അദ്ധ്യായം-5
ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലെ ചെക്കിങ്ങ് കഴിഞ്ഞ് ട്രോളിയും വലിച്ച് പുറത്തിറങ്ങിയപ്പോള്‍ പുറകില്‍ നിനനുളള വിളികേട്ട് ടോണി തിരിഞ്ഞു നോക്കി.
“ടോണി ഞാനിവിടെയുണ്ട് “
ഷോര്‍ട്ട് ജീന്‍സും ടീ ഷര്‍ട്ടും ചീകിയൊതുക്കിയ നീളന്‍ മുടിയുമായി ചിരിച്ചു കൊണ്ട് എമിലി മുന്നില്‍.
“ഓ ഞാന്‍ കരുതി നീ വന്നു കാണില്ലാന്ന്”
“ഞാന്‍ എയര്‍പോര്‍ട്ടില്‍ വരുന്നുണ്ടെന്ന് പറയാന്‍ ഇന്നലെ കുറെ സമയം നിന്റെ മൊബൈലില്‍ ട്രൈ ചെയ്യയ്തു. പക്ഷേ ഇറ്റ് വാസ് നോട്ട് ഗോയിങ്ങ് ത്രൂ”
അപ്പോഴാണ് ടോണി അവളുടെ കഴുത്തിലേയും നെഞ്ചിലേയും ചുവന്ന പാടുകള്‍ ശ്രദ്ധിച്ചത്.
“എമിലി നിന്റെ കഴുത്തിലും നെഞ്ചിലും എന്തു പറ്റി? നിറയെ ചുവന്ന പാടുകള്‍”
അതുകേട്ട് എമിലി പാടുകളില്‍ കൈവിരല്‍ ഓടിച്ചു കൊണ്ട് പറഞ്ഞു: “അത് സ്റ്റുവര്‍ട്ടിന്റെ ഓര്‍മ്മകളാ. അയാള്‍ക്ക് സെക്‌സ് ഒരു ഭ്രാന്താണ്. അവന് സെക്‌സില്‍ പരസ്പര ബഹുമാനമെെന്നാന്നില്ല. അവനുമായിട്ട് ഞാന്‍ വീണ്ടും വഴക്കുണ്ടാക്കി പിരിഞ്ഞു”
ടോണി നിശബ്ദനായി അവളെ നോക്കി. ടാക്‌സി കാറില്‍ അവളുടെ അടുത്തിരുന്നപ്പോള്‍ അവന്‍ പറഞ്ഞു:
“ഞാനത് പ്രതീക്ഷിച്ചിരുന്നു. ഞാന്‍ നിന്നോടിത് അപ്പോഴേ പറഞ്ഞതല്ലേ”
“ജീവിതത്തില്‍ എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കണമെന്നില്ല. ദിസ് ഈസ് പാര്‍ട്ട് ഒഫ് ലൈഫ്. ടെയ്ക്ക് ഇറ്റ് ഈസി ടോണി”
അവന്‍ മറുപടി പറയാതെ നിശബ്ദനായി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഇരുണ്ട് കൂടിയ നിശബ്ദതയെ ഭേദിച്ചു കൊണ്ട് എമിലി പറഞ്ഞു:
“ടോണി കഴിഞ്ഞമാസം നിന്റെ നഷ്ടം ഞാന്‍ ശരിക്കും തിരിച്ചറഞ്ഞു. ആരും ആര്‍ക്കും പകരമാവുകയിന്നെന്ന് ഒരു സത്യമാണ്.”
ടോണി അവളുടെ കണ്ണുകളിലേക്ക് നോക്കി. കണ്ണുകള്‍ സംസാരിക്കുന്നത് അവളുടെ ഹൃദയത്തിലെ വിഷാദ ഭാവങ്ങളാണെന്ന് അവന് തോന്നി. അവര്‍ നിശബ്ദരായി പുറത്തെ കാഴ്ചകളില്‍ കണ്ണും നട്ട്, മനസ്സ് ചിന്തകളുടെ ലോകത്ത് അലഞ്ഞ് നടന്നു.
“ഹലോ ഫ്രണ്ട്‌സ് വി റീച്ച് ഹോം”
അവര്‍ വീടെത്തിയിട്ടും അിറയാത്തപോലെ ഇരിക്കുന്നതുകണ്ട് ഡ്രൈവര്‍ പറഞ്ഞു. ടോണി ബാഗുകള്‍ കാര്‍ ഡിക്കിയില്‍ നിന്ന് പുറത്തേക്ക് എടുത്ത് ഡ്രൈവര്‍ക്ക് പണം കൊടുത്തു.
“എമിലി എനിക്കിന്ന് ഉച്ചകഴിഞ്ഞ് ഡ്യൂട്ടിയുണ്ട്. നിനക്കിനിയെന്നാ ഡ്യൂട്ടി”
എനിക്കുമുണ്ട് ഉച്ച കഴിഞ്ഞ് ഡ്യൂട്ടി. വീട്ടില്‍ ചെന്ന് ഇനി കുളിച്ച് ഡ്യൂട്ടിക്ക് വരാനുളള സമയമോയുളളൂ. ഞാന്‍ എന്നാ വീട്ടിലേക്ക് പോകുവാ. നമുക്ക് ഡ്യൂട്ടിക്ക് വരുമ്പോള്‍ കാണാം.”
“ശരിയെന്നാല്‍”
ടോണി കെയര്‍ ഹോമിലെ പഞ്ച് മെഷീനില്‍ ക്ലോക്കിന്‍ ചെയ്ത് സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോള്‍ കോറിഡോറിന്റെ അങ്ങേയറ്റത്തേക്ക് നിന്ന് മരുന്ന് ട്രോളിയും തളളി വരുന്ന റോസ് മേരി ടോണിയെ കണ്ട് അടുത്തേക്ക് വന്ന് ചോദിച്ചു:
“ടോണി എങ്ങനെയുണ്ടായിരുന്നു ഹോളി ഡേ”
“കുഴപ്പമില്ലായിരുന്നു. നാട്ടില്‍ ചെന്നാല്‍ പിന്നെ ഇങ്ങോട്ട് വരാനേ തോന്നിയില്ല”
“അത് ശരിയാ”
“ചേച്ചി ഇവിടെയെന്തുണ്ട് പുതിയ വാര്‍ത്ത”
“ഇവിടെ പ്രത്യകിച്ചൊന്നുമില്ല”
പെട്ടന്ന് എന്തോ ഓര്‍ത്തപോലെ റോസ് മേരി പറഞ്ഞു:
“ടോണി നീ പോയതിനുശേഷം നിന്റെ ഒരു നാട്ടുകാരി നഴ്‌സ് ജോയിന്‍ ചെയ്തിട്ടുണ്ട്”
“നാട്ടുകാരിയോ”
“അതെ”
അപ്പോള്‍ കോറിഡോറിന്റെ അങ്ങേയറ്റത്ത് നിന്ന് എമിലിയോടൊപ്പം
നടന്ന് വരുന്ന സ്ത്രീയെ ചൂണ്ടികാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“അതാ അവളാ പുതുതായിട്ട് ജോയിന്‍ ചെയ്തത്”അവളെ കണ്ടിട്ട് ടോണിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒന്നുകൂടി സൂക്ഷിച്ച് നോക്കി. അതെ അവള്‍ തന്നെ. താന്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു രാത്രിയില്‍ രക്തം വാര്‍ന്നൊലിച്ച് റോഡില്‍ കണ്ട അതേ സ്ത്രീ.
ടോണിയുടെ തോളില്‍ തട്ടികൊണ്ട് റോസ് മേരി പറഞ്ഞു:
ഇതാണ് ഞങ്ങളുടെ ടോണി. സോണിയെ നിന്റെ നാട്ടുകാരനാ
അവള്‍ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ ടോണി അവളെ സൂക്ഷിച്ച് നോക്കി. നീളന്‍ മുടി മുന്നിലേക്ക് കിടക്കുന്നത് കൊണ്ട് കാതുകള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. കഴുത്തില്‍ ഉണ്ടായിരുന്ന മുറിപാടുകള്‍ പൂര്‍ണ്ണമായും പോയിരിക്കുന്നു.
“ടോണിടെ നാട് ഇരിട്ടിയിലാണോ?”
ചോദിച്ചത് കേള്‍ക്കാത്തതുപോലെ അവന്‍ അവളെ തന്നെ നോക്കി നിന്നു. അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അവന്‍ പെട്ടന്ന് ചിന്തയില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് പറഞ്ഞു :
“അതെ പ്രോപ്പര്‍ ഇരിട്ടിയല്ല. കീഴ്പ്പളളി”
“എന്റെ സ്ഥലം ഏടൂരാ”
“നമ്മളപ്പം അടുത്തടുത്ത സ്ഥലമാണല്ലോ. സോണിയായിടെ വീട്ട് പേരെന്താ?”
അവള്‍ വീട്ട് പേര് പറഞ്ഞപ്പോള്‍ ടോണി ആശ്ചര്യത്തോടെ ചോദിച്ചു.
“ഓ… നീ ചാക്കോ സാറിന്റെ മകളാണോ ? ചാക്കോ സാറെന്റെ ഗുരുനാഥനാ. സാറെന്നെ ഏഴാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ് പഠിപ്പിച്ചത്. സാറിനോടെനിക്ക് ചില കടപ്പാടുകളുണ്ട്. ഞാന്‍ എസ്.എസ്.എല്‍.സി. പരീക്ഷയിടെ ഇംഗ്ലീഷ് പേപ്പറിന് ഷര്‍ട്ടിനടിയില്‍ തുണ്ട് പേപ്പര്‍ മറച്ചുവച്ച് വിറച്ചുകൊണ്ട് തിരിഞ്ഞ് തിരഞ്ഞ് നോക്കി കഷ്ടപ്പെട്ട് കോപ്പിയടിക്കുന്നത് കണ്ടിട്ട് സാറ് എന്റെ ചെവിയില്‍ വന്നു പറഞ്ഞു. ടോണി നീ ഇങ്ങനെ വിറച്ചുകൊണ്ട് എന്നെയെപ്പോഴും തിരിഞ്ഞു നോക്കണ്ട. ഞാന്‍ എല്ലാം കാണുന്നുണ്ട്. നീ വേഗം സമയം കളയാതെ എഴുതിക്കോ.”
അതുകേട്ട് അവര്‍ പൊട്ടിചിരിച്ചപ്പോള്‍ ടോണി തുടര്‍ന്നു:
“അന്നെന്നെ സാറ് പിടിച്ചിരുന്നെങ്കില്‍ എന്റെയൊരു വര്‍ഷം പോയി ചിലപ്പോള്‍ പഠിപ്പ് തന്നെ അവസാനിച്ചേന്നേ. സാറെന്നെ മുന്‍പ് വേറൊരു പ്രാവശ്യംവും രക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ എട്ടാം ക്ലാസ്സില്‍ ഇംഗ്ലീഷ് പേപ്പറിന്റെ മാര്‍ക്ക് വന്നപ്പോള്‍ എന്നപ്പോനലെ ഒന്നും പഠിക്കയേലാത്തവര്‍ക്കൊക്കെ മൂന്നും നാലും മാര്‍ക്ക് കിട്ടിയപ്പോള്‍ എനിക്കുമാത്രം പൂജ്യം. ചാക്കോ സാറിന്റെയൊപ്പം പേപ്പറ് കൊടുക്കാന്‍ നിന്ന ഹെഡ്മാസ്റ്റര്‍ എന്റെ മാര്‍ക്ക് കണ്ടിട്ട് ഉയര്‍ത്തികാണിച്ചിട്ട് പറഞ്ഞു ഇതാ സായിപ്പിന്റെ പരീക്ഷയ്ക്ക് സംപൂജ്യനായ ഒരു മഹാന്‍.”
അതുകേട്ട് ചിരി അടക്കാന്‍ കഴിയാതെ അവര്‍ പൊട്ടിച്ചിരച്ചപ്പോള്‍ ടോണി പറഞ്ഞു
“ഹെഡ്മാസ്റ്റര്‍ക്ക് ദേഷ്യം സഹിക്കാന്‍ വയ്യാതെ വളളിച്ചൂരലെടുത്ത് എന്റെ ചന്തിക്കിട്ടടിക്കാന്‍ ട്രസറ് വലിച്ച് പിടിച്ചപ്പോള്‍ ചാക്കോ സാറാണ് അന്ന് തടസ്സം പിടിച്ചെന്നെ രക്ഷിച്ചത്”
ടോണിക്ക് ഇതുപോലെ കുറേ കഥകളുണ്ട്. ബാക്കി നമുക്ക് പിന്നെ കേള്‍ക്കാം. ആ മാനേജര്‍ ഇപ്പഴിങ്ങോട്ട് വരാന്‍ ചാന്‍സുണ്ട്. സോണിയാ വാ നമുക്ക് അപ്പുറത്തേക്ക് പോകാം”
എമിലി പറഞ്ഞ് സോണിയായുടെ കൈയ്യില്‍ പിടിച്ച് അപ്പുറത്തേക്ക് പോയപ്പോള്‍ ടോണി റോസ് മേരിയുടെ ചെവിയില്‍ പറഞ്ഞു :
“ചേച്ചി ഒരു കാര്യം പറഞ്ഞാല്‍ ഞെട്ടരുത്”
“എന്താ?”
റോസ് മേരി ആശ്ചര്യത്തോടെ ചോദിച്ചു.
“ഇപ്പം വന്ന സോണിയായില്ലെ ഇവളെയാണ് ഞാനിന്നാള് രക്തം വാര്‍ന്നൊലിച്ച് റോഡില്‍ കണ്ടത് ”
അതുകേട്ട് വിശ്വസിക്കാന്‍ കഴിയാതെ റോ മേരി ചോദിച്ചു :
“ശരിക്കും”
“ഉം”
“പക്ഷേ അവള്‍ അതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ അവളുടെ ശരീരത്തൊന്നും മുറിവിന്റെ പാടുകള്‍ പ്രത്യക്ഷത്തില്‍ കാണാനുമില്ല.”
“അന്നവളുടെ കാത് വലിച്ചുപറച്ചതുപോലെയായിരുന്നു രക്തം ഒഴുകിയിരുന്നത്. ഇപ്പോള്‍ മുടി മുന്നിലേക്ക് കിടക്കുന്നതുകൊണ്ട് കാത് വ്യക്തമായി കാണാന്‍ പറ്റുന്നില്ല”
അപ്പോള്‍ അവിടേയ്ക്ക് മാനേജര്‍ വരുന്നത് കണ്ട് ടോണി പറഞ്ഞു:
“ചേച്ചി ഞാന്‍ പോകുവാ മാനേജര്‍ വരുന്നുണ്ട്”
ടോണി ബ്രയ്ക്ക് റൂമില്‍ ഇരുന്ന് ചായ കുടിക്കുമ്പോള്‍ സോണിയ അവിടേക്ക് വന്നു.
“ടോണി നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിനക്കപ്പോള്‍ അവിടെ വരാന്‍ തോന്നിയത് ദൈവാനുഗ്രഹം കൊണ്ടാണ്. ഞാന്‍ ആ രാത്രി ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഇവിടെ വന്നിട്ടും ഞാന്‍ ആരോടും ആകാര്യത്തെക്കുറിച്ച് പറയാതിരുന്നത്. ഞാന്‍ അന്ന് എന്റെ കസിന്റെ വീട്ടില്‍ താമസിച്ച് ഇവിടെയൊരു കെയര്‍ഹോമില്‍ അഡാപ്പ്‌റ്റേഷന്‍ ചെയ്യുകയായിരുന്നു. അന്ന് രാത്രി ഞാന്‍ എന്റെ കൂട്ടുകാരിയുടെ ബെര്‍ത്ത്‌ഡേ സെലിബ്രേഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. എന്റെ കഴുത്തിലും കാതിലുമൊക്കെ സ്വര്‍ണ്ണമുണ്ടായിരുന്നു. അന്നെനിക്കറിയില്ലായിരുന്നു ക്രോയിഡോണില്‍ സ്വര്‍ണ്ണം ഇട്ടുനടന്നാല്‍ ഇത്രയും അപകടകരമാണെന്ന്. ഞാന്‍ സമയം വൈകിയതുകൊണ്ട് വീട്ടിലെത്താനുളള തിടുക്കത്തില്‍ വേഗം നടക്കുമ്പോള്‍ പെട്ടന്ന് പുറകില്‍ നിന്ന് രണ്ട് കറബന്മാര്‍ വന്ന് എന്റെ മാലയും കമ്മലും ആവശ്യപ്പെട്ടു.
ഞാന്‍ കൊടുക്കാതെ ഓടാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ഉരുട്ടി മറച്ചിട്ട് മാല പറിക്കാന്‍ നോക്കി. ഞാന്‍ മാലയില്‍ നിന്ന് പിടിവിടാഞ്ഞപ്പോള്‍ അവരില്‍ ഒരുത്തന്‍ പോക്കറ്റിലിരുന്ന പിച്ചാത്തിയെടുത്തെന്നെ കുത്തി. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല”
അവള്‍ പഴയ ഓര്‍മ്മകളുടെ നെരിപോടിലേക്ക് വഴുതി വീണപോലെ കരയാന്‍ തുടങ്ങി.
“കരയണ്ട ഏതായാലും വലിയ ആപത്തൊന്നുമില്ലാതെ ജീവന്‍ തിരിച്ച് കിട്ടിയല്ലോ”
അല്പ നേരത്തെ മൗനത്തിനു ശേഷം ടോണി ചോദിച്ചു:
“ഇവിടുത്തെ ഹോസ്പിറ്റലില്‍ നിന്ന് പിന്നെ ബര്‍ക്കിങ്ങ് ഹാമിലേക്ക് കൊണ്ടുപോയല്ലേ?”
അവള്‍ കണ്ണുകള്‍ തുടച്ച് മുഖം പ്രസന്നമാക്കിയിട്ട് പറഞ്ഞു:
“അതെ അവിടുത്തെ ഹോസ്പിറ്റലില്‍ എന്റെ ചേച്ചിയും ചേച്ചിയുടെ ഹസ്ബന്റും നഴ്‌സുമാരായി ജോലി ചെയ്യുന്നുണ്ട് അതാ പിന്നെ അങ്ങോട്ട് പോയത് ”
“ഞാന്‍ ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോഴും ചാക്കോസാറിനെ കണ്ടിരുന്നു. മകള്‍ക്ക് ലണ്ടനില്‍ വച്ചൊരു ആക്‌സിഡന്റ ് പറ്റിയെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് നിയാണെന്ന് എനിക്ക് മനസ്സിലായില്ല”
ടോണി കപ്പില്‍ അവശേഷിച്ച ചായ കുടിച്ച് എണീക്കാന്‍ ഒരുങ്ങുമ്പോള്‍ എമിലി അവിടേക്ക് വന്നു.
“ടോണി നിന്റെ ബ്രേയ്ക്കിതുവരെ കഴിഞ്ഞില്ലെ. മതി ബ്രയ്‌ക്കെടുത്തത് വാ നമുക്ക് ഡേവിഡിന് ഷവറ് കൊടുക്കാം അയാള് ഷവറ് വേണമെന്ന് കാറുന്നുണ്ട് ”
“ഓ നീയെന്നെയൊന്ന് അല്പസമയം ഇരിക്കാനും സമ്മതിക്കില്ല. ഇതാ ഇവളുടെ കുഴപ്പം ആഴ്ചയില്‍ വല്ലപ്പോഴോ ജോലിക്ക് വരുന്നത്. വന്നാല്‍ പിന്നെ ഭയങ്കര ആത്മാര്‍ത്ഥയും”
അതുകേട്ട് ഇഷ്ടപ്പെടാതെ എമിലി പറഞ്ഞു.
“അങ്ങനെ പറയരുത് ഈ ജോലിയില്‍ നമ്മള് ആത്മാര്‍ത്ഥത കാണിക്കണം കാരണം നമ്മള് കെയറ് കൊടുക്കുന്നത് ഓര്‍മ്മ നശിച്ച ശരീരം അനക്കാന്‍ കഴിയാത്ത നിരാലംബരായ മനുഷ്യര്‍ക്കാണ്. ഇവിടെ നമ്മള്‍ തട്ടിപ്പ് കാണിച്ചാല്‍ ദൈവം ഒരിക്കലും നമ്മോട് പൊറുക്കില്ല.”
“ഇതെ….അവള്‍ വീണ്ടും ഉപദേശം തുടങ്ങി. ഇതൊക്കെയെനിക്കറിയാം. എന്റെ എമിലി നിയൊന്ന് നിര്‍ത്ത് ”
അവര്‍ പരസ്പരം വഴക്കുണ്ടാക്കി പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് സോണിയ അവിടെ ഇരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലോക്ക് നടക്കുമ്പോള്‍ എമിലി ടോണിയോട് പറഞ്ഞു:
“ഇനിയിപ്പം നിങ്ങളൊരു നാട്ടുകാര് ഈ പാവം മട്ടാഞ്ചേരിക്കാരി പുറത്തായല്ലോ”
അത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് ടോണി അവളെ നോക്കി. അപ്പോള്‍ അവള്‍ പറഞ്ഞു:
“അവള്‍ നഴ്‌സാ നിന്നപ്പോലെ കെയറര്‍ അല്ല. മാസം ലക്ഷങ്ങളാ വാരുന്നത്. നിങ്ങളേതായാലും ഒരു നാട്ടുകാരാ. എന്നാല്‍ പിന്നെ നമുക്കവളെയങ്ങ് നിനക്കാലോചിച്ചാലോ? ഇപ്പോഴാണെങ്കില്‍ അവള്‍ക്ക് നീയവളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ആളെന്ന സിംപതിയും കാണും”
അത് കേട്ട് ഇഷ്ടപ്പെടാത്ത പോലെ ടോണി പറഞ്ഞു:
“നല്ല തമാശ നീയെന്നെ ഇങ്ങനെയാണോ കണ്ടേക്കുന്നത്. ഇനി ഈ കാര്യം പറഞ്ഞുകൊണ്ട് നീയെന്റെയടുത്തേക്ക് വന്നേക്കരുത്. അവളെപ്പോലെ ശുദ്ധ ഹൃദയയായ നാട്ടിന്‍ പുറത്തുകാരിക്ക് എന്നെപ്പോലേയുളള ഒരാള്‍ ഒരിക്കലും ചേരില്ല. ഇതിനൊക്കെ മാനസികമായ ഐക്യമാണ് പ്രധാനം. ചേരാത്തതിനെ തമ്മില്‍ ചേര്‍ത്താല്‍ വികൃതമാവുകയേയുളളൂ. അതുകൊണ്ടാണ് പരസ്പരം മനസ്സിലാക്കതെ വിവാഹം കഴിക്കുന്ന ചിലര്‍ ആറാം മാസം തല്ലി പിരിയുന്നതും ചിലര്‍ ജീവിതാവസാനം വരെ പ്രശ്‌നാധിഷ്ഠിത അഡജസ്റ്റമെന്റിലൂടെ മുന്നോട്ട് പോകുന്നതും.”
അതുകേട്ട് ഇഷ്ടപ്പെട്ടപോലെ എമിലി പറഞ്ഞു:
“അത് ശരിയാ”
അവര്‍ തിരക്കുപിടിച്ച ക്രോയിഡോണിലെ ഫുഡ്പാത്തിലൂടെ നടന്ന് ഹൈസ്റ്റിറ്റിലെ പമ്പിന് മുമ്പില്‍ എത്തിയപ്പോള്‍ എമിലി ടോണിയുടെ കൈപിടിച്ചിട്ട് പറഞ്ഞു:
“ടോണി പ്ലീസ്…നീയെനിക്കൊരു ബിയറിന് കമ്പനി താ. ഇന്നെനിക്കെന്തോ ഒരു ബിയര്‍ കുടിക്കാന്‍ തോനുന്നു.”
ഫോസ്റ്റേഴ്‌സ് ബിയറിന്റെ തണുപ്പ് ആസ്വദിച്ച് കുടിച്ചിട്ട് അവള്‍ ചോദിച്ചു:
“ടോണിക്കെന്താ കഴിക്കാന്‍ വേണ്ടത് ബാര്‍ബിക്യൂ ചിക്കന്‍”
“ഉം”
അവള്‍ സിഗരറ്റ് വലിച്ച് പുക ഊതി വിട്ടുകൊണ്ട് പറഞ്ഞു:
“അങ്ങനെ നിന്റെ മുല്ലാക്ക മരിച്ചല്ലേ”
“ഉം എന്റെ ഗ്രാമത്തിന്റെ പ്രകാശം നിലച്ചത് പോലെ തോന്നുന്നു”
“സാരമില്ല പഴയ തലമുറ പുതിയ തലമുറയ്ക്ക് വഴി മാറുന്നു എന്ന് ചിന്തിച്ചാല്‍ മതി. നമ്മളും ഒരിക്കല്‍ വൃദ്ധരാകും.മരിക്കും പുതിയ തലമുറ വരും. അത് പ്രപഞ്ചത്തിന്റെ ഭാഗമാണ് ”
അവളൊന്ന് നിര്‍ത്തിയിട്ടു ചോദിച്ചു :
“ഈ പ്രാവശ്യവും പുഴയില്‍ പ്രേതങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വരുന്ന കടവാവലുകളെകണ്ടോ”
അതുകേട്ട് ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു:
“ഉം ഈ പ്രാവശ്യം പോയപ്പോഴും ഞാന്‍ പുഴയില്‍ നീന്തി കുളിച്ച് പുഴക്കരയിലെ വെളളാരം കല്ലുകള്‍ക്ക് മുകളില്‍ നക്ഷത്രങ്ങളെയും, കടവാവലുകളെയും നോക്കി എല്ലാ രാത്രകളും കിടക്കുമായിരുന്നു. കൂറേ നാളുകള്‍ക്ക് ശേഷം നമ്മുടെ വേരുകള്‍ വീണ്ടും കാണുമ്പോള്‍ എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണ് തോനുന്നത്.”
ബെയറര്‍ വന്ന് ബാര്‍ബിക്യൂ ചിക്കന്‍ മേശ പുറത്ത് നിരത്തിയപ്പോള്‍ ടോണി അത് ഒരെണ്ണം എടുത്ത് കടിച്ച് കൊണ്ട് പറഞ്ഞു:
“എമിലി ഞാന്‍ നിന്നോട് ഒരു കാര്യം പറയാന്‍ മറന്ന് പോയി ഞാന്‍ ഈ ശനിയാഴ്ച ഇവിടെ ഉണ്ടാകില്ല. എന്റെ പഴയ കാമുകി വെനേസ കുറച്ച് മുമ്പ് വിളിച്ചു. അവള്‍ക്കെന്നെയൊന്നു കാണണമെന്ന്. അവളുടെ അമ്മ ശരീരം തളര്‍ന്ന് കിടപ്പായതിനാല്‍ അമ്മയെ ശുശ്രൂഷിക്കാന്‍ അവള്‍ ഇവിടുത്തെ ജീവിതം മതിയാക്കി അമേരിക്കയിലേക്ക് തിരിച്ചു പോകുവാ. അവള്‍ ഇങ്ങോട്ട് വിളിച്ചുകാണണമെന്ന ആഗ്രഹം പറയുമ്പോള്‍ പോകാതിരിക്കുന്നത് മോശമാണ്. ഒന്നുമില്ലെങ്കിലും ഞങ്ങള്‍ ഏഴ് മാസം ഒന്നിച്ച് ഫ്‌ളാറ്റില്‍ താമസിച്ചതല്ലേ”
“ശരിയാ നീ ചെല്ലണം. നിന്നെ അവസാനമായിട്ട് ഒന്ന് കാണാന്‍ അവള്‍ വിളിച്ചിട്ട് ചെന്നില്ലെങ്കില്‍ അത് മോശമാ”
അവള്‍ സിഗരറ്റ് വലിച്ച് പുക ഊതി വിട്ട് പറഞ്ഞു.
ടോണി മറുപടിയൊന്നും പറയാതെ ഗ്ലാസില്‍ അവശേഷിച്ച ബിയറ് കൂടി കുടിച്ച് നിശബ്ദനായി മുന്‍പിലത്തെ ടെലിവിഷനില്‍ ഏതോ ഫുട്‌ബോളര്‍ എതിരാളിയെ വെട്ടിച്ച് ബോളുമായി പായുന്നത് നോക്കിയിരുന്നു. വെനേസയുടെ വീട്ടിലെ കോളിങ്ങ് ബെല്ലിലില്‍ വിരലമര്‍ത്തി ടോണി കാത്തിരുന്നു.
“ഹലോ മൈ ടോണി. നൈസ് ടു സീയു എഗെയ്ന്‍ ആഫ്റ്റര്‍ ലോങ്ങ് ടൈം” അവള്‍ ആലിംഗനം ചെയ്ത് ടോണിയുടെ കവിളില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുമ്പോഴും അവള്‍ക്ക് ഒരു മാറ്റവും ഇല്ല. അവളുടെ വെളുത്തു തുടുത്ത കവിളിലെ നുണക്കുഴി കാട്ടിയിട്ടുളള ചിരി ടോണി ഒരു കാലത്ത് വല്ലാതെ പ്രണയിച്ചിരുന്നു. സ്വര്‍ണ്ണ നിറമുളള മുടിയേയും വടിവൊത്ത വെളുത്ത ശരീരത്തേക്കാള്‍ കൂടുതല്‍ അവളെ സുന്ദരിയാക്കിയിരുന്നത് ആ ചിരി തന്നെ.
അവള്‍ ഒരു വൈന്‍ കുപ്പി കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു:
“ഇത് ടോണിയുടെ സ്വന്തം വൈനാ ഗോവാ വൈന്‍”
“ഗോവാ വൈനോ”
ടോണി ആശ്ചര്യത്തോടെ ചോദിച്ചു.
“അതെ എന്റെ ഒരു ഫ്രണ്ട് ഗോവയില്‍ നിന്ന് മേടിച്ചത്. ഇത് ഞാന്‍ നിനക്ക് വേണ്ടി മാറ്റി വച്ചതാ”
അവള്‍ക്ക് തന്നോടുളള കരുതല്‍ ടോണിയെ ആശ്ചര്യപ്പെടുത്തി.
നീയെന്നെയിപ്പോഴും മറന്നിട്ടില്ല അല്ലേ?
അവള്‍ നുണക്കുഴി കാട്ടി ചിരിച്ചുകൊണ്ട് ടോണിയെ നോക്കി. പിന്നെ ഗ്ലാസ്സിലെ വൈന്‍ എടുത്ത് ചീയേഴ്‌സ് പറഞ്ഞ് ഒരു സിപ്പ് ഇറക്കിയിട്ട് പറഞ്ഞു:
“സത്യം പറയാം ടോണി നമ്മള്‍ പിരിഞ്ഞതിന് ശേഷം ഞാന്‍ പലരേയു സ്‌നേഹിച്ചു. പക്ഷേ നിന്റെ സ്‌നേഹത്തിന്റെ വിശുദ്ധി ഞാന്‍ ആരിലും കണ്ടില്ല. എനിക്കു തോനുന്നു അത് ചിലപ്പോള്‍ നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കും. നിങ്ങള്‍ ബന്ധങ്ങള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍ ഞങ്ങള്‍ പാശ്ചാത്യര്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയാണെന്ന് തോന്നി പോകും. അതാണ് സ്പിരിച്വലിസ്റ്റിക്കും മെറ്റീരിയലിസ്റ്റിക്കുമായ സംസ്‌ക്കാരങ്ങളുടെ വ്യത്യാസം. അത് ചിലപ്പോഴൊക്കെ നല്ലത് തന്നെ, മറ്റ് ചിലപ്പോള്‍ പരിഹാസ്യമാകും. പട്ടിണി കിടന്നവനോട് ബന്ധങ്ങളുടെ വിലയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അവന് ആവശ്യം ഭക്ഷണമാണ്. നമ്മള്‍ മെറ്റീരിയലിസ്റ്റിക്ക് ആയേ പറ്റൂ.”
അവളിലെ സ്‌ക്കൂള്‍ അദ്ധ്യാപിക സാമൂഹ്യശാസ്ത്രത്തിന്റെ പുതിയ മാനങ്ങള്‍ നേടുന്നത് കണ്ട് ടോണി പറഞ്ഞു:
“നീ തീര്‍ച്ചയായും നല്ലൊരു സോഷ്യാളജി ടീച്ചര്‍ തന്നെ നിനക്കിവിടുത്തെ നല്ല ജോലി ഉപേക്ഷിച്ചു പോകുന്നതില്‍ വിഷമമില്ലേ”
“എന്ത് വിഷമം ജോലിയുടെ ശമ്പളത്തേക്കാള്‍ എനിക്ക് വലുത് എന്റെ അമ്മയാണ്. മക്കളെ നൊന്ത് പ്രസവിച്ച് കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് ഒരിക്കല്‍ വയ്യാതാകുമ്പോള്‍ ആ സ്‌നേഹം തിരിച്ചു കൊടുക്കാനുളള ഉത്തരവാദിത്വം മക്കള്‍ക്കില്ലേ. എനിക്ക് എന്റെ അമ്മയെക്കാള്‍ വലുത് ഈ ലോകത്ത് ആരുമില്ല. ദേഷ്യം വരുമ്പോള്‍ ഞാന്‍ എത്ര ക്ഷോഭിച്ചാലും അമ്മയുടെ സര്‍വ്വം സഹയായ മാത്യു സ്‌നേഹത്തിന്റെ മുന്‍പില്‍ ഞാന്‍ എന്നും തോറ്റിട്ടേയുളളൂ. ചെറുപ്പത്തില്‍ ഡാഡി ഉപേക്ഷിച്ചു പോയതിനുശേഷം അമ്മ കൗണ്‍സിലിലെ ക്ലീനിങ്ങ് ജോബ് ചെയ്ത് കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തിയത്. എന്നിട്ടും അമ്മയെനിക്കൊരിക്കലും ഒരു കുറവും വരുത്തിയിട്ടില്ല.”
അവള്‍ അല്‍പനേരത്തെ മൗനത്തിന് ശേഷം വീണ്ടും പറഞ്ഞു:
“ആണുങ്ങളെപ്പോലെ ഓടിച്ചാടി നടന്നിരുന്ന അമ്മ നിസ്സാരം രണ്ടടി ഉയരമുളള ലാഡറില്‍ നിന്ന് വീണ് നടുവ് തളര്‍ന്ന് കിടപ്പായെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല. ഒരാളെപ്പോലും ജീവിതത്തില്‍ വാക്ക് കൊണ്ടും പ്രവര്‍ത്തികൊണ്ടും വേദനിപ്പിച്ചിട്ടില്ലാത്ത എന്റെ അമ്മയുടെ ഈ അവസ്ഥ എനിക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ല.”
അവളുടെ തുളുമ്പി വന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് ടോണി പറഞ്ഞു:
“കരയണ്ട ജീവിതം അങ്ങനെയാണ് എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെ സംഭവിക്കണമെന്നില്ല. പ്രശ്‌നങ്ങളുടെ മുന്‍പില്‍ നമ്മള്‍ തളര്‍ന്നിട്ട് കാര്യമില്ല. പ്രശ്‌നങ്ങളെ നേരിടുകയാണ് ഏക പോം വഴി”
അവള്‍ അല്പ്പ സമയത്തെ മൗനത്തിനു ശേഷം ചോദിച്ചു:
“ടോണി നിനക്കെന്നോടു ദേഷ്യമുണ്ടോ. ഞാന്‍ കാരണമല്ലേ നമ്മള്‍ പിരിയേണ്ടി വന്നത്. ഞാന്‍ വേറൊരാള്‍ക്ക് വേണ്ടി നിന്റെ സ്‌നേഹത്തെ ബലി കൊടുത്തയാളാണ്. സ്‌നേഹത്തിന് വില കല്പിക്കാതെയുളള ഓട്ടം എനിക്കൊന്നും നേടി തന്നില്ല. ഞാന്‍ എത്രയോ പേരെ സ്‌നേഹിച്ചു എന്നിട്ടും എനിക്ക് പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് നിന്റെ പേര് മാത്രമെയുളളൂ. നമ്മള്‍ ഇനി ഒരിക്കലും കണ്ട് മുട്ടില്ലായിരിക്കാം. അതു കൊണ്ടാണ് ഇവിടുത്തെ ജീവിതം മതിയാക്കി പോകുന്നതിനുമുമ്പ് നിന്നെയൊന്ന് കാണണമെന്ന് തോന്നിയത് ”
അവള്‍ വികാരാധീതയായി ടോണിയുടെ കയ്യില്‍ പിടിച്ച് കൊണ്ട് പറഞ്ഞു:
“നിന്നെ ഞാന്‍ വേദനിപ്പിച്ചതിനൊക്കെ സോറി”
ടോണി നിറകണ്ണുകളോടെ അവളെ കെട്ടിപ്പുണര്‍ന്നു. താന്‍ ഒരിക്കല്‍ തിരസ്‌ക്കരിച്ച ഒരു സ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് അവള്‍ അലിഞ്ഞ് ചേര്‍ന്നു.
എയര്‍പോര്‍ട്ടീന്ന് പിരിയാറായപ്പോള്‍ അവള്‍ ടോണിയെ കെട്ടിപിടിച്ചിട്ട് പറഞ്ഞു:
“നീ എന്നും എന്റെ ഓര്‍മ്മകളില്‍ ഉണ്ടാകും ഓള്‍ ദി വെരി ബെസ്റ്റ് ഫോര്‍ യുവര്‍ ലൈഫ് ”
“യൂ ടൂ”
അവള്‍ എക്‌സലേറ്റര്‍ കയറി മുകളിലെത്തി ആള്‍ക്കൂട്ടത്തില്‍മായുന്നതും നോക്കി ടോണി നിന്നു.