അസ്ഥികളെ പോലും മരവിപ്പിക്കുന്ന കൊടും തണുപ്പത്തു കാറ്റിന്റെ സ്വന്തം നഗരമെന്നു
സ്വയം അവകാശപെടുന്ന ചിക്കാഗോയില്‍ രണ്ടു ദിനരാത്രങ്ങള്‍. ലാനയുടെ നാഷണല്‍
കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ഒരുപാടു തിരക്കുകളില്‍
മുങ്ങി, ജീവിതം ഒരു തിരക്കുമാത്രമായി മാറുന്ന എനിക്ക് മയില്‍പ്പീലി തുണ്ട് പോലെ
മനസിന്റെ താളില്‍ സൂക്ഷിച്ചു വയ്‌ക്കുവാന്‍ വീണു കിട്ടിയ അപൂര്‍വ്വ
നിമിഷങ്ങള്‍!
ഷരറ്റണ്‍ ഹോട്ടലിന്റെ ആഡിറ്റോറിയത്തിലേക്ക്
കടന്നപ്പോള്‍ ഒരു നിമിഷം ഞാന്‍ ശങ്കിച്ച് പോയീ. കേരളത്തില്‍ എത്തിയോ ഞാന്‍?
ചുറ്റും മുത്ത്‌കുടകളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ കട്ട് ഔട്ട്
കൊണ്ട് മനോഹരമാക്കിയ എസ് കെ പൊറ്റക്കാട് നാഗര്‍! കേരള രീതിയില്‍ വേഷം ധരിച്ച
സ്‌ത്രീകളും പുരുഷന്മാരും കൂടി ആയപ്പോള്‍ നാട്ടിലെത്തിയെന്ന എന്റെ തോന്നലിനു ആക്കം
കൂടിയോ? ഉം അമേരിക്കയുടെ മണ്ണിലേക്ക് പറിച്ചു നടപെട്ടിട്ടും മലയാള മണ്ണിന്റെ ഗന്ധം
മനസ്സില്‍ സുക്ഷിക്കുന്ന മറ്റു ചിലര്‍ കൂടിയുണ്ടല്ലോ എന്ന ഒര്‍മ്മ പോലും വല്ലാതെ
സന്തോഷിപ്പിച്ചു.
പരിചയപ്പെടലിന്റെ കുറച്ചു ധന്യ മുഹൂര്‍ത്തങ്ങള്‍. ഷീല
ടീച്ചറും നാട്ടില്‍ നിന്നും എത്തിയ ഷീല മോന്‍സും എനിക്ക് അപരിചിതരായിരുന്നില്ല.
വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വച്ചു. മനോഹര്‍ തോമസ്,
നിറഞ്ഞ ചിരിയോടെ മനോഹര്‍ എന്നെ വരവേറ്റത്! ഫോണിലൂടെ മാത്രം വളര്‍ന്ന സൗഹൃദത്തിനു,
നര്‍മ്മത്തില്‍ ചാലിച്ച വാക്‌ചാതുര്യത്തിനു ദര്‍ശന സൗകുമാര്യം!! ഷാജന്‍
ആനിത്തോട്ടം, ലാന കണ്‍വെന്‍ഷന്‍ ചുക്കാന്‍ പിടിക്കുന്ന അമരക്കാരന്‍.. ഒരുപാടു
തിരക്കിനിടയിലും, ചിക്കാഗോയിലേക്ക് സ്വാഗതം ആശംസിക്കാനും സൗഹൃദ സംഭാഷണത്തിനുമായി
സമയം കണ്ടെത്തി, പിന്നെ പരിചയപ്പെട്ട കാനഡയില്‍ നിന്നും എത്തിയ നിര്‍മ്മല എന്നില്‍
കൗതുകമായ് നിറഞ്ഞു. ഈ ഇത്തിരി പോന്ന പെണ്ണാണോ കേരള അക്കാദമിയുടെ പ്രവാസ
എഴുത്തിനുള്ള പുരസ്‌കാരം നേടിയത്? അറിയാതെ മനസ്സില്‍ ചോദിച്ചു പോയീ! നിഷകളങ്കത
നിറഞ്ഞ ചിരിയോടെ വളരെ അടുത്ത ഒരു സുഹൃത്തിനെ കണ്ടത് പോലെ എന്നോട്
സംസാരിച്ചത്! റീനി മാമ്പലം. ചാറ്റിലൂടെയും ഫോണിലൂടെയും പരിചയപ്പെട്ടിരുന്ന
റീനിയെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചു. ഡാലസില്‍ നിന്നും എത്തിയ
മീനു...മീനു എലിസമ്പത്ത് എന്ന കോളമിസ്റ്റ് മീനുവിനെ പരിചയപെടുമ്പോള്‍ എനിക്ക്
തെറ്റിയോ എന്നോരു തോന്നല്‍. ആ മീനു തന്നെയല്ലേ ഇത്. മാധ്യമങ്ങളില്‍ ചിരിച്ചു
നില്‌ക്കുന്ന ആ പെണ്‌കൊച്ചു തന്നെയല്ലേ ഇത്? അറിയാതെ മനസിന്റെ ചിന്തകള്‍
വക്കുകളായി എന്നില്‍ നിന്നും തെറിച്ചു വീണു. ഒരു കള്ളച്ചിരിയോടെ മീനു അതും ഞാന്‍
തന്നെയാട്ടോ . 4 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണെന്ന് മാത്രം. വീണ്ടും ആ
ചിരി.അത് എല്ലാവരിലേക്കും പകര്‍ന്നു.
നമസ്‌ക്കാരം പറഞ്ഞെത്തിയ ജോയിച്ചന്‍. ചിരക്കാല പരിചിതനെങ്കിലും പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നത്
കണ്ടിട്ടാണെന്ന് തോന്നുന്നു ജോയിച്ചന്‍ വല്ലാതെ ഒന്ന് ചിരിച്ചു. ജോയിച്ചന്‍
പുതുകുളം? എന്റെ ചോദ്യം വീണ്ടും ഒരു ചിരി. ആ മഹാസംഭവം ഇയുള്ളവന്‍ തന്നെയെന്ന
മറുപടിയും.
പരിചയപ്പെടലിന്റെയും കൊച്ചുവര്‌ത്തമാനങ്ങളെയും മുറിച്ചു
കൊണ്ട് സമ്മേളനം തുടങ്ങുന്നു എന്നാ അറിയിപ്പ് എത്തി.
എല്ലാവരും പൊറ്റകാട്
നഗറിലേക്ക്.അപ്പോഴും കണ്ണുകള്‍ ആകാംഷയോടെ പരതുകയായിരുന്നു എവിടെ ആ മഹത്
വ്യക്തി?സാക്ഷാല്‍ പെരുമ്പടവം ശ്രീധരന്‍! ചരിത്ര വിജയം സൃഷ്ടിച്ച `ഒരു
സങ്കീര്‍ത്തനം പോലെ` എന്ന പുണ്യം മലയാള ഭാഷക്ക് സമ്മാനിച്ച ആ വ്യക്തിത്വം! മാഷിനെ
കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം മനസ്സില്‍ നിറഞ്ഞു
തുളുംബുന്നുണ്ടയിരുന്നു. മാഷിന്റെ സംസാരം. പെരുമാറ്റം എന്തൊരു എളിമ. എന്തൊരു
ലാളിത്യം. ഇങ്ങനെയും സാഹിത്യ നായകന്മാരുണ്ട് അല്ലെ എന്ന് ചിന്തിച്ചു പോയീ. ലാന
കുടുംബത്തിലെ ഒരു അംഗമായ് മാറുകയായിരുന്നു മാഷ്. രണ്ടു ദിവസം കൊണ്ട് മാഷ്
ഞങ്ങളിലേക്ക് പകര്‌ന്നു തന്ന അറിവുകള്‍. എഴുത്തിന്റെ ലോകത്തിലേക്കുള്ള സഞ്ചാരം
എത്രയോ ദുര്‍ഘടങ്ങള്‍ നിറഞ്ഞതെന്നു മനസിലാക്കുയയിരുന്നു. എഴുത്ത്‌കാര്‍ക്ക്
ഉണ്ടായിരിക്കേണ്ട ധ്യാനം. ഒരു സൃഷ്ടി നടത്തുമ്പോള്‍ എഴുത്തുക്കാര്‍ അവരില്‍ തന്നെ
ഒരു ലോകം സൃഷ്ടിച്ചു ആ ധ്യാനത്തില്‍ എഴുതിയാല്‍ മാത്രമേ. ആ സൃഷ്ടിക്കു അതിന്റെതായ
ഒരു നിലനില്‌പ്പ് ഉണ്ടാവുകയുള്ളൂ. എത്ര പുസ്‌തകം ചെയ്യുന്നു എന്നതല്ല. ഭാഷക്ക്
നമ്മള്‍ എന്ത് സംഭാവന ചെയ്‌തു എന്നത് ഒരു സൃഷ്ടി അതിന്റെ സ്വന്തം കാലുകളില്‍
നില്‌ക്കുന്നതിലൂടെയാണ് തെളിയിക്കപെടുന്നത്. സൃഷ്ടിക്ക് കാലത്തിനും
എഴുത്തുക്കാരനും അതീതമായ് നിലനില്‌ക്കാന്‍ സാധിക്കണം. അപ്പോഴേ അതൊരു സൃഷ്ടി
ആകുന്നുള്ളൂ. അങ്ങനെ എഴുത്തിന്റെ പടിവാതിക്കല്‍ എത്തപ്പെട്ട എനിക്ക് ഒരുപാടു
പാഠങ്ങള്‍ മനസിലേക്ക് ആവാഹിച്ചെടുക്കാന്‍ സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.
അതിഥി ആയീ എത്തിയ ചെറുകഥാകൃത്തു സതീഷ് ബാബുവിന്റെ നീളവും
ശബ്ദവും ഒരിത്തിരി അകല്‌ച്ച സൃഷ്ടിച്ചു എന്നത് സത്യം. പക്ഷെ ഒരിക്കല്‍ സംസാരിച്ചു
കഴിഞ്ഞപ്പോള്‍ മനസ്സിലായീ അജാനുബാഹു ഒരു സാധുവാണെന്ന്. സഹൃദയനായ സതീഷബാബുവിന്റെ
സാന്നിധ്യം ലാനക്ക് ഒരു മുതല്‍കൂട്ടായീ മാറി എന്നതില്‍
തര്‍ക്കമൊന്നുമില്ല.
അമേരിക്കയിലെ പ്രമുഖ എഴുത്തുക്കാരെയും
ഭാഷാപ്രവര്‍ത്തകരെയും പരിചയപെടാന്‍ കഴിഞ്ഞതില്‍ വല്ലാത്ത സന്തോഷം തോന്നി. അതില്‍
മനസിനെ വല്ലാതെ ആകര്‌ഷിച്ച വ്യക്തിത്വം എം വി പിള്ള സര്‍. .സാറിന്റെ ഓരോ വക്കും
മനസിലേക്ക് ആഴ്‌ന്നു ഇറങ്ങുന്നതായിരുന്നു.ആധികരികമായ് Creative Writing നെ
കുറിച്ച് വിശകലനം ചെയ്‌ത അതെ ചടുലതയോടെ നര്‌മ്മ വേദി കയ്യടക്കാനും പിള്ള സാറിനു
കഴിഞ്ഞു എന്നത് ഒരു കൌതുകത്തോടെ നോക്കി കാണുകയായിരുന്നു ഞാന്‍.പിള്ള സാറിനെ
പോലുള്ളവര്‍ അമേരിക്കയില്‍ മലയാള ഭാഷയുടെ സജീവ സാന്നിദ്ധ്യമാണെന്നതില്‍ അഭിമാനം
തോന്നി.
രതിദേവി എന്ന തീപ്പൊരിയെ പരിചയപെടാന്‍ പിന്നെയും ഒരു ദിവസം കൂടി
കാത്തിരിക്കേണ്ടി വന്നു. എല്ലാ ധാരണകളെയും മുന്‍വിധികളെയും
മാറ്റിമറിക്കുന്നതയിരുന്നു രതിദേവി. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ
കെട്ടിപിടിച്ചു ഗീത രാജന്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ വല്ലാത്ത അത്ഭുതം തോന്നി!
ഷീല ടീച്ചറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന പെണ്ണെഴുത്ത് സത്യമോ മിഥ്യയോ?
ലാനയുടെ പെണ് കരുത്തിനെ വിളിച്ചറിയിച്ചു കൊണ്ട് നടന്ന സംവാദങ്ങള്‍
വീക്ഷിക്കുമ്പോള്‍ അറിയാതെയെങ്കിലും മനസ്സില്‍ ആലോചിച്ചു പോയീ. പെണ്ണെഴുത്ത്. ഹ
എന്തൊരു പരാമര്‍ശമാണ്! സൃഷ്ടിക്കും ലിംഗഭേദമൊ? രതീദേവിയുടെ തീപ്പൊരി പ്രസംഗത്തെ
മറികടക്കുന്നതയിരുന്നു നിര്‌മ്മലയുടെ സൌമ്യത നിറഞ്ഞ അവതരണം! പെണ്ണെഴുത്തിന്റെ
അനിവാര്യതയെ കുറിച്ച് തീവ്രമായ് പ്രസംഗിച്ച രതിദേവിക്കു അത് സ്ഥാപിച്ചെടുക്കാന്‍
സമയ പരിമിതി മൂലം സാധിക്കാതെ പോയത് പോലെ തോന്നി കാണിയായിരുന്ന എനിക്ക്! എന്നാല്‍
ഉദാഹരണങ്ങള്‍ നിരത്തി എല്ലാത്തിനും അതീതമായിരിക്കണം സൃഷ്ടിയെന്ന്
സ്ഥാപിച്ചെടുക്കാന്‍ നിര്‌മ്മലക്ക് സാധിച്ചു. ഷീല ടീച്ചറുടെയും പെരുമ്പടവം
മാഷിന്റെയും മറുപടി പ്രസംഗങ്ങള്‍ ആരെയും നോവിക്കാതെ. എന്നാല്‍ കുറിക്കു കൊള്ളുന്ന
രീതിയില്‍ ആയിരുന്നു!!
ചെറുകഥ സാഹിത്യവും, നോവല്‍ സാഹിത്യവുമൊക്കെ
കുറച്ചു അവര്‌ത്തന വിരസതയുണ്ടാക്കിയെങ്കിലും കാലിക പ്രസക്തമായിരുന്നു. കവിയരങ്ങില്‍
കവിത ചൊല്ലി ശബരി എന്ന വിദ്ധ്യാര്‍ഥി എന്നെ വല്ലാതെ അല്‌ഭുതപെടുത്തി. ഒപ്പം
വല്ലാത്ത ഒരു സന്തോഷവും! കമ്പ്യൂട്ടര്‍ ഗെയിമിന്റെ മാസ്‌മരിക ലോകത്തിലായിരിക്കുന്ന
ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ശബരി എന്ന കൊച്ചു മിടുക്കന് വേറിട്ട്
നില്‌ക്കുന്നു. മലയാളം കൂട്ടി വായിക്കാനും പറഞ്ഞു ഒപ്പിക്കാനും പാടുപെടുന്ന
അമേരികയില്‍ കാണുന്ന മലയാളി കുട്ടികള്‍ക്കിടയില്‍ ശബരിയെ പോലെ മലയാള ഭാഷയെ
സ്‌നേഹിക്കുകയും ഒപ്പം കൊണ്ട് നടക്കുക്കയും ഭാഷക്ക് തന്റേതായ സംഭാവന നല്‌കുകയും
ചെയ്യുന്നു എന്ന അറിവ് നല്‌കിയ ആഹ്ലാദം
വാക്കുകള്‍ക്കതീതമാണ്!
ഡോക്ടര്‍മാര്‍ അണിനിരന്ന creative writing എന്ന
section വളരെ വിജ്ഞാന പ്രധമക്കന്‍ സാധിച്ചു എന്നത് ലാനയുടെ മറ്റൊരു നേട്ടം
തന്നെയാണ്! സമാപന സമ്മേളനത്തെ തുടര്‍ന്ന് കര്‍ത്താ സറിന്റെ നേതൃത്വത്തില്‍
അരങ്ങേറിയ കലാ സന്ധ്യയും, ഗാന വിരുന്നും വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം വിളമ്പിയ
പല്‌പയാസം പോലെ മധുരമുള്ളതയിരുന്നു!
അമേരിക്കയിലേക്ക് പറിച്ചു
നടപ്പെട്ടവരാണെങ്കിലും തായ് വേരുകള്‍ ഇപ്പോഴും മലയാളമണ്ണില്‍ നിന്നും
പറിച്ചെടുക്കാന്‍ കഴിയാത്ത കുറെ നല്ല ഭാഷാസ്‌നേഹികളെ കാണാനും പരിചയപെടാനും കഴിഞ്ഞു
എന്നത് അമേരിക്കയിലെ എന്റെ ജീവിതത്തില്‍ കിട്ടിയ ഒരു മുതല്‍ കൂട്ടെന്ന
കാര്യത്തില്‍ ഒട്ടും സംശയമില്ല.
എന്നാല്‍ ഒരു കൊച്ചു കല്ലുകടി പോലെ മലയാളിയെന്ന
അവകാശവും പേറി അമേരിക്കന്‍ സംസകാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വെമ്പല്‍
കൊള്ളുന്ന ചുരുക്കം ചിലരെ കണ്ടുവെങ്കിലും അവരെ മറക്കാന്‍ ശ്രമിക്കുകയാണ്
മനസ്. മുത്ത് പോലെ എടുത്തുവക്കാന്‍ കുറെ നല്ല ഒര്‍മ്മകളുമായി ചിക്കാഗോയോടു
വിടപറയുമ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്നും പ്രിയപ്പെട്ടവരെ പിരിഞ്ഞു
പോകുന്നതിന്റെ വേദനയുടെ ഭാരം നിറയുകയായിരുന്നു മനസ്സില്‍!