തിരിച്ചറിവുകള്‍ എന്ന നോവല്‍ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടിട്ടും കാണാതെപോകുന്ന ചില കാഴ്ചകളാണ്. അവിടെ ബന്ധത്തിന്റെ തീവ്രതയും വ്യവസ്ഥകളെ വലിച്ചെറിഞ്ഞ് അതിരില്ലാതെ സ്വതന്ത്രബോധത്തില്‍ അധിഷ്ഠിതമായ മാനവികത വിളിച്ചു പറയുന്ന മനുഷ്യരെയും കാണാം. പ്രവാസിക്ക് ഗ്രഹാതുരത്വം സ്‌നേഹത്തിന്റെ മുള്‍കിരീടമാണ്. അതിടയ്ക്ക് സുഖമുള്ള ഓരോര്‍മ്മയായി വിടാതെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. പിറന്ന മണ്ണും സംസ്‌കാരവുമൊക്കെ വിട്ട് ഇയാം പാറ്റയെ പോലെ വെളിച്ചത്തില്‍നിന്ന് വെളിച്ചത്തിലേക്ക് ഓടുമ്പോഴും ടോണി എന്ന കേന്ദ്രകഥാപാത്രത്തില്‍ ഗ്രഹാതുരമായ നാടിന്റെ ഓര്‍മ്മകള്‍ പുറകോട്ട് മാടിവിളിക്കുന്ന അദൃശ്യമായ ബിംബമായി ഉയര്‍ന്ന് നില്‍ക്കുന്നത് കാണാം. ബന്ധങ്ങള്‍ അതിരുകള്‍ക്ക് അപ്പുറമാണെന്ന് തിരിച്ചറിയുന്ന ടോണി യഥാര്‍ത്ഥ മാനവികത എന്നാല്‍ എല്ലാ സഹജീവികളെയും തന്നെപോലെ തന്നെ സ്‌നേഹിക്കലാണെന്നു തിരിച്ചറിയുന്നിടത്താണ് ടോണിയുടെ ബോധോതയം എന്ന് നോവലിസ്റ്റ് പറയാതെ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് അടുത്ത് കീഴപള്ളിയില്‍ 1982 ഓഗസ്റ്റ് 27നാണ് നോവലിസ്റ്റ് ശ്രീ.ജിന്‍സന്‍ ഇരിട്ടിയുടെ ജനനം. സ്‌ക്കൂള്‍ വിദ്യാഭ്യാസം മുതല്‍ സജീവമായി എഴുതുന്ന ശ്രീ. ജിന്‍സന്‍ ഇതിനോടകം നിരവധി കഥകളും, ലേഖനങ്ങളും, രണ്ട് നോവലുകളും എഴുതിയിട്ടുണ്ട്. 2008 മുതല്‍ കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസിക്കുന്ന ശ്രീ. ജിന്‍സന്‍ പ്രധാനപ്പെട്ട മലയാളം ഓണ്‍ലൈന്‍ പത്രങ്ങളിലൊക്കെ കഥകളും, ലേഖനങ്ങളും, നോവലും എഴുതാറുണ്ട്. ലണ്ടനില്‍ ക്രോയിഡോനില്‍ മാനസിക രോഗികളുടെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ സീനിയര്‍ കെയറര്‍ ആയി ശ്രീ. ജിന്‍സന്‍ ഇപ്പോള്‍ ജോലിചെയ്യുന്നു.
സമര്‍പ്പണം
ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട എല്ലാ സഹജീവികള്‍ക്കും
അദ്ധ്യായം 1
ലണ്ടന്‍ എല്ലാ ആഴ്ചാവസനാവുംപോലെ ഇന്നും ലഹരിയില്‍ മുങ്ങിയ നഗരമാണെന്ന് അവന് തോന്നി.
മദ്യവും കാമവും രംഗബോധമില്ലാത്ത ഏതോ ജീവികളെപോലെ പരസ്പരം ഇണചേരുന്നു.
“ടോണി നീ എവിടെയാ?”
ഗ്ലാസ്സിലെ പകര്‍ന്ന മദ്യം അതുപോലെ വച്ച് ജനലിലൂടെ ദൂരകാഴ്ചകളില്‍ കണ്ണുംനട്ടിരിക്കുന്നത് കണ്ട് എമിലി ചോദിച്ചു.
“ഞാന്‍ വെറുതെ ഓരോ ചിന്തകളിലേക്ക്…”
അവന്‍ ഗ്ലാസ്സിലെ ബിയര്‍ കുടിക്കാന്‍ എടുത്തപ്പോള്‍ അതില്‍ കിടന്ന് ഒരു പ്രാണി പിടയുന്നത് കണ്ട് അതിനെ പിടിച്ച് കരകയറ്റി.
അത് നനഞ്ഞ് കുതിര്‍ന്ന് ടേബിളില്‍ ഇരുന്ന് അവനെ നോക്കി വിറച്ചു.
അല്പം കഴിഞ്ഞപ്പോള്‍ അത് ജീവിതം തിരിച്ച് കിട്ടയത് ആഘോഷിക്കാന്‍ എവിടേയ്‌ക്കോ പറന്ന് പോയി.
“ടോണി ഞാന്‍ നാളെ ഡ്യൂട്ടിക്ക് വരുന്നില്ല. ഞാന്‍ സുഖമില്ലാന്നു വിളിച്ചു പറയാന്‍ പോകുവാ”
“എന്തുപറ്റി?”
“ഓ ഒന്നുമില്ല. ഞാന്‍ നാളെ ബ്രയിറ്റണിന് പോകുവാ. നാളെ മറ്റെ ഐറിഷ്‌കാരന്‍ വരുന്നുണ്ട്. എന്റെ പഴയ കാമുകന്‍ ആ ടെക്സ്റ്റയില്‍സ് ഓണര്‍. അയാള്‍ക്കെന്നെ കാണാതിരിക്കാന്‍ പറ്റുന്നില്ലാന്ന്.”
“ഓ ആ വയസ്സനോ?” നിന്റെ തലയ്ക്ക് വല്ല വട്ടുണ്ടോ?”
എമിലി ചിരിച്ചുകൊണ്ട് സിഗരറ്റ് ആഞ്ഞ് വലിച്ച് പുക മുകളിലേക്ക് ഊതി വിട്ട് രസിച്ചു.
“അയാളൊരു പാവല്ലേ… ഒരു പാവം സ്വീറ്റ് ഹാര്‍ട്ട്…”
“നീ അയാളുടെ കൈയ്യില്‍ നിന്ന് നല്ല പണം പിടുങ്ങുന്നുണ്ടാവും അല്ലേ? അയാള് മില്ല്യനേയറല്ലേ”
“ഏയ് അതുമാത്രം പറയരുത് അങ്ങനെ പണം ഉണ്ടാക്കാനാണെങ്കില്‍ ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ അയാളുടെ പ്രോപ്പര്‍ട്ടി മുഴുവനും വേണെങ്കിലും എന്റെ പേരിലേക്ക് എഴുതി തരും. എനിക്കതിന്റെ ആവശ്യമില്ല. അല്ലെ പിന്നെ ലണ്ടനില്‍ ഒന്നാംകിട യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ. പഠിക്കാന്‍ വന്ന ഞാന്‍ പോക്കറ്റ് മണിക്ക് ഒരു കെയര്‍ഹോമില്‍ എന്തിനാണ് കെയര്‍ പണി എടുക്കുന്നത്. പപ്പയോട് ഒരു വാക്ക് പറഞ്ഞാല്‍ എത്ര ലക്ഷം വേണമെങ്കിലും ഇങ്ങോട്ട് അയച്ച് തരും”
എമിലിയുടെ മുഖം വാടിയതുകണ്ട് ടോണി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു:
“ഞാന്‍ ചുമാതെ പറഞ്ഞതാ. എനിക്കറിയില്ലെ നിന്നെ…”
എമിലി നിശബ്ദമായി അവനെ നോക്കി. പിന്നെ ഗ്ലാസ്സിലെ അവശേഷിച്ച ബിയറുകൂടി കുടിച്ച് അടുത്ത സിഗരറ്റ് കൊളുത്തി.
എമിലി സിഗരറ്റ് ആഞ്ഞ് വലിച്ച് പുക ആസ്വദിച്ച് പുറത്തേക്ക് വിടുന്നത് നോക്കി അവന്‍ ഇരുന്നു.
പുകവലിച്ച് ചുണ്ടുകള്‍ കറ പുരണ്ടിട്ടുണ്ടെങ്കിലും എമിലി സുന്ദരിയാണ്. നീണ്ട ചുരുള്‍ മുടികള്‍ക്ക് എന്തോ ഒരു വശ്യതയുണ്ടെന്ന് ടോണിക്ക് തോന്നി. ഒരു പക്ഷേ ആ നീണ്ട ചുരുള്‍മുടികള്‍ മാത്രമായിരിക്കാം എമിലിയെ മലയാളിയായി തോന്നിപ്പിക്കുന്ന ഏക ഘടകം. ചുരിദാറും സാരിയുമൊക്കെ എമിലി കണ്ടിട്ടുണ്ടോയെന്ന് തന്നെ സംശയം അല്ലെങ്കില്‍ തന്നെ പാരമ്പര്യത്തിനോട് എമിലിക്ക് തീരെ താല്‍പ്പര്യമില്ല.
ജനിച്ചതും വളര്‍ന്നതും മട്ടാഞ്ചേരിയിലായിരുന്നതുകൊണ്ടായിരിക്കും എമിലിയുടെ ജീവിതരീതിയിലെവിടെയും ഒരു പാശ്ചാത്യചുവ. കൈപിടിച്ച് വളര്‍ത്തേണ്ട അമ്മ പ്രസവത്തോടെ തന്നെ മരിച്ചതുകൊണ്ടാവാം എമിലി ചിലപ്പോള്‍ ഇങ്ങനെയൊക്കെയായി പോയത്.
“എമിലിടെ ഡാഡിയെന്താ മറ്റൊരു വിവാഹം കഴിക്കാതിരുന്നെ പിന്നെ”
എമിലി ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് ടോണിയെ നോക്കി. പിന്നെ സിഗരറ്റില്‍ നിന്ന് ഒരു പുക കൂടി ഊതിവിട്ടു.
“ഡാഡിക്ക് ബിസിനസ്സിന്റെ തിരക്ക് കഴിഞ്ഞിട്ട് പിന്നെയെന്തിനെങ്കിലും സമയമുണ്ടോ?.. പക്ഷേ ഡാഡിക്ക് എന്നോട് വല്ലാത്ത സ്‌നേഹമാണ് ഹി ലവ്‌സ് മി റ്റൂ മച്ച്”
എമിലി ഒന്ന് നിര്‍ത്തിയിട്ട് വീണ്ടും പറഞ്ഞു:
“ഡാഡി ഞാന്‍ വരുന്നതും നോക്കിയിരിക്കുവാ ഡാഡിയുടെ ബിസിനസ്സു മുഴുവന്‍ എന്നെ ഏല്‍പ്പിക്കാന്‍. അതിനാ എന്നെയിവിടെ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാന്‍ വിട്ടിരിക്കുന്നത്. എനിക്കാണെല്‍ ഒട്ടും താല്‍പ്പര്യവുമില്ല. സന്തോഷം കിട്ടാതെ കുറെ പണം ഇങ്ങനെ കുന്ന്കൂട്ടി വച്ചിട്ടെന്തു കാര്യം. ബീംഗ് ഹാപ്പി ഈസ് മോമ ഇംപോര്‍ട്ടന്റ്. ഞാനൊരു കമ്മ്യൂണിസ്റ്റൊന്നുമല്ല. എങ്കിലും പറയുകയാ. പണം കുന്ന് കൂടുമ്പോവല്ല ആനന്ദം തോന്നേണ്ടത് അത് ഇല്ലാത്തവന് കൊടുക്കുമ്പോഴാണ്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്നതാണ് യഥാര്‍ത്ഥ വിപ്ലവം. അല്ലെ?..”
എമിലിയുടെ ശബ്ദം ഉച്ചത്തിലാകുന്നത് കണ്ട് ടോണി പറഞ്ഞു:
“എമിലി കള്ള് നിന്റെ തലയ്ക്ക് പിടിച്ചെന്നാ തോന്നുന്നത്. മതി കുടിച്ചത്”
“ഏയ് ഞാന്‍ കുടിച്ചതുകൊണ്ടല്ല പറയുന്നത്. മൂന്ന് ബിയര്‍ കുടിച്ചാല്‍ എനിക്കൊന്നും ആശില്ല..”
എമിലി നാലാമത്തെ ബിയറ് കാസ്സിലൂറ്റത് കണ്ട് ടോണി എണിറ്റൂ.
“എമിലി നീ ഗ്ലാസ്സിലല്ല ഒഴിക്കുന്നത്. നീ നല്ല പൂസാ. വാ മതി കുടിച്ചത്. നമുക്ക് പോകാം…”
ടോണി എമിലിയുടെ കൈയ്യില്‍ നിന്ന് ബിയറ് വാങ്ങി വച്ച് അവളെ കൈപിടിച്ച് എണിപ്പിച്ച് പുറത്തേക്ക് ഇറങ്ങി അവളുടെ തോളില്‍ കൈപിടിച്ച് ഫുട്ട്പാത്തിലൂടെ നേരെ നടന്നു.
താന്‍ ഇങ്ങനെ എത്ര രാത്രികളില്‍ എമിലിയുടെ തോളില്‍ കൈപിടിച്ച് ഈ ഹൈ സ്ട്രീറ്റിലൂടെ നടന്നിരിക്കുന്നു. ചെറിയ തണുപ്പുണ്ടെങ്കിലും മങ്ങിയ വെളിച്ചത്തില്‍ ഇങ്ങനെ നടക്കാന്‍ ഒരു പ്രത്യേക രസമുണ്ട്.
ഇന്ന് വീക്കന്റായതുകൊണ്ടാവാം പാതി രാത്രിയിലും നഗരത്തിലെ റോഡുകളിലൊക്കെ നല്ല തിരിക്കാണ്. ഫുഡ്പാത്തിലൊക്കെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സംഘം ചേര്‍ന്ന് സല്ലപിക്കുകയാണ്.
“എമിലി ആര്‍ യു ഓള്‍ റൈറ്റ്?”
എമിലി നിശബ്ദയായി നടക്കുന്നത് കണ്ട് ടോണി ചോദിച്ചു.
“അയാം ഒക്കെ…. വീടെത്തിയോ?”
എമിലി സ്ഥലബോധമില്ലാതെ ചോദിച്ചു.
“ഇതെ സെന്റ് മൈക്കിള്‍ ചര്‍ച്ചെത്തി. ഇനി ബെഡ്‌ഫോര്‍ഡ് പാര്‍ക്ക് റോഡിലൂടെ ഒരല്‍പ്പം നടന്നാല്‍ വീടെത്തി.”
“സെന്റ് മൈക്കിള്‍ ചര്‍ച്ചോ…? എന്നാ നമുക്കൊന്ന് പള്ളിക്കേറി പ്രാര്‍ത്ഥിച്ചിട്ട് പോയാലോ?”
“ഈ കള്ളു കുടിച്ചിട്ടോ..?”
“അതിനിപ്പം എന്നാ. കള്ളും കുടിച്ച് പൂസായിട്ട് കര്‍ത്താവിനോടനിക്ക് കുറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇങ്ങനെയൊള്ളപ്പഴല്ലെ എല്ലാ കാര്യങ്ങളും പറയാന്‍ പറ്റൂ…”
“അത് വേണ്ട നമുക്ക് പിന്നൊരിക്കല്‍ പോകാം”
“ആ എന്നാല്‍ അങ്ങനെങ്കില്‍ അങ്ങനെ”
ടോണി എമിലിയുടെ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് താക്കോലെടുത്ത് കതക് തുറന്ന് എമിലിയെ താങ്ങി പിടിച്ച് സ്റ്റെപ്പ് കയറി.
“ഈസ് ഷി ഓള്‍ റൈറ്റ്?”
പുറകില്‍ നിന്ന് വീട്ടുടമസ്ഥയായ വെള്ളക്കാരി ചോദിക്കുന്നത് കേട്ട് എമിലി പറഞ്ഞു:
“അയാം ഓള്‍ റൈറ്റ് പോള വി ഹാഡ് ബിറ്റ് ഡ്രിന്‍ങ്ക്. സി യു ടുമാറോ. ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”
എമിലി ബെഡില്ലേക്ക് പോയി വീണു.
ടോണി എമിലിയുടെ കാലില്‍ നിന്ന് നീളന്‍ ഹൈഹീല് ബൂട്ട് ഊരിയപ്പോള്‍ അവള്‍ പറഞ്ഞു:
“ടോണി വാ ഇന്നിവിടെ കിടക്കാം. മൈ ബ്ലാങ്കെറ്റ് ഈസ് റ്റൂ ബിഗ്”
എമിലി ചിരിച്ചുകൊണ്ട് ടോണിയുടെ കണ്ണുകളിലേക്ക് നോക്കി.
“ഏയ് ഞാന്‍ പോകുവാ. എനിക്ക് നാളെ ഡ്യൂട്ടിയുണ്ട്. നീ നാളെ ബ്രയിറ്റന് പോകുവല്ലെ.”
“ഉം…”
“ടേക്ക് കെയര്‍ യുവര്‍ സെല്‍ഫ്. എന്നെ വിളിക്കാന്‍ മറക്കരുത്.”
“ഉം ഞാന്‍ വിളിക്കാം”
ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ട് എമിലി പറഞ്ഞു.
ടോണി എമിലിയുടെ വീട്ടില്‍ നിന്നിറങ്ങി നേരെ തന്റെ വീട് ലക്ഷ്യമാക്കി നടന്നു. നാളെ ഡ്യൂട്ടിയുണ്ട്. തനിക്ക് എമിലിയെപ്പോലെ ഡ്യൂട്ടിക്ക് പോകാതിരിക്കാന്‍ കഴിയില്ല. കുറെ അധികം ഉത്തരവാദിത്വം തന്‍രെ തലയില്‍ ഉണ്ട്. മാസംതോറും അയയ്ക്കാനുള്ള പണം കൃത്യമായി അയച്ചില്ലെങ്കില്‍ താന്‍ വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് ചെന്നു ചാടും.
ഇവിടേക്ക് വരാന്‍ വേണ്ടി നാട്ടിലെ ബാങ്കില്‍ നിന്ന് മേടിച്ച ലോണിന്റേയും പിന്നെ പഴയ മറ്റു ലോണുകളുടെയും പലിശ ഓരോ മാസവും കൂടിവരുകയാണ്. ഒന്ന് അടവ് മുടങ്ങിയാല്‍ പലിശ ഇരട്ടിയാകും.
നാട്ടിലെ ചെറിയ പറമ്പില്‍ കൃഷികൊണ്ട് മാത്രം ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് ജീവിക്കാന്‍ പറ്റില്ല. നാട്ടിലെ കൃഷിക്കാര്‍ മത്സരിക്കേണ്ടത് അമേരിക്കയിലെ കുത്തക മുതലാളിമാരോടാണ്.
കൂടാതെ വൃദ്ധരായ വല്ല്യപ്പച്ചന്റേയും വല്ല്യമ്മയുടെയും ആശുപത്രി ചിലവുകള്‍ക്ക് താന്‍ വേറെ പണം അയച്ചുകൊടുക്കണം.
ചേട്ടന്മാര്‍ക്ക് അവരുടെ കുടുംബകാര്യം നോക്കാന്‍ മാത്രമേ കഴിയൂ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിട്ടുന്ന പണംകൊണ്ടല്ലേ ജീവിക്കാന്‍ പറ്റൂ.
“പാക്കി… പാക്കി…”
റോഡിന്റെ അരികില്‍ നിന്ന് രണ്ട് വെള്ളക്കാര്‍ തന്നെ നോക്കി ഒച്ചവയ്ക്കുന്നത് കേട്ട് ടോണി തിരിഞ്ഞു നോക്കി.
താന്‍ പാകിസ്ഥാനിയാണെന്ന് കരുതി തന്നെ നോക്കി വംശീയമായി വിളിച്ച് കൂവുകയാണ്.
ടോണി തിരിഞ്ഞ് നോക്കാതെ ചെറിയൊരു ഉള്‍ഭയത്തോടെ നടപ്പിന്റെ വേഗം കൂട്ടി. വീണ്ടും അവര്‍ പുറകില്‍ നിന്ന് വിളിച്ച് കൂവുന്നുണ്ട്.
ചിലപ്പോള്‍ മദ്യപിച്ച ചെറുപ്പക്കാരായ ചില വെള്ളക്കാര്‍ ക്രോയിഡോണില്‍ അപകടകാരികളാണ്. കഴിഞ്ഞ മാസം അര്‍ദ്ധ രാത്രിയില്‍ താന്‍ ഇതിലെ പോയപ്പോഴാണ് കുറെ ചെറുപ്പക്കാരായ വെള്ളക്കാര്‍ തന്റെ നേരെ കാലികുപ്പി എറിഞ്ഞത്. ഭാഗ്യത്തിന് ദേഹത്ത് കൊള്ളാതെ റോഡില്‍ ചിന്നിചിതറി. അവര്‍ക്ക് വിദേശികളോട് കടുത്ത വിരോധമാണ്. തങ്ങളാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരെന്നും ബാക്കിയുള്ളവരൊക്കെ ബുദ്ധിയില്ലാത്തവരും അടിമകളുമാണെന്നാണ് ഈ കൂട്ടരുടെ ധാരണ. പക്ഷേ ഇവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്. ഭൂരിപക്ഷം വെള്ളക്കാരും വിദേശികളോട് സഹാനുഭൂതി ഉള്ളവരും ദയാലുക്കളുമാണ്.
ക്രോയിഡോണില്‍ പൊതുവെ വംശീയ അധിക്ഷേപം കുറവാണ്. എല്ലാവിധത്തിലുമുള്ള ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരു നഗരമാണ്. എല്ലാവിധ ലോകസംസ്‌കാരങ്ങളുടെയും സംക്രമഭൂമി. ചരിത്രപരമായ ഒരുപാട് ശേഷിപ്പുകളുള്ള ഒരു പുരാതന നഗരം. മധ്യനൂറ്റാണ്ടില്‍ യൂറോപ്പിലെ പ്രധാന വാണിജ്യ നഗരങ്ങളിലൊന്നായിരുന്നു ക്രോയിഡോണ്‍ എന്ന് താന്നേതോ ചരിത്രപുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു.
പക്ഷേ ബ്രിട്ടണിലെ ഏറ്റവും കൂടുതല്‍ മോഷണവും പിടിച്ചുപറിയും നടക്കുന്ന നഗരമാണ് ക്രോയിഡോണ്‍. ക്രോയിഡോണിലൂടെ രാത്രി ഇങ്ങനെ നടക്കാന്‍ ഭയപ്പെടണം.
ടോണി നടപ്പിന്റെ വേഗം കുറച്ച് ഒന്ന് തിരിഞ്ഞ് നോക്കി. ഭാഗ്യം ആരുമില്ല.
ക്രോയിഡോണ്‍ ക്ലോക്ക് ടവറെത്തി. ഇനി ഹൈസ്ട്രീറ്റിലെത്തി അവിടുന്ന് ഒരല്‍പ്പം പോയാല്‍ വീടെത്തി.
ക്ലോക്ക് ടവറില്‍ നാഴിക മണി അടിച്ചപ്പോള്‍ ടോണി ക്ലോക്കിലേക്ക് നോക്കി. സമയം രണ്ട് മണിയായി. ഇനി ചെന്ന് കിടന്ന് ഉറങ്ങീട്ട് രാവിലെ ഡ്യൂട്ടിക്ക് പോകണം. അതോര്‍ത്തപ്പോള്‍ ടോണിക്ക് മടുപ്പ് തോന്നി.
സമയം രാത്രിയേറെ വൈകിയെങ്കിലും റോഡില്‍ വഴിവിളക്കിന്റെ നല്ല വെളിച്ചമുണ്ട്.
അല്ലെങ്കില്‍ തന്നെ തനിക്ക് ഇരുട്ടിനെ തീരെ ഭയമില്ല. ഭയം ഇരുട്ടിന്റെ മനസ്സുള്ള മനുഷ്യരെ മാത്രമാണ്.
പണ്ട് താന്‍ നാട്ടില്‍ ആയിരുന്നപ്പോള്‍ എത്രയോ തവണ തന്റെ കീഴ്പ്പള്ളിയിലെ പുഴയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് കുളിക്കാന്‍ പോയിരിക്കുന്നു. കുളി കഴിഞ്ഞ് പുഴക്കരയിലെ വെള്ളാരംകല്ലുകള്‍ മുകളില്‍ കിടന്ന് ആകാശത്തൂകൂടി പറക്കുന്ന കടവാവലുകലെ എണ്ണിയും നക്ഷത്രങ്ങളെ നോക്കിയും അങ്ങനെ അര്‍ദ്ധരാത്രിവരെ കിടക്കും.
എത്ര കടവാവലുകളാണ് അന്നൊക്കെ ആകാശത്ത് കൂടി പറന്നിരുന്നത്.
പണ്ട് താന് കുട്ടിയായിരുന്നപ്പോള്‍ അമ്മയോടൊപ്പം പുഴയില്‍ തുണി അലക്കി കുളിക്കാന്‍ കൂട്ടുപോകുമായിരുന്നു. അമ്മ തുണി അലക്കുമ്പോള്‍ താന്‍ വെള്ളാരം കല്ലുകള്കക്ക് മുകളില്‍ കിടന്ന് ആകാശത്തേക്ക് നോക്കി മുകളിലൂടെ പറക്കുന്ന കടവാവലുകളെ കണ്ട് പേടിച്ചിട്ടുണ്ട്. അന്നൊക്കെ താന്‍ കരുതിയിരുന്നത് കടവാവലുകള്‍ അങ്ങ് മലമുകളില്‍ നിന്ന് പറന്ന് വരുന്ന ജിന്നുകളാണെന്നാണ്. അത് പുഴക്കരയിലെ പ്രേതങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വരുന്നതാണത്രേ.
അങ്ങനെയാണ് തന്റെ അയല്‍വക്കത്തെ ചായക്കടക്കാരനായ മുല്ലാക്ക തന്നെ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. പിന്നീടാണറിഞ്ഞത് ഈ കടവാവലുകള്‍ പകലു മുഴുവന്‍ മലമുകളിലെ കാട്ടിലെ വലിയ മരത്തില്‍ തൂങ്ങി കിടന്ന് ഉറങ്ങി രാത്രി ഇരതേടി ഇറങ്ങുന്നതാണെന്ന്.
ഇപ്പോള്‍ കടവാവലുകളുടെ എണ്ണം കുറഞ്ഞു. മനുഷ്യന്‍ മരംവെട്ടി തുടങ്ങിയപ്പോള്‍ കുറെപേര്‍ നിലനില്‍പ്പിനായി പുതിയ താവളം തേടി പറന്നു.
പണ്ട് പുഴയിലങ്ങനെ പാതിരാത്രിയില്‍ ആളുകള്‍ ഒറ്റയ്ക്ക് പോകാറില്ലായിരുന്നു. രാത്രി അവിടെ അദൃശ്യശക്തികളുടെ വിഹാരകേന്ദ്രമാണെന്നാണ് മുല്ലാക്ക പറയാറ്. പണ്ട് ആ പുഴയില്‍ പലപ്പോഴായി നിരവധി ആളുകള്‍ വെള്ളപൊക്കത്തില്‍ മരിച്ചിട്ടുണ്ടത്രേ. അവരൊക്കെ അര്‍ദ്ധരാത്രിയില്‍ അവിടെ ഇറങ്ങി നടക്കാറുണ്ടത്രേ. മുല്ലാക്കയാണ് ഈ കഥകളുടെയൊക്കെ കേന്ദ്ര ബിന്ദു.
മുല്ലാക്ക ഗ്രാമത്തിന്റെ ഐതിഹ്യങ്ങളിലേക്കും ചരിത്രത്തിലേക്കും നീണ്ട വേരുകളോടെ ആഴ്ന്നിറങ്ങിയ ഒരു വടവൃക്ഷമാണ്. മുല്ലാക്കയുടെ കൈയിലെ മക്കത്തെ കല്ല് പതിച്ച ഏലസിന് ദിവ്യത്വം ഉണ്ടെന്നാണ് ആളുകളുടെ വിശ്വാസം.
പണ്ടൊരിക്കല്‍ താന്‍ കുട്ടിയായിരിക്കുമ്പോള്‍ മുല്ലാക്ക തന്നോട് പറഞ്ഞതോര്‍ക്കുന്നു. ഒരിക്കല്‍ മുല്ലാക്ക ഒരു അര്‍ദ്ധരാത്രിയില്‍ പുഴക്കരയിലെ വെള്ളാരം കല്ലുകള്‍ക്ക് മുകളില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ വന്ന് മുല്ലാക്കയോട് മുറുക്കാന്‍ ചുണ്ണാമ്പ് ചോദിച്ചെന്നും ചുണ്ണാമ്പ് മുല്ലാക്ക അരയില്‍ വച്ചിരുന്ന കൂര്‍ത്ത ഇരുമ്പ് പിച്ചാത്തിയില്‍ തോണ്ടികൊടുത്തപ്പോള്‍ ഇരുമ്പ് പിച്ചാത്തി കണ്ട് ആ യക്ഷി പേടിച്ചോടിയത്രേ.
താന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും മുല്ലാക്കയെ കണ്ടിരുന്നു. മുല്ലാക്ക പ്രായത്തിന്റെ അവശതയാല്‍ ഇപ്പോള്‍ നടക്കാനൊന്നും വയ്യാതെ കിടപ്പിലാണ്. മുല്ലാക്കായിലൂടെ അവസാനിക്കാന്‍ പോകുന്നത് ആ ഗ്രാമത്തിന്റെ കഥകളുടെ ഒരു ചരിത്രമാണ്.
“കാന്‍ യു ഗിവ് മി എ സിഗരറ്റ് പ്ലീസ്….?”
എതിരെ വന്ന യാചകനായ ഒരു വൃദ്ധന്‍ ചോദിക്കുന്നത് കേട്ട് ടോണി പെട്ടെന്ന് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.
“വാട്ട് ഡിഡ് യു സെ?”
അയാള്‍ വീണ്ടും ആവര്‍ത്തിച്ചു.
“സോറി ഐ ഡോണ്ട് സ്‌മോക്ക്”
ടോണി പറഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അമ്പത് പെന്‍സിനായി അയാളുടെ യാചന.
ടോണി ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു പൗണ്ട് എടുത്ത് അയാള്‍ക്ക് കൊടുത്തു. അമ്പത് പെന്‍സ് ചോദിച്ചിട്ട് ഒരു പൗണ്ട് കിട്ടിയ അതി സന്തോഷത്തില്‍ അയാള്‍ ടോണിയോട് വളരെയധികം നന്ദി പറഞ്ഞു നടന്നു പോയി.
ടോണി വീടെത്താറായതിന്റെ സന്തോഷത്തില്‍ വേഗത്തില്‍ നടന്നു. പെട്ടെന്ന് റോഡിന്‍രെ മറ്റെ അരികില്‍ നിന്ന് ഒരു സ്ത്രീയുടെ ദയനീയമായ ശബ്ദത്തിലുള്ള ഞരക്കംകേട്ട് ടോണി അവിടേക്ക് നോക്കി.
ഫുട്ട്പാത്തിനരികിലായി ശരീരമാസകലം രക്തം വാര്‍ന്നൊഴുകി ഒരു യുവതി കിടക്കുന്നു.
ശരീരത്തിന് ചെറിയ ചലനമുണ്ട്.
പിച്ചിചീന്തപ്പെട്ട കാതുകളില്‍ നിന്ന് ചീറ്റി ഒഴുകുന്ന രക്തം ടോണിക്ക് ഹൃദയഭേദകമായി തോന്നി.
ക്രൂരമായ ഏതോ മനുഷ്യര്‍ ഒരു നുള്ള് സ്വര്‍ണ്ണത്തിന് ആ യുവതിയുടെ കാതുകള്‍പോലും വലിച്ച് പറിച്ചെടുത്തിരിക്കുന്നു. കഴുത്തിലും കൈയ്യിലുമൊക്കെ വന്യമൃഗങ്ങളുടെതിനെക്കാള്‍ ക്രൂരമായ നഖപ്പാടുകള്‍. അവിടെ നിന്ന് രക്തം ഇറ്റിറ്റ് വീഴുന്നുണ്ട്.
മോഷണത്തിന്റെ ബലംപ്രയോഗത്തിനിടയില്‍ എന്തോ മാരകായുധംകൊണ്ട് വയറ്റിലെവിടെയോ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അതാണ് ഇത്രയും രക്തപ്രവാഹം.
ടോണി ഒരു നിമിഷം ആലോചിച്ചു. താന്‍ ഒന്ന് മനസ്സ് വച്ചാല്‍ ഒരു പക്ഷേ താന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഏതോ രാജ്യക്കാരിയായ ഈ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും.
പക്ഷേ എങ്കിലും ഹൃദയത്തിലെവിടെയോ ഒരു ഉള്‍ഭയം.
ഒരു പക്ഷേ അതിക്രൂരമായ മോഷണത്തിരയായ ഈ യുവതി മരിച്ചാല്‍? ആ കുറ്റകൃത്യത്തില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞാല്‍?
നാട്ടില്‍ താനങ്ങനെ ഒരുപാട് കേസുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. പലപ്പോഴും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ രക്ഷിക്കാന്‍ വരുന്ന ആള്‍ തന്നെ കുറ്റവാളിയാകുന്ന അവസ്ഥ.
പക്ഷേ നാട്ടിലെ പോലീസ് പലപ്പോഴും സാധാരണക്കാരായ പ്രതികളെ പലപ്പോഴും മനുഷ്യത്വരഹിതമായി മര്‍ദ്ദിച്ചാണ് കുറ്റം തെളിയിക്കുന്നതെങ്കില്‍ ഇവിടുത്തെ പോലീസ് ശാസ്ത്രീയമായി കുറ്റം തെളിയിക്കുന്ന മനുഷ്യത്വമുള്ളവരാണ്.
ഇതിങ്ങനെ ആലോചിച്ച് നില്‍ക്കണ്ട സമയമല്ല. ഇവിടെ തന്റെ രക്ഷ എന്ന സ്വാര്‍ത്ഥത മാറ്റിവച്ച് മനുഷ്യത്വം കാണിക്കേണ്ട സമയമാണ്. വൈകുന്ന ഓരോ നിമിഷവും ഈ യുവതിക്ക് അത്രകൂടി മരണം അടുത്താണ്.
താന്‍ ഇതുപോലൊരവസ്ഥയില്‍ കിടക്കുമ്പോള്‍ മറ്റുള്ളവര്‍ തന്നെ തിരിഞ്ഞ് നോക്കാതെ കടന്ന് പോയാല്‍ എന്തായിരിക്കും അവസ്ഥ.
ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞ സമരിയാക്കാരന്റെ കഥയിലെ വഴിയരികില്‍ കവര്‍ച്ചക്കാരുടെ ക്രൂരപീഢനത്തിരയായി അര്‍ദ്ധപ്രാണനായി കിടന്ന ആ പാവം മനുഷ്യനോട് കരുണ കാണിക്കാതെ കടന്നുപോയ ആ പുരോഹിതനോ, ആ ലേവിയോ ആകാന്‍ തനിക്ക് കഴിയില്ല.
ആ പാവം മനുഷ്യന്റെ മുറിവുകള്‍ എണ്ണയും വീഞ്ഞുമൊഴിച്ച് വച്ചു കെട്ടിയ ആ സമരിയക്കാരനായ ആ മനുഷ്യനാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹി.
ടോണി പിന്നെ ഒന്നും കൂടുതല്‍ ആലോചിച്ചില്ല. വേഗം പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്ത് 999 ഡയല്‍ ചെയ്തു.
ആംബുലന്‍സിന്റെ വെളിച്ചത്തില്‍ മുഖം കൂടുതല്‍ വ്യക്തമായപ്പോള്‍ ടോണി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഏതോ ഒരു ഇന്ത്യക്കാരിയാണെന്ന് ഉറപ്പാണ്.
“ഹൗ ഇസ് ഷി?”
ആംബുലന്‍സിനുള്ളിലെ വെള്ളക്കാരിയായ നഴ്‌സിനോട് ടോണി ചോദിച്ചു.
“കാന്റ് സെ എനിത്തിംഗ്. വി ആര്‍ ട്രൈയിംഗ് ഔര്‍ ബെസ്റ്റ്.”
ആംബുലന്‍സിനുള്ളിലെ ഓക്‌സിജന്‍ മാസ്‌കിന്റെ കൃത്രിമ ശ്വാസത്തില്‍ ബോധരഹിതയായി കിടക്കുകയാണ് അവള്‍.
ടോണി അവളുടെ അരികില്‍ അവളെ തന്നെ നോക്കി നിന്നു.
ക്രോയിഡോണിലെ ക്രൂരമായ മോഷണത്തിന്റെ മറ്റൊരു ഇര. ക്രോയിഡോണിലെ ഇന്ത്യക്കാരുടെ മിക്ക വീടുകളിലും മോഷണമാണ്. ഇന്ത്യക്കാരെ തങ്ങള്‍ ഈ രാജ്യത്ത് സ്വര്‍ണ്ണമിടാന്‍ സമ്മതിക്കില്ലെന്ന് മോഷ്ടാക്കള്‍ ദൃഢപ്രതിജ്ഞ എടുത്തതുപോലെ.
ഒരു പക്ഷേ ക്രോയിഡോണിലെ മിക്ക ഇന്ത്യക്കാര്‍ക്കും ഏതെങ്കിലും ഒരു തരത്തില്‍ തങ്ങള്‍ മോഷണത്തിരയായതിന്റെ ഒരനുഭവമെങ്കിലും പറയാനുണ്ടാവും.
“ടു യു ലൈക്ക് ടു കം വിത്ത് അസ്?”
ആംബുലന്‍സ് പോകാന്‍ തുടങ്ങുന്നതിനിടയില്‍ ഒരു നഴ്‌സ് ചോദിച്ചു.
ടോണി ഒരു നിമിഷം ആലോചിച്ചു.
“യെസ് അയാം ഓള്‍സോ കമിങ്ങ് വിത്ത് ഹെര്‍”
ടോണി പെട്ടെന്ന് ചാടിക്കയറി അവളുടെ അരികലത്തെ സീറ്റിലിരുന്നു.
തനിക്കെന്തോ ഇവളെ ഇങ്ങനെ തനിച്ചാക്കി പോകാന്‍ തോന്നുന്നില്ല. ഗൃഹാതുരമായ ഏതോ ഒരു മാനസിക വികാരം തന്നെ ഇവളിലേക്ക് അടുപ്പിക്കുന്നതുപോലെ. നിരാലംബമായ ഒരു മനുഷ്യസ്ത്രീയോട് ഒരു നല്ല മനുഷ്യന് തോന്നാവുന്ന സ്വാഭാവികമായ മനുഷ്യത്വം.
ആംബുലന്‍സ് ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടയില്‍ ടോണി ഇ.സി.ജി. മെഷിനിലെ സൂചികള്‍ ഉയരുകയും താഴുകയും ചെയ്യുന്നത് നോക്കിയിരുന്നു. മനസിലെവിടെയോ ഒരു മരണഭയം പിടിമുറുക്കുന്നത് അവന്‍ അറിഞ്ഞു.
ഇന്നലെ മരണത്തെക്കുറിച്ച് വായിച്ച് വച്ച ഒരു നോവലിലെ ഒരു കഥാപാത്രം പറയുന്നതുപോലെ. ഭൂമിയിലെ ജീവവൃക്ഷത്തില്‍ നിന്ന് ഇവളുടെ പേരെഴുതിയ ഇല കൊഴിഞ്ഞ് വീഴാന്‍ പോകുന്നതുപോലെ.
ടോണി ഓപ്പറേഷന്‍ തീയേറ്ററിന് വെളിയില്‍ പ്രത്യാശ നല്‍കുന്ന എന്തെങ്കിലും ഒരു മറുപടിക്കായി കാത്തിരിക്കുന്നു.
ഇവര്‍ തന്റെ ആരുമല്ല എന്നിട്ടും തന്റെ മനസ്സ് വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലാകുന്നു. തന്റെ ഓരോ ഹൃദയമിടിപ്പും അവള്‍ക്കായുള്ള പ്രാര്‍ത്ഥനപോലെ കഴിഞ്ഞ ഏതോ ജന്മങ്ങളില്‍ ഇവര്‍ തന്റെ ആരെല്ലാമോ ആയിരുന്നതുപോലെ.
മരണം വല്ലാത്തൊരവസ്ഥയാണ്. മരണം എന്ന അവസ്ഥയെക്കുറിച്ച് താന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട് ജീവിതത്തിന്റെ ആഘോഷങ്ങളെല്ലാം ഒറ്റ നിമിഷത്തില്‍ മായ ആക്കുന്ന ഒരു വല്ലാത്ത ക്രൂരവിനോദം. നമ്മള്‍ മരിക്കുമ്പോഴും നമ്മുടെ കൂടെയുള്ളവര്‍ ഇങ്ങനെ ജീവിച്ച് കൊണ്ടേയിരിക്കും. ട്രെയിനുകളും ബസുകളുമൊക്കെ സമയത്തു തന്നെ ഓടും. നീ ഇരുന്ന സീറ്റില്‍ പുതിയൊരാള്‍ വന്നിരിക്കുന്നു എന്ന മാറ്റം മാത്രം.
“ഹൗ ഈസ് ഷി സിസ്റ്റര്‍”
അടുത്തുകൂടെ കടന്നുപോയ മലയാളിയെന്ന് തോന്നിപ്പിക്കുന്ന ഒരു നഴ്‌സിനെ കണ്ട് ടോണി ആകാംക്ഷയോടെ ചോദിച്ചു.
“കാന്റ് സെ എനിതിംഗ് നൗ. ആര്‍ യു മലയാളി”
ടോണിയെ ഒന്ന് സൂക്ഷിച്ച് നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു.
“അതെ”
“ ആ സ്ത്രീ നിങ്ങടെയാരാ”
“ആരായെന്താണൊന്നും അറിയില്ല. വഴിയില്‍ ഇങ്ങനെ കിടക്കുന്നത് കണ്ടതാ”
“വയറ്റിലുള്ള മുറിവ് കുറച്ച് ആഴത്തിലുള്ളതാണ്. രക്തം കുറെ പോയിട്ടുണ്ട്. രക്ഷപ്പെടുമോ ഇല്ലയോ എന്നൊക്കെ ഓപ്പറേഷന്‍ കഴിഞ്ഞേ പറയാന്‍ പറ്റൂ. അവളെ കണ്ടിട്ട് ഒരു മലയാളിയാണെന്ന് തോന്നുന്നു. എന്നാലും ഇത്രയും ക്രൂരമായ മനുഷ്യരാണോ നമ്മുടെ ഇടയില്‍ ഉള്ളത്”
അവള്‍ ഒന്ന് നിര്‍ത്തിയിട്ട് അല്‍പ്പ നേരത്തെ മൗനത്തിനുശേഷം ചോദിച്ചു:
“നിനക്ക് ചായയോ കോഫിയോ എന്തെങ്കിലും കുടിക്കാന്‍ വേണോ”
“വേണ്ട സിസ്റ്റര്‍. അയാം ഓക്കെ. ഞാന്‍ സിസ്റ്ററിന്റെ പേര് ഇത് വരെയും ചോദിച്ചില്ലല്ലോ? എന്താ പേര്”
“എന്റെ പേര് അനിറ്റ”
“ഞാന്‍ ടോണി. ഞാന്‍ നാട്ടില്‍ കണ്ണൂരിന്നാണ്”
“എന്റമ്മെ… എന്നെ ഇങ്ങനെ പേടിപ്പിക്കാതെ കണ്ണൂരെന്ന് കേള്‍ക്കുമ്പം തന്നെ ഞങ്ങള്‍ കോട്ടയം പാലാക്കാരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ബോംബും കത്തിയുമാണ്”
അത് കേട്ട് ചിരിച്ചുകൊണ്ട് ടോണി പറഞ്ഞു.
“അതൊക്കെ ഇപ്പം പോയി സിസ്റ്ററെ. ഇപ്പോഴിവിടെ മനുഷ്യന്മാര്‍ താമസിക്കാന്‍ തുടങ്ങി”
ടോണി നല്ല രസികനാണല്ലോ ഞാന്‍ പോകുവാ. എനിക്കിവിടെ സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല. ഒരുപാട് പണിയുണ്ട്. നമ്മുടെ നാട്ടിലെ നഴ്‌സുമാരെപ്പോലെ അല്ല ഇവിടുത്തെ നഴ്‌സുമാരുടെ അവസ്ഥ. നമ്മളൊന്ന് കണ്ണ് തെറ്റിയാല്‍ മതി നമ്മുടെ നഴ്‌സിംഗിന്റെ പിന്‍ നമ്പര്‍ തെറിച്ച് വീട്ടിലിരിക്കാന്‍. ഇവിടെ ഞങ്ങള്‍ നഴ്‌സുമാര്‍ക്ക് ഡ്യൂട്ടി തുടങ്ങുമ്പം മുതല്‍ തീരുന്നത് വരെ മനസ്സിലൊരു പ്രാര്‍ത്ഥനയേയുള്ളൂ. ദൈവമേ എന്റെ പിന്‍ നമ്പര്‍ തെറിക്കാതെ കാത്തോളണെന്ന്”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞ് തീര്‍ത്ത് വേഗത്തില്‍ നടന്നുപോയി.
ഒരു തരത്തില്‍ പറഞ്ഞാല്‍ അത് നല്ലതാണ്. നഴ്‌സുമാര്‍ക്ക് ജോലിയോടുള്ള ആത്മാര്‍ത്ഥത കൂടും. നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളെ അപേക്ഷിച്ച് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്ര മെച്ചമാണ്. നാട്ടില്‍ താന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണയായ എത്രയോ മനുഷ്യരെയാണ് മോശം ചികിത്സയിലൂടെ കൊന്ന് തള്ളുന്നത്. അവിടെ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ല. ആരെങ്കിലും സംസാരിച്ചാല്‍ തന്നെ അവരുടെ ശബ്ദം ചുവരുകള്‍ക്ക് അപ്പുറം പോകില്ല. അധികാര വര്‍ഗ്ഗങ്ങള്‍ക്കൊന്നും ഇത് ശ്രദ്ധിക്കാന്‍ സമയമില്ല. അവര്‍ക്ക് അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ വേണ്ട ഗിമ്മിക്കുകളിലാണ് താല്‍പ്പര്യം. സാധാരണ മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാകുന്ന ഒരു പുതിയ ഭരണകൂടം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ടോണി ടി മെഷീനില്‍ നിന്നും കടും ചായ ഉണ്ടാക്കി കുടിച്ച് ഓപ്പറേഷന്‍ റൂമിന് പുറത്തെ വെയ്റ്റിംഗ് റൂമില്‍ കാത്തിരുന്നു.
വെയിറ്റിംഗ് റൂമിലെ ക്ലോക്കില്‍ ബെല്ലടിച്ചപ്പോള്‍ ടോണി സമയം നോക്കി. ആറ് മണിയായി. തനിക്കിന്ന് ഡ്യൂട്ടിയുണ്ട്. ഒരു തുള്ളി ഉറങ്ങാതെ എങ്ങനെ ഡ്യൂട്ടി ചെയ്യുമെന്ന് അറിയില്ല. പക്ഷെ എന്നാലും തനിക്കിന്ന് ഡ്യൂട്ടിക്ക് പോകാതിരിക്കാന്‍ കഴിയില്ല.
“ഹൂ ഇസ് മിസ്റ്റര്‍ ടോണി”
ഒരു വെള്ളക്കാരി നഴ്‌സ് തന്റെ പേര് വിളിക്കുന്നത് കേട്ട് ടോണി അവിടേക്ക് ചെന്നു.
“ഓപ്പറേഷന്‍ വാസ് സക്‌സസ്ഫുള്‍. ബട്ട് ഷീ ഇസ് സ്റ്റില്‍ അണ്ടര്‍ ഒബ്‌സര്‍വേഷന്‍. വി ഹോപ്പ് ഷി വുഡ് ബി ഓള്‍ റൈറ്റ്”
ടോണിക്ക് സമാധാനമായി അവള്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്നല്ലോ.
ഇനി താന്‍ ഇവിടെ നിന്നാല്‍ ഡ്യൂട്ടിക്ക് പോകാന്‍ വൈകും. ടോണി ഡോറിന്റെ ഗ്ലാസിനുള്ളിലൂടെ ഓപ്പറേഷന്‍ റൂമിലേക്ക് ഒന്ന് എത്തി നോക്കി. അവളെ ഓപ്പറേഷന്‍ കഴിഞ്ഞ് വെന്റിലേറ്ററില്‍ കിടത്തിയിരിക്കുകയാണ്.
തനിക്കെന്തായാലും ഇപ്പോള്‍ അവളുടെ അടുത്തേക്ക് പോകാന്‍ പറ്റില്ല. ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് വൈകീട്ട് വന്ന് കാണാം. അപ്പോഴേക്ക് വെന്റിലേറ്ററില്‍ നിന്ന് മാറ്റി സംസാരിക്കാവുന്ന അവസ്ഥയിലാകും.
സമയം വൈകുന്നത് കണ്ട് ടോണി വേഗം ബസ് സ്റ്റേപ്പിലേക്ക് നടന്നു. ടോണി നഴ്‌സിംഗ് ഹോമിന് മുമ്പില്‍ ബസിറങ്ങി വേഗത്തില്‍ നടന്നു. ഇരുപത് മിനിറ്റ് ഇപ്പോള്‍ തന്നെ വൈകി. ഇനി പഞ്ച് മെഷീനില്‍ ക്ലോക്കിംഗ് ചെയ്യാന്‍ കഴിയില്ല. ഇനി ആ മുരടന്‍ മാനേജരെ കണ്ട് പെര്‍മിഷന്‍ മേടിച്ചാലെ ക്ലോക്കിംഗ് ചെയ്യാന്‍ കഴിയൂ. താന്‍ ചെല്ലുമ്പോള്‍ തന്നെ ആ സായിപ്പിന്റെ മുന്നില്‍ പെടാന്‍ സാധ്യതയുണ്ട്.
അങ്ങനെയാണെങ്കില്‍ തനിക്ക് ശകാരം മുഴുവന്‍ ഇന്ന് രാവിലെ തന്നെ കിട്ടും. ടോണി ഡോറിന് ബെല്ലടിച്ച് കാത്ത് നിന്നു. മാനേജര്‍ ഡോര്‍ തുറക്കാന്‍ വരുന്നത് കണ്ട് ടോണി സ്വയം ശപിച്ചു.
“വൈ യു ആര്‍ ലെയിറ്റ്. ആു കാന്റ് ടു ലൈക്ക് ദിസ്. യു കം ടു മൈ ഓഫീസ്”
ടോണിക്ക് ഒരു വാക്കുപോലും പറയാന്‍ അവസരം കൊടുക്കാതെ അയാള്‍ ദേഷ്യപ്പെട്ട് പറഞ്ഞ് കടന്നുപോയി.
ഇനിയിപ്പോള്‍ അയാളുടെ ഓഫീസില്‍ ചെന്ന് ബാക്കിയുള്ള ചീത്ത വിളി കൂടി കേള്‍ക്കണം. അതോര്‍ത്തപ്പോള്‍ ടോണി അറിയാതെ സ്വയം ചോദിച്ചുപോയി. ഒരു ജീവന്‍ രക്ഷിച്ചതിനുള്ള ശിക്ഷയാണോ ഇത്. അങ്ങനെ നോക്കുമ്പോള്‍ എമിലിയാണ് ഡീസന്റ്. അവള്‍ മാന്യമായി സുഖമില്ലെന്ന് വിളിച്ച് പറഞ്ഞ് കറങ്ങാന്‍ പോയി.
ടോണിയുടെ മുഖത്തെ ക്ഷീണം കണ്ട് റോസ്‌മേരി ചോദിച്ചു.
“എന്ത് പറ്റി ടോണി. നീ ഇന്നലെ ഉറങ്ങിയില്ലെ? എമിലിയാണേല്‍ സിക്കും വിളിച്ചു. രണ്ട് പേരുകൂടെ എന്താ പരിപാടി”
അത് വലിയൊരു കഥയാണ്. ഞാന്‍ പിന്നെ പറയാം. ചേച്ചി ബ്രേക്കിന് പോകുമ്പം പറ, ഞാനും വരാം. അപ്പോഴെല്ലാം പറയാം”
“ബ്രേയ്ക്കിന് എപ്പോഴാ പോകുന്നതെന്ന് പറയാന്‍ പറ്റില്ല. ഇനി ഒരുപാട് പണിയുണ്ട്. ഇന്ന് ഞാനൊരു നഴ്‌സ് മാത്രമേയൊള്ളൂ. ഡെയ്‌സിയാണേല്‍ ഇന്ന് സിക്കും വിളിച്ചു”
റോസ്‌മേരി ഫയല്‍ എഴുതുന്നതിന്റെ തിരക്കിനിടയില്‍ പറഞ്ഞു.
“ചേച്ചി ഞാനെന്നാല്‍ അപ്പുറത്തേക്ക് പോകുവാ. ഇനി നമ്മളിവിടെ നിന്ന് മലയാളം സംസാരിച്ചെന്ന് പറഞ്ഞ് ആ പന്ന സായിപ്പിന്റെയടുത്തൂന്ന് രാവിലെ കേട്ടതിന്റെ ബാക്കി തെറി വിളി കൂടെ കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല”
അത് കേട്ട് ചിരിച്ചുകൊണ്ട് റോസ്‌മേരി പറഞ്ഞു.
“ശരിയാ നീയിപ്പം പൊയ്‌ക്കോ ചിലപ്പോള്‍ അയാളിപ്പോള്‍ ഇങ്ങോട്ട് വരാന്‍ സാധ്യതയുണ്ട്. ഞാന്‍ പിന്നെ ബ്രെയ്ക്കിന് പോകുമ്പം നിന്നെ വിളിക്കാം.”
ബ്രെയ്ക്ക് റൂമില്‍ ഇരുന്ന് കോഫി കുടിച്ച് കൊണ്ട് കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങളൊക്കെ ടോണി പറയാന്‍ തുടങ്ങി. എല്ലാം കേട്ട് റോസ്‌മേരി പറഞ്ഞു:
ടോണി നീ ചെയ്തതൊരു വലിയ കാര്യമാണ്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ പുണ്യം മറ്റൊന്നില്ല. ആരും തിരിഞ്ഞ് നോക്കാനില്ലാതെ ആ പെണ്‍കുട്ടി രക്തം വാര്‍ന്നവിടെ മരിച്ചിരുന്നെങ്കിലോ? ദൈവമാണ് നിന്നെ അപ്പോള്‍ ആ വഴി നടത്തിച്ചത്?
“ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലില്‍ അവളെ കാണാന്‍ പോകുന്നുണ്ട്. ഞാന്‍ വൈകീട്ട് ചെല്ലുമ്പോഴേക്ക് അവള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. എന്താ സംഭവിച്ചതെന്നൊക്കെ അവളോട് നേരിട്ട് ചോദിച്ചറിയാലോ”
“ഇതൊക്കെ കേട്ടിട്ട് എനിക്കിപ്പോള്‍ ക്രോയിഡോണിക്കൂടെ രാത്രി നടക്കാന്‍ തന്നെ പേടിയാകുന്നു”
സംസാരത്തിനിടയിലും ടോണി ഉറങ്ങി വീഴാന്‍ പോകുന്നത് കണ്ട് റോസ്‌മേരി പറഞ്ഞു:
“ടോണി നീയിപ്പം ഉറങ്ങി തറയില്‍ വീഴും”
ടോണി പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയെണീറ്റിട്ട് പറഞ്ഞു:
“ഞാന്‍ മിനിഞ്ഞാന്ന് രാത്രിയിലും ഉറങ്ങില്ല അതാണിത്ര ക്ഷീണം. ഞാന്‍ കുറച്ച് സമയം അപ്പുറത്തെങ്ങാനും പോയി ഇരുന്നിട്ട് വരാം”
“അവിടെയിരുന്നുറങ്ങി അവസാനം മാനേജര്‍ വന്ന് പിടിക്കണ്ട അവസ്ഥയുണ്ടാക്കരുത് കേട്ടോ”
അത് കേട്ട് ടോണി റോസ്‌മേരിയെ നോക്കി ചിരിച്ചുകൊണ്ട് ഇറങ്ങിപോയി.
ടോണി ഡ്യൂട്ടി കഴിഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് ചെന്ന് അവളെ കിടത്തിയിരുന്ന ഐ.സി.യു.വിന്റെ പുറത്തെ റോഡിന്റെ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കി. അവളെ അവിടെ കാണാനില്ല. എന്നാല്‍ ചിലപ്പോള്‍ അവളെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ടാവുമെന്ന് കരുതി നേരെ നഴ്‌സ് ഇന്‍ ചാര്‍ജ്ജിനെ കാണാനായി തിരിഞ്ഞപ്പോള്‍ ആരോ പുറകില്‍ നിന്ന് വിളിച്ചു:
“ടോണി…”
അവന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ അനിറ്റ കോറിഡോറിന്റെ അങ്ങേ അറ്റത്ത് നിന്ന് വിളിച്ച് പറഞ്ഞു:
“ടോണി ഞാനാ അനിറ്റ”
ടോണി അവളുടെ അടുക്കലേക്ക് ചെന്നു.
“അവളെന്തിയെ? അവിടെ ഐ.സി.യു.വില്‍ കാണാനില്ല”
“ഞാനിപ്പം ഡ്യൂട്ടിക്ക് കയറിയതെയൊള്ളൂ. ഞാന്‍ അവളെ അവിടെ കാണാഞ്ഞിട്ട് ഡോക്ടറോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് അവളെ അവളുടെ വീട്ടുകാര്‍ വന്ന് ബര്‍മ്മിങ്ഹാമിലെ ഒരു ഹോസ്പിറ്റലിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോയെന്നാണ്”
അതു കേട്ട് ടോണിക്ക് നിരാശ തോന്നി. കഷ്ടം അവളോട് ഒരു വാക്ക് പോലും സംസാരിക്കാന്‍ കഴിഞ്ഞില്ലല്ലോ. എങ്കിലും സാരമില്ല അവള്‍ ഇപ്പോള്‍ സുരക്ഷിതയാണല്ലോ. തനിക്ക് അതുമാത്രം മതി. ടോണിയിങ്ങനെ സ്വയം മനസ്സിനെ സമാധാനിപ്പിച്ച് കൊണ്ട് വീട്ടിലേക്ക് നടന്നു.
(തുടരും)