Image

ഇടുക്കിയുടെ കണ്ണുനീര്‍ അമേരിക്കയില്‍ നിന്നു നോക്കുമ്പോള്‍

Published on 21 November, 2013
ഇടുക്കിയുടെ കണ്ണുനീര്‍ അമേരിക്കയില്‍ നിന്നു നോക്കുമ്പോള്‍

ഇടുക്കിയുടെ കണ്ണുനീര്‍ അമേരിക്കയില്‍ നിന്നു നോക്കുമ്പോള്‍ 

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, ഓര്‍മ്മകളുടെ വേലിയേറ്റവും
അമേരിക്കന്‍ ഡ്രീംസിന്റെ ഭാഗമാണ് സ്വന്തമായ വീട്. അമേരിക്കന്‍ സ്വപ്‌നം പൂര്‍ണ്ണമാകണമെങ്കില്‍ സ്വന്തം വീട് (അപ്പാര്‍ട്ട്‌മെന്റ് അഥവാ ഫഌറ്റ്) ആയാലും മതി.

വീടിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കടന്നു വരുന്നു. ഇടുക്കി ജില്ലയിലെ ശാന്തമ്പാറയിലായിരുന്നു അന്‍പതുകളില്‍ ഞങ്ങളുടെ വീട്. വീട് എന്നു പറഞ്ഞാല്‍ പുല്ലുകൊണ്ട് മറച്ച് ഒരു മേല്‍ക്കൂര (അതും പുല്ലു മേഞ്ഞത്).

ഏതോ ഒരു നാള്‍ അതുവഴി വന്ന ആന വീടിന്റെ സൈഡില്‍ ഇടിച്ചു. അങ്ങനെ ഒരു ഭാഗം ചെരിഞ്ഞു. വീട്ടില്‍ ആള്‍ ഉണ്ടായിരുന്നപ്പോഴാണോ ഇല്ലാത്തപ്പോഴാണോ അതു സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. എന്തായാലും ആ സ്ഥലം വിടുന്നതുവരെ വീട് അങ്ങനെ ചെരിഞ്ഞു നിന്നു. പുല്ലുകൊണ്ടുള്ള വീടായിരുന്നതിനാല്‍ അത്രയൊന്നും പേടി തോന്നിയില്ല.

പിന്നീട് മറ്റൊരിടത്ത് വച്ച് ഞാങ്ങളുടെവീട് വീണു. അകത്ത് ഞങ്ങള്‍ മൂന്നു പേര്‍. കാര്യമായൊന്നും പറ്റിയില്ല. വീടിന്റെ കോലം അത്രയേഉണ്ടായിരുന്നുള്ളു.

അമ്പതുകളിലും മറ്റും ഹൈറേഞ്ചിലേക്ക് കുടിയേറിയവര്‍ക്ക് ഇത്തരം കഥകള്‍ പറയാനുണ്ട്.

കോട്ടയത്തും പാലായിലുമൊക്കെ ഒരു ഗതിയുമില്ലാതെ കഴിഞ്ഞവര്‍ക്ക് ഒരുകൈ നോക്കാനുള്ള വാതിലായിരുന്നു അക്കാലത്തെ ഹൈറേഞ്ച്. രണ്ടാം ലോക മഹായുദ്ധകാലത്തെ വറുതിയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ സര്‍ക്കാരും പിന്നീട് പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമൊക്കെ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. കല്ലാര്‍ പട്ടംകോളനി തന്നെ ഉദാഹരണം.

ഞങ്ങളുടെ കുടുംബവും ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലായി പലവര്‍ഷം കഴിഞ്ഞു. അവിടെയും പച്ചപിടിക്കുന്നില്ലെന്നു കണ്ടപ്പോള്‍ 1970ല്‍ വീണ്ടുമൊരു മടക്കയാത്ര.

നാല്‍പ്പതുവര്‍ഷത്തിനുശേഷം ഹൈറേഞ്ചില്‍ വീണ്ടും ചെന്നപ്പോള്‍ അവിടുത്തെ സ്ഥിതി ഏറെയൊന്നും മെച്ചപ്പെട്ടിട്ടില്ല. ജനങ്ങള്‍ കൂടി. ദരിദ്രരുടെ എണ്ണം കൂടി. പണ്ട് നല്ല നിലയില്‍ കഴിഞ്ഞിരുന്ന പല സുഹൃത്തുക്കളും ഇപ്പോള്‍ ദയനീയാവസ്ഥയിലായതും കണ്ടു. കേരളത്തില്‍ പട്ടിണിയും ദാരിദ്ര്യവും ഏറെയുള്ള രണ്ടു ജില്ലകളാണു ഇടുക്കിയും വയനാടും. ക്രുഷിയില്‍ നിന്നുള്ള ചെറിയ വരുമാനമല്ലാതെ മിക്കവര്‍ക്കും മറ്റു മാര്‍ഗമില്ല. ക്രുഷി ചെയ്യാനാകട്ടെ അര ഏക്കറോ ഒരേക്കറൊ സ്ഥലം മാത്രമുള്ളവരാണു മിക്കവരും. വന്‍കിടക്കാര്‍ ഒരു ശതമാനം കാണും. പ്രക്രുതി സ്‌നേഹം പ്രസംഗിക്കുന്നര്‍ ഇതൊന്നും കാണുന്നില്ല.

അക്കാലത്തെ ചില ഓര്‍മ്മകള്‍ മനസിലുണ്ട്. അവശനിലയില്‍ ഒരു ബാലികയും സഹോദരനും പിതാവുംകൂടി നടന്നു പോകുന്നതാണ് ഒന്ന്. ഇതിനോടകം ഏതാനും മൈല്‍ അവര്‍ നടന്നുകാണും. പാമ്പുകടിയേറ്റ ബാലിക വേച്ചുപോകുന്നു. വേഗം നടക്കെടി...വേഗം നടക്കെടീ... എന്ന് സഹോദരന്‍ കേണപേക്ഷിച്ചത് ഇന്നും ചെവിയില്‍ മുഴങ്ങുന്നു.

ആ കുട്ടി മരിച്ചു എന്ന് പിന്നീട് കേട്ടു. ആശുപത്രിയും ഡോക്ടറുമൊന്നും അടുത്തില്ലാത്ത കാലമാണ്. അന്നു വലിയ തോവാളയിലായിരുന്നു ഞങ്ങളുടെ താമസം. അയലത്തെ ആശുപത്രി കട്ടപ്പനയില്‍. മൂന്നാലു മൈല്‍ നടക്കണം.

വലിയ തോവാള ക്രിസ്തുരാജ സ്‌കൂള്‍ അന്ന് െ്രെപമറി സ്‌കൂളാണ്. ഞാന്‍ നാലാം ക്ലാസ് പാസാകുമ്പോള്‍ അഞ്ചാം ക്ലാസ് വന്നു. അങ്ങനെ ഏഴാം ക്ലാസ് വരെ അവിടെ. പിന്നീട് കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കുളില്‍.

പള്ളികളോടനുബന്ധിച്ചായിരുന്നു ഈ വിദ്യാലയങ്ങള്‍. ഇവ അവിടെ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സ്‌കൂള്‍ തന്നെ കാണുമായിരുന്നോ എന്നു സംശയം.

മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എഴുതിയ ലേഖനത്തില്‍ െ്രെകസ്തവ സഭ വനം കൈയ്യേറിയതായി പറയുന്നു. എവിടെ? വിശ്വാസികള്‍ വന്നപ്പോള്‍ അവിടെ പള്ളി വന്നു. അതിനോടൊപ്പം പള്ളിക്കൂടവും.

അന്നൊക്കെ അനുയോജ്യമായ ഒരു സ്ഥലം വളച്ചെടുത്ത്, അല്ലെങ്കില്‍ ചുരുങ്ങിയ വിലയ്ക്ക് നേരത്തെ വളച്ചെടുത്തവരോട് വാങ്ങുകയായിരുന്നു പതിവ്. പള്ളികളും സ്‌കൂളുകളും ഉണ്ടായതും അങ്ങനെ തന്നെ. അവ എന്തോ ആസൂത്രിത കയ്യേറ്റമാരുന്നുവെന്നു പറയുമ്പോള്‍ ഖേദം തോന്നുന്നു. പള്ളിയും സ്‌കൂളുമൊക്കെ പൊതു സ്വത്തുക്കളാണ്. ആരുടെ കൈയ്യില്‍ അത് ഇരുന്നാലും പൊതു സ്വത്തായി തന്നെ നിലനില്ക്കുകയും ചെയ്യും.

ആറന്മുളയില്‍ പുരാതന തറവാടും, തിരുവനന്തപുരത്ത് നല്ല വീടുമുള്ള കവയിത്രി സുഗതകുമാരി കാടെവിടെ മക്കളെ' എന്നു പാടുമ്പോള്‍ എന്റെ ഉള്ളു പിടയ്ക്കും. ഞാനും വീട്ടുകാരും കാട്ടുകള്ളന്മാരോ പ്രകൃതിയെ നശിപ്പിച്ചവരോ ആണോ? ആ മലനിരകളിലേക്ക് കഠിന യാതനകളൊക്കെ അനുഭവിച്ച് പോയത് ഉല്ലാസ യാത്രയ്ക്കായിരുന്നോ? ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ ഓരോ വഴിയെത്തുന്നുവെന്നുമാത്രം.

ഇടുക്കി ജില്ലയില്‍ കൂടുതല്‍ ക്രിസ്ത്യാനികളായതിനാല്‍ ഇതൊരു െ്രെകസ്തവ പ്രശ്‌നമാണെന്ന ധ്വനിയും കണ്ടു. ഗള്‍ഫിലെ മലയാളികളില്‍ കൂടുതല്‍ മുസ്‌ലീമുകളായതും അമേരിക്കയിലെ മലയാളികളില്‍ കൂടുതല്‍ ക്രിസ്ത്യാനികളായതുമൊക്കെ മനപൂര്‍വ്വം സംഭവിച്ചതല്ല. അമേരിക്കയില്‍ കുടിയേറ്റത്തിന് കൂടുതല്‍ അവസരം കിട്ടിയത് നഴ്‌സുമാര്‍ക്കാണ്. മുമ്പൊക്കെ െ്രെകസ്തവ വനിതകള്‍ മാത്രമേ നേഴ്‌സിംഗിനു പോകാറുണ്ടായിരുന്നുള്ളൂ. അതിനാല്‍ അവര്‍ക്ക് അവസരം കൈവന്നു.

അതുപോലെതന്നെ കോട്ടയത്തോടും പാലായോടുമൊക്കെ അടുത്തു കിടക്കുന്ന ഭൂവിഭാഗമെന്ന നിലയിലാണ് ഹൈറേഞ്ചിലേക്ക് ആളുകള്‍ കുടിയേറിയത്. അതിനു പിന്നില്‍ ജാതിയോ മതമോ ഉണ്ടെന്ന് സ്വപ്‌നേപി ആരും കരുതിയിട്ടില്ല- വര്‍ഗീയവാദം തഴച്ചു വളരാനാരംഭിക്കുന്നതുവരെ.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ശനമായി നടപ്പാക്കുകയും അവിടെ നിന്ന് നല്ലൊരു പങ്ക് മനുഷ്യരെ കുടിയൊഴിപ്പിക്കുകയും ചെയ്താലുണ്ടാകുന്ന സ്ഥിതി ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ലക്ഷക്കണക്കിനു മനുഷ്യര്‍ എന്തുചെയ്യും? അവര്‍ വിഴിയാധാരമായി തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ ചേരിപ്രദേശങ്ങള്‍ സൃഷ്ടിച്ച് ജീവിക്കണമെന്നോ?

മലമുകളില്‍ ഏതൊരു അവസ്ഥയിലും ഉണ്ടാകാവുന്ന ഉരുള്‍പൊട്ടലിനെയൊക്കെ ഓര്‍ത്ത് പേടിച്ചു ജീവിക്കുന്ന ധാരാളം മനുഷ്യരാണ് ഇടുക്കിയിലുള്ളത്. അവരുടെ ഭീതിക്ക് പരിഹാരമുണ്ടാക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെപറ്റി ഓര്‍ക്കുമ്പോള്‍ അമേരിക്കയിലെ ഇന്ത്യാക്കാരുടെ സ്ഥിതിയാണു താരതമ്യം ചെയ്യാന്‍ തോന്നുന്നത്. നാളെ ഒരു ഭരണാധികാരി വന്ന് കുടിയേറ്റക്കാര്‍ മുഴുവന്‍, അല്ലെങ്കില്‍ ദക്ഷിണേഷ്യക്കാരായ കുടിയേറ്റക്കാര്‍ മുഴുവന്‍ ഒഴിഞ്ഞു പോകണം എന്നു പറഞ്ഞാല്‍ എങ്ങനെ ഇരിക്കും? എങ്ങനെ ആയിരിക്കും അമേരിക്കയിലുള്ള ഞങ്ങള്‍ പ്രതികരിക്കുക?
അടിമകളായി കൊണ്ടു വന്ന ആഫ്രിക്കക്കാരെതിരിച്ചയക്കണമെന്നു പറഞ്ഞ പ്രസിഡന്റും അമേരിക്കയിലുണ്ടായിട്ടുണ്ടെന്നോര്‍ക്കുക.

മലകളില്‍ തന്നെ താമസിക്കണമെന്ന് ആര്‍ക്കെങ്കിലും നിബന്ധമുള്ളതായി തോന്നിയിട്ടില്ല. വേറൊരു വഴി അവര്‍ക്കു നല്‍കാനുണ്ടോ? അതിനു സാധ്യത ഇല്ലാത്തിടത്തോളം കാലം പ്രക്രുതിയോടിണങ്ങി ജീവിക്കാനുള്ള സുരക്ഷിതത്വ ബോധമാണു ഇടുക്കിയില്‍ സ്രുഷ്ടിക്കേട്ണത്

see paras from article of former Chief Secretary K Jayakumar
ഇടയലേഖനം വായിക്കുന്നതിനൊപ്പം, ലഘുലേഖകള്‍ വായിക്കുന്നതിനൊപ്പം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരാവൃത്തി വെറുതെയെങ്കിലും വായിക്കണം. അപ്പോള്‍ ഈ സമരങ്ങളെയോര്‍ത്ത് നിങ്ങള്‍ ലജ്ജിക്കേണ്ടിവരും. മാത്രവുമല്ല, പശ്ചിമഘട്ട മേഖലയില്‍ പ്രത്യേകിച്ച് ഇടുക്കിയിലെ റവന്യൂ, വന ഭൂമികളില്‍ വിശ്വാസത്തെ മറയാക്കി സഭ നടത്തിയ കൈയേറ്റങ്ങളെക്കുറിച്ച് ഏറ്റുപറയുകയും വേണം. സഭ കൈയേറിയ ഭൂമി സംരക്ഷിക്കാന്‍ വിശ്വാസികളെ തെരുവിലിറക്കുന്നത് കൂടുതല്‍ ലജ്ജാകരമാണ്. പരിസ്ഥിതി ലോലമേഖലകളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ജനവാസവും കൃഷിയും പാടില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതിക്കിണങ്ങുന്ന പുരോഗതിക്കായി ജനപങ്കാളിത്തത്തോടെ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി അതിനനുസരിച്ച് പുരോഗമനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍, ഇക്കാര്യം മറച്ചുവെച്ച് ഇടുക്കിയിലെയും വയനാട്ടിലെയും ജനങ്ങള്‍ കുടിയിറങ്ങേണ്ടിവരുമെന്ന തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വിവിധ സോണുകളില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ മിക്ക നിര്‍ദേശങ്ങളും നിലവിലെ വനം-പരിസ്ഥിതി സംരക്ഷണനിയമങ്ങളും നയങ്ങളും കാര്യക്ഷമമായി നടപ്പാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ എന്നു കാണാം. ഈ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നവര്‍ നിലവിലുള്ള നിയമങ്ങളോ നയങ്ങളോ പാലിക്കാന്‍ തയാറല്ളെന്നാണ് പ്രഖ്യാപിക്കുന്നത്.....................
ഇവിടെ സവിശേഷമായി മനസ്സിലാക്കേണ്ട ഒരു കാര്യം, ഇടുക്കിയില്‍ മാത്രം ചെറുതും വലുതുമായ 150ഓളം അണക്കെട്ടുകളുണ്ട്. ഈ അണക്കെട്ടുകള്‍ നിര്‍മിക്കാനായി നശിപ്പിക്കപ്പെട്ട പരിസ്ഥിതിയുടെ ചെറിയൊരംശംപോലും കര്‍ഷകര്‍ നശിപ്പിച്ചിട്ടില്ല. ഇവിടെനിന്നുല്‍പാദിപ്പിക്കുന്ന വൈദ്യുതിയും വെള്ളവും കുടിയേറ്റ കര്‍ഷകരിലേക്കല്ല അധികവും എത്തിച്ചേരുന്നത്. വന്‍ കരിങ്കല്‍ ക്വാറികളിലെ കല്ലുകള്‍കൊണ്ട് അവിടെ ആരും മണിമാളിക കെട്ടുന്നില്ല. മലയിടിച്ച് പാടം നികത്തുന്നില്ല. കരമണല്‍ തുരന്നെടുക്കുന്നത് സമതലങ്ങളിലെ നിര്‍മാണക്കമ്പനികള്‍ക്കായാണ്. നാട്ടിലെ വ്യവസായ വികസന ലോബിക്കുവേണ്ടിയാണ് പശ്ചിമഘട്ടം മുടിച്ചത്. എന്നാല്‍, കര്‍ഷകരാണ് കുറ്റവാളികളെന്ന് പ്രചരിപ്പിച്ച് ഉറപ്പിക്കുന്നു. കുടിയേറ്റക്കാര്‍, കുറ്റവാളികള്‍ എന്ന ലേബല്‍ ഒട്ടിച്ചുകൊടുത്താണ് കര്‍ഷകരെ സമരത്തിനിറക്കുന്നത്. യഥാര്‍ഥത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് അവിടെ അധിവസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ്. അതിലൂടെ ലോകത്തിന് മുഴുവനുമാണ്. കര്‍ഷകര്‍ ഒന്നടങ്കം സംഘടിച്ച് സമരം ചെയ്യേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് വേണ്ടിയും ഭൂമാഫിയകള്‍ക്കെതിരെയുമാണ്.
Full article in Madhyamam.

see also Dr Babu Paul's article
ഈ പശ്ചാത്തലം അറിയാതെ മേനകഗാന്ധി പേപ്പട്ടിയെ ചികിത്സിക്കുന്നത് പോലെ കൈകാര്യം ചെയ്യാവുന്നതല്ല പ്രശ്നം എന്ന് ചുരുക്കിപ്പറഞ്ഞ് നിര്‍ത്താം. രണ്ട് കാര്യങ്ങള്‍. ഒന്ന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മരമൗലികവാദികളുടെ സുവിശേഷമാണെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുപേക്ഷണീയമായ തിരുത്തലുകളോടെ എല്ലാവരും അംഗീകരിക്കണം. ഉമ്മന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വരട്ടെ. എന്ത് തിരുത്തലാണ് വേണ്ടത് എന്ന് അതിനുശേഷം ചര്‍ച്ച ചെയ്യാം. ഹൈറേഞ്ചില്‍ പാറ പൊട്ടിക്കണ്ട. ടൗണ്‍ഷിപ്പ് പണിയണ്ട. എങ്കിലും കക്കൂസില്‍ പോകാന്‍ തഹസീല്‍ദാരുടെ പെര്‍മിറ്റ് വേണമെന്ന് പറയരുത്. രണ്ടാമത് അര്‍ജന്‍റീനയില്‍ ആയിരുന്നപ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുവര്‍ത്തിച്ച നയങ്ങള്‍ സഭാ നേതൃത്വം സ്വീകരിക്കണം. ഇപ്പോള്‍ കര്‍ദിനാള്‍ ജോര്‍ജ് തിരുമേനി മാത്രമാണ് ആ ലൈന്‍ പിന്തുടര്‍ന്ന് കാണുന്നത്. കുടിയേറ്റക്കാര്‍ക്ക് വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സ്കൂള്‍ കഴിഞ്ഞ് ഒമ്പത് കൊല്ലം പഠിച്ച വൈദികര്‍ സ്വാഭാവിക നേതാക്കന്മാര്‍ ആയിരുന്നു.ഇപ്പോള്‍ അതല്ല അവസ്ഥ. ഇപ്പോള്‍ വൈദികരുടെ നേതൃത്വം നമ്മുടെ സാമൂഹിക ജീവിതത്തില്‍ ‘വിരുദ്ധശിലയും തടങ്ങല്‍ പാറയും’ ആവുന്നത് അവര്‍ തിരിച്ചറിയണം.
ആറന്മുള വിമാനത്താവളത്തിനെതിരെ ഹിന്ദു ഐക്യവേദി 10 സ്വാമിമാരെ ഒപ്പംനിര്‍ത്തി സമരം ചെയ്യുമ്പോലെയും പൂന്തുറയിലോ ബീമാപള്ളിയിലോ ഒരു കുടിയിറക്ക് പ്രശ്നത്തില്‍ തിരുവനന്തപുരം ജില്ലയിലെ മൗലവിമാര്‍ സമരത്തിനിറങ്ങുമ്പോലെയും തന്നെയാണ് വൈദിക നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടുന്നത്. അതുകൊണ്ട് തിരുമേനിമാര്‍ അരമനകളിലേക്കും അച്ചന്മാര്‍ അള്‍ത്താരയുടെ വിശുദ്ധിയിലേക്കും അടിയന്തരമായി മടങ്ങണം, ഈ സമൂഹത്തിലെ ബഹുസ്വരത മാനിച്ചുകൊണ്ട്. ശേഷം കാര്യങ്ങള്‍ വിദഗ്ധരും ജനങ്ങളും സര്‍ക്കാറും നടത്തട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക