‍ക്കുന്നുണ്ടാവും. ടര്‍ക്കിയെന്ന പക്ഷിയില്‍
മസാലകളൊന്നും അത്രവേഗം പിടിക്കില്ല എന്ന് അവര്‍ക്ക് പിന്നീട് മനസിലാവുന്നു.
ഞങ്ങളുടെ ആദ്യകാലങ്ങളില്‍, കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍, അവരുടെ
കണ്ണുകളും രസമുകുളങ്ങളും റോസ്റ്റ് ചെയ്ത ടര്‍ക്കിയും വലിയ കോഴിയും
തമ്മിലുള്ള വ്യത്യാസം അത്ര വേഗത്തിലൊന്നും കണ്ടുപിടിക്കാതിരുന്നതിനാല്‍
മാതാപിതാക്കളായ ഞങ്ങള്‍ ഒന്നു രണ്ടു വര്‍ഷം കോഴി കൊണ്ട് രക്ഷപെട്ടു.
പിന്നവര്‍ പറഞ്ഞു തുടങ്ങി 'ഡാഡ് ആന്‍ഡ് മാം, വി വാണ്ട് റിയല്‍ ടര്‍ക്കി'
അങ്ങനെ ഞങ്ങളും കിട്ടാവുന്നതില്‍ ചെറിയ ടര്‍ക്കി വാങ്ങി, മസാലകളൊക്കെ
തേച്ച് പിടിപ്പിച്ചു സ്റ്റഫിങ്ങുമായി റോസ്റ്റ് ചെയ്തു. കിളി കൊത്തുമ്പോലെ
കുട്ടികള്‍ ടര്‍ക്കിയില്‍ ഒന്ന് കൊത്തി. അവര്‍ക്ക് അത്രയെ തിന്നുവാന്‍
പറ്റു. ഞങ്ങളും ടര്‍ക്കി കഴിക്കുവാന്‍ ശ്രമിച്ചു. ശേഷിച്ചതിനെ ടര്‍ക്കി
സൂപ്പ്, ടര്‍ക്കി സാലഡ്, എന്നീ രൂപത്തിലാക്കിയിട്ടും വിഷമിച്ചു. കുറെ നാള്‍
ഫ്രീസറില്‍ ഇരുന്നു. പിന്നെ ഗാര്‍ബേജിലേക്ക് വീണപ്പോള്‍ എനിക്ക്
സമാധാനമായി.
വിവാഹം കഴിഞ്ഞ് വീസ കിട്ടുന്നതിനുമുമ്പ് ഞാന്‍ നാട്ടിലായിരുന്നപ്പോള്‍
ഞങ്ങളുടെ ഒരു സുഹൃത്തിന് കമ്പനി കൊടുത്ത ഫ്രീ ടര്‍ക്കി കിട്ടി. പട്ടിയുടെ
കയ്യില്‍ പൊതിയാതേങ്ങ കിട്ടുന്നതുപോലെയായിരുന്നു സസ്യഭുക്കായ സുഹൃത്തിന്
ടര്‍ക്കി. സഹായത്തിന് ജേക്കബിനെ സമീപിച്ചു. സുഹൃത്തിന്റെ ഡോക്ടര്‍ ഭാര്യ
ശ്രീദേവിയും ജീവിതത്തില്‍ ടര്‍ക്കി കണ്ടിട്ടില്ലാത്ത ജേക്കബും ഓപ്പറേഷന്‍
ചെയ്യും മോഡലില്‍ അന്ന് ടര്‍ക്കി വൃത്തിയാക്കി റോസ്റ്റ് ചെയ്തു. വളരെ
നാളുകള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. അന്ന് റെസിപ്പി തിരയാന്‍ ഗൂഗിളില്ല.
ടേബിള്‍ അലങ്കാരമായി ടര്‍ക്കി മേശപ്പുറത്ത് ഇരുന്നുവെന്നും മലയാളികള്‍
അവിയലും സാമ്പാറും കോഴിയും കൂട്ടി ഊണുകഴിച്ചുമെന്നാണ് കേട്ടത്. അന്നുമുതല്‍
തുടങ്ങിയതാണ് ശ്രീദേവിയുടെ ടര്‍ക്കിയുമായുള്ള ബന്ധം!
അക്കാലങ്ങളില്‍ വിപുലമായ രീതിയില്‍ ഞാന്‍ ക്രിസ്മസ് ആഘോഷിച്ചിരുന്നു.
ഇരിക്കാന്‍ കസേരകിട്ടാതെ മുകളിലേക്കുള്ള സ്‌റ്റൈയര്‍കേസില്‍ ആള്‍ക്കാര്‍
ഇരുന്ന് ഭക്ഷണം കഴിച്ച് ക്രിസ്മസ്സുകള്‍ ഉണ്ട്. ഇപ്പോള്‍ റീമോഡല്‍
കഴിച്ചതിനാല്‍ ഇരുന്ന് കഴിക്കുവാന്‍ സ്ഥലമുണ്ട്, തമ്മില്‍ ഇടിക്കാതെ
നടക്കാം. അത്യാവശ്യത്തിന് മീറ്റ് കഴിക്കുവാന്‍ തുടങ്ങിയ ഞങ്ങളുടെ സുഹൃത്ത്
'താങ്ക്‌സ്ഗിവിങ്ങ്' ഏറ്റെടുക്കാമെന്ന് അറിയിച്ചു. കേട്ടപ്പോള്‍
സന്തോഷമായി. ഓരോ ആഘോഷങ്ങളും ഒരോരുത്തര്‍ ഏറ്റെടുക്കുന്നത് നല്ല കാര്യം.
ടര്‍ക്കി ഉണ്ടാക്കി വെറുതെ ഗാര്‍ബേജില്‍ കളയേണ്ടല്ലോ! അവര്‍ക്ക്
സഹോദരങ്ങളും അനന്തരവരുമായി കുറച്ച് ആളുകള്‍ അടുത്തുണ്ട് താനും. അവിടെ
താങ്ക്‌സ്ഗിവിങ്ങ് ഇന്നൊരു ആഘോഷമാണ്. ബന്ധുക്കളായി മുപ്പതുപേരോളം ഉണ്ടാവും.
അവരെല്ലാം വീക്കെന്റില്‍ അവിടെ താമസിക്കയാണ് പതിവ്, അതൊരു നീണ്ട വീക്കന്റ്
ആണല്ലോ! അന്നൊരു സാമാന്യം വലിപ്പമുള്ള ടര്‍ക്കി വാങ്ങിയാല്‍ അഞ്ച് അപ്പം
കൊണ്ട് അയ്യായിരം പേരെ ക്രിസ്തു ഭക്ഷിപ്പിച്ചതുപോലെയാണ്. പിറ്റെ ദിവസം
സ്ത്രീജനങ്ങള്‍ 'ബ്‌ളാക്ക് െ്രെഫഡെ' മാളുകളില്‍ ആസ്വദിക്കുമ്പോള്‍
പുരുഷന്മാര്‍ ടര്‍ക്കി സൂപ്പ് ഉണ്ടാക്കും. എന്നാലും ടര്‍ക്കി മിച്ചം വരും .
ടര്‍ക്കി ഇഷ്ടമുള്ള രണ്ടാം തലമുറയിലെ കുട്ടികള്‍ ആരെങ്കിലും കോളജില്‍
കൊണ്ടുപോകും.
കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ, മൂന്നു
വയസ്സുണ്ടായിരുന്ന കുട്ടിയെ ടര്‍ക്കിയായി അഭിനയിപ്പിച്ച് അവരുടെ 'പ്ലേ
ഒവനില്‍' വെച്ചത് ഓര്‍ത്തു. ഈയിടെ ആ കുട്ടിയുടെ വിവാഹവിരുന്നില്‍
സംബന്ധിക്കാന്‍ എന്റെ കുട്ടികളെത്തിയപ്പോള്‍ ഞങ്ങളത് ഓര്‍ത്ത് ചിരിച്ചു.
റെഡ് ഇന്ത്യന്‍സും നമ്മളെപ്പോലുള്ള ഇന്ത്യന്‍സും തമ്മിലുള്ള വ്യത്യാസം
അറിഞ്ഞുകൂടാത്ത ചില കുഞ്ഞു സായിപ്പു കുട്ടികള്‍ എന്നോട് ചോദിച്ചിട്ടുണ്ട് '
റീനി, എവിടെ നിങ്ങളുടെ അമ്പും വില്ലും' എന്ന്.
നാലഞ്ച് വര്‍ഷങ്ങള്‍ മുമ്പ് ഞങ്ങളുടെ സുഹൃത്ത് 'മെരിലണ്ട്'
എന്നസ്‌റ്റേറ്റില്‍ ഒരു പ്രാക്ടീസിനൊപ്പം ചേര്‍ന്ന് മാറിത്താമസിച്ചു.
'താങ്ക്‌സ്ഗിവിങ്ങ് ഇനിയാരു നടത്തും' എന്നതായിരുന്നു എന്റെ ചോദ്യം,
അവരുമായുള്ള കൂട്ടുകെട്ട് നഷ്‌പ്പെടുന്നുവെന്ന് ഓര്‍ക്കാത്തപോലെ. 'ഞാന്‍
നടത്തും, നിങ്ങള്‍ വരണം' ശ്രീദേവി പറഞ്ഞു. താങ്ക്‌സ്ഗിവിങ്ങ് വന്നു,
സുഹൃത്ത് ടര്‍ക്കിയുണ്ടാക്കി. ഞങ്ങള്‍ താങ്ക്‌സ്ഗിവിങ്ങ് ദിവസം രാവിലെ
അഞ്ച് മണിക്കൂര്‍ െ്രെഡവ് ചെയ്ത് പോയി, ടര്‍ക്കി തിന്നു. മെരിലണ്ടില്‍
ഞങ്ങള്‍ക്ക് വേറെയും ഒരു സുഹൃത്ത് ഫാമിലി ഉണ്ട്. ആ വര്‍ഷം ഞാനും 'ബ്‌ളാക്ക്
െ്രെഫഡെ' എന്താണന്ന് അന്വേഷിച്ച് മെരിലണ്ട് മാളിലൂടെ നടന്നു. തിരികെ വന്ന്
പുരുഷന്മാര്‍ ഉണ്ടാക്കിയ ടര്‍ക്കി സൂപ്പ് കഴിച്ചു. ജേക്കബും രമേഷും
ഉണ്ടെങ്കില്‍ ഭക്ഷണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ട. ദൈവം ഞങ്ങളുടെ
ആവലാതികള്‍ കേട്ടുമടുത്തുകാണും, അടുത്ത വര്‍ഷം ശ്രീദേവി, കണക്ടിക്കട്ടില്‍
ജോലിയെടുത്തിരുന്ന ഹോസ്പിറ്റലില്‍ വീണ്ടും ജോലി സ്വീകരിച്ച്
മാറിത്താമസിച്ച് താങ്ക്‌സ്ഗിവിങ്ങ് പഴയപടി തുടരുന്നു.
മലയാളികള്‍ ഞങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ മസാല ടര്‍ക്കിയില്‍
തേച്ചു പിടിപ്പിക്കാറില്ല. ഒരു ഫുള്‍ ഇന്ത്യന്‍ മീല്‍ കൂടി ടര്‍ക്കി
ആന്‍ഡ് ട്രിമ്മിങ്ങ്‌സിനോടൊപ്പം ഉണ്ടാക്കുന്ന പതിവ് നിര്‍ത്തി. രണ്ട്
വള്ളത്തേല്‍ കാല്‍ വെച്ച് എത്ര ദൂരമാണ് സഞ്ചരിക്കുന്നത്? വര്‍ഷങ്ങള്‍ ഇതയും
കഴിഞ്ഞില്ലേ, ഇനിയും സായിപ്പു ചെയ്യുന്നതുപോലെ താങ്ക്‌സ്ഗിവിങ്ങ്
ആഘോഷിക്കണം. ഇപ്പോള്‍ സസ്യഭുക്കുകള്‍ക്കായി പുലാവും റൈത്തയും കാണും.
സ്വീറ്റ് പൊട്ടേറ്റൊയും ഒരു ക്രാന്‍ബറി ജെല്ലോ മോള്‍ഡും ഉണ്ടെങ്കില്‍
സമ്പൂര്‍ണ്ണ ആഹാരമായി എന്നാണ് എന്റെ വിശ്വാസം. ഡിസ്സേര്‍ട്ടിന് ആപ്പിള്‍
പൈയും പിക്കാന്‍ പൈയും ഉണ്ടെങ്കില്‍ എല്ലാം തികഞ്ഞു. ഒരുവര്‍ഷം ആപ്പിള്‍
സൈഡറില്‍ സ്‌പൈസസ് ഇട്ട് മാരിനേറ്റ് ചെയ്ത ടര്‍ക്കി രമേഷ് മെരിലണ്ടില്‍
നിന്നും കൊണ്ടുവന്ന് കണക്ടിക്കട്ടില്‍ റോസ്റ്റ് ചെയ്തു. അതെല്ലാവര്‍ക്കും
ഇഷ്ടമായി. ശ്രീദേവിയുടെ കുട്ടികളും അവരുടെ കസിന്‍സും വര്‍ഷങ്ങള്‍ മുമ്പ്
തുടക്കമിട്ട 'പിന്‍വീല്‍സ്' എന്ന ആപ്പറ്റൈസര്‍ ഇന്നും ഉണ്ടാക്കുന്നു.
അതില്‍ രണ്ടാം തലമുറയിലെ ഒരു കുട്ടിക്ക് രണ്ടുകുട്ടികളായി. കറുത്ത
കണ്ണൂകളും കറുത്ത മുടിയുമുള്ള കുട്ടികള്‍ ഓടിനടന്നയിടത്ത് നീലക്കണ്ണുകളും
ബ്രൗണ്‍ മുടിയും ഉള്ള കുട്ടികള്‍ ഓടിനടക്കുന്നു. എന്റെ മൂത്ത മകള്‍
ഒഴികെയുള്ള കുട്ടികള്‍ എല്ലാം ഇപ്പോഴും 'താങ്ക്‌സ്ഗിവിങ്ങിന്' വരുന്നു,
ചിലരൊക്കെ വിവാഹം കഴിച്ച് അവരുടെ പങ്കാളികളുമായി. എന്റെ മുത്ത മകള്‍
സ്റ്റാന്‍ഫോര്‍ഡില്‍ പോസ്റ്റ്‌ഡോക്ക് ചെയ്യുകയാണ്. ആറുമണിക്കൂര്‍ ആകാശയാത്ര
ചെയ്തു വരുമ്പോള്‍ കുറച്ചു ദിവസമെങ്കിലും ഈസ്റ്റ് കോസ്റ്റില്‍
വേണമെന്നുള്ളതുകൊണ്ട് താങ്ക്‌സ്ഗിവിങ്ങിനു വരാറില്ല. അവരുടെ വരവും നോക്കി
ഞങ്ങള്‍ ക്രിസ്മസ് സമയം കാത്തിരിക്കും.
താങ്ക്‌സ്ഗിവിങ്ങ് സമയത്ത് ടര്‍ക്കി വാങ്ങുവാന്‍ നിവൃത്തിയില്ലാത്ത ആളുകളെ
ഓര്‍ക്കും. നമുക്ക് ടര്‍ക്കി ഡൊണേറ്റ് ചെയ്യാം. ടര്‍ക്കി ഡ്രോപ്പ്
ചെയ്യാവുന്ന ഫൂഡ് പാന്റ്രികള്‍ ഉണ്ടാവും. കഴിഞ്ഞ വര്‍ഷം ഫുഡ്പാന്റ്രി
അന്വേഷിച്ച് ഞാനും ജേക്കബും കുറെ കറങ്ങി. പിന്നെ വഴിയില്‍ കണ്‍സ്ട്രക്ഷന്‍
നടക്കുന്ന സ്ഥലത്തിനടുത്ത് നിന്ന പോലീസുകാരനോട് കാര്‍ നിര്‍ത്തി ഫ്രീ
ടര്‍ക്കി കൊടുക്കുന്നത് എവിടെയാണന്ന് ചോദിച്ചു. അങ്ങേര്‍ സ്ഥലവും അഡ്രസും
പറഞ്ഞുതന്നു. ' ഫ്രീ ടര്‍ക്കിയന്വേഷിച്ച് നടക്കുന്ന നിര്‍ധനരായ
ഇന്ത്യക്കാര്‍' അദ്ദേഹം വിചാരിച്ചിട്ടുണ്ടാവും.
കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വീട് 'റീമോഡല്‍'ചെയ്തപ്പോള്‍ ജോലിക്ക് വന്ന
ദമ്പതികള്‍ പറഞ്ഞു, അവര്‍ രണ്ട് വലിയ ടര്‍ക്കികള്‍ വാങ്ങി സൂപ്പുണ്ടാക്കും.
സൂപ്പും, പേപ്പര്‍ പ്‌ളേറ്റും, സ്പൂണും, ട്രക്കില്‍ ഡൗണ്‍ടൗണില്‍
കൊണ്ടുപോയി താങ്ക്‌സ്ഗിവിങ്ങ് ദിവസം 'ഹോംലെസ്' ആളുകള്‍ക്ക് വിതരണം ചെയ്യും.
കൂലി വേലക്കായ അവര്‍ എത്രയോ നല്ലവര്‍! ഞാന്‍ അതുപോലെയുള്ള
മഹാനമസ്‌കതക്കൊന്നും തുനിയാറില്ല. തണുപ്പില്‍ നിന്ന് സൂപ്പ് വിതരണം
ചെയ്യാനൊന്നും എനിക്കാവില്ല.
എന്നെ സംബന്ധിച്ചടത്തോളം താങ്ക്‌സ്ഗിവിങ്ങ് സുഹൃത്തുക്കളുമായുള്ള
ഒത്തുചേരലാണ്, സ്‌നേഹവും വിശേഷങ്ങളും പങ്കുവെക്കലാണ്. ഒരു വര്‍ഷമായി
കാണാത്ത കുട്ടികള്‍ തമ്മിലുള്ള കാണലാണ്. എനിക്കിവിടെ ഫാമിലിയായി അധികമാരും
ഇല്ല. ഇവരൊക്കെതന്നെ എന്റെ എക്സ്റ്റന്‍ഡഡ് ഫാമിലി. രണ്ടാമതൊന്ന്
ചിന്തിക്കാതെ എനിക്ക് ഹൃദയം തുറക്കാവുന്നവര്‍. എന്റെ ദുഃഖങ്ങളും
സന്തോഷങ്ങളും പങ്ക് വെക്കാവുന്നവര്‍. എന്റെ നോട്ടത്തില്‍ ഇവിടെ ഭക്ഷണത്തിനു
വലിയ പ്രസക്തിയൊന്നും ഇല്ല. റെഡ് ഇന്ത്യന്‍സും പില്‍ഗ്രിംസും
ഒത്തുചേര്‍ന്ന് രമ്യതയോടെ നടത്തിയ ആദ്യത്തെ വിളവെടുപ്പ്, ടര്‍ക്കിഡിന്നര്‍
നടത്തി ആഘോഷിച്ചത് നല്ലകാര്യം.