തണല്‍ മരങ്ങള്‍ ഓരോന്നും ഓരോ പ്രതീകങ്ങളാണത്രേ. വെട്ടിവിയര്‍ക്കുന്ന
വെയിലത്ത് ലേശം തണലു കിട്ടിയാല്‍ അതു തന്നെ സ്വര്‍ഗ്ഗമെന്ന് തോന്നും.
പ്രകൃതിയുടെ ശ്വാസവായുവിനെ ഇത്രയും ഉദാത്തവത്കരിച്ചു പറയുമ്പോള്‍ തന്നെ ഈ
തണല്‍ മരങ്ങള്‍ക്ക് ചരമ ഗീതമൊരുക്കുന്നവരെകുറിച്ചും പറയണം. പ്രകൃതിസംരക്ഷണ
ദിനം അത്യാഡംബരപൂര്‍വ്വം നാം ആഘോഷിക്കും.
'നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍
കരളിലൊരു വിസ്മയ വിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍ മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.
പ്രഭാതത്തില്‍ കണ്ണു തുറക്കുമ്പോള്‍ മഞ്ഞുതുള്ളിയിറ്റുന്ന അതിമനോഹരിയായ ഭൂമിയെ കുറിച്ച് കവികള്‍ പാടും.
'ഇനിയും മരിക്കാത്ത ഭൂമി?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ നാകയാല്‍
ഇതു മാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന
മൃതിയില്‍ നിനക്കാത്മ ശാന്തി!
മൃതിയില്‍ നിനക്കാത്മ ശാന്തി!'
ഓ എന്‍ വിയുടെ ആത്മാവുള്ള വരികളില്‍ നാം പലപ്പോഴും ജീവിച്ച് വേദനിക്കും.
നശിക്കപ്പെട്ടു കൊണ്ടിരിക്കുന്ന തണല്‍ മരങ്ങളെ ഓര്‍ത്ത് വിലപിച്ചു
കൊണ്ടേയിരിക്കും.
എന്താണ്, സ്‌നേഹം? ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോടു തോന്നുന്ന
നിബന്ധനകളില്ലാത്ത ആഘോഷങ്ങളെയാണോ സ്‌നേഹമെന്നു പറയുന്നത്? സ്‌നേഹം എന്നത്
തീര്‍ച്ചയായും നിബന്ധനരഹിതമാണ്, പക്ഷേ വ്യക്തിഗതം എന്നതിനപ്പുറം
സ്‌നേഹത്തിന്റെ അര്‍ത്ഥം ലോകം എന്ന തലത്തിലേയ്ക്ക് കടന്നു വരുമ്പോഴാണ്, ആ
വാക്കിന്, പ്രസക്തിയുണ്ടാവുക. ലോകമാതാവായ ഭൂമീ ദേവിയുടെ മടിയിലെ ഓരോ
പുല്ലിനും മരത്തിനും മറ്റു മൃഗങ്ങള്‍ക്കും അതു പകര്‍ന്നു കൊടുക്കുമ്പോഴേ
ഒരാളില്‍ സ്‌നേഹമുണ്ട് എന്ന് അവകാശപ്പെടാനാകുന്നുള്ളൂ. ബഷീറിയന്‍
പദപ്രയോഗമായ ഭൂമിയുടെ അവകാശികള്‍ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയല്ലേ?
മനുഷ്യന്‍ മാത്രമല്ല ഇവിടെ ജീവിക്കപ്പെടുന്നത്. പല തരത്തിലുള്ള ജീവി
വര്‍ഗ്ഗങ്ങള്‍ , സസ്യലതാദികള്‍ അങ്ങനെ നിരവധി ഘടകങ്ങള്‍ ഇവയ്‌ക്കെല്ലാം
ഇടയിലുണ്ട്.
പരിക്കു പറ്റി വഴിയരുകില്‍ കിടക്കുന്ന ഉറുമ്പിനെ ആരും ശ്രദ്ധിക്കാറില്ല,
പക്ഷേ അതിന്റെ കൂടെയുള്ള ഉറുമ്പ്, കൂട്ടുകാരെയും കൂട്ടി വന്ന് അപകടത്തില്‍
പെട്ടയാളെ കൊണ്ടു പോയി ചികിത്സ നല്‍കും. റോഡരികില്‍ മരിച്ചു കിടക്കുന്ന ഒരു
പക്ഷിയുടെ കാര്യത്തില്‍ പോലും ഇണയായ പക്ഷീ അരികിലിരുന്ന് ദുഖം
പ്രകടിപ്പിക്കുന്നത് കാണാം. ഇത് മൃഗങ്ങളുടെ മാത്രം കാര്യമാണോ? മനുഷ്യരില്‍
അങ്ങനെ എത്രയുണ്ടാകും? മുക്കിനു മുക്കിന്, സന്നദ്ധ സംഘടനകളും ചാരിറ്റി
പ്രവര്‍ത്തകരും തലങ്ങും വിലങ്ങും പായുന്നു, വളരെ നന്നായി തന്നെ അവര്‍
അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. ഇത്തരത്തില്‍ വളരെയധികം
ശ്രദ്ധിക്കപ്പെട്ട ഒരു സംഘടനയാണ്, പ്രജ്വല. മനുഷ്യാവകാശ പ്രവര്‍ത്തകയായ
സുനിതാ കൃഷ്ണന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ സംഘടന ഒരു പുനരധിവാസ
സംഘടനയാണ്.
ചുവന്ന തെരുവിലെ ശരീരം വില്‍ക്കുന്ന നൂറുകണക്കിന്, സ്ത്രീകളുടെ ദുഖങ്ങളെ
അതേ പോലെ ചേര്‍ത്തു പിടിയ്ക്കാന്‍ ഒരു സ്ത്രീയായ സുനിതയ്ക്കു കഴിഞ്ഞു
എന്നത് മഹത്തരമാണ്. ഒരുപക്ഷേ വിധിയില്‍ നിന്ന് അതിക്രൂരമായ ഒരു അപമാനം
ഏറ്റുവാങ്ങേണ്ടി വന്നതുകൊണ്ടാകാം ഇത്തരത്തില്‍ പെട്ട സ്ത്രീകള്‍ക്ക് ഒരു
പുനരധിവാസത്തെ കുറിച്ച് ശ്രീമതി സുനിത ആലോചിച്ചത്. അതിക്രൂരമായ
പീഡനങ്ങള്‍ക്കും എച്ച് ഐ വി പോലെയുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും
മാതൃകയാണ്, ഇന്ന് പ്രജ്വല. അതുകൊണ്ടു തന്നെ നിരവധി പുരസ്‌കാരങ്ങളും സുനിതയെ
തേടിയെത്തിയിട്ടുണ്ട്.
പ്രജ്വല പോലെ നിരവധി സംഘടനകള്‍ ഇന്ത്യയിലും കേരളത്തിലുമായി നമുക്കറിയാം.
അവരില്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സംഘടനയാണ്, പാരാപ്ലേജിക്
പേഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ . സമൂഹത്തിലേയ്ക്കിറങ്ങി നടക്കാനാകാതെ
കിടക്കയിലും വീല്‍ചെയറിലുമായി ഒതുങ്ങി നടന്ന കുറച്ചു പേര്‍ ജീവിതത്തെ
പോസിറ്റീവായി കണ്ട് തങ്ങളുടെ കൂട്ടത്തില്‍ ബുദ്ധിമുട്ടില്‍ കഴിയുന്ന
മറ്റുള്ളവരെ കണ്ടെത്തി അവര്‍ക്കു വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം
ചെയ്യുന്നിടത്താണ്, ഈ സംഘടന വ്യത്യസ്തമാകുന്നത്. സാധാരണ
വൈകല്യമുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍
ഇവിടെയുണ്ട്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട് എന്നതും
ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. പക്ഷേ വൈകല്യമുള്ളവര്‍ തന്നെ അവരിലെ
നിരാലംബര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നത് അപൂര്‍വ്വമായിരിക്കും.
പാരാപ്ലേജിക് പേഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഫെയ്‌സ്ബുക്ക് പേജായ
'തണല്‍ ' അവര്‍ ചെയ്യുന്ന സന്നദ്ധ പ്രകടനങ്ങള്‍ കൊണ്ടു തന്നെ
ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചലനമില്ലാതെ വീടിനുള്ളില്‍ തളച്ചിടപ്പെട്ട നിരവധി
പേര്‍ക്ക് തൊഴില്‍ പരിശീലനം, അതിനുള്ള സാമഗ്രികള്‍ നല്‍കല്‍, മുറിയ്ക്കു
പുറത്തേക്കിറങ്ങാത്തവരെ ലോകത്തേയ്ക്ക് ഇറക്കുക, വീല്‍ ചെയര്‍ ടൂറിസം
പ്രോത്സാഹിപ്പിക്കുക, തുടങ്ങി പുതിയൊരു ജീവിതത്തിലേയ്ക്ക് പുറത്തിറങ്ങാന്‍
പോലും മടിച്ചു നില്‍ക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്തുക വഴി തണല്‍ എന്ന
പേരിലുള്ള -------സമൂഹത്തില്‍ ഒരു തണല്‍ മരമാവുക തന്നെയാണ്. സര്‍ക്കാര്‍
ഭാഗത്തു നിന്നുള്ള സഹായങ്ങളേക്കാള്‍ ഒപ്പമുള്ള സുഹൃത്തുക്കളുടേയും
മറ്റുള്ളവരുടേയും നന്‍മ നിറഞ്ഞ മനസ്സ് ഈ തണലിനെ ഒരു ഫലവൃക്ഷം
കൂടിയാക്കുന്നു.
ലേഖനത്തിന്റെ ആദ്യമെഴുതിയ തണല്‍ വൃക്ഷം ചില മനസ്സുകളാണ്. അവരും ആ
വൃക്ഷങ്ങളെ പോലെ തന്നെ, തന്നില്‍ വന്നിരിക്കുന്ന അണ്ണാനോടും മരംകൊത്തിയോടും
കലഹിക്കാതെ അവര്‍ക്കാവശ്യമുള്ളത് വിട്ടു കൊടുത്ത് മരത്തണലില്‍
ആശ്വാസത്തിനിരിക്കുന്നവര്‍ക്ക് കുളിരേകി ആ മനസ്സുകള്‍ മുന്നോട്ടു പോകുന്നു.
മറ്റുള്ളവര്‍ക്ക് സാന്ത്വനവും തണലുമാകുന്ന നിരവധി സന്ന്ദ്ധ സംഘടനകള്‍ക്കും
ചാരിറ്റി സ്ഥാപനങ്ങള്‍ക്കും സമര്‍പ്പിക്കുന്നു ഈ ലക്കം.
ഒപ്പം ഒന്നുകൂടി
ഓര്‍മ്മിപ്പിക്കട്ടെ, പേരില്‍ മാത്രം അളവിലലതെ കാരുണ്യം വര്‍ഷിച്ച്
അവനവന്റെ ഭണ്ടാരം നിറയ്ക്കുന്ന സംഘടനാ പ്രവര്‍ത്തകരും ഉണ്ടെന്ന്
മറക്കുന്നില്ല. അവരെ കണ്ടെത്തി അവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാം,
അര്ഹതയുള്ളവര്‍ക്ക് ദാനം നല്‍കാം, അവരെ കൈപിടിച്ച് ജീവിതത്തിലേയ്ക്ക്
ഉയര്‍ത്താം . അതിലും വലുതായി എന്തുണ്ട്. അതൊരു അടിസ്ഥാന സ്വഭാവമാണ്,
ഒരുവന്‍ അവന്റെ അടുത്തുള്ള സഹജീവിയെ സ്‌നേഹിക്കുന്ന മനസ്സോടെ പ്രകൃതിയേയും
സ്‌നേഹിക്കാന്‍ കഴിയും.
ജീവിക്കാന്‍ പ്രകൃതിയും ഒപ്പം വേണമല്ലോ.